18 June Tuesday

ടിന്റു ലൂക്ക ഇനി ജീവിത ട്രാക്കിൽ ; റെയിൽവെക്കൊപ്പം

ആർ രഞ‌്ജിത‌്Updated: Tuesday Feb 26, 2019

കൊച്ചി
ഇന്ത്യൻ അത‌്‌ലീറ്റും പി ടി ഉഷയുടെ ശിഷ്യയുമായ ടിന്റു ലൂക്ക ജീവിതട്രാക്കിലേക്ക‌് വഴിമാറി. റെയിൽവേ സേലം ഡിവിഷനിൽ സ‌്പോർട‌്സ‌് ഓഫീസറായി ചുമതലയേറ്റതോടെ ഇന്ത്യൻ പരിശീലന ക്യാമ്പിൽനിന്നും ഉഷാ സ‌്കൂളിൽനിന്നും പിൻമാറി. എന്നാൽ ട്രാക്ക‌് വിടുന്ന കാര്യം അന്തിമമായി തീരുമാനിച്ചിട്ടില്ല. ‘സ‌്പോർട‌്സ‌് പെട്ടെന്ന‌് നിർത്തുന്നത‌് ആലോചിക്കാനാകില്ല. രണ്ടുവർഷമായി അലട്ടുന്ന കാലിന്റെ പരിക്കുണ്ട‌്. അത‌് പൂർണമായി മാറിയാൽ തിരിച്ചുവരണമെന്നാണ‌്'‐ ടിന്റു പറഞ്ഞു.

എന്നാൽ അതത്ര എളുപ്പമല്ലെന്ന‌് ടിന്റുവിനുമറിയാം. സ‌്പോർട‌്സ‌് ഓഫീസറെന്ന  പുതിയ ഉത്തരവാദിത്തമാണ‌് പ്രധാനം. ഇടതുകാലിന്റെ ഉപ്പൂറ്റിയുടെ പരിക്കിനെ തുടർന്ന‌് ട്രാക്കിലിറങ്ങുമ്പോൾ കലശലായ വേദന. തൽക്കാലം ഇതൊന്നും ആലോചിക്കാതെ സ‌്പോർട‌്സ‌് ഓഫീസറായി സേലത്ത‌് എന്തൊക്കെ ചെയ്യാനാകുമെന്ന ആലോചനയിലാണ‌്. സേലം ഡിവിഷനു കീഴിൽ നിരവധി കായികതാരങ്ങളുണ്ട‌്. അവരെയല്ലാം സംഘടിപ്പിച്ച‌് പ്രധാന ഇനങ്ങളിൽ ടീം ശക്തമാക്കാനാണ‌് ആലോചന.

ഒളിമ്പിക‌്സ‌് മെഡൽ സ്വപ‌്നമായി അവശേഷിക്കുന്നുവെന്ന‌് ടിന്റു പറഞ്ഞു. ‘17 വർഷം മുമ്പ‌് ആദ്യ ബാച്ചിലെ 12 കുട്ടികൾക്കൊപ്പമാണ‌് ഉഷേച്ചിയുടെ അടുത്തെത്തിയത‌്. അന്ന‌് ഒന്നും അറിയില്ലായിരുന്നു. 12 പേരിൽ പ്രകടനം നോക്കിയാൽ 11–-ാം സ്ഥാനം. അവിടെനിന്നാണ‌് തുടക്കം. എല്ലാം മാറ്റിമറിച്ചത‌് ഉഷേച്ചിയും ആ സ‌്കൂളുമാണ‌്.  പിന്ന‌ീട‌് കണ്ട വേദികൾ ഒരു സ്വപ‌്നം പോലെയായിരുന്നു. ഉഷേച്ചിയോടും ഉഷാസ‌്കൂളിലെ കൂട്ടായ‌്മയോടും എന്നും കടപ്പെട്ടിരിക്കുന്നു’–-ടിന്റു പറഞ്ഞു.

2012ലെ ലണ്ടൻ ഒളിമ്പിക‌്സിൽ 800 മീറ്ററിൽ സെമിയിലെത്തി. 2016 ബ്രസീലിൽ ഹീറ്റ‌്സിൽ പുറത്തായി. ‘ മറക്കാനാകാത്ത മീറ്റ‌് 2010ൽ ക്രൊയേഷ്യയിൽ നടന്ന കോണ്ടിനെന്റൽ കപ്പാണ‌്. അവിടെവച്ചാണ‌് ഷൈനി ചേച്ചിയുടെ 15 വർഷം പഴക്കമുള്ള ദേശീയ റെക്കോഡ‌് തിരുത്തിയത‌് (1:59.17 സെക്കൻഡ‌്). അവിടെ അഞ്ചാമതായി  ഫിനിഷ‌് ചെയ‌്തു. 2014ലെ ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസ‌ും പ്രിയപ്പെട്ടതാണ‌്. 800 മീറ്ററിൽ വെള്ളിയും റിലേയിൽ സ്വർണവും കിട്ടി’–-ഇരുപത്തൊമ്പതുകാരി പറഞ്ഞു.  കഴിഞ്ഞവർഷം നടന്ന ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ പരിക്കുമൂലം പങ്കെടുത്തില്ല. പരിക്കുമൂലം ഒന്നരവർഷമായി ട്രാക്കിലില്ല.

പരിശീലനം സാധ്യമല്ലാത്തതിനാൽ ടിന്റു ദേശീയ ക്യാമ്പിൽ നിന്നൊഴിവാകുകയാണെന്ന‌് ഇന്ത്യൻ അത‌്‌ലറ്റിക‌് ഫെഡറേഷനെ അറിയിച്ചിട്ടുണ്ടെന്ന‌് പി ടി ഉഷ പറഞ്ഞു. ലക്ഷ്യത്തിനു വേണ്ടി എന്ത്‌ ത്യാഗവും സഹിക്കാൻ തയ്യാറായ അത്‌ലീറ്റായിരുന്നു. അവളുടെ കഠിനാധ്വാനത്തിന്റെയും ആത്മസമർപ്പണത്തിന്റെയും ഫലമാണ്‌ കിട്ടിയതെന്ന്‌ ഉഷ പറഞ്ഞു.

രണ്ടു പതിറ്റാണ്ടിലേക്ക‌് കടക്കുന്ന ഉഷാ സ‌്കൂളിലെ മാതൃകാ അ‌ത‌്‌ലീറ്റായിരുന്നു ടിന്റുവെന്ന‌് സെക്രട്ടറി പി എ അജനചന്ദ്രൻ പറഞ്ഞു.

കണ്ണൂർ ഇരിട്ടി വാളത്തോട്‌ കരിക്കോട്ടക്കരി ലൂക്കായുടെയും ലിസിയുടെയും മകളായ ടിന്റു 2002ലാണ്‌ ഉഷയുടെ കീഴിൽ പരിശീലനത്തിനെത്തിയത്‌. പാലക്കാട്‌ നടന്ന സംസ്ഥാന സ്‌ക്കൂൾ മീറ്റിൽ മെഡൽ നേടിയാണ്‌ ശ്രദ്ധേയയായത്‌. പിന്നീട്‌ സംസ്ഥാന‐ദേശീയ മീറ്റുകളിൽ സ്ഥിരം സാന്നിധ്യമായി. രാജ്യാന്തര തലത്തിൽ മികച്ച മധ്യദൂര ഓട്ടക്കാരിയായത്‌ പിന്നീടുള്ള ചരിത്രം.


പ്രധാന വാർത്തകൾ
 Top