26 September Sunday

ത്യാഗസുരഭിലം ആ ജീവിതം

വെബ് ഡെസ്‌ക്‌Updated: Friday Jul 16, 2021


ആലപ്പുഴ
അമ്മവീടായ  പല്ലന പാണ്ഡവത്തു വീട്ടിൽ കഴിയുമ്പോഴാണ് അമ്മിണിയമ്മയെ കാണാൻ ഒളിവിൽ കഴിഞ്ഞ തോപ്പിൽ ഭാസി എത്തിയത്. ഇവിടെവച്ചാണ് ഭഗീരഥ പ്രയത്നത്തിലൂടെ തോപ്പിൽ ഭാസിയെ പൊലീസ് അറസ്‌റ്റ്‌ ചെയ്‌ത്‌ അടൂർ ലോക്കപ്പിൽ അടയ്‌ക്കുന്നത്. തോപ്പിൽ ഭാസി ഉൾപ്പെടെ കമ്യൂണിസ്‌റ്റ്‌ പാർട്ടി നേതാക്കളെ പിടികൂടാൻ വള്ളികുന്നത്തും ശൂരനാട്ടും  ഉൾപ്പെടെ പൊലീസ് നരനായാട്ടാണ് നടത്തിയത്.  അമ്മിണിയമ്മയുടെ മടിയിൽനിന്ന്‌ മകൻ അജയനെ ബലമായി പിടിച്ചെടുത്തു തൊട്ടടുത്ത വയലിൽ കൊണ്ടുവച്ച് തോപ്പിൽ ഭാസിയെ പിടികൂടുന്നതിനായി പൊലീസ് ശ്രമം നടത്തി. തൊഴിലാളികളും കർഷകരും ശക്തമായ എതിർപ്പ് ഉയർത്തിയതോടെ പൊലീസിന്  പിന്മാറേണ്ടി വന്നു.

തോപ്പിൽ ഭാസി ഒളിവിൽ ആയിരുന്നപ്പോൾ ഭാര്യ അമ്മിണിയമ്മ പല്ലന പാണ്ഡവത്തു കുടുംബവീട്ടിലേക്കുമാറി. ഈ സമയം പൊലീസ് അതിക്രമം മൂലം ഭാസിയുടെ അച്ഛനും അമ്മയും ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിനു മുന്നിൽ കുടിലുകെട്ടി താമസിക്കേണ്ടി വന്നു. വയലാർ, പി ഭാസ്‌കരൻ, ഒ എൻ വി  കുറുപ്പ്, രാമു കാര്യാട്ട്, സി അച്യുതമേനോൻ, എൻ ശ്രീധരൻ, പി കെ വാസുദേവൻ നായർ  തുടങ്ങി കലാ സാഹിത്യ രാഷ്‌ട്രീയ രംഗങ്ങളിലെ പ്രമുഖർക്ക് വച്ചുംവിളമ്പിയും നൽകിയ അനുഭവവും അമ്മിണിയമ്മയ്‌ക്കുണ്ട്.  ശങ്കരനാരായണൻ തമ്പി, വേലായുധൻ തമ്പി, ഡോ. രാമകൃഷ്‌ണൻ തമ്പി, സുഭദ്രമ്മ, രാധമ്മ എന്നിവരുടെ ബന്ധു ബലത്തിൽ അനുഗ്രഹീതമായ പടവുകൾ കണ്ടാണ് ബാല്യകാലം മുതൽ അമ്മിണിയമ്മയുടെ ജീവിതം രൂപപ്പെട്ടത്.    കമ്യുണിസ്‌റ്റ്‌ പ്രസ്ഥാനത്തെയും ചെങ്കൊടിയെയും കെപിഎസിയെയും ചേർത്തുപിടിച്ചു അമ്മിണിയമ്മ  ചരിത്രത്തിൽ   മായ്‌ക്കാനാകാത്ത വിപ്ലവ നക്ഷത്രമായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top