14 September Saturday

പരിണാമശാസ്ത്രം എന്തിന് പഠിക്കണം?

ഡോ. എ ബിജുകുമാർUpdated: Sunday May 28, 2023


ചുറ്റുമുള്ള പ്രകൃതിയെ അറിഞ്ഞുതുടങ്ങുന്ന കുട്ടികൾ ചോദിച്ചുതുടങ്ങുന്ന നിരവധി ചോദ്യങ്ങളുണ്ട്. നമുക്ക് ചുറ്റും ഇത്രയും വൈവിധ്യം എങ്ങനെ ഉണ്ടായി? ഒരു ജീവിയിൽത്തന്നെ വ്യത്യസ്‌ത പരിസ്ഥിതികളിൽ എങ്ങനെ ഇത്രയും മാറ്റം ഉണ്ടാകുന്നു? മനുഷ്യരടക്കമുള്ള  ജീവികൾ ‘എവിടെനിന്ന്’ ഭൂമിയിൽ എത്തി? ജീവികളൊക്കെ നിരന്തരം മാറ്റത്തിന്‌ വിധേയമാണോ? കോവിഡ് വൈറസിന് എങ്ങനെയാണ് രൂപാന്തരങ്ങൾ ഉണ്ടാകുന്നത്? ഇത്തരം പല ചോദ്യങ്ങളുടെയും ഉത്തരം പരിണാമശാസ്ത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നു. പ്രകൃതിയെക്കുറിച്ചും അത് രൂപപ്പെടുത്തുന്ന പ്രക്രിയകളെക്കുറിച്ചും വിദ്യാർഥികൾക്ക് മികച്ച ധാരണ നൽകാൻ കഴിയുന്ന ഒരു പ്രധാന പഠനമേഖലയാണ് പരിണാമശാസ്ത്രം. ഭൂമിയിലെ ജീവന്റെ ഉത്ഭവത്തിലേക്കും ജീവജാലങ്ങളുടെ വൈവിധ്യത്തിലേക്കും നയിച്ച പ്രക്രിയകൾ മനസ്സിലാക്കാൻ പരിണാമശാസ്ത്രം വിദ്യാർഥികളെ സഹായിക്കുന്നു. ദശലക്ഷക്കണക്കിന് വർഷങ്ങളായി വിവിധയിനം സസ്യങ്ങളും മൃഗങ്ങളും എങ്ങനെ പരിണമിച്ചെന്ന് ഡാർവിന്റെ പരിണാമ സിദ്ധാന്തം വിശദീകരിക്കുന്നു. ഈ അറിവ് ജീവശാസ്ത്രത്തിലും മറ്റ് അനുബന്ധ ശാസ്ത്രങ്ങളിലും തുടർപഠനത്തിന്  അടിത്തറ നൽകും. പ്രകൃതിയും ജീവജാലങ്ങളും അവയുടെ പരിസ്ഥിതിയും തമ്മിലുള്ള പരസ്പര ബന്ധവും മനസ്സിലാക്കാനിത്‌  സഹായകമാണ്‌. വ്യത്യസ്‌ത ജീവികളുടെ പാരിസ്ഥിതിക ധർമങ്ങളും വിവിധ പരിസ്ഥിതികളിൽ അതിജീവിക്കാൻ അവ സ്വീകരിച്ച വഴികളും മനസ്സിലാക്കാനാകും. പരിണാമസിദ്ധാന്തം ചിന്തയുടെ,  പഠനത്തിന്റ, ഗവേഷണത്തിന്റെ പുതിയ മേഖലകളിലേക്കുള്ള വഴികളാണ്‌ തുറന്നു നൽകുന്നത്‌.

ജീവശാസ്ത്രത്തെപ്പറ്റി മികച്ച ധാരണ
മനുഷ്യ ജീവശാസ്ത്രത്തിന്റെയും പെരുമാറ്റത്തിന്റെയും പരിണാമം മനസ്സിലാക്കാൻ  പരിണാമശാസ്ത്രത്തിന്‌ വിദ്യാർഥികളെയും ഗവേഷകരെയും സഹായിക്കാനാകും. പരിസ്ഥിതി സമ്മർദങ്ങളോടുള്ള പ്രതികരണമായി ജീവജാലങ്ങൾ പൊരുത്തപ്പെടുന്നതും പരിണമിക്കുന്നതുമായ വഴികൾ മനസ്സിലാക്കാനും ഈ അറിവുമൂലം കഴിയും. കാലാവസ്ഥാ വ്യതിയാനം, ഉയർന്നുവരുന്ന പകർച്ചവ്യാധികൾ തുടങ്ങിയ വെല്ലുവിളികളെ നേരിടാൻ  സജ്ജമാക്കുന്നതിൽ ഇത്‌ വിലപ്പെട്ടതാണ്. സ്‌കൂൾ വിദ്യാഭ്യാസത്തിൽ പരിണാമശാസ്ത്രം ഉൾപ്പെടുത്തുന്നത്‌ വഴി വിദ്യാർഥികളെ ഭാവിയിലെ അക്കാദമിക്, പ്രൊഫഷണൽ ആവശ്യങ്ങൾക്കായി സജ്ജരാക്കാനാകും.  ജീവശാസ്ത്രം, ജനിതകശാസ്ത്രം, പരിസ്ഥിതിശാസ്ത്രം, ഫോസിലുകളെ അവലംബിച്ചുള്ള  ജീവിവിജ്ഞാനീയം എന്നിവയുൾപ്പെടെ ശാസ്ത്രത്തിന്റെ പല മേഖലയിലും പരിണാമം അടിസ്ഥാന ആശയമാണ്. പാഠ്യപദ്ധതിയിൽ പരിണാമ സിദ്ധാന്തം അനിവാര്യമായ ഘടകമാണ്‌. ദേശീയതലത്തിൽ എൻസിഇആർടി പാഠപുസ്തകങ്ങളിൽ നിന്ന് ഈ മേഖലയെ ഒഴിവാക്കിയ നടപടി വലിയ തിരിച്ചടിയാകും.

ചാൾസ് ഡാർവിൻ എന്ന ശാസ്ത്രജ്ഞൻ
തന്റെ ശാസ്ത്രധിഷണയും ദീർഘദൃഷ്ടിയും സർഗചേതനയും കൊണ്ട് ജീവശാസ്ത്രത്തിൽ പുതിയ ഏടുകൾ എഴുതിച്ചേർത്തയാളാണ്‌  ചാൾസ് റോബർട്ട് ഡാർവിൻ (1809–- - 1882). പ്രകൃതിനിർദ്ധാരണത്തിലൂടെയുള്ള പരിണാമ സിദ്ധാന്തമാണ് ശാസ്‌ത്രത്തിനും മാനവരാശിക്കും ഡാർവിൻ നൽകിയ മഹത്തായ  സംഭാവന. പ്രകൃതി നടത്തുന്ന തെരഞ്ഞെടുക്കലുകളിലൂടെയാണ് പുതിയ ജീവജാതികൾ രൂപംകൊള്ളുന്നത് എന്ന് അദ്ദേഹം വാദിച്ചു. ജീവികൾ കാലക്രമേണ പ്രകൃതിനിർദ്ധാരണ പ്രക്രിയയിലൂടെ പരിണമിക്കുന്നുവെന്ന് അദ്ദേഹം സമർഥിച്ചു. ഇത്തരം തെരഞ്ഞെടുക്കലുകൾ നിലനിൽപ്പ്, പ്രത്യുൽപ്പാദനക്ഷമത, അതിജീവനം, വളർച്ചയുടെ തോത്  തുടങ്ങി ഒരു ജീവിയുടെ ജീവിതചക്രത്തിലെ പല ഘടകങ്ങളെ ആശ്രയിച്ചാകും തീരുമാനിക്കപ്പെടുന്നത്. അദ്ദേഹം നടത്തിയ മികച്ച പര്യവേക്ഷണങ്ങൾ ഇതിനുള്ള തെളിവുകൾ ലഭ്യമാക്കി. വിവിധ സ്വഭാവങ്ങൾക്ക് നിദാനം ജീനുകളാണെന്നും  മ്യൂട്ടേഷൻ, ജീനുകളുടെ പ്രവാഹം, ജനിതക വിസ്ഥാപനം തുടങ്ങിയ പ്രതിഭാസങ്ങൾ ജീനുകളുടെ ബാഹുല്യത്തിൽ വ്യതിയാനങ്ങൾ സൃഷ്ടിക്കുമെന്നും   ഇന്ന് നമുക്ക് അറിയാം.

ജീവന്റെ വൃക്ഷം
1859-ൽ ഡാർവിൻ തന്റെ പരിണാമസിദ്ധാന്തം അവതരിപ്പിച്ചു.  ജിയോളജി, സസ്യശാസ്ത്രം, ജന്തുശാസ്ത്രം എന്നിവയുൾപ്പെടെ വിവിധ പഠനമേഖലകളിൽനിന്ന് തെളിവുകൾ നൽകുകയും ചെയ്ത "ഓൺ ദി ഒറിജിൻ ഓഫ് സ്പീഷീസ്’ എന്ന  കൃതി പ്രസിദ്ധീകരിക്കുകയും ചെയ്‌തു. അദ്ദേഹത്തിന്റെ  "ജീവന്റെ വൃക്ഷം’ എന്ന ആശയം വിവിധ ജീവജാലങ്ങൾ തമ്മിലുള്ള പരിണാമബന്ധത്തെ ചിത്രീകരിക്കുന്നു. വ്യത്യസ്ത ജീവികൾ തമ്മിലുള്ള ബന്ധം മനസ്സിലാക്കാൻ ജീവശാസ്ത്രജ്ഞർ ഇന്നും ഈ സിദ്ധാന്തം ഉപയോഗിക്കുന്നു. ഭൂമിശാസ്ത്രപരമായ സവിശേഷതകൾ ദീർഘകാലാടിസ്ഥാനത്തിലുള്ള പ്രകൃതി പ്രക്രിയകളാൽ വിശദീകരിക്കാൻ കഴിയുമെന്നും  അദ്ദേഹം നിരീക്ഷിച്ചു.

ബീഗിൾ കപ്പൽ യാത്ര
1831 മുതൽ 1836 വരെ എച്ച്എംഎസ് ബീഗിൾ എന്ന കപ്പലിൽ ചാൾസ് ഡാർവിൻ നടത്തിയ യാത്രയാണ്‌  വഴിത്തിരിവായത്‌. പരിണാമത്തെയും പ്രകൃതി ലോകത്തെയും കുറിച്ചുള്ള ആശയങ്ങളുടെ വികാസത്തിൽ അത് ആഴത്തിലുള്ള സ്വാധീനം ചെലുത്തി.  യാത്രയ്ക്കിടെ ശേഖരിച്ച സസ്യങ്ങൾ, ഫോസിലുകൾ തുടങ്ങിയവ അദ്ദേഹത്തിന്‌  വിലപ്പെട്ട വിവരങ്ങൾ നൽകാനും പരിണാമത്തെപ്പറ്റിയുള്ള തന്റെ ആശയങ്ങൾ വികസിപ്പിക്കാനും സഹായകമായി. യാത്രയ്ക്കിടെ പലതരം ഭൂമിശാസ്ത്രപരമായ രൂപങ്ങൾ അദ്ദേഹം നിരീക്ഷിച്ചു. വ്യത്യസ്ത സംസ്കാരങ്ങളിൽ നിന്നുള്ള ആളുകളുമായി ഇടപഴകാനും അവരുടെ ആചാരങ്ങളെയും വിശ്വാസങ്ങളെയുംകുറിച്ച് പഠിക്കാനും  അവസരം ലഭിച്ചു.  പരിണാമ സിദ്ധാന്തത്തിന് അടിത്തറയിടാനായത്‌ ഈ യാത്രയിലൂടെയാണ്‌.




ഗാലാപഗസ് ദ്വീപിലെ കുരുവികൾ
യാത്രയ്‌ക്കിടെ ഗാലാപഗസ് ദ്വീപസമൂഹങ്ങളിലെ  കുരുവികളിൽ (Darwin Finches)  നടത്തിയ നിരീക്ഷണങ്ങൾ അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. വൻകരയിലെ കുരുവികളോട് സാദൃശ്യമുള്ളവയാണ് ഇവയെങ്കിലും പ്രകടമായ വ്യത്യാസങ്ങൾ ഉണ്ടെന്ന് ഡാർവിൻ കണ്ടു. ഓരോ ദ്വീപ്‌ സമൂഹങ്ങളിലെയും പ്രത്യേക പരിസ്ഥിതിക്ക്‌ അനുസരിച്ച് ഇവയുടെ ആകാരങ്ങളിൽ, പ്രത്യേകിച്ച് ചുണ്ടുകളുടെ ഘടനയിൽ കാണുന്ന  മാറ്റങ്ങൾ അദ്ദേഹം സസൂക്ഷ്മം പഠിക്കുകയും ഇവ ഓരോന്നും പ്രത്യേക ജീവജാതികളാ (species) ണെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇവയ്ക്കൊക്കെ പൊതുവായ ഒരു പൂർവികനാണെങ്കിലും ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ട ഓരോ ദ്വീപിലെയും സാഹചര്യങ്ങൾക്ക്‌ അനുസരിച്ച്  കാലാന്തരത്തിൽ  പുതിയ ജീവജാതികൾ രൂപംകൊള്ളുകയാണെന്ന് അദ്ദേഹം മനസ്സിലാക്കി.

2004-ൽ ഹാർവാർഡ് സർവകലാശാലയിലെ ഡോ. ക്ലിഫ് ടാബിൻ ആധുനിക വർഗീകരണ സങ്കേതങ്ങൾ ഉപയോഗിച്ച് നടത്തിയ പഠനങ്ങൾ ഡാർവിന്റെ നിഗമനങ്ങൾ പൂർണമായി ശരിവച്ചു. അസ്ഥികളിൽ കാണുന്ന ഒരു മാംസ്യ തന്മാത്രയും (Bone Morphogenetic Protein 4 or BMP4) അവയുടെ വിവിധ രീതികളിലുള്ള പ്രത്യക്ഷപ്പെടലുമാണ് കുരുവികളിൽ ചുണ്ടുകളുടെ ആകാരമാറ്റത്തിനും വലുപ്പവ്യത്യാസത്തിനും കാരണമാകുന്നതെന്ന് ഒന്നര നൂറ്റാണ്ടിനുശേഷം  പഠനങ്ങൾ വ്യക്തമാക്കിയത് ഡാർവിന്റെ പ്രസക്തി വർദ്ധിപ്പിക്കുന്നു.

പ്രകൃതിനിർധാരണത്തിലൂടെയുള്ള ഡാർവിന്റെ പരിണാമസിദ്ധാന്തം എക്കാലത്തെയും പ്രധാനപ്പെട്ട ശാസ്ത്രീയ ആശയങ്ങളിലൊന്നാണ്. കാലക്രമേണ ജീവിവർഗങ്ങൾ എങ്ങനെ പരിണമിക്കുന്നുവെന്നും മാറുന്ന പാരിസ്ഥിതിക സാഹചര്യങ്ങളുമായി എങ്ങനെ പൊരുത്തപ്പെടുന്നുവെന്നും ഇത് വിശദീകരിക്കുന്നു.എല്ലാ ജീവജാലങ്ങളും ഒരു പൊതു പൂർവികനിൽനിന്ന് ഉത്ഭവിച്ചവയാണ്, കാലക്രമേണ  മാറ്റങ്ങൾക്ക് വിധേയമായി, ഇന്ന് നാം കാണുന്ന വൈവിധ്യമാർന്ന ജീവിവർഗങ്ങളായി മാറിയിരിക്കുന്നു എന്നതാണ് ഡാർവിന്റെ "മാറ്റത്തോടുകൂടിയ വംശപരമ്പര’ എന്ന ആശയം സൂചിപ്പിക്കുന്നത്.ബീഗിൾ യാത്രയാണ്‌ "ഓൺ ദി ഒറിജിൻ ഓഫ് സ്പീഷീസ്’ (1859) എന്ന പുസ്തക രചനയ്‌ക്ക് അദ്ദേഹത്തിന്‌ സഹായകമായത്‌. പ്രകൃതിയിലുള്ള മാറ്റങ്ങൾക്ക്‌ അനുസരിച്ച് ഇന്ന് രൂപപ്പെടുന്ന കോവിഡ് ഉൾപ്പെടെയുള്ള പുതിയ രോഗാണുക്കളിൽ ഡാർവിന്റെ പരിണാമവാദത്തിന്റെ പുതിയ തെളിവുകൾ  കാണാം.

(കേരള സർവകലാശാലാ അക്വാട്ടിക് ബയോളജി ആൻഡ്‌  ഫിഷറീസ് വിഭാഗം മേധാവിയാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top