27 September Monday

സക്കറിയയെയും നരേന്ദ്രപ്രസാദിനെയും ഞെട്ടിച്ച എഴുത്തുകാരൻ

ടി ആർ അനിൽകുമാർUpdated: Friday Jul 30, 2021


കൊച്ചി
തോമസ്‌ ജോസഫിന്റെ ‘ചിത്രശലഭങ്ങളുടെ കപ്പൽ’ എന്ന കഥ വായിച്ച്‌ എഴുത്തുകാരൻ സക്കറിയ ഉറങ്ങിയില്ല; പിറ്റേന്ന്‌ ഏലൂരിലെ കൊച്ചു കുടിലിൽ എത്തിയ സക്കറിയ പിന്നെയും അമ്പരന്നു. എഴുത്തുകാരന്റെ യാതൊരു പരിവേഷവുമില്ലാത്ത സാധാരണക്കാരൻ. അവിടെയും തീർന്നില്ല. ആരാധന. ആ കഥ ലോകം വായിക്കണമെന്നു പറഞ്ഞ സക്കറിയ ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്‌തു പ്രസിദ്ധീകരിച്ചു.

സ്വപ്‌നങ്ങളിൽനിന്നു സ്വപ്‌നങ്ങളിലേക്കുള്ള യാത്രകളായിരുന്നു തോമസ്‌ ജോസഫിന്റെ കഥകളും നോവലുകളും. ആ സ്വപ്‌നങ്ങളാകട്ടെ വായനക്കാരിൽ തീവ്രമായ അനുഭവങ്ങളായി കൊളുത്തിവലിച്ചു. സക്കറിയയെപ്പോലെതന്നെ തോമസ്‌ ജോസഫിലെ എഴുത്തുകാരനെ കണ്ടെത്തിയ കഥാകൃത്തും അധ്യാപകനും നടനുമായ നരേന്ദ്രപ്രസാദും കഥാകൃത്തിന്റെ വലിയ ആരാധകനായിരുന്നു. 

നരേന്ദ്രപ്രസാദും വി പി ശിവകുമാറും ചേർന്ന്‌ പ്രസിദ്ധീകരിച്ച  ‘സാകേതം’ മാസികയിലാണ്‌ തോമസിന്റെ ആദ്യ കഥ അത്ഭുത സമസ്യ അച്ചടിച്ചത്‌. കോട്ടയത്ത്‌ എംജി സർവകലാശാല സ്‌കൂൾ ഓഫ്‌ ലെറ്റേഴ്‌സ്‌ അധ്യാപകനായിരിക്കെ തോമസിന്റെ കഥകളെക്കുറിച്ച്‌  നരേന്ദ്രപ്രസാദ്‌ വിദ്യാർഥികളോടു പറയുമായിരുന്നു. അതുകേട്ട്‌ ഏലൂരിലെ വീട്ടിലെത്തി സക്കറിയയെപ്പോലെ  ആ പ്രതിഭാധനനിലെ സാധാരണക്കാരനെ കണ്ട്‌ അമ്പരന്ന കാര്യം കവികളായ അൻവർ അലിയും എ ജെ തോമസും എഴുതിയിട്ടുണ്ട്‌.  

ഫാക്ട്‌ സ്‌കൂളിൽ പഠിക്കുമ്പോൾ സ്‌കൂൾ മാസികയിൽ കഥ എഴുതിയിട്ടുണ്ട്‌. കളമശേരി സെന്റ്‌ പോൾസ്‌ കോളേജിലായിരുന്നു പ്രീഡിഗ്രി. കടുത്ത ജീവിത പ്രാരാബ്‌ധങ്ങളെത്തുടർന്ന്‌ അച്ഛൻ തൊഴിലാളിയായിരുന്ന ഫാക്ടിൽ കരാർ തൊഴിലാളിയായി പോയെങ്കിലും ഭാരമുള്ള ജോലി എടുക്കാനാകാതെ തളർന്നുവീണപ്പോൾ അതു നിർത്തി. കടുത്ത ദുരിതങ്ങളിൽ എഴുത്തിനു പലവട്ടം ഇടവേളകൾ വന്നു. എഴുത്തുമായി ബന്ധപ്പെട്ടതല്ലെങ്കിലും  ഇന്ത്യൻ എക്‌സ്‌പ്രസിലും ചെറിയ ജോലികൾ ചെയ്‌തു. ചന്ദ്രിക പത്രത്തിൽ പ്രൂഫ്‌ വായനക്കാരനായി. എഴുത്തിലും ജീവിതത്തിലും ആരോടും ഒരു സഹായവും അഭ്യർഥിച്ചുപോകാനിഷ്‌ടപ്പെട്ടില്ല. ഏഴു കഥാസമാഹാരവും രണ്ടു നോവലുകളും ഒരു നോവലൈറ്റും പ്രസിദ്ധീകരിച്ചു. മൂന്നുവർഷംമുമ്പ്‌ ഉറക്കത്തിൽ വന്ന മസ്‌തിഷ്‌കാഘാതം എല്ലാം തകിടംമറിച്ചു. അർധബോധാവസ്ഥയിലായി. ചികിത്സ ഫലം ചെയ്യാതായതോടെ കിടപ്പിലായി. അപ്പോഴാണ്‌ അവസാനമായി എഴുതിയ അമ്മയുടെ ഉദരം അടച്ച്‌ എന്ന നോവലിന്റെ കൈയെഴുത്തു പ്രതി  വീട്ടുകാർക്ക്‌ കിട്ടിയത്‌.

ആലുവയിൽ കീഴ്‌മാട്‌ വായ്‌പയെടുത്തു പണിത വീടിന്റെ കടംവീട്ടാനും ചികിത്സയ്‌ക്കുമായി സുഹൃത്തുക്കൾ വായനപ്പുര കൂട്ടായ്‌മയിൽ അതു പ്രസിദ്ധീകരിച്ചു വിൽപ്പന നടത്തി. സ്വപ്‌നങ്ങളുടെഎഴുത്തുകാരൻ ഓർമകളില്ലാതെ കിടപ്പുതുടങ്ങിയിട്ട്‌ മൂന്നുവർഷമെത്താറാകുമ്പോഴാണ്‌ ഈ വിയോഗം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top