17 October Thursday

മൊബൈല്‍ ആപ്പുമായി ട്രാന്‍സ് വനിത തൃപ്തി ഷെട്ടി

എ എസ‌് ജിബിനUpdated: Saturday May 25, 2019

കൊച്ചി
കരകൗശല ഉൽപ്പന്നങ്ങൾക്ക് വിപണനവേദിയൊരുക്കി ട്രാൻസ് വനിത തൃപ്തി ഷെട്ടി. ഇതിനായി ‘തൃപ്തി ഹാൻഡിക്രാഫ്റ്റ്‌സ്' ആപ്ലിക്കേഷനാണ് തൃപ്തി പുറത്തിറക്കിയത്. ഹാൻഡിക്രാഫ്റ്റ് ഉൽപ്പന്നങ്ങൾ നിർമിച്ച‌ുവിൽക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ആപ്ലിക്കേഷനിൽ ഇടംനൽകും. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ കരകൗശല ഉൽപ്പന്നങ്ങൾ നിർമിക്കുന്ന നിരവധിപേരുണ്ട്. ഇവർക്കും ആപ്ലിക്കേഷനുമായി സഹകരിക്കാം.

രണ്ടുവർഷമായി ഹാൻഡ്‌മെയ്ഡ് ആഭരണങ്ങൾ നിർമിച്ച് വിജയകരമായി വിൽപ്പന നടത്തുകയാണ് തൃപ്തി ഷെട്ടി. സമൂഹത്തിനുമുന്നിൽ ട്രാൻസ്‌ജെൻഡർ സംരംഭകയായിത്തന്നെ നിൽക്കാൻ നിരവധിപേർ തൃപ്തിയെ സഹായിച്ചിട്ടുണ്ട്. അതുപോലെ തനിക്കും മറ്റുള്ളവരെ സഹായിക്കണമെന്ന ആഗ്രഹമാണ് തൃപ്തിക്കുള്ളത്. അതുകൊണ്ടാണ് ബിസിനസ് വിപുലീകരിക്കാനായി ആപ്ലിക്കേഷൻ പുറത്തിറക്കിയപ്പോൾ അതിൽ മറ്റുള്ളവരെയും ഉൾപ്പെടുത്താൻ തീരുമാനിച്ചത‌്.

മെയ് 13നാണ് ‘തൃപ്തി ഹാൻഡിക്രാഫ്റ്റ്‌സ്’ ഗൂഗിൾ പ്ലേയിലെത്തിയത്. ദിവസങ്ങൾക്കുള്ളിൽ 4.9 റേറ്റിങ്‌ നേടി. സൗജന്യമായി ഇത് ഇൻസ്റ്റാൾ ചെയ്യാം.  നിലവിൽ ഇല ഹാൻഡ് പെയിന്റഡ് സാരീസ്, കിഡ്‌സ് കോട്ടപ്പുറം, തൃപ്തി ഹാൻഡിക്രാഫ്റ്റ്‌സ് എന്നിവയുടെ ഉൽപ്പന്നങ്ങളാണ് ആപ്ലിക്കേഷനിലൂടെ ലഭിക്കുന്നത്. ഈ ആഴ്ച നാല് സ്ഥാപനംകൂടി ആപ്ലിക്കേഷനിലെത്തും. ആദ്യഘട്ടത്തിൽ 20 പേർക്ക് ആപ്ലിക്കേഷനിൽ ഇടംനൽകും. പിന്നീട‌് വിപുലീകരിക്കും.

ആപ്ലിക്കേഷനുമായി സഹകരിക്കുന്നവരെ ഉൾപ്പെടുത്തി എക്‌സിബിഷൻ നടത്താനും ആലോചിക്കുന്നുണ്ട്. ആപ്ലിക്കേഷനിലൂടെ ലഭിക്കുന്ന നിശ്ചിത ലാഭവിഹിതം ഉപയോഗിച്ച് അവശതയനുഭവിക്കുന്നവരെ സഹായിക്കാനും ലക്ഷ്യമിടുന്നു. എറണാകുളത്ത് തുണിക്കട ആരംഭിക്കാനുള്ള ശ്രമവും തൃപ്തി നടത്തുന്നുണ്ട്. എടത്തല അൽ അമീൻ കോളേജാണ് തുണിക്കട ഒരുക്കിനൽകുന്നത്. എറണാകുളം കോൺവന്റ് ജങ്ഷനിൽ ജൂണോടെ പ്രവർത്തനമാരംഭിക്കും.


പ്രധാന വാർത്തകൾ
 Top