11 June Sunday

നിറങ്ങൾ നിറഞ്ഞാടി ; ജനം മതിമറന്നാടി

അക്ഷിതരാജ്‌Updated: Tuesday May 10, 2022

തൃശൂർ പൂരത്തിൽനിന്ന്


തൃശൂർ
നിരന്നു നിന്ന ഗജവീരന്മാരുടെ മുകളിൽ സമസ്തവർണങ്ങളും നിറഞ്ഞാടി.    മാരിവിൽ വർണങ്ങളുള്ള വർണക്കാഴ്ചയിൽ കുടകൾ മാറി മാറി വിരിഞ്ഞതോടെ ജനം മതിമറന്നാടി. ഒന്നരമണിക്കൂർ നീണ്ട കുടമാറ്റം രാത്രി ചാരുത പകർന്നാണ്‌ പരിസമാപ്‌തിയായത്‌. ഇടയ്ക്ക്‌ പെയ്‌ത മഴ പൂരപ്രേമികൾക്ക്‌ കുളിരായി മാറി.

ഇലഞ്ഞിത്തറ മേളത്തിന്‌ ശേഷം തിടമ്പേറ്റിയ പാറമേക്കാവ്‌ പത്മനാഭനടക്കം 15 ഗജവീരന്മാർ  തെക്കേഗോപുരം വഴി ഇറങ്ങിയതോടെ ജനം ആരവമുയർത്തി. തെക്കോട്ടിറങ്ങി  കോർപറേഷൻ ഓഫീസിനു മുന്നിലെ രാജാവിന്റെ  പ്രതിമയെ വലംവച്ച്‌ സ്വരാജ്‌ റൗണ്ടിൽ നിന്ന്‌ വടക്കോട്ട്‌ അഭിമുഖമായി നിരന്നു. തിരുവമ്പാടി വിഭാഗം ശ്രീമൂല സ്ഥാനത്തെ മേളത്തിന്‌ ശേഷം തിടമ്പേറ്റിയ തിരുവമ്പാടി ചന്ദ്രശേഖരനും 14കൊമ്പന്മാരും വടക്കുന്നാഥനെ വഴങ്ങി തെക്കേഗോപുരം വഴി പുറത്തേക്കിറങ്ങി നിലയുറപ്പിച്ചു. അതിന്‌ ശേഷമാണ്‌ വിശ്വപ്രസിദ്ധമായ കൂടികാഴ്‌ച ആരംഭിച്ചത്‌. ‌ശേഷം ജനസമുദ്രം സാക്ഷിയായി കുടമാറ്റം.

തൃശൂർ പൂരത്തിന്റെ പ്രധാന ആകർഷണമായ കുടമാറ്റത്തിന്‌ ഇത്തവണ ജനമഹാസമുദ്രമാണ്‌ ഒഴുകിയെത്തിയത്‌.  കുടകൾ ഒരോന്നായി നിരന്നതോടെ വർണചിത്രങ്ങളുടെ അലങ്കാരമാറ്റങ്ങൾ കാത്തിരുന്ന ആയിരങ്ങളിൽ നിന്ന് ആരവമുയർന്നു.  ഓരോന്ന് മാറ്റും തോറും ഇനി വരാനിരിക്കുന്നത് ഇതിനേക്കാൾ ഗംഭീരമെന്നോണം പൂര പ്രേമികളിൽ  ആകാംക്ഷയുണർന്നു.  
തിരുവമ്പാടി വിഭാഗം ബുദ്ധരൂപം ഉയർത്തിയപ്പോൾ പാറമേക്കാവ്‌ ശിവരൂപം ഉയർത്തി മറുപടി നൽകി. എൽഇഡി കുടകൾ, രണ്ടും മൂന്നും വീതമുള്ള നിലക്കുടകൾ ഉൾപ്പെടെ 45 സെറ്റ്‌ വീതം കുടകളാണ്‌ മാറ്റിയത്‌. വൈകിട്ട്‌ 6.07 ന്‌ ആരംഭിച്ച ചടങ്ങ്‌ 7.22നാണ്‌ സമാപിച്ചത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top