17 January Sunday

വഴി വെട്ടി കേരളം ; ഇടതുപക്ഷത്തിന്റെ കൈയൊപ്പ്‌

ജയൻ ഇടയ്ക്കാട്Updated: Wednesday Nov 25, 2020

ഭരണസിരാകേന്ദ്രത്തിൽനിന്ന് അൽപ്പമകലെ എരുമക്കുഴിയെന്ന മാലിന്യകേന്ദ്രം ഇന്ന് തലസ്ഥാന നഗരിയിലെ ഏറ്റവും മനോഹരമായ ഒരിടമാണ്. മൂക്കുപൊത്തി കടന്നുപോയിരുന്ന ഒരിടത്ത്, പൂക്കളും ചെടികളും ഇരിപ്പിടങ്ങളുമൊക്കെയായി അതിനെ മാറ്റിയത് തൊഴിലുറപ്പ് തൊഴിലാളികളാണ്. അതിന് നേതൃത്വം നൽകിയത് ഭാവനയുള്ള ഭരണാധികാരികളും. അങ്ങനെയൊക്കെയാണ് ജനഹൃദയങ്ങളിലും രാജ്യാന്തരമാധ്യമങ്ങളിലും കേരളം ഇടം പിടിക്കുന്നതും. ഇരുട്ടുനിറഞ്ഞ ജീവിതത്തിൽ പ്രതീക്ഷ നൽകിയത്‌ സർക്കാരിന്റെ ലൈഫും തൊഴിലുറപ്പ്‌ പദ്ധതികളുമാണ്‌.


ലോകമാകെ നിശ്ചലമായ നാളുകളിലും കേരളത്തിന്റെ തൊഴിലുറപ്പ് പദ്ധതിയിൽ പുതുകണ്ണികളായെത്തിയത് ഒരു ലക്ഷം കുടുംബങ്ങൾ. ഉന്നത വിദ്യാഭ്യാസമുള്ളവരും ചെറുപ്പക്കാരും വിദ്യാർഥികളുമുൾപ്പെടെയാണ് ഇതാദ്യമായി പദ്ധതിയിലേക്ക് അംഗങ്ങളാകാനെത്തിയത്.  മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാനമിഷൻ ഇതുവഴികുറിച്ചത് പുതുചരിത്രം. കഴിഞ്ഞവർഷം ആകെ ചെലവഴിച്ച 2702 കോടി രൂപയുടെ സ്ഥാനത്ത് നടപ്പു സാമ്പത്തിക വർഷം ഏഴുമാസത്തിൽ 2079 കോടി രൂപ ചെലവഴിച്ചതിനൊപ്പം കഴിഞ്ഞവർഷത്തെ തൊഴിൽദിനങ്ങളും നേടാനായി. തൊഴിൽചെയ്യാൻ സ്വയം സന്നദ്ധരാകുന്ന 65 വയസ്സിന് മുകളിലുള്ളവർക്കും അവസരം നൽകി പ്രായപരിധി  75വരെയാക്കി.

ഇടതുപക്ഷത്തിന്റെ കൈയൊപ്പ്‌
ഒന്നാം യുപിഎ സർക്കാർ ഇടതുപക്ഷ സമ്മർദ്ദത്താലാണ്‌ തൊഴിലുറപ്പ്‌ പദ്ധതി ആരംഭിക്കുന്നത്‌.  പദ്ധതി കേരളത്തിൽ ആരംഭിച്ചത് വി എസ്‌ സർക്കാരിന്റെ കാലത്തായിരുന്നു. 2006ൽ വയനാട്, പാലക്കാട് ജില്ലകളിലും 2008 മുതൽ എല്ലാ ജില്ലകളിലേക്കും ഇത് വ്യാപിപ്പിച്ചു. എല്ലാ തൊഴിലാളികളുടെയും വേതനം ബാങ്ക് അക്കൗണ്ടിലേക്ക് നൽകാനും എൽഡിഎഫ്‌ സർക്കാർ നടപടിയെടുത്തു.  പൊതുആസ്തികൾ, മണ്ണ്ജലസംരക്ഷണ പ്രവർത്തനങ്ങൾ, പരിസ്ഥിതി സന്തുലനം ഉറപ്പാക്കുന്ന പ്രവൃത്തികൾ, വനസംരക്ഷണ പ്രവർത്തനങ്ങൾ തുടങ്ങിയവ‌ തൊഴിലുറപ്പിലൂടെ നടപ്പാക്കി.


 

വഴിതെറ്റിച്ചും  നേർവഴി തെളിച്ചും
2011ൽ അന്നത്തെ യുഡിഎഫ് സർക്കാർ തൊഴിൽ നൽകുന്നതിൽമാത്രം ശ്രദ്ധിച്ചതോടെ ആവർത്തന സ്വഭാവമുള്ള പ്രവൃത്തികൾ കൂടുതലായി. അതോടെ ജനക്ഷേമകരമായ ഘടകങ്ങളിൽനിന്നും പദ്ധതി പിന്നോട്ട് പോയി. 2016ൽവീണ്ടും എൽഡിഎഫ് അധികാരത്തിലേറിയതോടെ കേന്ദ്രാവിഷ്കൃത പദ്ധതികൾ കാര്യക്ഷമമായി നടത്താൻ തീരുമാനിച്ചു. പരിസ്ഥിതിശോഷണം ലഘൂകരിക്കാനും മണ്ണ്, ജലം, വായു സംരക്ഷണ പ്രവർത്തനങ്ങളും തരിശുഭൂമികൾ കൃഷിയോഗ്യമാക്കുന്ന പദ്ധതികളും നടപ്പാക്കി. ഹരിതകേരളമിഷൻ പ്രവർത്തനങ്ങളുമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ സംയോജിപ്പിച്ചു. ലക്ഷക്കണക്കിന് ഏക്കർ തരിശുഭൂമികൾ ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിൽ കൃഷിയോഗ്യമാക്കി. നെല്ല്, പച്ചക്കറി, വാഴ കൃഷികളിലൂടെ വലിയ വരുമാനവർധനയും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കാനും തൊഴിലുറപ്പ്പദ്ധതിക്ക് ഇതുവഴി സാധിച്ചു.

 

പുഴയൊഴുകും വഴിയേ
നദികളും ജലാശയങ്ങളും മാലിന്യവിമുക്തമാക്കാൻ ആരംഭിച്ചത് നാഴികക്കല്ലായി. കോട്ടയം ജില്ലയിലെ മീനച്ചിലാർ, മീനത്തറയാർ, കൊടൂരാർ എന്നിവ വീണ്ടെടുക്കാൻ ഹരിതമിഷന്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് പ്രവർത്തനങ്ങൾക്ക് കഴിഞ്ഞു. ഇതിലൂടെ 2019ലെ മികച്ച ജലസംരക്ഷണ പ്രവർത്തനത്തിനുള്ള കേന്ദ്രസർക്കാരിന്റെ ദേശീയ അവാർഡ് കോട്ടയം ജില്ലയ്ക്ക് ലഭിച്ചു. കേരളത്തിലുടനീളമുള്ള നദികൾ, ജലാശയങ്ങൾ, തോടുകൾ എന്നിവ പുനരുദ്ധരിച്ച് നീരൊഴുക്ക് വീണ്ടെടുത്ത് കയർഭൂവസ്ത്രം ഉപയോഗിച്ച് പ്രകൃതിസൗഹൃദമായി സംരക്ഷിച്ചു.

ട്രൈബൽ പ്ലസ്
പട്ടികവർഗ കുടുംബങ്ങൾക്ക് 100ദിവസം അധികംതൊഴിൽ നൽകുന്ന ട്രൈബൽ പ്ലസ് പദ്ധതി നടപ്പാക്കി സംസ്ഥാന സർക്കാർ രാജ്യത്തിന്‌  മാതൃകയായി. ട്രൈബൽപ്ലസിലൂടെ പട്ടികവർഗ മേഖലയിലെ കുടുംബങ്ങൾക്ക് 200 തൊഴിൽ ലഭിക്കും. പാലക്കാട്, വയനാട് ജില്ലകളിൽ ഇവർക്ക് മുൻകൂർ വേതനവിതരണവും ആരംഭിച്ചു.

ചെറുകിട നാമമാത്ര കർഷകർക്കും പാവപ്പെട്ടവർക്കും മൃഗസംരക്ഷണരംഗത്ത് ഉപജീവനമാർഗം കണ്ടെത്താനും അധികവരുമാനം നൽകാനും കഴിഞ്ഞു. ആയിരക്കണക്കിന് കന്നുകാലി തൊഴുത്തുകൾ, ആട്ടിൻകൂടുകൾ, കോഴിക്കൂടുകളും സൗജന്യമായി നൽകി. 


 

നല്ല നാളെയ്ക്കും
കേരളത്തിന്റെ സമഗ്രവികസനത്തിനായി തൊഴിലുറപ്പ് പദ്ധതി മുഖേന ദീർഘകാലം ആസ്തികൾ നിർമിക്കാനുള്ള പ്രവർത്തനങ്ങൾ ഗ്രാമപഞ്ചായത്തുകൾ മുഖേന നടപ്പാക്കുന്നു. ഇതുവഴി യുഡിഎഫ് സർക്കാരിന്റെ കാലത്ത് പൊതുജനങ്ങൾ പുല്ല്ചെത്ത് പരിപാടി എന്ന് ആക്ഷേപിച്ച തൊഴിലുറപ്പ് പദ്ധതിയെ രാജ്യ തലത്തിൽ ഏറ്റവും മികച്ച രീതിയിൽ ആസൂത്രണംചെയ്യാനും കഴിഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top