28 February Sunday

ആണധികാരത്തിനുമേലൊഴിച്ച അഴുക്കുവെള്ളം-ജിയോ ബേബി അഭിമുഖം

പി വി ജീജോ jeejodeshabhimani@gmail.comUpdated: Sunday Jan 24, 2021

ജിയോ ബേബി

ജിയോ ബേബി

സാമൂഹ്യമാധ്യമങ്ങളിലെ സംവാദ മണ്ഡലങ്ങളിൽ വലിയ ചലനം സൃഷ്‌ടിച്ചിരിക്കുകയാണ്‌ മഹത്തായ ഭാരതീയ അടുക്കള. പുരുഷാധിപത്യ സമൂഹത്തിലെ സാമ്പ്രദായിക കുടുംബ വ്യവസ്ഥയെ  ഉടച്ചുവാർക്കണമെന്ന വാദം സ്‌ത്രീപക്ഷത്തുനിന്ന്‌ ശക്തമായി ഉയർത്തുന്ന സിനിമയെക്കുറിച്ച്‌  സംവിധായകൻ  ജിയോ ബേബി

ദേവീവിഗ്രഹത്തിൽ കാർക്കിച്ചു തുപ്പുന്ന വെളിച്ചപ്പാട്‌.  അമ്പതുവർഷം മുമ്പ് കേരളത്തിന്റെ പൊതുബോധത്തിന്റെ മർമംഭേദിച്ച നിർമാല്യത്തിലെ കഥാപാത്രം. അമ്പതാണ്ടിനിപ്പുറം കുടുംബങ്ങളുടെ  അധികാരഘടനയ്‌ക്കുംമേൽ അഴുക്കുവെള്ളംകോരിയൊഴിച്ച്, ‌ആണധികാരത്തെ കടന്നാക്രമിച്ച്‌  മറ്റൊരു സിനിമ,‌ ‘ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ.’  ദൈവങ്ങൾക്ക്‌ നന്ദി  പറഞ്ഞ്‌  സിനിമ തുടങ്ങുന്ന പതിവുശീലം‌ തെറ്റിച്ചുകൊണ്ടാണ്‌ അട്ടിമറിയുടെ തുടക്കം. ദൈവത്തിന്‌ പകരം‌ ശാസ്‌ത്രത്തിനാണ്‌ ‌ നന്ദി പറയുന്നത്‌.  അടുക്കളയിൽനിന്ന്‌ അരങ്ങത്തേക്കല്ല അടിമജീവിതത്തിലേക്കാണ്‌ സ്‌ത്രീകൾ മാറിയതെന്ന്‌ സിനിമ പറയുന്നു. ‘മഹത്തായ ഇന്ത്യൻ അടുക്കള’ തകർക്കാതെ ജീവിതം പൊളിച്ചെഴുതാനാകില്ലെന്ന തരത്തിലുള്ള  സംവാദങ്ങളിലേക്കാണ്‌ സിനിമ  നയിക്കുന്നത്‌.  

സ്വവർഗാനുരാഗികളെക്കുറിച്ചുള്ള സിനിമ പിടിച്ചതിന്‌  ചങ്ങനാശേരി സെന്റ്‌ ജോസഫ്‌‌ കോളേജ്‌ ഓഫ്‌ കമ്യൂണിക്കേഷനിൽനിന്ന്‌ പുറത്താക്കപ്പെട്ട പഴയ വിദ്യാർഥിയാണ്‌ അടുക്കളയുടെ  സംവിധായകൻ. നമ്മുടെ സ്‌ത്രീകളെ മതവും ആണധികാരവും ചേർന്ന്‌ തടവിലിടുകയാണെന്നും ഉച്ചത്തിൽ പറയുന്ന സിനിമയെക്കുറിച്ച്‌  ജിയോബേബി:

അടുക്കള- പുരുഷൻ പ്രവേശിക്കാത്ത റിപ്പബ്ലിക്‌

 അടുക്കള   സ്‌ത്രീകൾക്കു‌മാത്രം കൽപ്പിച്ചുനൽകിയ, പുരുഷന്മാർ പ്രവേശിക്കാത്ത റിപ്പബ്ലിക്കാണ്. എന്നാൽ എന്റെ വീട്ടിലെ സാഹചര്യം, ജീവിതപശ്ചാത്തലം  ഭിന്നമായിരുന്നു.  അടുക്കളയിലെ ദൈന്യവും നിസ്സഹായതയുമെല്ലാം അറിയാവുന്നയാളാണ്‌ ഞാൻ.   ഭാര്യ ബീനയ്‌ക്കൊപ്പം പങ്കിടുന്ന അടുക്കളയും ജീവിതവുമാണ്‌ എന്റേത്‌.  നിമിഷ സജയന്റെ കഥാപാത്രം അനുഭവിക്കുന്ന വൃത്തികെട്ട അഴുക്കുമണം എന്റെ അടുക്കള അനുഭവം കൂടിയാണ്‌. തൂത്താലും തുടച്ചാലും കഴുകിയാലും മാറില്ല നാറ്റം.  സിനിമയുടെ സർഗാത്മക നേതൃത്വം ബീനയുടെതാണ്‌‌.  ബീനയുമായി 2017ൽ ഒരു രാത്രി തുടങ്ങിയ ചർച്ചയാണ്‌ സിനിമയിലെത്തിയത്‌. അനിയത്തി കരോലിന ബേബിയുടെ ചിന്തകളുമുണ്ടിതിൽ. അവളും സ്‌ത്രീസുഹൃത്തുക്കളും  പങ്കിട്ട അനുഭവങ്ങൾകൂടി ഈ അടുക്കളയിലുണ്ട്‌.   കോവിഡ്‌ കാരണം സിനിമ പൂർണമായി വിചാരിച്ചപോലെ പൂർത്തിയാക്കാനായില്ല.  ഒത്തുതീർപ്പുകളില്ലാതെയാണ്‌ സിനിമയൊരുക്കിയത്‌. നിമിഷയും സുരാജും സുരേഷ്‌ബാബുവും അടക്കം അഭിനേതാക്കളുടെ പ്രകടനവും  പാട്ടും ‌ സംഗീതവുമെല്ലാം  നീതിപുലർത്തി. സഹപാഠികളായ  ജോമോൻ, ഡിജോ എന്നിവരും സജിനും  വിഷ്‌ണുവുമാണ്‌ നിർമാതാക്കൾ.

അപ്രതീക്ഷിതമായ സ്വീകാര്യത

 ഇത്രയും  സ്വീകാര്യത പ്രതീക്ഷിച്ചിരുന്നില്ല.  വീട്ടിലും അടുക്കളയിലുമിരുന്ന്‌ കണ്ടതുകൊണ്ടാവാം ഇത്രയും സംവാദാത്മകമായത്‌. ചുറ്റിലുമനുഭവിക്കുന്നതേ സിനിമയിലുള്ളു. ഒടിടിയിൽ റിലീസായതിനാൽ ധാരാ‌ളം സ്‌ത്രീകൾ കണ്ടു.  ഇതുവരെ ഒന്നിനെക്കുറിച്ചും എഴുതാത്തവർപോലും അഭിപ്രായം പങ്കുവച്ചു. പുരുഷന്മാരിലും ചലനമുണ്ടാക്കി.  വിമർശനങ്ങളുമുയർന്നു. ശബരിമല  പരാമർശിച്ചതിനെപ്പറ്റിയടക്കം.  ആർത്തവകാലത്ത്‌ ആരെയും മാറ്റിനിർത്താറില്ലെന്ന്‌ പുരോഗമനം പറഞ്ഞവരുണ്ട്‌.  അണുകുടുംബത്തിൽ അവളെ ആർത്തവകാലത്ത് അടുക്കളയിൽനിന്ന്‌ സ്‌ത്രീയെ മാറ്റിനിർത്തിയാൽ ഭൂരിഭാഗം ആണുങ്ങളും പട്ടിണിയിലാകും. അതുകൊണ്ടാണ്‌ ഈ ഉദാരത. അല്ലാതെ   പുരോഗമനചിന്തയാലല്ല.  എന്തോ  മഹാമനസ്‌കതയാണെന്ന ഭാവത്തിൽ ചിലർ പറയുന്നു, ഞങ്ങൾ ചായയുണ്ടാക്കാറുണ്ട്‌, പാത്രം കഴുകാറുണ്ട് എന്നൊക്കെ‌‌. എന്നെങ്കിലും  ഒരു ചായയുണ്ടാക്കുന്നതും സ്വന്തം പാത്രം കഴുകുന്നതുമല്ല സിനിമ പറയുന്നത്‌. 365 ദിവസവും ഇതേ ജോലി ചെയ്യേണ്ടിവരുന്ന അവധിയില്ലാത്ത അമ്മമാരുടെ,  സഹോദരിമാരുടെ, ഭാര്യമാരെക്കുറിച്ചാണ്‌.

അടുക്കളക്കാരികളാക്കുന്ന വിവാഹജീവിതം

പെട്ടിനിറയെ പൊന്നും കാറുമായി മകളെ വിവാഹം കഴിച്ചുനൽകി അവളെ അടുക്കളപ്പണിക്കാരാക്കി മാറ്റുന്നതാണ്‌ വിവാഹജീവിതമെന്ന ആചാരം. ഈ സിനിമ കണ്ട്‌ പത്ത്‌ വിവാഹമോചനമെങ്കിലും ഉണ്ടായാൽ സന്തോഷമെന്ന്‌ പറഞ്ഞത്‌ ഞാൻ ആവർത്തിക്കുകയാണ്‌. കുടുംബവിളക്കെന്നും കുലസ്‌ത്രീയെന്നും  ദേവതയെന്നും  വാഴ്‌ത്തി സ്‌ത്രീയെ അടക്കിയൊതുക്കുകയാണ്‌.   ശീലവും ആചാരവും സമ്പ്രദായങ്ങളും മാറണം, മാറ്റണം എന്നുതന്നെയാണ്‌ സിനിമ പറയാൻ ശ്രമിച്ചത്‌.  സമൂഹത്തിലെ 99ശതമാനം ആണുങ്ങളുടെയും മുഖത്താണ്‌ നിമിഷയുടെ കഥാപാത്രം അഴുക്കുജലം ഒഴിക്കുന്നത്‌.
തിയറ്ററിൽ കാണിക്കാമെന്ന ധൈര്യത്തിലല്ല സിനിമ ചെയ്‌തത്‌. സമാന്തര പ്രദർശനം, മേള എന്നിവയൊക്കെയേ പ്രതീക്ഷിച്ചുള്ളു. കോവിഡ്‌ കാരണം ഒടിടി  സാധ്യത തുറന്നുകിട്ടി. ആമസോൺ പ്രൈമുമായി ചർച്ചചെയ്‌തെങ്കിലും അവർ പിന്മാറി. ചാനലുകളും ഏറ്റെടുത്തില്ല.  ഇതുന്നയിക്കുന്ന   രാഷ്‌ട്രീയമാകാം കാരണം‌.  സാഹചര്യം വന്നാൽ തിയറ്ററുകളിൽ പ്രദർശനം ആഗ്രഹിക്കുന്നുണ്ട്‌.

 ജിയോ എന്ന സംവിധായകൻ

രണ്ട്‌ പെൺകുട്ടികൾ(2016)  ആണ്‌ ആദ്യസിനിമ. അതിലഭിനയിച്ച അന്ന ഫാത്തിമയ്‌ക്ക്‌  സംസ്ഥാന അവാർഡ്‌ കിട്ടി. ബുസാൻ, ബഫ്‌ തുടങ്ങിയ ഫെസ്റ്റിവലുകളിൽ മികച്ച കുട്ടികളുടെചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം സിനിമ കുഞ്ഞുദൈവം. ആദിഷ്‌ പ്രവീണിന്‌ മികച്ച ബാലതാരത്തിനുള്ള ദേശീയ ബഹുമതി കിട്ടി. കിലോമീറ്റേഴ്‌സ്‌ & കിലോമീറ്റേഴ്‌സ്‌ കോവിഡ്‌ കാലത്ത്‌ തിരുവോണ നാളിൽ ചാനലിലാണ്‌ റിലീസ്‌ ചെയ്‌തത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top