21 February Thursday

‘‘പ്രളയം, ശബരിമല വിഷയങ്ങൾ പിണറായിയെ കൂടുതൽ കരുത്തനും ജനപ്രിയനുമാക്കി’’‐ പ്രശംസയുമായി മനോരമയുടെ ഇംഗ്ലീഷ്‌ പ്രസിദ്ധീകരണം ദി വീക്ക്‌

വെബ് ഡെസ്‌ക്‌Updated: Monday Dec 24, 2018

കൊച്ചി > പ്രളയത്തെയും ശബരിമലയിൽ സ്‌ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയെ തുടർന്നുണ്ടായ സാചര്യങ്ങളെയും കൈകാര്യം ചെയ്‌ത രീതി മുഖ്യമന്ത്രി പിണറായി വിജയനെ കൂടുതൽ ജനപ്രിയനും ശക്തനുമാക്കിയതായി മലയാള മനോരമയുടെ ഇംഗ്ലീഷ്‌ പ്രസിദ്ധീകരണമായ ‘ദി വീക്ക്‌’. പ്രളയകാലത്ത്‌ സ്വന്തം ആരോഗ്യനില കണക്കിലെടുക്കാതെ പാതിരാത്രിയിൽ പോലും ഫോണിലൂടെയും മറ്റും രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കാൻ അദ്ദേഹം ഇടപെട്ടതായും ജലനിരപ്പ്‌ ഉയരുന്നതിലെ ആശങ്ക പുറത്തുകാട്ടാതെ ജനങ്ങൾക്ക്‌ അതിജീവിക്കാൻ ആത്മവിശ്വാസം പകർന്നതായും ലേഖനത്തിൽ പറയുന്നു. ശബരിമല സ്‌ത്രീ പ്രവേശന വിധിയുടെ അന്തസത്തയെ അംഗീകരിക്കുകയും നടപ്പിലാക്കാൻ തീരുമാനമെടുക്കുകയും ചെയ്‌ത സർക്കാർ നടപടിയെയും ലേഖനം പ്രശംസിക്കുന്നു.

പ്രളയത്തിന്‌ ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ കൂടുതൽ കൂടുതൽ കരുത്തനും ജനപ്രിയനുമായി മാറിയതായി സിതാര പോൾ ദി വീക്കിൽ എഴുതിയ ലേഖനം സമർഥിക്കുന്നു. 2018 പിണറായി വിജയന്റെ വർഷമായിരുന്നു. പ്രളയത്തെ തുടർന്നുണ്ടായ പ്രതിസന്ധികളെ അദ്ദേഹം നേരിട്ട രീതി അദ്ദേഹത്തിന്റെ സ്ഥൈര്യം വെളിവാക്കുന്നു. സമാനതകളില്ലാത്ത നേതൃപാടവത്തോടെ അക്ഷരാർഥത്തിൽ അദ്ദേഹം സംസ്ഥാനത്തെ കൈപിടിച്ചുയർത്തി.‐ എഴുത്തുകാരി അനില ബാലകൃഷ്‌ണനെ ഉദ്ധരിച്ച്‌ ലേഖനം പറയുന്നു. ദിവസേനയുള്ള പത്രസമ്മേളനങ്ങളിലൂടെ അദ്ദേഹം ജനങ്ങൾക്ക്‌ പകർന്ന ആത്മവിശ്വാസം പ്രശംസനീയമാണെന്നും അവർ കൂട്ടിച്ചേർത്തു.

ഗിമ്മിക്കുകളിൽ അഭയം തേടാൻ അദ്ദേഹം ശ്രമിച്ചില്ല. പ്രളയബാധിത പ്രദേശങ്ങളിൽ നേരിട്ടെത്തി ദുരന്തബാധിതരെ കെട്ടിപ്പിടിച്ച്‌ ഫോട്ടോയ്‌ക്ക്‌ അവസരം സൃഷ്‌ടിക്കാനും അദ്ദേഹം മുതിർന്നില്ല. അദ്ദേഹം അദ്ദേഹത്തിന്റെ ജോലി ഭംഗിയായി നിർവഹിച്ചു; അസംബന്ധ നാടകങ്ങൾക്ക്‌ സ്ഥാനമില്ലാത്ത സ്വതസിദ്ധമായ ശൈലിയിൽത്തന്നെ‐ ലേഖനം പറയുന്നു. കേന്ദ്രത്തിന്റെ ശത്രുതാ മനോഭാവത്തിനിടയിലും നാം പ്രളയത്തെ അതിജീവിച്ചത്‌ മുഖ്യമന്ത്രി കാട്ടിയ ആത്മവിശ്വാസം ഒന്നുകൊണ്ടുമാത്രമാണെന്നും കഴിവുറ്റ നേതൃത്വത്തിന്റെ പ്രാധാന്യം എല്ലാവരെയും ബോധ്യപ്പെടുത്തിയ സാഹചര്യമായിരുന്നു അതെന്നുമുള്ള മന്ത്രി തോമസ്‌ ഐസക്കിന്റെ അഭിപ്രായവും ലേഖനത്തിലുണ്ട്‌.

പിണറായി വിജയന്‌ ഒരിക്കലും കാപട്യക്കാരനോ വിനീതവിധേയനോ ആകാൻ കഴിയില്ലെന്ന്‌ പറയുന്ന ലേഖനം ശബരിമല വിഷയം കൈകാര്യം ചെയ്‌ത രീതിയെയും പ്രശംസിക്കുന്നു. കലക്കവെള്ളത്തിൽ മീൻപിടിക്കാനായിരുന്നു ബിജെപിയുടെയും കോൺഗ്രസിന്റെയും ശ്രമം. ഒരു ഘട്ടത്തിൽ രണ്ടാം ‘വിമോചനസമര’ത്തിന്‌ കേരളം സാക്ഷ്യംവഹിക്കും എന്നുപോലും തോന്നി. എന്നാൽ ആസാഹചര്യമെല്ലാം മാറി. കോൺഗ്രസിന്റെയും ബിജെപിയുടെയും നിലപാടിലെ ഇരട്ടത്താപ്പ്‌ തുറന്നു കാട്ടുന്നതിൽ മുഖ്യമന്ത്രി വിജയിച്ചതായാണ്‌ ശബരിമല വിഷയത്തിന്റെ പരിണതി  സൂചിപ്പിക്കുന്നത്‌. കേന്ദ്ര നേതൃത്വത്തിന്‌ വിരുദ്ധമായ നിലപാടെടുത്ത കോൺഗ്രസ്‌ പാതിവഴിയിൽ ശബരിമല പ്രതിഷേധങ്ങൾ അവസാനിപ്പിച്ചു. ശബരിമല വിഷയത്തെ ‘സുവർണാവസര’മായി കണ്ട ബിജെപിയും അപഹാസ്യരായിത്തീർന്നിരിക്കുന്നു. ‐ ലേഖനം പറയുന്നു. വലിയ സമ്മർദ്ദമുണ്ടായിട്ടും ഒരിക്കൽ പോലും നിലപാട്‌ മാറ്റാതിരുന്നതും ശബരിമലയിൽ അനിഷ്‌ട സംഭവങ്ങളുണ്ടാകാൻ അനുവദിക്കാത്തതും വലിയ നേട്ടമാണെന്ന മാധ്യമപ്രവർത്തകൻ കെ പി സേതുനാഥിന്റെ നിരീക്ഷണവും ലേഖനം ഉദ്ധരിക്കുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top