തമിഴ്നാട്ടിലെ മുർപ്പോക്ക് എഴുത്താളർ കലൈഞ്ജർ സംഘം (പുരോഗമന കലാ സാഹിത്യ സംഘം) നടത്തിയ സനാതന ധർമ്മ വിരുദ്ധ കൂട്ടായ്മയിൽ മന്ത്രി ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന വലിയ വിവാദമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഹിന്ദുക്കളെ നിർമാർജനം ചെയ്യാനാണ് ഉദയനിധി ആഹ്വാനം ചെയ്തിരിക്കുന്നത് എന്ന മട്ടിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയടക്കം ഈ പ്രസ്താവനയോട് പ്രതികരിച്ചത്. സനാതന ധർമ്മം സമം ഹിന്ദുമതം എന്ന മട്ടിലാണ് ഇപ്പോൾ പ്രചാരവേല നടന്നുകൊണ്ടിരിക്കുന്നത്.
സ്റ്റാലിൻ, ഉദയനിധി സ്റ്റാലിൻ
സനാതനം എന്നാൽ ശാശ്വതമായത് മാറ്റമില്ലാത്തത് എന്നൊക്കെയാണ് അർത്ഥം. കണം ആണ് ലോകത്തിലെ എല്ലാ ചരാചരങ്ങളിലും അടങ്ങിയിരിക്കുന്ന ഏറ്റവും അടിസ്ഥാനമായ ഘടകം എന്നും അത് മാറ്റമില്ലാത്ത ഒന്നാണെന്നും മനുഷ്യൻ ധരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. പിന്നീട് കണത്തിനുള്ളിൽ പ്രോട്ടോണും ന്യൂട്രോണും ഇലക്ട്രോണും ഒക്കെ ഉണ്ടെന്നും അവയൊക്കെ നിരന്തരമായി ചലിച്ചുകൊണ്ടിരിക്കുകയാണെന്നും ശാസ്ത്രം കണ്ടെത്തി. സ്ഥിരമായി നടക്കുന്നത് ചലനമാണ് അല്ലെങ്കിൽ മാറ്റമാണ് എന്ന് ശാസ്ത്രം തെളിയിച്ചു. അതുകൊണ്ടാണ് കാറൽ മാർക്സ് എല്ലാം മാറിക്കൊണ്ടിരിക്കുന്നു എന്ന നിയമം ഒഴികെ മറ്റെല്ലാം മാറ്റത്തിന് വിധേയമാണ് എന്ന് പറഞ്ഞത്. ഈ കണ്ടുപിടുത്തത്തോടെ സനാതനം എന്ന വാക്ക് അർത്ഥശൂന്യമായ ഒന്നായി മാറി. പക്ഷേ പുരാണങ്ങളിൽ അത് അതേപടി തുടർന്നു.
എന്താണ് ധർമ്മം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്? ധർമ്മശാസ്ത്ര ഗ്രന്ഥമായി സ്വയം വിശേഷിപ്പിക്കുന്ന ഗ്രന്ഥമാണ് മഹാഭാരതം. അതുകൊണ്ട് നമുക്ക് മഹാഭാരതത്തെ അടിസ്ഥാനപ്പെടുത്തി കൊണ്ട് എന്താണ് ധർമ്മം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാക്കാം. മഹാഭാരതത്തിലെ ഒരു പ്രധാന കഥാപാത്രമായ യുധിഷ്ഠിരന്റെ മറ്റൊരു പേര് ധർമ്മപുത്രർ അല്ലെങ്കിൽ ധർമ്മത്തിന്റെ പുത്രൻ എന്നാണ്.
ധർമ്മമാണ് മഹാഭാരതത്തിലെ പ്രധാന പ്രമേയം എങ്കിലും അതിന്റെ തത്വവും ഗതിയും എളുപ്പം മനസ്സിലാക്കാൻ കഴിയുന്നതല്ല എന്ന് മഹാഭാരതം തന്നെ വ്യക്തമാക്കുന്നുണ്ട്. ധർമ്മപുത്രർ തന്നെ പറയുന്നത് “ധർമസ്യതത്വം നിഹിതം ഗുഹായാം’ എന്നാണ്. ധർമ്മത്തിന്റെ മൂർത്തിയായും ദേവതയായും ആണ് ധർമ്മരാജനെ സങ്കല്പിക്കുന്നത്. എന്നാൽ മറ്റൊരിടത്ത് ധർമ്മത്തെ നാല് കാലുള്ള പശുവായും സങ്കൽപ്പിക്കുന്നുണ്ട്. ഓരോ യുഗത്തിലും പശുവിന് ഓരോ കാൽ നഷ്ടപ്പെടുന്നു. കലിയുഗം കഴിയുന്നതോടെ അത് കാലില്ലാത്ത പശുവായി തീരും എന്നാണ് സങ്കല്പം. ഏറ്റവും ചുരുങ്ങിയത് ധർമ്മം എന്ന വാക്ക് അഞ്ച് വ്യത്യസ്തങ്ങളായ അർത്ഥങ്ങളിൽ ആണ് മഹാഭാരതത്തിൽ പ്രയോഗിക്കപ്പെട്ടിരിക്കുന്നത്.
അതിൽ ഒന്നാമത്തേത് ചാതുർവർണ്യാധിഷ്ഠിതമാണ്. അതനുസരിച്ച് നിശ്ചയമായും നാം ചെയ്തിരിക്കേണ്ട കർത്തവ്യമാണ് ധർമ്മം. അത് ചെയ്യുന്നതിനെയാണ് ധർമ്മാചരണം എന്ന് പറയുന്നത്. എന്നാൽ ഈ ധർമ്മം എന്നത് നാം ആരാണ് എന്നതിന് അനുസരിച്ച് മാറിക്കൊണ്ടിരിക്കും. നാം ബ്രാഹ്മണൻ ആണെങ്കിൽ ധർമ്മം എന്നത് വേദപഠനവും യാഗം ചെയ്യലും ആണ്.
നാം ക്ഷത്രിയനാണ് എങ്കിൽ അത് യുദ്ധം ചെയ്യലും രാജ്യം ഭരിക്കലും ആണ്. നാം വൈശ്യനാണ് എങ്കിൽ അത് കന്നുകാലി വളർത്തലും കൃഷിയും കച്ചവടവും ആണ്. നാം ശൂദ്രനാണ് എങ്കിൽ മറ്റു മൂന്നു വർണ്ണങ്ങൾക്കും ദാസ്യം ചെയ്യലാണ്. ഈ വർണ്ണധർമ്മം നിശ്ചയിച്ചിട്ടുള്ളത് ഈശ്വരനാണ്. അതുകൊണ്ട് അത് മാറി നടക്കാൻ ആർക്കും അവകാശമില്ല. ഇതാണ് മഹാഭാരതത്തിൽ ധർമ്മത്തെക്കുറിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട കാഴ്ചപ്പാട്. ശന്തനു മഹാരാജാവ് രാജ്യം ഭരിച്ചിരുന്ന കാലം ധർമ്മം പരിപാലിക്കപ്പെടുന്ന കാലമായിരുന്നു എന്ന് മഹാഭാരതം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
“അന്നു ശന്തനു മുൻപിട്ട
മന്നോർ നാടുഭരിക്കവെ,
സർവ്വജാതികൾക്കുമേറ്റം
ചൊവ്വായ് ധർമം നടന്നുതേ,
ബ്രഹ്മാനുവ്രതമായ് ക്ഷാത്രം
ക്ഷത്രാനു വ്രതർ വൈശ്യരും
ബ്രഹ്മ ക്ഷേത്രാനുരക്തന്മാർ
ശൂദ്രർ സേവിച്ചു വൈശ്യരെ ” എന്നാണ് മഹാഭാരതത്തിൽ പറഞ്ഞിരിക്കുന്നത്.
ധർമ്മത്തിനുള്ള മറ്റൊരു അർത്ഥം ഏതു വർണ്ണത്തിൽ പെട്ടവരായാലും അവരെല്ലാം പാലിക്കേണ്ട ചില പൊതു കർത്തവ്യങ്ങളാണ്. ഇവയെ സാധാരണ ധർമ്മങ്ങൾ എന്നാണ് പറയുന്നത്. യജ്ഞം, അദ്ധ്യയനം, ദാനം എന്നിവയെല്ലാ വർണ്ണങ്ങൾക്കുമുള്ള പൊതു ധർമ്മമാണ് എന്ന് ഹനുമാൻ ഭീമനെ ഉപദേശിക്കുന്നുണ്ട്. അതിലും ശൂദ്രൻ ഒഴിവാക്കപ്പെടുകയാണ്. പഞ്ചമരുടെ കാര്യം പറയാനുമില്ല.
ധർമ്മത്തിനുള്ള മൂന്നാമത്തെ അർത്ഥം ഇന്ന് നാം നിയമം എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നതാണ്. ഉദാഹരണത്തിന് ചൂതുകളിയിലൂടെ ദാസിയാക്കപ്പെട്ട പാഞ്ചാലിയോട് നിന്നെ ഞങ്ങൾ ധർമ്മം കൊണ്ടു നേടിയതാണ് എന്ന് ദുര്യോധനാദികൾ പറയുന്നുണ്ട്. ഇവിടെ അത് നിയമം എന്ന അർത്ഥത്തിലാണ് ഉപയോഗിക്കപ്പെട്ടിരിക്കുന്നത്.
ധർമ്മത്തെക്കുറിച്ചുള്ള അടുത്ത വ്യാഖ്യാനവും നിയമസംബന്ധിയാണ്. രണ്ട് കക്ഷികൾ തമ്മിൽ ഉഭയസമ്മതപ്രകാരം ഒരു കരാർ ഉണ്ടാക്കിയാൽ ആ കരാർ പാലിക്കൽ ആണ് ധർമം എന്നതുകൊണ്ട് ഇവിടെ അർത്ഥമാക്കുന്നത്. കർമ്മത്തിന്റെ മറ്റൊരു അർത്ഥം കീഴ്‌വഴക്കപ്രകാരം നടക്കലാണ്. അഞ്ചുപേർ ചേർന്ന് ഒരു സ്ത്രീയെ വേൾക്കുന്നത് ധർമ്മമാണോ എന്ന ചോദ്യം പാഞ്ചാലിയുടെ വിവാഹത്തിൽ ഉയരുന്നുണ്ട്. മറ്റാരുമല്ല പാഞ്ചാലിയുടെ പിതാവായ ദ്രുപദൻ തന്നെയാണ് തടസ്സം പറഞ്ഞത്. വ്യാസൻ പൂർവ്വകഥകൾ പറഞ്ഞാണ് ഇതിനെ സമർത്ഥിക്കുന്നത്. ഈ നിയമങ്ങളിൽ മാറ്റം വരുത്തുന്നതിന് ത്രൈവർണികർ തന്നെ തയ്യാറായിട്ടുണ്ട്. അവർക്ക് മാറ്റമാവശ്യമില്ലാത്തത് ചാതുർവർണ്യ വ്യവസ്ഥയിൽ മാത്രമാണ്.
ഇന്നത് ചെയ്യരുത് ഇന്നത് ചെയ്യാം എന്ന അനുശാസനങ്ങളിലൂടെ നാലു വർണ്ണങ്ങളുടെയും പ്രവൃത്തികൾ എന്തെന്ന് വ്യവസ്ഥപ്പെടുത്തുന്ന പ്രബോധനങ്ങളെയാണ് ഇന്ത്യയിൽ പണ്ട് ധർമ്മശാസ്ത്രം എന്ന് പറഞ്ഞിരുന്നത്. വിവിധ ജാതികളെ മേൽ കീഴ് ക്രമത്തിൽ നിർത്താനും അവർക്കിടയിലെ അസമത്വപൂർണ്ണമായ ജീവിതത്തെ അതേപടി നിലനിർത്താനും ഉണ്ടാക്കിയ നിയമങ്ങളുടെയും അനുശാസനങ്ങളുടെയും സമാഹാരമാണ് ധർമ്മശാസ്ത്രം. ഇത് മാറ്റമില്ലാതെ തുടരണം എന്നാണ് സനാതനധർമ്മം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
സ്വാഭാവികമായും ത്രൈവർണികരല്ലാത്ത ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുക്കളും അല്ലാത്തവരുമൊക്കെ സനാതന ധർമ്മത്തിന്റെ പേരിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ചാതുർവർണ്യ വ്യവസ്ഥയെയും അതിന്റെ ധർമ്മ ഗ്രന്ഥമായ മനുസ്മൃതിയെയും എതിർക്കാനും അതിനെതിരെ പോരാടാനും തയ്യാറാവും.
അതോടൊപ്പമോ അതിൽ കൂടുതലോ പ്രാധാന്യമർഹിക്കുന്നതാണ് വർഗ്ഗ സമരം എന്ന കാര്യവും മറന്നുകൂടാ. നവലിബറൽ നയങ്ങൾ നടപ്പിലാക്കാൻ ആരംഭിച്ചതിന്റെ ഭാഗമായി ഇന്ത്യയിലെ ഭരണവർഗ്ഗം ഹിന്ദുത്വശക്തികളുമായി ഒരു അവിശുദ്ധ സഖ്യത്തിൽ ഏർപ്പെട്ടിരിക്കുന്നതായി സിപിഐഎമ്മിന്റെ ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ് വിലയിരുത്തിയതാണ്. കോർപ്പറേറ്റ് ഹിന്ദുത്വ അവിശുദ്ധസഖ്യം രൂപപ്പെട്ടിരിക്കുന്നു എന്നാണ് പാർട്ടി കോൺഗ്രസ് രേഖകൾ പറഞ്ഞത്. സവർണാധിപത്യത്തിനെതിരായ പോരാട്ടത്തിന്റെ അടിത്തറ സാമ്പത്തിക ചൂഷണത്തിനെതിരായ പോരാട്ടമാണ് എന്ന് മനസ്സിലാക്കുകയും അതിന്റെ അടിസ്ഥാനത്തിൽ വർഗ്ഗപരമായ പോരാട്ടങ്ങൾ ശക്തിപ്പെടുത്തുകയും വേണം.
(ചിന്ത വാരികയിൽ നിന്ന്)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..