16 August Tuesday

ടീസ്‌ത സെതൽവാദും സാകിയ ജാഫ്രിയും; നീതിയും നിയമവും തമ്മിലുള്ള ചാർച്ച വീണ്ടും പ്രസക്തമാകുന്നു

ജോസ്‌ കെ എൽUpdated: Thursday Jul 7, 2022

ടീസ്‌ത സെതൽവാദും സാകിയ ജാഫ്രിയും

സാകിയ അഹ്‌സാൻ ജാഫ്രിയും ഗുജറാത്ത്‌ സംസ്ഥാനവും തമ്മിലുണ്ടായിരുന്ന കേസിലെ സുപ്രീംകോടതി  വിധി, നീതിയും നിയമവും തമ്മിലുള്ള ചാർച്ച സംബന്ധിച്ച നൂറ്റാണ്ടുകൾ പിന്നിട്ട ചർച്ചയെ വീണ്ടും പ്രസക്തമാക്കുന്നു.

നിഗൂഢവും സങ്കീർണവുമായ പാതകളും കൗശലപൂർവം  മെനഞ്ഞ ഇടനാഴികളും നിറഞ്ഞതാണ്‌ ചരിത്രമെന്നും ചെവിയിൽ മന്ത്രിക്കുന്ന മോഹങ്ങളിലൂടെ അത്‌ നമ്മെ വഞ്ചിക്കുന്നുവെന്നും മിഥ്യാഭിമാനങ്ങളിലൂടെ നയിക്കുന്നുവെന്നും  നിരീക്ഷിച്ചത്‌ ടി എസ്‌ എലിയറ്റ്‌ ആണ്‌. നിലവിലുണ്ടായിരുന്ന നിയമവ്യവസ്ഥകളുടെ സൂക്ഷ്‌മപരിശോധനകളിലൂടെയായിരുന്നു സോക്രട്ടീസിനും  ക്രിസ്‌തുവിനും മരണശിക്ഷ വിധിക്കപ്പെട്ടത്‌. കുറ്റം ന്യായാധിപരുടേതോ നിയമവ്യവസ്ഥയുടേതോ ആയിരുന്നില്ല. മഹാത്മാഗാന്ധിജിയും ലോകമാന്യ ബാലഗംഗാധര തിലകനും രാജ്യദ്രോഹത്തിന്‌ ശിക്ഷിക്കപ്പെട്ടതും ഭഗത്‌സിങ്‌ അടക്കമുള്ളവർ തൂക്കിലേറ്റപ്പെട്ടതും നിയമാനുസൃതമായിരുന്നു. ജാലിയൻവാലാബാഗ്‌ സംഭവത്തിലും നിയമവിരുദ്ധമായി ഒന്നുമുണ്ടായിരുന്നില്ല എന്നായിരുന്നു അന്വേഷണ കമീഷന്റെ കണ്ടെത്തൽ. സാകിയ അഹ്‌സാൻ ജാഫ്രിയും ഗുജറാത്ത്‌ സ്‌റ്റേറ്റും തമ്മിലുണ്ടായിരുന്ന കേസിലെ സുപ്രീംേകാടതി വിധിയാണ്‌ നീതിയും നിയമവും തമ്മിലുള്ള ചാർച്ച സംബന്ധിച്ച നൂറ്റാണ്ടുകൾ പിന്നിട്ട ചർച്ചയെ വീണ്ടും പ്രസക്തമാക്കുന്നത്‌.

ടീസ്‌ത സെതൽവാദ്‌

ടീസ്‌ത സെതൽവാദ്‌

ഈ  കേസിന്റെ വിധിയെ തുടർന്നാണ്‌, 2007ൽ രാഷ്‌ട്രം പത്മശ്രീ നൽകി ആദരിച്ച ടീസ്‌ത സെതൽവാദ്‌ രാജ്യത്തിനും ജനതയ്‌ക്കും ഹിതകരമല്ലാത്ത പ്രവർത്തനങ്ങളിലേർപ്പെട്ടു എന്ന ആരോപണത്തിന്റെ പേരിലാണ്‌ അറസ്റ്റ്‌ ചെയ്യപ്പെടുന്നത്‌.

ദേശീയതലത്തിലും സാർവദേശീയതലത്തിലും ഈ സംഭവവികാസങ്ങളിൽ  ഒട്ടേറെ പ്രതികരണങ്ങൾ ഉണ്ടായി. ഇന്ത്യയിലെ ഒട്ടുമിക്ക പ്രതിപക്ഷ കക്ഷികളും അവരെ അടിയന്തരമായി വിട്ടയക്കണമെന്നാവശ്യപ്പെടുന്നു. മനുഷ്യാവകാശത്തെ സംബന്ധിച്ച  ഐക്യരാഷ്‌ട്രസംഘടനയുടെ ഹൈക്കമീഷണർ ഓഫീസ്‌ (OHCHR) ഈ അറസ്‌റ്റിനെ അപലപിക്കുകയും അവരെ അടിയന്തരമായി മോചിപ്പിക്കണമെന്നും നിർദേശിക്കുകയുണ്ടായി. 

നൊബേൽ പുരസ്‌കാര ജേതാവ്‌  മരിയ റെസ്സെ, ന്യൂയോർക്ക്‌ ആസ്ഥാനമായ മാധ്യമ പ്രവർത്തക സംരക്ഷണ സമിതി (സിപിജെ) തുടങ്ങിയ വ്യക്തികളും പ്രസ്ഥാനങ്ങളും ഈ സംഭവവികാസങ്ങളെ അപലപിക്കുകയുണ്ടായി. ഭരണഘടനയും സ്വതന്ത്രമായ നീതിന്യായ വ്യവസ്ഥയും നിലവിലുള്ള ഇന്ത്യയുടെ  ആഭ്യന്തര  നിയമനിർവഹണ രീതികളിലുള്ള അനാവശ്യ ഇടപെടലുകളാണിവയെന്നാണ്‌ ഇന്ത്യാ ഗവൺമെന്റിന്റെ  ഔദ്യോഗിക നിലപാടായി വിദേശമന്ത്രാലയം പുറത്തുവിട്ടത്‌.

ഇത്തരം സന്ദർഭങ്ങളിൽ ഉയർന്നുവരാവുന്ന  സംശയമാണ്‌ നിസ്സഹായരും നിരപരാധികളുമായ പൗരജനങ്ങളെ കൂട്ടക്കുരുതി നടത്തിയവർക്ക്‌ ശിക്ഷയില്ലാതെ പോകുന്ന അവസ്ഥയ്‌ക്ക്‌ പരിഹാരമെന്ത്‌ എന്നത്‌.   ഭരണഘടനാ മനഃസാക്ഷി    ഉണരേണ്ട സന്ദർഭം ഇതുതന്നെയാണ്‌.

ഇത്തരം സന്ദർഭങ്ങളിൽ ഉയർന്നുവരാവുന്ന  സംശയമാണ്‌ നിസ്സഹായരും നിരപരാധികളുമായ പൗരജനങ്ങളെ കൂട്ടക്കുരുതി നടത്തിയവർക്ക്‌ ശിക്ഷയില്ലാതെ പോകുന്ന അവസ്ഥയ്‌ക്ക്‌ പരിഹാരമെന്ത്‌ എന്നത്‌.കൽപ്പന കണ്ണബീരാൻ നിരീക്ഷിച്ചതുപോലെ  ഭരണഘടനാ മനഃസാക്ഷി  (constitutional conscience)  ഉണരേണ്ട സന്ദർഭം ഇതുതന്നെയാണ്‌. ഗുജറാത്ത്‌ വംശഹത്യയിൽ ഇരകളായവർക്കൊപ്പം നിന്ന ടീസ്‌ത സെതൽവാദിന്റെ പോരാട്ടങ്ങളെ  പിന്തുടർന്നാൽ നാമെത്തിച്ചേരുന്നത്‌ മതേതര ഇന്ത്യയുടെ അന്ത്യം ലക്ഷ്യമായി കാണുന്ന  ചില ഇരുൾസ്ഥലികളാണ്‌.

അഭിജാതമെന്ന്‌ സാമാന്യമായി പറയാവുന്ന കുടുംബസാഹചര്യങ്ങളിൽ ജനിച്ച ടീസ്‌ത മുഖ്യധാരാ മാധ്യമപ്രവർത്തനങ്ങളിൽ  നിന്ന്‌ വേറിട്ട സാമൂഹ്യ പ്രവർത്തനത്തിന്റെ  ദുർഗമവഴികളിലേക്ക്‌ തിരിയുന്നതിന്‌ ഒരു പശ്‌ചാത്തലമുണ്ട്‌. തൊണ്ണൂറുകളിൽ ജീവിച്ച ഏതൊരു മനുഷ്യനും  വിസ്‌മരിക്കാനാവാത്ത ബാബറി മസ്‌ജിദ്‌ തകർക്കൽ,  തുടർന്ന്‌ നടന്ന ബോംബെ കലാപങ്ങൾ, ഇവ നൽകിയ മുന്നറിയിപ്പുകൾ ഇവയാണ്‌ ടീസ്‌തയെ പോരാളിയാക്കുന്നത്‌. അവരും ഭർത്താവും ചേർന്ന്‌ ആരംഭിച്ച communalism combat എന്ന മാസിക പ്രതിപത്രപ്രവർത്തനത്തിന്റെ  അനന്തസാധ്യതകൾ വെളിവാക്കുന്നതായിരുന്നു.

ഫാദർ സെഡ്രിക്‌ പ്രകാശ്‌, അനിൽ ധാഖർ, അലിഖ്‌ പദംസീ, ജാവേദ്‌ അക്‌ദർ, വിജയ്‌ ടെണ്ടുൽക്കർ, രാഹുൽ ബോസ്‌ തുടങ്ങിയവരുമായി ആരംഭിച്ച സമാധാനത്തിനും നീതിക്കും വേണ്ടിയുള്ള പൗരർ (citizens for justice and peace (CJP) എന്ന ഗവൺമെന്റിതര സംഘടന ഇന്ത്യയിലെ തീവ്രവാദ ഹിന്ദുത്വ സംഘടനകൾക്കെതിരെയുള്ള പോരാട്ടങ്ങളുടെ സമീപകാല ഇതിഹാസങ്ങളാണ്‌. കമ്യൂണലിസം കോന്പാറ്റ്‌ എന്ന പ്രസിദ്ധീകരണവും സിജെപിയും അവരെ സംഘപരിവാരത്തിന്റെ കണ്ണിലെ കരടാക്കി മാറ്റി.

ബാബു ബജ്‌രംഗിയും മായ കോദ്‌നാനിയും കോടതി നടപടികളെ നേരിട്ടത്‌, ഗുജറാത്തിലെ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ, ബിജെപി നേതാവ്‌ ഹരേൺ പാണ്ഡ്യയുടെ  ദുരൂഹമായ കൊലപാതകം തുടങ്ങിയ സംഘപരിവാറിന്റെ  ഗുജറാത്ത്‌ ഓപ്പറേഷനുകൾ പുറംലോകമറിഞ്ഞത്‌ ടീസ്‌തയുടെയും കൂട്ടാളികളുടെയും നിയമപോരാട്ടങ്ങളിലൂടെയാണ്‌.

ഇന്ത്യയെ മതാധിഷ്‌ഠിത രാഷ്‌ട്രമാക്കാനുള്ള പരിവാര ശ്രമങ്ങളുടെ  അടിവേരുകൾ ചികഞ്ഞ്‌  അവ വെളിവാക്കിയത്‌ അവരുടെ പ്രസിദ്ധീകരണമായ  കമ്യൂണലിസം കോമ്പാറ്റ്‌ ആയിരുന്നു. ഗാന്ധിവധത്തെ സംബന്ധിച്ച ജസ്‌റ്റിസ്‌ കപൂർ കമീഷൻ  റിപ്പോർട്ട്‌ പ്രസിദ്ധീകരിച്ചതിലൂടെ അതിലെ അണിയറ രഹസ്യങ്ങൾ  വെളിവായി.

നിസ്സംഗരോ നിസ്സഹായരോ ആയ ആൾക്കൂട്ടത്തെ സാക്ഷിയാക്കി ഭരണകൂടം നടത്തുന്ന അടിച്ചമർത്തലുകളുടെ വേരുകൾ ഫാസിസത്തിലാണെന്നവർ കണ്ടെത്തുകയും അത്‌ ജനങ്ങളോട്‌ വെളിപ്പെടുത്തുകയും ചെയ്‌തു. ഹിന്ദു ഫാസിസത്തിന്റെ പ്രവർത്തന രീതിക്കെതിരെയുള്ള പ്രതിരോധ രൂപമായി ടീസ്‌തയും കൂട്ടാളികളും മാറി. നിയമവ്യവസ്ഥയെ  ആശ്രയിച്ചുള്ള പ്രവർത്തനം, സാംസ്‌കാരിക പ്രതിരോധം, ധൈഷണിക (രാഷ്‌ട്രീയ) മേഖലയിലുള്ള ഇടപെടൽ  എന്നിങ്ങനെ ത്രിമുഖ രീതിയിലുള്ള പ്രവർത്തനമാണ്‌ ടീസ്‌ത സെതൽവാദ്‌ ആവിഷ്‌കരിച്ചത്‌. അതിന്റെ താൽക്കാലിക പ്രതിഫലനമാണ്‌ ഈ ജയിൽവാസം. സർക്കാരിന്റെ വേട്ടയാടലുകളെ സംബന്ധിച്ച ഒരു ചോദ്യത്തിന്‌ ഉത്തരമായി അവർ പ്രതികരിച്ചത്‌ ഇങ്ങനെയായിരുന്നു.

‘ഇതുവരെയുള്ള കാര്യങ്ങൾ വിശകലനം ചെയ്‌താൽ  തകർക്കാനുള്ള അവരുടെ നീക്കങ്ങളെ  പ്രതിരോധിച്ച്‌ പിടിച്ചുനിൽക്കുകമാത്രമല്ല, ഞങ്ങൾ ചെയ്‌തിട്ടുള്ളത്‌. ഭരണഘടനാമൂല്യങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും ഞങ്ങൾക്ക്‌ കഴിഞ്ഞു. സമൂഹത്തിന്റെ നാനാതുറയിലുള്ള  പിന്തുണയും ബഹുജന സംഘടനകൾ, ബുദ്ധിജീവി സമൂഹം, പുരോഗമന ചിന്താഗതിക്കാരായ രാഷ്‌ട്രീയ കക്ഷികൾ തുടങ്ങിയവരുടെ  ഐക്യദാർഢ്യവും ഞങ്ങളെ വലിയ രീതിയിൽ സഹായിച്ചിട്ടുണ്ട്‌. ഇത്‌ ഞങ്ങൾക്ക്‌ വേണ്ടി  മാത്രമുള്ള പോരാട്ടമല്ലെന്നും മുഴുവൻ രാജ്യത്തിനു വേണ്ടിയുള്ള പോരാട്ടമാണെന്നും എല്ലാവരും തിരിച്ചറിയേണ്ടതുണ്ട്‌. അന്ത്യംവരെയുള്ള പോരാട്ടമായിരിക്കും ഇതെന്ന കാര്യത്തിൽ ഞങ്ങൾക്ക്‌ സംശയമില്ല.’

ഗുജറാത്ത്‌ കലാപം സംബന്ധിച്ച ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുള്ള പുസ്‌തകമാണ്‌  സംഘപരിവാരത്തിന്റെ മറ്റൊരു പ്രഖ്യാപിത ശത്രുവായ റാണാഅയ്യൂബിന്റെ ‘ഗുജറാത്ത്‌ ഫയൽസ്‌’ എന്ന പുസ്തകം. ജസ്‌റ്റിസ്‌ ബി എൻ ശ്രീകൃഷ്‌ണ അവതാരിക എഴുതിയ ഈ പുസ്‌തകം ആരംഭിക്കുന്നത്‌ മിലാൻ കുന്ദേരയുടെ ഈ വരികൾ ഉദ്ധരിച്ചാണ്‌.

‘The Struggle of man against power is the struggle of memory against forgetting ‐Milan Kundera’.
‘അധികാരത്തിനെതിരായ മനുഷ്യന്റെ  പോരാട്ടം മറവിക്കെതിരായ ഓർമയുടെ പോരാട്ടമാണ്‌’.
ഈ ചെറുകുറിപ്പിന്റെ ഉപസംഹാരമായ ഈ വരികൾ നമ്മുടെ ജാഗ്രതയെ കൂടുതൽ ഉത്തേജിപ്പിക്കേണ്ടതാണ്‌ .

(ദേശാഭിമാനി വാരികയിൽ നിന്ന്) 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top