15 August Monday

മനുഷ്യവേട്ടയുടെ ദിനരാത്രങ്ങൾ... ടീസ്‌ത സെതൽവാദിന്റെ അന്വേഷണങ്ങൾ

ടീസ്‌ത സെതൽവാദ്‌Updated: Thursday Jul 7, 2022

ടീസ്‌ത സെതൽവാദ്‌

ഇന്ത്യൻ മതേതരത്വത്തിനേറ്റ ഏറ്റവും വലിയ കളങ്കമായിരുന്നു 2002 ലെ ഗുജറാത്ത്‌ കലാപം. മാരകായുധങ്ങളുമായി തെരുവിലിറങ്ങിയ വർഗ്ഗീയ ഭ്രാന്തന്മാർ മനുഷ്യനെ വെട്ടിനുറുക്കുകയും പച്ചക്ക്‌ ചുട്ടുകൊല്ലുകയും ചെയ്‌ത, മനുഷ്യത്വം വിറങ്ങലിച്ചു നിന്ന ഭീകരതയുടെ നാളുകളായിരുന്നു അത്‌. ഭരണകൂടത്തിന്റെ ഒത്താശയോടെ അരങ്ങേറിയ  ആ കൂട്ടക്കൊലയുടെ പിന്നാമ്പുറങ്ങൾ അന്വേഷിക്കുകയും കലാപത്തിലെ ഇരകൾക്ക്‌ നീതിയുറപ്പാക്കാൻ പോരാടുകയും ചെയ്‌ത മനുഷ്യാവകാശ പ്രവർത്തകയാണ്‌ ടീസ്‌ത സെതൽവാദ്‌.

ഗുജറാത്ത്‌ കലാപത്തിന്റെ നടുക്കുന്ന ഓർമ്മകൾ അവതരിപ്പിക്കുന്ന ടീസ്‌തയുടെ Foot Soldier of the Constitution: A Memoir എന്ന പുസ്‌തകം ഫാസിസം പിടിമുറുക്കുന്ന വർത്തമാനത്തിന്റെ നേർക്ക്‌ പിടിച്ച  കണ്ണാടിയാണ്‌.  ഹിന്ദുതീവ്രവാദികൾ നടത്തിയ കൂട്ടക്കുരുതികൾ, അതിനെതിരെയുള്ള നിയമപോരാട്ടങ്ങൾ, ബിജെപിയുടെ പ്രതികാരനടപടികൾ എന്നിവ വിവരിക്കുന്ന  ഈ പുസ്‌തകത്തിന്റെ  ആദ്യ അധ്യായത്തിലെ ഒരു ഭാഗം...

ഞാൻ എന്റെ നെറ്റിയിൽ അലങ്കാരമായി അണിയാറുള്ള വലിയപൊട്ട് 1992‐93 നും മുൻപേ മായ്ച്ചുകളഞ്ഞിരുന്നു. ബാബറി മസ്ജിദ് തകർക്കലിന് ശേഷമുള്ള  അതിക്രമങ്ങൾ എന്റെ അബോധമനസ്സിൽ പലതരത്തിലുള്ള ആഘാതങ്ങളും  സൃഷ്ടിച്ചിരുന്നു. മൊഹല്ലയെ അടിസ്ഥാനമാക്കി ഞാൻ ചെയ്ത റിപ്പോർട്ടുകൾ   ചില അതിക്രമങ്ങളെ അഭിമുഖീകരിക്കുന്നതിനുള്ള അവസരം എനിക്ക്‌ ഉണ്ടാക്കി തന്നിരുന്നു. ജാവേദിനാണ് ( ജാവേദ്‌ ആനന്ദ്‌)  പൊട്ട് ഒരു നഷ്ടമായിത്തോന്നിയത്. അത് മറ്റൊരു രീതിയിലൊക്കെ പ്രത്യക്ഷപ്പെട്ടെങ്കിലും അതേപടി അവതരിച്ചില്ല എന്ന് പറയാം. എന്തുതന്നെയായാലും, വിശ്വാസത്തിന്റെ പേരിൽ നടന്നുകൊണ്ടിരുന്ന അനിഷ്ടകരമായ സംഭവങ്ങളിൽനിന്ന് സ്വയം അല്പം അകന്നുനില്ക്കാൻ ഞാൻ  പ്രേരിതയായി. അതുവരെ എന്നത്തെയും പോലെ വസ്ത്രധാരണത്തിൽ ആകൃഷ്ടയായ, എന്റെ ആകമാനമായ പ്രത്യക്ഷത്തിൽ കടും ചുവപ്പും, ഇളം ചുവപ്പും നിറത്തിലുള്ള പൊട്ട് ഒരു പ്രധാന ഇനമായിരുന്നു.

2002 മാർച്ച് ആദ്യമാണ് ഞാൻ ഗുജറാത്തിൽ എത്തിച്ചേർന്നത്.

ടീസ്‌ത സെതൽവാദ്‌

ടീസ്‌ത സെതൽവാദ്‌

പല ജില്ലകളിലും അവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലും സന്ദർശനം നടത്തി വിവശയായാണ് അഹമ്മദാബാദിൽ എത്തിയത്. രാത്രി വളരെ വൈകിയാണ് സ്റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങൾ, സുപ്രീംകോടതി, രാഷ്ട്രപതി, മനുഷ്യാവകാശ കമ്മീഷൻ തുടങ്ങിയവർക്കുള്ള   റിപ്പോർട്ടുകൾ ഞാൻ തയ്യാറാക്കുക. അനിഷ്‌ട സംഭവങ്ങൾ വിവരിക്കുമ്പോൾ എനിക്കുണ്ടായിരുന്ന വികാരം നേരത്തേ ബോംബെയിലേതുപോലെ തന്നെയായിരുന്നു. ''ബോംബെ 10 വർഷം മുമ്പ് മോശമായിരുന്നെങ്കിൽ ഗുജറാത്ത് അതിന്റെ ആയിരം മടങ്ങ് മോശമായിരുന്നു.''

ആദ്യത്തെ ആറുമാസത്തിൽ ഞാൻ അഞ്ചുപ്രാവശ്യം ശാരീരികമായി ആക്രമിക്കപ്പെട്ടു. രണ്ടുപ്രാവശ്യം ഞാൻ വാടകയ്ക്കെടുത്ത വാഹനത്തിലെ ഡ്രൈവർമാർ എന്റെ കൂടെ യാത്ര ചെയ്താലുള്ള ഭവിഷ്യത്തുകൾ പരിഗണിച്ച് എന്നെ വഴിയിൽ ഇറക്കിവിടുകയുണ്ടായി.

ആദ്യത്തെ ആറുമാസത്തിൽ ഞാൻ അഞ്ചുപ്രാവശ്യം ശാരീരികമായി ആക്രമിക്കപ്പെട്ടു. രണ്ടുപ്രാവശ്യം ഞാൻ വാടകയ്ക്കെടുത്ത വാഹനത്തിലെ ഡ്രൈവർമാർ എന്റെ കൂടെ യാത്ര ചെയ്താലുള്ള ഭവിഷ്യത്തുകൾ പരിഗണിച്ച് എന്നെ വഴിയിൽ ഇറക്കിവിടുകയുണ്ടായി.  

1992 ‐93 ലെ ബോംബെ ജീവിതവും ഇപ്പോൾ 2002 ലെ ഗുജറാത്ത് അനുഭവവും‐ ഈ രണ്ട്‌ അനുഭവങ്ങളിൽ നിന്നുള്ള പാഠം ഉൾക്കാണ്ട്‌ ഒരു തിരിച്ചറിവിലേക്ക്‌ ഞാൻ എത്തിച്ചേർന്നു. കേവലം  വിവരങ്ങളുടെ ശേഖരണവും    ഒപ്പം ജനാധിപത്യ സ്ഥാപനങ്ങളിലെ പക്ഷപാതവും മുൻവിധികളും  തുറന്ന് കാട്ടിയുള്ള പ്രചാരവേലകളും സംഘടിപ്പിക്കുന്നതിൽ  മാത്രം ഒതുങ്ങി നിന്നാൽ പോര നമ്മുടെ പ്രവർത്തനം  .   വൻതോതിലുള്ള കലാപം നടക്കുമ്പോൾ നീതി കൊണ്ടുവരുവാൻ കഴിയുമോ? നമ്മുടെ കോടതികൾക്ക് ഈ സംവിധാനത്തിൽ വിശ്വാസം കൊണ്ടുവരാൻ കഴിയുമോ?    ജനങ്ങൾക്ക് അവരുടെ അയൽപക്കങ്ങളിൽ എന്തിനേറെ തങ്ങളുടെ സുഹൃത്തുക്കളിൽ പോലും, ഉള്ള വിശ്വാസവും  പ്രത്യാശയും   നഷ്ടപ്പെട്ടുകഴിഞ്ഞിരുന്നു.

രാത്രി സമയങ്ങളിൽ ജാവേദിനെ വിളിക്കുമ്പോൾ   ഇത്തരംകാര്യങ്ങളായിരുന്നു എനിക്ക്‌ പറയാനുണ്ടായിരുന്നത്‌. നേരം വൈകിയ നേരങ്ങളിൽ ഞാൻ ഒറ്റയ്ക്കായിരുന്നതുകൊണ്ട് വീട്ടിൽ വലിയ ഭയപ്പാടായിരുന്നു.

ജാവേദ്‌ ആനന്ദ്‌

ജാവേദ്‌ ആനന്ദ്‌

നമുക്ക് കോടതിയെ സമീപിക്കാമെന്നും കാര്യങ്ങൾ നേരെയാക്കാനും നീതി നടപ്പാക്കാനും   നഷ്ടപരിഹാരം നേടിയെടുക്കാനും കഴിയുമോ എന്ന് ആരായാമെന്നും മറ്റുമുള്ള കാര്യങ്ങൾ  ഞാൻ വീട്ടിലേക്കുള്ള ഫോൺ സംഭാഷണത്തിൽ പറഞ്ഞതോർക്കുന്നു. ഇത് ഞങ്ങൾ  മാത്രം വിചാരച്ചാൽ നടപ്പാക്കാൻ കഴിയുന്നതല്ല എന്ന നല്ല ബോധ്യം എനിക്കുണ്ടായിരുന്നു. ഇത് പ്രാവർത്തികമാക്കാൻ, നിയമവ്യവസ്ഥ നടപ്പാക്കാൻ, പ്രതിജ്ഞാബദ്ധതയുള്ള വളരെ ഊർജ്ജസ്വലരായ പൗരന്മാരുടെ ഒരു സംഘടന ആവശ്യമാണ്‌. അങ്ങനെയാണ് Citizens for Justice and Peace (CJP)പിറന്നത്.

ഏപ്രിൽ ആദ്യത്തിൽ നന്ദൻ മുളുസ്റ്റെയുടെ വീട്ടിൽ വച്ചാണ് ‘ഇൻ ദി നെയിം ഓഫ് ഫെയ്ത്ത്’    ന്റെ  ( ഗുജറാത്ത്‌ കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി)  കീറി മുറിക്കാത്ത ഒരു പകർപ്പ്  പങ്കജ് ശങ്കർ ഞങ്ങൾക്ക് കാണിച്ചുതന്നത്. സ്വതന്ത്ര ഭരണം സാധ്യമാക്കാൻ കൊടിയ ക്രൂരത എങ്ങനെ ഉപയോഗപ്പെടുത്താം  എന്ന കാര്യം ചിത്രീകരിക്കുന്ന ഒരു സിനിമയായിരുന്നു അത്. അന്ന് ആ ചിത്രം കാണാൻ ആ മുറിയിൽ ഉണ്ടായിരുന്നത് ആലീഖ് പദംസി, സൈറസ് ഗസ്ഡർ, കാദ്രി സാബ്, നന്ദൻ മുളുസ്തേ, ഷിരീഷ് പട്ടേൽ, അനിൽ ധാർക്കർ, ഗുലാം പേഷിമാം, ജാവേദ് ആനന്ദ് എന്നിവരായിരുന്നു. ഞങ്ങളുടെ ഈ ഘോരമായ അനുഭവത്തിൽ   തൈസൂൺ ഖോരാക്കി വാലയും ഭാര്യ എഡിത്തും സഹയാത്രികരായി ചേർന്നു.

ആ പ്രദർശനത്തിനിടെ ഞങ്ങളുടെ കണ്ണീർ ഇടമുറിയാതെ ഒഴുകി. ഭരണഘടന വ്യവസ്ഥകൾ ലംഘിക്കപ്പെടുന്നത്‌ കണ്ട്‌   എല്ലാവരും അസ്വസ്ഥരായി. പ്രതിരോധ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോവുന്ന കാര്യത്തിൽ അന്ന്‌ ഞങ്ങൾ തീരുമാനമെടുത്തു. ആ ദിവസം അവിടെ കൂടിയിരുന്നവർ തന്നെയായിരുന്നു ബാബറി മസ്ജിദ് പൊളിച്ചപ്പോൾ പൗരന്മാരെ സംഘടിപ്പിക്കുന്നതിലും   അതുപോലെ 1992‐93 ബോംബെ കൂട്ടക്കൊലക്കെതിരെയുള്ള പ്രവർത്തനങ്ങളിലും  മുന്നിൽ നിന്നത്‌.

രണ്ട് കലാപത്തിനും പിന്നിൽ ഉണ്ടായിരുന്ന സ്റ്റേറ്റിന്റെ പല തലങ്ങളിലെ പങ്ക് വളരെ സമാനമായ രീതിയിലുള്ളതുമായിരുന്നു.
നമ്മുടെ കോടതികൾ, രാഷ്ട്രീയക്കാർ, ഉദ്യോഗസ്ഥമേധാവികൾ, പൊലീസുകാർ തുടങ്ങിയവർ 1984 ലെ കൊലപാതകങ്ങളുടെ കുറ്റവാളികളെ ശിക്ഷിച്ചിരുന്നുവെങ്കിൽ 1992 സംഭവിക്കുമായിരുന്നില്ല. 1992‐93 ലെ ബോംബെ കലാപങ്ങളിൽ അതിജീവിച്ചവർക്ക് കൃത്യമായ രീതിയിൽ നഷ്ടപരിഹാരവും നീതിയും ലഭ്യമാക്കിയിരുന്നെങ്കിൽ രാഷ്ട്രീയത്തിലും, ബ്യൂറോക്രസിയിലും, പൊലീസിലും ഉള്ളവർ 2002 ൽ അത്ര എളുപ്പത്തിൽ കലാപങ്ങളിൽ ഭാഗഭാക്കാവുമായിരുന്നില്ല.

ശിക്ഷിക്കപ്പെടുകയില്ല എന്ന ഈ ഉറപ്പാണ്‌ വിഭജനം മുതൽ ഇന്നുവരെയുള്ള അന്തമില്ലാത്ത കലാപങ്ങളിലെ കുറ്റവാളികൾക്ക് രക്ഷപ്പെടുവാൻ വഴിയൊരുക്കിയത്. ഇന്ത്യൻ അഡ്‌മിനിസ്‌ട്രേഷനും പൊലീസ് സേനയും  ‐ അപൂർവ്വമായ വളരെ ചെറിയ ഒരു വിഭാഗത്തെ ഒഴിച്ചുനിർത്തിയാൽ ‐   ഒട്ടും ഉത്തരവാദിത്വവും പ്രവർത്തനങ്ങളിൽ സുതാര്യതയും ഇല്ലാത്തതാണ്‌. നീതിയുടെ പാതയിൽ ചരിക്കുന്നവർക്ക് സുരക്ഷയുടെ കവചമൊരുക്കുന്നതിന് പകരം അവരെ ലക്ഷ്യം വയ്ക്കുന്ന കാഴ്ചയാണ് ഇവിടെ കണ്ടുവരുന്നത്.

ഷഹീറ ഷെയ്ക്ക് 2004 ൽ മുംബൈയിൽ  രണ്ടാമത്തെ പ്രാവശ്യവും തന്റെ മൊഴിമാറ്റിയതിനെത്തുടർന്ന് സിനിമാ നിർമ്മാതാവ് പങ്കജ് ശങ്കറിന് തന്റെ ഡോക്യുമെന്ററിയുടെ പ്രമേയത്തിൽ വീണ്ടും അഴിച്ചുപണി നടത്തേണ്ടി വന്നു.

പങ്കജ്‌ ശങ്കർ

പങ്കജ്‌ ശങ്കർ

2002 ൽ അദ്ദേഹം ചിത്രീകരിച്ച ഭാഗങ്ങളിൽ ബെസ്റ്റ് ബേക്കറി കൂട്ടക്കൊലയ്ക്ക് തൊട്ടടുത്ത ദിവസങ്ങളിലെ സന്ദർഭങ്ങളായിരുന്നു ഉൾപ്പെടുത്തിയിരുന്നത് (മാർച്ച് 2). ആ കൂട്ടക്കൊലയ്ക്ക് ശേഷം ഷഹീറയുടെ പ്രാഥമികമായ പ്രതികരണങ്ങൾ വളരെ വിശദമായി ചിത്രീകരിച്ചിരുന്നു. അതായത് ഒരു കുറ്റത്തെത്തുടർന്ന് നിയമം എന്താണോ ഒരു പ്രഥമ വിവര റിപ്പോർട്ടായി (എഫ് ഐ ആർ) പരിഗണിക്കുക, അതായിരുന്നു. 

2004 നവംബറിനുശേഷം വിചാരണ ചെയ്തപ്പോൾ ഷഹീറ  നിഷേധിച്ചതെന്താണോ, അതായിരുന്നു ചിത്രീകരിച്ചിരുന്ന ഭാഗങ്ങൾ. ശിവസേനയുടെ മുൻ പാർലമെന്റ് അംഗമായ ആലിഖ് ശിരോധ്കർ ഉയർത്തിയ തരംതാണ ഭീഷണികൾക്കും  , വിഷലിപ്തമായ ആക്രമണങ്ങൾക്ക് കീഴടങ്ങാൻ പങ്കജ് ശങ്കർ  തയ്യാറായില്ല. വിചാരണക്കോടതിയുടെ വിധിയുടെ പരമപ്രധാനമായ ഒരു ഭാഗം ഈ വീഡിയോയെ ആസ്പദമാക്കിയുള്ള തെളിവിനെ മുൻനിർത്തി ആയിരുന്നു. കോടതിയിൽ വിചാരണ തുടങ്ങുന്നതിന് മുമ്പ് എന്നെയും എന്റെ കുടുംബത്തെയും ആക്ഷേപിച്ച് വളരെ സമയം അപഹരിച്ച ശിവസേനയുടെ വക്കീൽ ശിരോധ്കറിനെ അതിൽ കുറ്റപ്പെടുത്തിയിരുന്നു. ശിരോധ്കർ ഉൾപ്പെടെയുള്ളവർക്ക്‌   ''സെതൽവാദ്'' എന്നാൽ 1993 ൽ താക്കറെയെ കോടതിയിൽ കയറ്റിയതിന് പിന്നിലെ പേരായിരുന്നു.

ഞങ്ങളുടെ രാത്രികാല റിപ്പോർടുകൾ രാഷ്ട്രപതി,  ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി എന്നിവർക്കും ദേശീയ മനുഷ്യാവകാശക്കമ്മീഷൻ തുടങ്ങിയ   സ്റ്റാറ്റ്യൂട്ടറി സമിതികൾക്കും അയച്ചുകൊണ്ടിരുന്നു. ഇന്ത്യാ രാജ്യത്ത്  മുഴുവനുമുള്ള ആയിരക്കണക്കിന് പൗരന്മാർക്കും പത്രപ്രവർത്തകർക്കും  ഞങ്ങൾ അത് എത്തിച്ചു. ആക്രമണങ്ങളുടെ ഭീകരതയെ സസൂക്ഷ്മം അവതരിപ്പിക്കുന്ന ഏറെ വിലപ്പെട്ട പ്രാഥമിക തെളിവുകളായിരുന്നു ഞങ്ങൾ നല്കിയ ഈ സൂചനകൾ. ഇതിൽ ചൂണ്ടിക്കാണിച്ച വിവരങ്ങൾ തുടർന്ന് നടക്കേണ്ടതായ നിയമനടപടികൾക്ക് സഹായകമായിട്ടുള്ളതായിരുന്നു.

 2002 ലെ ഗുജറാത്ത് കൂട്ടക്കൊലയ്ക്ക് കാരണമായി  ഉയർന്ന അണിയറ നാടകങ്ങൾ താഴെപ്പറയുന്നവയായിരുന്നു:

*ദുഃഖകരമായ ഗോധ്ര കൂട്ടക്കൊലയിലെ ഇരകളുടെ പോസ്റ്റുമാർട്ടം തുറസ്സായ റെയിൽ യാർഡിൽ വച്ച്   ആരോഗ്യമന്ത്രി ആയിരുന്ന അശോക് ഭട്ടിന്റേയും തുടർന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയുടെയും സാന്നിദ്ധ്യത്തിലായിരുന്നു നടന്നത്. മിക്കവാറും അന്വേഷണങ്ങളിലും ഇതിനുള്ള തെളിവുകൾ വളരെ അസന്ദിഗ്ദ്ധമായിട്ടുള്ളതായിരുന്നു.

* ഇരകളുടെ ശവശരീരങ്ങൾ അഹമ്മദാബാദിൽ എത്തിച്ചത് ധാരാളം മോട്ടാർവാഹനങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായിട്ടായിരുന്നു. സമചിത്തത തൊട്ടുതീണ്ടാത്ത വി  എച്ച് പിയുടെ ഗുജറാത്തിലെ സെക്രട്ടറിക്കാണ് അവ കൈമാറിയത്. സംസ്ഥാനത്തെ ഉയർന്ന രാഷ്ട്രീയ തലങ്ങളിൽ വച്ച് എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ വി എച്ച് പിക്ക് കൈമാറുന്നതിനുള്ള തീരുമാനം ഉണ്ടായത്. ഈ തീരുമാനത്തിനെതിരെ അന്ന് അഹമ്മദാബാദ് പൊലീസ് കമ്മീഷണർ ആയിരുന്ന പി സി പാണ്ഡേ പോലും ശക്തമായ എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. 2002 ഫെബ്രുവരി 28 ന് പകൽവെളിച്ചത്തിൽ നടന്ന ശവഘോഷയാത്രയിൽ,  രോഷാകുലരായ ആർ എസ് എസ് പുരുഷന്മാരും വനിതകളും കൂട്ടമായി പങ്കുചേരുന്നതിന് ഇത് കാരണമായി.  സർക്കാർ ഇതിന് അനുമതി നല്കി. ഈ സംഗതി പെട്ടെന്നുള്ള പ്രകോപനങ്ങളിലേക്ക് കാര്യങ്ങൾ നയിച്ചു.

ഗോധ്രയിൽ തീപിടിച്ച തീവണ്ടി ബോഗി

ഗോധ്രയിൽ തീപിടിച്ച തീവണ്ടി ബോഗി

* ഗോധ്ര സംഭവം നടന്നതിനെത്തുടർന്ന് വർഗീയ കുറ്റവാളികളെ അറസ്റ്റുചെയ്ത് തടവിലാക്കുന്നതിൽ സംസ്ഥാ നഭരണസംവിധാനം ഫലപ്രദമായി പ്രവർത്തിച്ചില്ല. കർഫ്യൂ പ്രഖ്യാപിക്കുന്നതിലും ആർമിയെ ഉപയോഗപ്പെടുത്തുന്നതിലും ഉണ്ടായ ബോധപൂർവ്വമായ വീഴ്ച സർക്കാരിന്റെ താൽപര്യങ്ങളെ പ്രതിഫലിപ്പിക്കുന്നതായിരുന്നു. പകരം വി എച്ച് പി ഫെബ്രുവരി 28 ന് പ്രഖ്യാപിച്ച ഗുജറാത്ത് ബന്ദിനും മാർച്ച് ഒന്നിന് പ്രഖ്യാപിച്ച ഭാരത്ബന്ദിനും വളരെ തുറന്ന രീതിയിലുള്ള സഹകരണം നല്കുകയായിരുന്നു സർക്കാർ ചെയ്തത്. ബി ജെ പി, വി എച്ച് പി, ബജ്രംഗ്ദൾ, ആർ എസ് എസ് എന്നിവ തമ്മിലുള്ള പൊക്കിൾക്കൊടി ബന്ധം പ്രകടമായിരുന്നു. അതിൽത്തന്നെ പരിവാറിന്റെ കേന്ദ്രസ്ഥാനത്ത് ആർ എസ് എസ് നിലകൊണ്ടു.

* ആക്രമണം വ്യാപകവും സംഘടിതവുമായിരുന്നു. കെ പി എസ് ഗിൽ ചാർജെടുക്കുന്നതിനായി പ്രധാനമന്ത്രി വാജ്പേയി നിർദ്ദേശം കൊടുക്കുന്ന 2002 മെയ് വരെ അത് തീവ്രമായി നിലനിന്നു. ചീഫ് ഇലക്ഷൻ കമ്മീഷണർ സംസ്ഥാനത്ത് സന്ദർശനം നടത്തിയ ആഗസ്ത് 2 വരെ കാര്യങ്ങളൊന്നും വരുതിയിൽ വന്നില്ല.

* മുൻകൂട്ടി നിർണ്ണയിച്ച രീതിയിലായിരുന്നു സംഭവഗതികൾ‐ വിദൂരസ്ഥ ജില്ലകളിൽ പോലും സമാനരീതിയിലായിരുന്നു. പതിനായിരം മുതൽ പതിനയ്യായിരം വരെ അംഗങ്ങളുടെ വലിയ ആയുധസംഘങ്ങൾ ധാരാളം പേർ മോട്ടോർ ബൈക്കുകളിൽ, മുൻകൂട്ടി നൽകപ്പെട്ട നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് ജനവാസകേന്ദ്രങ്ങളിൽ ഭീകരത വിതച്ചു. അവർ, ഗ്യാസ് സിലിണ്ടറുകളും, വെളുത്ത കെമിക്കൽ പൗഡറുകളും ആയുധങ്ങളും വ്യാപകമായി ഉപയോഗിച്ചു.

*പകൽ വെളിച്ചത്തിലെ ആക്രമണങ്ങൾ മണിക്കൂറുകളോളം നീണ്ടുനില്ക്കുന്നതായിരുന്നു. ലിംഗാധിഷ്ഠിതമായ ആക്രമണങ്ങൾ അതിന്റെ ക്രൂരതകൊണ്ട് സമാനതകളില്ലാത്തതായി മാറി. രൺധിക് പൂർ, സഞ്ചേലി, എറാൽ, ഫത്തേപൂർ (പഞ്ച് മഹൽ), ഉത്തരഗുജറാത്തിൽ ദഹോദ്, വഡോദര, അഹമ്മദാബാദ് (നരോദ്പാട്യയും ഗുൽബർഗും) എന്നിവിടങ്ങൾ ഇതിന്‌ കൃത്യമായ ദൃഷ്‌ടാന്തങ്ങളായിരുന്നു.

പെൺകുട്ടികളിലും, വനിതകളിലും അക്രമം അഴിച്ചുവിട്ട് ഒരു വിഭാഗത്തെ പൂർണ്ണമായും കീഴടക്കുന്ന ഈ പദ്ധതി മുൻകൂട്ടി നിശ്ചയിക്കപ്പെട്ട തന്ത്രങ്ങളുടെ ഭാഗമാണെന്ന് തീർച്ചയായിരുന്നു. വലിയ തോതിലുള്ള പരിശീലനം ലഭിച്ച പുരുഷന്മാരെ മുസ്ലീം വിരുദ്ധരായി സംഘടിപ്പിക്കാതെ, സ്ത്രീകളെ ലക്ഷ്യവേധിയായി നിർത്താതെ ഈ ആക്രമണങ്ങൾ സംഘടിപ്പിക്കുക എന്നത് അസാദ്ധ്യമായിരുന്നു. ട്രിബ്യൂണൽ ആധികാരികമായി വെളിപ്പെടുത്തിയ പരിശീലനകേന്ദ്രങ്ങളിൽ ഇതൊക്കെത്തന്നെയായിരുന്നു നടന്നുകൊണ്ടിരുന്നത്.

മുഖ്യധാരാ ദിനപത്രങ്ങളായ സന്ദേശിലും സംസ്ഥാനത്തിന്റെ ഭൂരിഭാഗം മേഖലകളിലും പ്രചരിപ്പിച്ച ലഘുലേഖകളിലും വിദ്വേഷം നിറച്ച റിപ്പോർട്ടുകളാണുണ്ടായിരുന്നത്. ഇവയിൽ പലതും ആർ എസ് എസും, വി എച്ച് പിയും പരസ്യമായി തയ്യാറാക്കിയതും മറ്റു പലതും അജ്ഞാത നാമവുമായിരുന്നു.

*മുഖ്യധാരാ ദിനപത്രങ്ങളായ സന്ദേശിലും സംസ്ഥാനത്തിന്റെ ഭൂരിഭാഗം മേഖലകളിലും പ്രചരിപ്പിച്ച ലഘുലേഖകളിലും വിദ്വേഷം നിറച്ച റിപ്പോർട്ടുകളാണുണ്ടായിരുന്നത്. ഇവയിൽ പലതും ആർ എസ് എസും, വി എച്ച് പിയും പരസ്യമായി തയ്യാറാക്കിയതും മറ്റു പലതും അജ്ഞാത നാമവുമായിരുന്നു. ഇവ നിയമം ലംഘിക്കുന്നതിനുള്ള, സാമൂഹികബഹിഷ്കരണത്തിനുള്ള, മുസ്ലീങ്ങളെ ശാരീരികമായി ആക്രമിക്കുന്നതിനുള്ള പരസ്യമായ പ്രഖ്യാപനങ്ങളായിരുന്നു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ, സാക്കിയ ജാഫ്രി കേസിൽ ഞങ്ങൾ കണ്ടെത്തിയ പോലെ, ഈ ലഘുലേഖകളുടെ കർത്താക്കളെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് നടപടി സ്വീകരിക്കുന്നതിന് നിർദ്ദേശിച്ചു.

ടീസ്‌ത സെതൽവാദും സാകിയ ജാഫ്രിയും

ടീസ്‌ത സെതൽവാദും സാകിയ ജാഫ്രിയും

എന്നാൽ വ്യക്തമായും സംസ്ഥാനത്തിന്റെ ഭരണത്തലവൻ, അതായത് ഗുജറാത്തിന്റെ ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയുമായ ശ്രീ. നരേന്ദ്രമോദി ആ നിർദ്ദേശത്തെ അവഗണിക്കുകയാണ് ചെയ്തത്.

ആർ ബി  ശ്രീകുമാർ

ആർ ബി ശ്രീകുമാർ

സ്റ്റേറ്റ് ഇന്റലിജൻസ് മേധാവിയായ ആർ ബി ശ്രീകുമാറും മറ്റൊരു മുതിർന്ന പൊലീസ് ഓഫീസറായ ഭവ്നഗർ  എസ് പി രാഹുൽ ശർമ്മയും ന്യൂനപക്ഷങ്ങൾക്കെതിരെ അക്രമത്തിന് പ്രേരിപ്പിച്ചതിന്  സന്ദേശ് ദിനപത്രത്തിനെതിരെയും വിശ്വഹിന്ദുപരിഷത്തിനെതിരെയും പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കണമെന്ന് എഴുതി അറിയിച്ചിട്ടുപോലും അത്‌ അവണിക്കപ്പെട്ടു.

*ക്രിമിനൽ നടപടികൾ ശരിയായ വിധത്തിൽ നടപ്പിലാക്കുന്നതിൽ നിന്നും ഒഴിഞ്ഞുമാറുന്നതിൽ സ്റ്റേറ്റിന്റെ പങ്ക് വ്യക്തമായിരുന്നു. എഫ് ഐ ആറുകൾ തട്ടിക്കൂട്ടിയെടുത്തതായിരുന്നു. പല ക്രിമിനൽ പരാതികൾ ഒരുമിച്ച് ചേർത്ത് തയ്യാറാക്കിയതിനാൽ എഫ് ഐ ആറിൽ കുറ്റത്തിന്റെ തീവ്രത പ്രതിഫലിച്ചില്ല. അതുപോലെ ശക്തരായ സ്വാധീനമുള്ള കുറ്റവാളികളുടെ പേര് അപ്രത്യക്ഷമാവുകപോലും ചെയ്തു. കുറ്റകൃത്യങ്ങളെപ്പറ്റി കൃത്യമായ വിവരം നല്കിയ ഇരകളായ പരാതിക്കാർക്ക് പകരം പൊലീസ് ഓഫീസർമാരുടെ പേരിലാണ് എഫ് ഐ ആറുകൾ ഫയൽ ചെയ്തത്. പൊലീസ് ഓഫീസർമാരുടെ പങ്കിനെപ്പറ്റി ബോധപൂർവ്വം തന്നെ അന്വേഷണം നടത്തിയില്ല. സ്റ്റേറ്റ് നിയമിച്ച പബ്ലിക് പ്രോസിക്യൂട്ടർമാരുടെ വിധേയത്വം ഭരണഘടനയോടായിരുന്നില്ല, മറിച്ച് ആർ എസ് എസിനോടായിരുന്നു.

ഗുജറാത്ത്‌ കലാപകാലത്തെ ഒരു ദൃശ്യം

ഗുജറാത്ത്‌ കലാപകാലത്തെ ഒരു ദൃശ്യം

* ദുരിതാശ്വാസക്യാമ്പിൽ തമ്പടിച്ച്‌ കഷ്ടതയനുഭവിച്ചുകൊണ്ടിരുന്ന ഇരകളോട് ഭരണകൂടം പ്രതികരിച്ച രീതി ഉത്തരവാദിത്വരഹിതവും പരിഹാരനിർദ്ദേശങ്ങൾ ഉൾക്കൊള്ളാത്തതുമായിരുന്നു. അവർ അവരുടെ തന്നെ നാട്ടിലെ അഭയാർത്ഥികളായി. 2002 ൽ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ബേക്കാഹാരാജിയിൽ വന്ന മോദി പറഞ്ഞത്‌ ''റിലീഫ് ക്യാമ്പുകൾ കുട്ടികളെ ഉണ്ടാക്കുന്ന ഫാക്ടറികളാണ്'' എന്നാണ്. ഇത്തരം വാചാടോപങ്ങൾ ഗുജറാത്തിന്റെ മനസ്സാക്ഷിയെത്തന്നെ പിടിച്ചുകുലുക്കി. 2002 സെപ്തംബറിലെ ഏറ്റവും നിരാശാജനകമായ പ്രസംഗങ്ങൾ സ്റ്റാർ ടെലിവിഷൻ സംപ്രേഷണം ചെയ്തെങ്കിലും, അതിനുശേഷം മാധ്യമങ്ങൾ സ്വയംകൃതമായ മൗനത്തിലാഴുകയും പൊതുബോധത്തിൽ മറവി സംക്ഷേപിക്കുകയും ചെയ്തു. ദുരിതാശ്വാസക്യാമ്പിലേക്കുള്ള വിദേശത്തുനിന്നുമുള്ള സഹായങ്ങൾ സർക്കാർ നിരോധിച്ചു. എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ ഇക്കാര്യം ആധികാരികമായി പരസ്യപ്പെടുത്തി.

മോദി സർക്കാരിന്റെ പദ്ധതികളുടെ വിജയത്തിന്റെ ഭാഗമായി അവർ കൈക്കൊണ്ട രണ്ടു തീരുമാനങ്ങൾ വളരെ നിർണ്ണായകമായിരുന്നു. അതിലൊന്ന് ഗോധ്ര സംഭവത്തിലെ ഇരയ്ക്കും ഗോധ്രയ്ക്ക് ശേഷം നടന്ന അക്രമങ്ങളിലെ ഇരകൾക്കും വിവേചനപൂർവ്വം നഷ്ടപരിഹാരത്തുക പ്രഖ്യാപിച്ചതാണ്. രണ്ടാമത്തേത്, സംശയാസ്പദമായ പശ്ചാത്തലമുള്ള റിട്ട. ജഡ്ജി കെ ജി ഷായെ ഏകാംഗകമ്മീഷനായി നിയമിച്ചതാണ്.

ജെ എസ് വർമ്മ

ജെ എസ് വർമ്മ

എന്നാൽ ദേശീയമായി വ്യത്യസ്തമേഖലകളിൽനിന്നും ഉണ്ടായ പൊതു നിർദ്ദേശങ്ങളുടെയും മുൻ ചീഫ് ജസ്റ്റിസും മനുഷ്യാവകാശ കമ്മീഷൻ ചെയർമാനുമായ ജെ എസ് വർമ്മ മുന്നോട്ടുവെച്ച  നിർദ്ദേശങ്ങളുടെയും ഫലമായി നിലപാട് മാറ്റേണ്ടതായി വന്നു. ജസ്റ്റിസ് ജി ടി നാനാവതിയെക്കൂടി കമ്മീഷനിൽ സീനിയർ ജഡ്ജായി ചേർക്കുകയും നഷ്ടപരിഹാരത്തുക സമാസമം ആക്കി മാറ്റുകയും ചെയ്തു.

*നിയമം സംരക്ഷിക്കാൻ ഉറച്ചുനിന്ന പൊലീസുദ്യോഗസ്ഥരെ വളരെ ശ്രദ്ധാപൂർവ്വവും ചിട്ടയോടെയും ലക്ഷ്യം വച്ചു. പോകെപ്പോകെ കുറ്റവാളികൾ രാഷ്ട്രീയമായി ശക്തിനേടി വളർന്നപ്പോൾ അടിയുറച്ചുനിന്ന പലരും നിശ്ശബ്ദരും അദൃശ്യരുമായി മാറി. നിയമത്തെ പാർശ്വവല്ക്കരിച്ചവരായി ഏറെ പേരുണ്ടായിരുന്നു‐അവർ സമ്മാനിതരായി.

ഗുജറാത്ത് 2002 എന്നത് കുറ്റവാളികൾ രക്ഷപ്പെടുന്നതിന്റെ ഏറ്റവും അസാധാരണവും സങ്കല്പിക്കാൻ പറ്റാത്തതുമായ ഒരു സാഹചര്യമാണ്. അതുകൊണ്ട് കുറ്റവാളികൾ രക്ഷപ്പെടുന്ന ഈ അവസ്ഥയെ നിയമപരമായും പ്രതിരോധം തീർത്തുകൊണ്ടും നേരെയാക്കുക എന്നതായിരുന്നു ഞങ്ങളുടെ ദൗത്യം. നേരത്തെ നടന്നിട്ടുള്ള   കൂട്ടക്കൊലകളിലെല്ലാം തന്നെ കുറ്റവാളികൾ രക്ഷപ്പെടുന്ന സാഹചര്യം നിലനിന്നിരുന്നുവെങ്കിലും   ഈ കേസിൽ അത് ഭീഷണവും വിപുലീകൃതവുമായ തോതിലായിരുന്നു.

സിറ്റിസൺ ഫോർ ജസ്റ്റിസ് ആൻഡ്‌ പീസിന്റെ (സി ജെ പി) നേതൃത്വത്തിൽ മുന്നോട്ട്‌പോയ കഴിഞ്ഞ പതിനഞ്ചോളം വർഷങ്ങളിൽ ഇത്തരത്തിൽ നിയമ‐നീതി വാഴ്ചയ്ക്ക് സംഭവിക്കുന്ന  തകർച്ചകൾ നിരവധിതവണ  ഞങ്ങൾക്ക്‌ നേരിട്ട്‌ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്‌  . നിയമനടപടികളിലൂടെയും വ്യവഹാരങ്ങളിലൂടെയും, നിയമപരമായ നിലപാടുകൾ ഉയർത്തിയും ആത്മവിശ്വാസം വർധിപ്പിച്ചും സംഘടനാവല്ക്കരിച്ചും നിയമവ്യവസ്ഥയ്ക്കാവശ്യമായ ആത്മവിശ്വാസം പുനഃസംഘടിപ്പിക്കുക എന്ന കാര്യത്തിൽ സി ജെ പി   പ്രതിജ്ഞാബദ്ധമായിരുന്നു. ഇന്ന്, 68 നിയമനടപടികൾ, പരാതികൾ, ഇടപെടലുകൾ എന്നിവ മജിസ്ട്രേറ്റ് കോടതി മുതൽ സുപ്രീം കോടതി വരെ സി ജെ പിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

ഗുജറാത്ത്‌ കലാപകാലത്തെ അഹമ്മദാബാദ്‌ -   കടപ്പാട്‌: ഗെറ്റി ഇമേജ്‌

ഗുജറാത്ത്‌ കലാപകാലത്തെ അഹമ്മദാബാദ്‌ - കടപ്പാട്‌: ഗെറ്റി ഇമേജ്‌

ഞങ്ങളുടെ ആദ്യത്തെ പരാതി ഗുജറാത്ത് ഹൈക്കോടതിയിലാണ്‌ ഫയൽ ചെയ്യപ്പെട്ടത്‌. സംസ്ഥാനത്തുണ്ടായിരുന്ന ദുരിതാശ്വാസ ക്യാമ്പുകളുടെ നടത്തിപ്പിനായി സാമ്പത്തികസഹായം നല്കുന്നതിന് മോദി സർക്കാരിന്റെ ബാധ്യത ഉറപ്പാക്കുന്നതിന് വേണ്ടിയുള്ളതായിരുന്നു ആ പരാതി. ഗുജറാത്തിൽ നിലനിന്ന ഭരണസംവിധാനം ആവശ്യാനുസൃതമായ ആശ്വാസക്യാമ്പുകൾ തുറക്കാൻ വിസമ്മതിച്ചു എന്നത് ഏറ്റവും നാണക്കേടുണ്ടാക്കിയ സംഗതിയായിരുന്നു. വംശഹത്യക്ക് ശേഷം, വാജ്പേയിയുടെ നേതൃത്വത്തിലുള്ള ഒന്നാം എൻ ഡി എ സർക്കാർ ആശ്വാസധനമായി 160 കോടി രൂപ നല്കി.

അതിൽ 19 കോടി രൂപ ഒഴിച്ച് ബാക്കി തുക ഗുജറാത്തിലെ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിയായിരുന്ന ഭരോത് തിരികെ നല്കുകയാണുണ്ടായത്. ആശ്വാസനടപടികൾക്കായി തുക ചെലവഴിക്കാൻ അദ്ദേഹം തയ്യാറായില്ല. ഭരോതിന്റെ നേതൃത്വത്തിൽ ഗുണ്ടാസംഘങ്ങളെ നയിക്കുകയും മുസ്ലീം സമുദായത്തിലെ അംഗങ്ങളിൽനിന്നും തുക തട്ടിപ്പറിച്ചെടുക്കുകയും ചെയ്തു എന്നതാണ് യഥാർത്ഥ വസ്തുത.

2002 മാർച്ച്‐ ഏപ്രിൽ മാസങ്ങളിൽ കോടതികളിലെ അന്തരീക്ഷം ഭയപ്പെടുത്തുന്നതും ശത്രുതാപരവുമായിരുന്നു. ആർ എസ് എസ്, വി എച്ച് പി, ബജ്രംഗ്ദൾ എന്നിവയിൽനിന്നുള്ള സംഘപരിവാർ സംഘങ്ങളുടെ സാന്നിദ്ധ്യം അവിടെയുണ്ടായിരുന്നു. ഹൈക്കോടതികളിലേയും, സെഷൻസ് കോടതികളിലേയും നടപടിക്രമങ്ങളിൽ അവർ ആധിപത്യം ചെലുത്തി. മുംബൈയിൽ നിന്നുള്ള സീനിയർ കോൺസെൽ അസ്പി ചിനോയി ഹാജരാകുന്നതിൽ ഞങ്ങൾ ബദ്ധശ്രദ്ധരായിരുന്നു. അദ്ദേഹം വരുമെന്ന് ഉറപ്പുപറഞ്ഞിരുന്നെങ്കിലും അവസാന നിമിഷത്തിൽ ചെറിയ തടസ്സം നേരിട്ടു. കോടതി മുറികളിലെ ഈ ആധിപത്യ നിലപാടിനെ പ്രതിരോധിക്കാനെങ്കിലും (പുറത്തുനിന്നുള്ള ഒരു കോൺസൽ എന്ന നിലയ്ക്ക്) അദ്ദേഹത്തെ ഹാജരാക്കുന്നതിന് ഞാൻ കിണഞ്ഞുപരിശ്രമിച്ചു. ഞാൻ അമിതമായി പ്രതികരിക്കുകയാണെന്ന് അദ്ദേഹം വിചാരിച്ചു.

അപ്പോൾ ഞങ്ങളിൽ വിശ്വാസമർപ്പിക്കുന്ന ഒരു വക്കീലിനെ ഗുജറാത്തിൽനിന്നും ഏർപ്പാടാക്കിത്തരാൻ ഞാൻ അദ്ദേഹത്തോട് അപേക്ഷിച്ചു. കുറച്ച് മണിക്കൂറുകൾക്ക് ശേഷം അദ്ദേഹം എന്നെ തിരിച്ചുവിളിക്കുകയും താൻ സംസാരിച്ച ആരുംതന്നെ ഈ കേസിൽ ഹാജരാവാൻ തയ്യാറായില്ല എന്നറിയിച്ചതിനാൽ അദ്ദേഹം വരികയാണെന്നും അറിയിച്ചു. അടുത്ത ദിവസം അസ്പിക്ക് ബോധ്യപ്പെട്ട കാര്യത്തെ സംബന്ധിച്ച് അദ്ദേഹം ഇപ്പോഴും പറയും.

ഗുജറാത്ത്‌ കലാപത്തിലെ ഇരകൾ

ഗുജറാത്ത്‌ കലാപത്തിലെ ഇരകൾ

ആശ്വാസക്യാമ്പുകളിൽ പാർത്തിരുന്ന അഭയാർത്ഥികൾക്ക് വെള്ളം, പാൽ, മസാല തുടങ്ങിയ അവശ്യസാധനങ്ങൾ ലഭ്യമാക്കണമെന്ന ചെറിയകാര്യത്തിന് അദ്ദേഹത്തേപ്പോലെയുള്ള ഒരു സീനിയർ നിയമജ്ഞന് സംസ്ഥാനത്തിന്റെ ഉത്തരവാദിത്വം ഉറപ്പാക്കി അനുകൂലമായ ഉത്തരവ് നേടുന്നതിന് അഞ്ചുമണിക്കൂറിലധികം വാദം നടത്തേണ്ടിവന്നു. ഞങ്ങളുടെ ആദ്യത്തെ വിജയമായിരുന്നു അത്. ഗുജറാത്തിൽ സി ജെ പിയുടെ നിയമസംബന്ധിയായ കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്ന സുഹേൽ തിർമിസി അസ്പിയെ സഹായിച്ചു. സി ജെ പി യുമായും ഗുജറാത്ത് 2002 മായുമുള്ള സുഹേലിന്റെ ബന്ധം ഉന്നതമായ നീതിബോധമുള്ള ആ വക്കീലിനെ എന്നത്തേക്കുമായും നോട്ടപ്പുള്ളിയാക്കുകയും ഈ സാഹസത്തിനൊന്നും പോയില്ലെങ്കിൽ സാധാരണഗതിയിൽ ലഭിക്കേണ്ടിയിരുന്ന പ്രൊഫഷണലായ അംഗീകാരങ്ങൾ നിഷേധിക്കുന്ന അവസ്ഥയിലേക്ക്‌ അദ്ദേഹത്തെ കൊണ്ടെത്തിക്കുയും ചെയ്തു.

അതായിരുന്നു ഞങ്ങളുടെ ടീമിലുണ്ടായിരുന്നവർക്ക്   ഇക്കാര്യത്തിൽ നല്കേണ്ടതായിവന്ന വലിയ വില. വെറുപ്പിന്റെ കനലുകൾ അണയുന്നതിന് മുമ്പ് തന്നെ ഞാനും സുഹേലും കുറച്ച് നിയമവിദഗ്ദ്ധരും നിയമപരമായ തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിന്റെ ഭാഗമായി അഹമ്മദാബാദിലെ ഒരു ചെറിയ ഹോട്ടലിൽ ഒത്തുചേർന്നു.   2007 ൽ സുഹേൽ എന്നോട് പറഞ്ഞത് കമ്യൂണലിസം കോംബാറ്റിൽ ഞങ്ങൾ പ്രസിദ്ധം ചെയ്തിരുന്നു.
സത്യത്തിൽ ഞാൻ വിചാരിച്ചത് സംഭവങ്ങളുടെ ആദ്യ പരമ്പരകൾക്കുശേഷം ഇതിനൊക്കെ കർട്ടൻ വീഴുമെന്നായിരുന്നു.

അതുകൊണ്ട്സിറ്റിസൺ ഫോർ ജസ്റ്റിസ് ആന്റ് പീസ് (സി ജെ പി)തുടങ്ങിയ പ്രവർത്തകഗ്രൂപ്പുകൾ പ്രശ്നങ്ങളിൽ ഇടപെടുകയും അത് തുടർന്നുകൊണ്ടിരിക്കുകയും ചെയ്യുമ്പോൾ അതിൽ പങ്കുകൊള്ളുന്നതിൽ വലിയ സംതൃപ്തിയുണ്ടായിരുന്നു. അപ്രകാരമുള്ള പ്രവർത്തനങ്ങൾ സാമൂഹ്യപ്രവർത്തകർ പലപ്പോഴും താഴ്ന്നും പൊങ്ങിയും ദീർഘകാലം മുന്നോട്ട് കൊണ്ടുപോയിട്ടുണ്ടെങ്കിലും ആ സമരം അവസാനമില്ലാതെ തുടർന്നുകൊണ്ടിരിക്കുകയാണ.്

ഞാൻ പ്രത്യേകം പറയാൻ ആഗ്രഹിക്കുന്നു, സംസ്ഥാനത്തുടനീളം എണ്ണമറ്റ ഇരകളുടേയും സാക്ഷികളുടേയും പ്രശ്നങ്ങൾ സി ജെ പി ഏറ്റെടുക്കുകയും ധാരാളം കേസുകളിൽ നിയമനടപടികൾ എടുക്കുകയും ചെയ്തു. 2002 മാർച്ചിലാണ് സിറ്റിയിലും സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ഉള്ള റിലീഫ് ക്യാമ്പുകൾക്ക് വേണ്ടി റിട്ട് പെറ്റീഷൻ ഫയൽ ചെയ്തുകൊണ്ട് നിയമനടപടികൾ ആദ്യമായി തുടങ്ങിവച്ചത്. അതിനെത്തുടർന്ന് കൂട്ടവംശഹത്യയിലെ ഇരകളുടെ പരാതികളുമായി ബന്ധപ്പെട്ട് ഡസൻ കണക്കിന് കേസുകളിൽ ഇടപെട്ടു. ആശ്വാസത്തുക കിട്ടുന്നതിനുള്ള കേസുകൾ, വിദ്വേഷം വമിക്കുന്ന പ്രസംഗങ്ങൾക്കെതിരെയുള്ള കേസുകൾ തുടങ്ങി ധാരാളം കേസുകൾ ഉണ്ടായിരുന്നു.

റിലീഫ് ക്യാമ്പുമായി ബന്ധപ്പെട്ട കേസ് 2002 ഏപ്രിലിൽ ആണ് കോടതിയിൽ വന്നത്. ഹതഭാഗ്യരായ റിലീഫ് ക്യാമ്പുകളിലെ തങ്ങളുടേതായി  എല്ലാം നഷ്ടമായ അഭയാർത്ഥികൾക്ക് പ്രാഥമികമായ അടിസ്ഥാനസൗകര്യങ്ങൾ സർക്കാർ ഏർപ്പെടുത്തുക എന്നതായിരുന്നു പരാതിയിലെ ഉദ്ദേശ്യം. എന്നാൽ ഇത് സർക്കാർ ചെവിക്കൊണ്ടില്ല

റിലീഫ് ക്യാമ്പുമായി ബന്ധപ്പെട്ട കേസ് 2002 ഏപ്രിലിൽ ആണ് കോടതിയിൽ വന്നത്. ഹതഭാഗ്യരായ റിലീഫ് ക്യാമ്പുകളിലെ തങ്ങളുടേതായി  എല്ലാം നഷ്ടമായ അഭയാർത്ഥികൾക്ക് പ്രാഥമികമായ അടിസ്ഥാനസൗകര്യങ്ങൾ സർക്കാർ ഏർപ്പെടുത്തുക എന്നതായിരുന്നു പരാതിയിലെ ഉദ്ദേശ്യം. എന്നാൽ ഇത് സർക്കാർ ചെവിക്കൊണ്ടില്ല (ഗുജറാത്തിലെ മിക്കവാറും എല്ലാ റിലീഫ് ക്യാമ്പുകളും  മുസ്ലീം വിഭാഗത്തിൽ പെട്ട വ്യക്തികൾ സ്വകാര്യമായും ഗ്രൂപ്പായും നടത്തിവന്നിരുന്നവയായിരുന്നു.

വംശഹത്യയോടനുബന്ധിച്ച് ഇരകൾക്കായി തുറന്ന ഒരു റിലീഫ് ക്യാമ്പുപോലും സംസ്ഥാന ഗവൺമെന്റിന്റെ കീഴിലുള്ളതായിരുന്നില്ല)
സ്റ്റേറ്റിന്റെ പബ്ലിക് പ്രോസിക്യൂട്ടറോട് റിലീഫ് ക്യാമ്പിലെ ഓരോ നിവാസിക്കും വേണ്ടി ഒരു ദിവസം ചെലവഴിക്കുന്ന തുക വർധിപ്പിക്കുന്നത് സംബന്ധിച്ച് (ആറുരൂപയിൽനിന്നും എട്ടുരൂപയായി) സമ്മതം രേഖപ്പെടുത്തിക്കൊണ്ടുള്ള സ്വമേധയാ ഉള്ള ഒരു സ്റ്റേറ്റ്മെന്റ് സമർപ്പിക്കാൻ കോടതി വാക്കാൽ ആവശ്യപ്പെട്ടു, അതിനോടൊപ്പം ജലവിതരണം, ബാത്ത്റൂം സൗകര്യങ്ങൾ എന്നിവ മെച്ചപ്പെടുത്താനും ആവശ്യപ്പെട്ടു. ആ സമയത്തെ കോടതി അന്തരീക്ഷം വളരെ പിരിമുറുക്കമുള്ള ഒന്നായിരുന്നു.

ടീസ്‌ത സെതൽവാദ്‌-ഫോട്ടോ: ജഗത്‌ലാൽ

ടീസ്‌ത സെതൽവാദ്‌-ഫോട്ടോ: ജഗത്‌ലാൽ

കോടതിയിൽ ഹാജരായിരുന്ന മിക്കവാറും എല്ലാ വക്കീലന്മാരും പെറ്റീഷൻ കോടതി നിസ്സാരമായി പരിഗണിച്ച് തള്ളിക്കളയുമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാൽ റിലീഫ് ക്യാമ്പിനെ പ്രതിനിധീകരിച്ച മുംബൈയിൽനിന്നുള്ള അസ്പിചിനോയും ഞാനും, ഇരകൾക്ക് രാജ്യത്തെ പൗരന്മാർ എന്ന നിലയിൽ അർഹമായ എല്ലാ അടിസ്ഥാനസൗകര്യങ്ങളും നല്കുന്ന കാര്യത്തിൽ അനുകൂലതീരുമാനം എടുക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്ന ലളിതമായ ഒരു ഉത്തരവിന് പകരം വളരെ ഉറച്ച ഉത്തരവുകളും നിർദ്ദേശങ്ങളും കോടതി പുറപ്പെടുവിക്കുമെന്ന് വിചാരിച്ചു.

ഒരു ടീമെന്ന നിലയ്ക്ക് ഞങ്ങളിൽ എല്ലാവരിലും വലിയ സമ്മർദ്ദങ്ങളുണ്ടായിരുന്നു.  സി ജെ പി സെക്രട്ടറി എന്ന നിലയിൽ കോടതിമുറിയിൽ ഞാൻ നില്ക്കുമ്പോൾ റിലീഫ്ക്യാമ്പ് മാനേജർമാർ അവിടെവരികയും വക്കീലന്മാരോടൊപ്പം ഭീഷണി സ്വരമുയർത്തുന്ന ആളുകൾ അവിടെ കുട്ടംകൂടുകയും ചെയ്തു. ഗുജറാത്ത് ഹൈക്കോടതിയിൽ വക്കീലന്മാർ സമർപ്പിക്കുന്ന  സിക്ക് റിപ്പോർട്ട് മറ്റു പ്രശ്നങ്ങളൊന്നും കൂടാതെ സാധാരണ സ്വീകരിക്കപ്പെടുകയാണ് പതിവ്.
അങ്ങനെയിരിക്കെ ഒരു ദിവസം ഒരു ഹിയറിങ് സമയത്ത് ഞാൻ വളരെ പരിക്ഷീണയായിരുന്നു.

നിരന്തരമായ സമ്മർദ്ദങ്ങളും, ജോലിയുടെ തിരക്കും, ഉറക്കമില്ലായ്മയും കൊണ്ടായിരുന്നു ഇതെന്ന് ഞാൻ കരുതി. അതുകൊണ്ട് കേസ് കേൾക്കുന്ന ആ ദിവസം ഞാൻ എന്റെ ജൂനിയർ ആയ അനിൽ വർമ്മയെ  കേസ് നീട്ടി വയ്ക്കുന്നതിലേക്കായി കോടതിയിലേക്ക് അയച്ചു. അപ്പോൾ കോടതി ദേഷ്യത്തോടെ പ്രതികരിക്കുകയും  എല്ലാ പരാതിക്കാരും വിഷയം പരിഗണിക്കുന്ന സമയത്ത് വ്യക്തിപരമായി തന്നെ ഹാജരാകണമെന്നാവശ്യപ്പെട്ട് കർശനമായ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്‌തു.

ഗുജറാത്തിന്റെ ഭൂരിഭാഗവും കത്തിക്കൊണ്ടിരിക്കുമ്പോൾ റിലീഫ് ക്യാമ്പുകളുടെ മാനേജർമാർ ഇരകൾക്ക് ഭക്ഷണവും കുടിവെള്ളവും താമസസൗകര്യവും നല്കി  വലിയവിധത്തിലുള്ള സേവനങ്ങൾ നല്കിവരികയായിരുന്നു. പക്ഷേ, കോടതിയുടെ നിർദ്ദേശം അനുസരിച്ച് റിലീഫ്ക്യാമ്പ് മാനേജർമാരും അവരുടെ പ്രവർത്തനങ്ങൾ നിർത്തിവച്ച് കോടതിയിൽ വ്യക്തിപരമായി ഹാജരാകേണ്ട സാഹചര്യം ഉളവായി. അവസാനം കൂടുതൽ ബാത്ത്റൂം സൗകര്യങ്ങളും, കക്കൂസുകളും, മികച്ച ഭക്ഷണസൗകര്യങ്ങളും ഒരുക്കാൻ സ്റ്റേറ്റിന് നിർദ്ദേശം നല്കാൻ കോടതി ഉത്തരവായി.

റൂറൽ അഹമ്മദാബാദിൽ അബസാന എന്ന സ്ഥലത്ത് മുസ്ലീം വിഭാഗത്തിൽപ്പെട്ട ആറുപേർ കൊല്ലപ്പെട്ട സംഭവം അപ്പോൾ വളരെ പ്രമാദമായതും ശ്രദ്ധിക്കപ്പെട്ടതും ആയിരുന്നു. ഇതു സംബന്ധിച്ച കുറ്റം രജിസ്റ്റർ ചെയ്തിരുന്നത് ദൈത്രോജ് പൊലീസ് സ്റ്റേഷനിലായിരുന്നു. കുറ്റവാളികളായ മൂന്നുപേർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. രക്ഷപ്പെട്ട ഇരയായ പരാതിക്കാരന് വേണ്ടി ഞങ്ങൾ ഹാജരാവുകയും പരാതിക്കാരനുവേണ്ടി കുറ്റവാളികളുടെ ഓരോരുത്തരുടേയും പങ്ക് വിശദീകരിച്ചുകൊണ്ടുള്ള ഒരു അഫിഡവിറ്റ് ഫയൽ ചെയ്യുകയും ചെയ്തു.

കുറ്റവാളികളിൽ ചിലർ മൂർച്ചയേറിയ ലോഹം കൊണ്ടുള്ള ഒരു ആയുധം കൊണ്ട് ഇരയിൽ മുറിവേല്പിക്കുകയും ആ മുറിവ് തലയോട്ടിയിൽ പിളർപ്പിന് കാരണമാവുകയും ചെയ്തു. മരിച്ച അയാളെ കുറ്റവാളികളിൽ ഒരാൾ തീയിലേക്ക് എടുത്തെറിയുകയും ചെയ്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ 17‐ാം കോളത്തിൽ തലയോട്ടിയിൽ വിള്ളൽ രേഖപ്പെടുത്തിയിരുന്നു. എങ്കിലും പോസ്റ്റ്മോർട്ടം നോട്ട്സിൽ മരണകാരണം തീപ്പൊള്ളൽ എന്ന് മാത്രം കാണിച്ചു.

ഞാൻ ഈ കുറ്റവാളികൾക്ക് ജാമ്യം കൊടുക്കുന്നതിനെ എതിർത്തു. എന്നാൽ പ്രതിഭാഗം അഭിഭാഷകൻ, തലയോട്ടിയിലെ വിള്ളൽ മരണകാരണമാണെന്ന് രേഖപ്പെടുത്തിയിട്ടില്ല എന്നകാര്യം ചൂണ്ടിക്കാണിച്ച് മരിച്ചയാളെ ഭീകരമായ രീതിയിൽ കൈയേറ്റം നടത്തിയ പ്രതികൾക്ക് ജാമ്യം നല്കണമെന്ന് വാദിച്ചു. 

പ്രതികൾക്ക് നാലാഴ്ചത്തേക്ക് ജാമ്യം അനുവദിച്ച ഉത്തരവിന്, ഞങ്ങൾക്ക് സുപ്രീംകോടതിയെ സമീപിക്കാൻ സഹായകമായ വിധത്തിൽ സ്റ്റേ അനുവദിക്കണമെന്ന് പിന്നീട്‌ ഞാൻ ആവശ്യപ്പെട്ടു.   കോടതി പബ്ലിക് പ്രോസിക്യൂട്ടർക്ക് വിഷയം റഫർ ചെയ്യുകയും   പബ്ലിക് പ്രോസിക്യൂട്ടർ ഉത്തരവ് സ്റ്റേ ചെയ്യേണ്ടതില്ലെന്ന് കോടതിക്ക് നല്കിയ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റേക്കുള്ള എന്റെ അപേക്ഷ നിരസിക്കപ്പെടുകയും ചെയ്‌തു.

അപ്പോൾ, പ്രതിയുടെ മേൽ ഏതെങ്കിലും വിധത്തിലുള്ള നിബന്ധനകൾ ബാധകമാക്കേണ്ടതുണ്ടോ എന്ന് എന്നോടു ചോദിച്ചു. കേസിന്റെ വിചാരണ പൂർത്തിയാകുന്നതുവരെ പ്രതികൾ റൂറൽ അഹമ്മദാബാദിൽ പ്രവേശിക്കുന്നത് തടയണമെന്ന നിബന്ധന ഉത്തരവാകണമെന്ന് ഞാൻ ആവശ്യപ്പെട്ടു.

കോടതി വീണ്ടും വിഷയം പബ്ലിക് പ്രോസിക്യൂട്ടർക്ക് റഫർ ചെയ്യുകയും എല്ലാ പ്രതികളും ഇമ്മാതിരിയുള്ള ക്ലേശം അനുഭവിക്കേണ്ടതില്ലാത്തതിനാൽ ഈ നിബന്ധനകൾ സ്വീകരിക്കേണ്ടതില്ല എന്ന ഉപദേശം അദ്ദേഹം നല്കുകയും ചെയ്തു. അന്തിമമായി എല്ലാ പ്രതികളും നാലുമാസം മുതൽ ആറുമാസം വരെ അബാസാനയ്ക്ക് പുറത്ത് കഴിയേണ്ടതുണ്ടെന്ന് കോടതി നിർദ്ദേശിച്ചു.

ഹൈക്കോടതി അതിന്റെ ഉത്തരവിൽ കേസിലെ പരാതിക്കാരിയാണ് വ്യക്തമായ ഉത്തരവിന് ആവശ്യപ്പെടാതിരുന്നത് എന്ന് കൂടി രേഖപ്പെടുത്തുകയുണ്ടായി (ഈ ഉത്തരവിന്റെ പിറകിലെ ന്യായം സംബന്ധിച്ച് ദീർഘമായ ഒരു വിശദീകരണം തന്നെ നല്കിയിരുന്നു). എന്നാൽ, ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പരാതിക്കാരുടെ ആവശ്യം സുപ്രീം കോടതി പരിഗണിച്ചപ്പോൾ, ഹൈക്കോടതി ഇക്കാര്യത്തിൽ യുക്തിസഹമായ, വിശദമായ ഒരു ഉത്തരവ് നല്കേണ്ടതായിരുന്നു എന്ന നിലപാട് സ്വീകരിക്കുകയുണ്ടായി.

സുപ്രീം കോടതിയുടെ ഉത്തരവിനെത്തുടർന്ന് പ്രതികൾക്ക്‌ നല്കിയ ജാമ്യം ഹൈക്കോടതി റദ്ദാക്കേണ്ടതായിരുന്നു. എന്നാൽ ഇക്കാര്യത്തിലുണ്ടായ ദീർഘമായ കാലതാമസം മൂലം ജാമ്യം റദ്ദാക്കുന്നതിന് സാധിച്ചില്ല. വിചാരണ നടന്നുവന്ന ഒരു വലിയ കാലയളവിൽ പ്രതികൾ വളരെ സ്വാതന്ത്ര്യത്തോടെ വിലസി. ഇക്കാലയളവിൽ കേസിന്റെ സാക്ഷികൾ ജാമ്യത്തിനു പുറത്തുണ്ടായിരുന്ന പ്രതികളാൽ സ്വാധീനിക്കപ്പെടുകയും അവർ എതിർപക്ഷം ചേരുകയും  ചെയ്തു. വിചാരണയിലുണ്ടായ കാലതാമസം പ്രതികളുടെ സ്വാധീനവലയത്തിൽ സാക്ഷികൾ പെടുന്നതിന് നിർബ്ബന്ധിതരാക്കി.

2002 ലെ സംഭവങ്ങളോടനുബന്ധിച്ചുള്ള  മറ്റൊരു കേസിൽ ആ വർഷം ഡിസംബർ 16 മുതൽ തീർപ്പുകല്പിക്കപ്പെടാതിരിക്കുകയാണ്. അബ്ദുൾ ഹക്കീം ഖാൻ എന്ന പരാതിക്കാരൻ സന്ദേശ് ദിനപത്രത്തിനെതിരെ, 2002 ഫെബ്രുവരി 28 നും മാർച്ച് 1 നും തെറ്റായതും പ്രകോപനപരമായതും ആയ റിപ്പോർട്ടുകൾ, പ്രസിദ്ധീകരിച്ചതിന്‌ ഐ പി സി 153 A, 153 A, എന്നീ വകുപ്പുകൾ ചേർത്ത് കേസുകൾ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് അഹമ്മദാബാദ് സാറ്റലൈറ്റ് പൊലീസ്സ്റ്റേഷനിൽ പരാതി സമർപ്പിക്കുകയുണ്ടായി. പരാതിക്കാസ്പദമായ റിപ്പോർട്ട് അങ്ങേയറ്റം പ്രകോപനം നിറഞ്ഞതായിരുന്നു. ന്യൂസ്പേപ്പറിനെതിരെ പൊലീസ് നേരിട്ട് പരാതി രജിസ്റ്റർ ചെയ്യേണ്ടതായിരുന്നു. പൊലീസ് അതിനും തുനിയാതിരുന്നതുകൊണ്ട് സി ആർ പി സിയിലെ സെക്ഷൻ 200 പ്രകാരം സ്വകാര്യ പരാതി ഫയൽ ചെയ്യുകയാണുണ്ടായത്.

സംസ്ഥാന ഗവൺമെന്റിന്റെ  അനുവാദം പ്രോസിക്യൂഷൻ നടപടികൾക്ക് ആവശ്യമാണ് എന്നതിനാൽ മജിസ്ട്രേറ്റ് സ്വകാര്യ അന്യായം നിരാകരിച്ചു. അപ്പോൾ പരാതിക്കാരൻ ആവശ്യമായ അനുവാദം നല്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന സർക്കാരിനെ സമീപിച്ചു. പ്രതീക്ഷിച്ചതുപോലെ തന്നെ സർക്കാർ നിർദ്ദേശത്തിനുമേൽ അനുകൂല നടപടി സ്വീകരിക്കാതിരുന്നതിനാൽ പരാതിക്കാരൻ 2002 ഡിസംബർ 16 ന് ഗുജറാത്ത് ഹൈക്കോടതിയിൽ പരാതി ഫയൽ ചെയ്യുന്നതിന് നിർബ്ബന്ധിക്കപ്പെട്ടു. കേസ് ഫയലിൽ സ്വീകരിക്കുകയും തുടർന്നുള്ള നടപടിക്ക് തീയതിയൊന്നും നിശ്ചയിക്കാതെ ഹിയറിങ്ങിനായി മാറ്റിവയ്ക്കുകയും ചെയ്തു.

അഞ്ചുവർഷം കഴിഞ്ഞതിന് ശേഷവും യാതൊരു നടപടികളും ഇതിൽ സ്വീകരിക്കപ്പെട്ടില്ല. ഇന്നും അത് കോടതിയിൽ തീരുമാനമാകാതെ തുടരുകയാണ്‌.  ഇനി എന്ന് ആ കേസ് പരിഗണിക്കും എന്നത് സംബന്ധിച്ച് എനിക്ക് യാതൊരു ഉറപ്പും ഇല്ല. ഇനി 2008 ലോ 2009 ലോ പരിഗണിച്ചാൽപ്പോലും അത് കുറ്റകൃത്യം നടന്ന് ആറോ ഏഴോ വർഷങ്ങൾക്ക് ശേഷമാവും. അന്നത്തെ വിചാരണയുടെ സ്ഥിതി എന്തായിരിക്കും?

എന്തൊക്കെ പ്രതിബന്ധങ്ങൾ ഉണ്ടായാലും, ഞാൻ ബലമായി വിശ്വസിക്കുന്നു, നമ്മൾ പൂർണ സത്യസന്ധതയിലും വിശ്വാസത്തിലും പ്രവർത്തിക്കുകയാണെങ്കിൽ അത് വളരെ സംതൃപ്തികരമായ അനുഭവം സമ്മാനിക്കും. തുടർന്നു കൊണ്ടിരിക്കുന്ന എതിർപ്പുകൾ ഓരോന്നും ഭയപ്പെടുത്തുന്ന അനുഭവങ്ങളാണ്‌. ഹൃദയം നുറുങ്ങുന്ന നിമിഷങ്ങൾ ഒരുപക്ഷേ, ഉണ്ടായേക്കാം. അങ്ങനെയുള്ള സന്ദർഭങ്ങൾ ആവർത്തിച്ചക്കാം.

ഒരിക്കൽ വളരെ ഗൗരവമുള്ള ഒരുകാര്യം പരിഗണിക്കുമ്പോൾ ഒരു ഗവ. പ്ലീഡർ എന്നെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചു. ഞാൻ ഇതുപോലെ തുടരുകയാണെങ്കിൽ പ്രോസിക്യൂട്ടർമാരോട് എന്നെ സാധാരണ കേസുകളിൽ ഉൾപ്പെടെ എല്ലാറ്റിലും എതിർക്കാൻ നിർദ്ദേശം നല്കുമെന്ന് പറഞ്ഞു. പക്ഷേ, ഞാൻ വഴങ്ങിക്കൊടുക്കാൻ തയ്യാറായില്ല. ഞാനെന്റെ ജോലി വളരെ സംതൃപ്തികരമായി നിർവ്വഹിച്ചുപോന്നു.

മുഖ്യമന്ത്രിക്കും മറ്റ് അറുപത്തിരണ്ട് പേർക്കും എതിരെ, ക്രിമിനൽ ഗൂഢാലോചന, കൂട്ടക്കൊല, നരഹത്യ, ഭീഷണി എന്നീ കുറ്റങ്ങൾ ചാർജ്ജ് ചെയ്ത് എഫ് ഐ ആർ   രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് ഞങ്ങൾ ഈയിടെ പരാതി ഫയൽ ചെയ്തിരുന്നു.

ഉന്നതപൊലീസുദ്യോഗസ്ഥന്മാരും ബ്യൂറോക്രാറ്റുകളും ഉൾപ്പെടുന്ന ഈ നടപടികളിൽ എന്റെ പങ്ക് എന്താണെന്നും ഇത് കൂടുതൽ അപകടങ്ങളിലേക്ക് നയിക്കുമെന്നും പറഞ്ഞ് ചില വക്കീലന്മാർ എന്നെ ടെലിഫോണിൽ ബന്ധപ്പെട്ടിരുന്നു. പ്രബലരായ ശത്രുക്കളെ ഞാൻ ക്ഷണിച്ചുവരുത്തുകയാണെന്നും അവർ പറഞ്ഞു. എന്നാൽ ഇതൊക്കെ സി ജെ പി തുടങ്ങിയ സംഘടനകൾ തുടങ്ങിവച്ച മഹത്തായ പ്രവർത്തനങ്ങളെ തടസ്സപെടുത്താനുള്ള വിലകുറഞ്ഞ ഭീഷണികൾ മാത്രമായിരുന്നു.

പതിനഞ്ചോളം വർഷത്തെ കോടതികളിലെ അനുഭവങ്ങൾ വിരസവും തളർച്ചയുളവാക്കുന്നവയും അതുപോലെ തന്നെ സന്തുഷ്ടമല്ലാത്തവിധം അസമാനതകൾ സമ്മാനിക്കുന്നതുമായിരുന്നു. നമ്മുടെ നിലവിലുള്ള  സമ്പ്രദായത്തിൽ ഭരണഘടനാവിരുദ്ധമായ എക്സിക്യൂട്ടീവ് നടപടികളെ തിരുത്തിക്കുന്നതിന് യത്നിക്കുക എന്നത് വളരെ നിർണ്ണായകമാണ്.  കോടതികളിൽ ഭരണകൂടത്തിനും സർക്കാരിനും അവരുടെ പ്രവർത്തനങ്ങൾ, സ്വഭാവം, വിവിധ നടപടികൾ എന്നിവയിൽ പ്രത്യേകാവകാശം കല്പിച്ചു നല്കിയിരിക്കുന്നു.

തെറ്റായ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി വിവിധ ഉദ്യോഗസ്ഥർ സർക്കാരിനുവേണ്ടി ഫയൽ ചെയ്ത സത്യവാങ്മൂലങ്ങൾ സംബന്ധിച്ച് വളരെ അപൂർവ്വമായി മാത്രമേ, ആ ഓഫീസർമാരെയോ സംസ്ഥാനത്തെയോ കുറ്റപ്പെടുത്തിയുള്ളു. എന്നാൽ ഏതെങ്കിലും ഒരു വ്യക്തിയോ സാമൂഹ്യസംഘടനയോ, രക്ഷപ്പെട്ടയാളോ നടത്തുന്ന സമർപ്പണങ്ങളിൽ ഒരു ചെറിയ പിഴവ് സംഭവിച്ചാൽ അത് പർവ്വതീകരിക്കപ്പെടും.

ഇന്ത്യ യഥാർത്ഥത്തിൽ തിരഞ്ഞെടുപ്പു ജനാധിപത്യം   അംഗീകരിച്ചിട്ടുണ്ടെങ്കിലും അത് വളരെ ഇടർച്ചയേറിയതും ആൾക്കൂട്ടത്തിന്റെ ഭൂരിപക്ഷ അധികാരത്തോട് ചേർന്നു നില്ക്കുന്നതുമായ ഒന്നാണ്‌ .

ഭരണഘടനാപരമായ ജനാധിപത്യത്തിൽ വിയോജിപ്പിന്റെ അവസാന വാക്ക് പോലും നിയമാനുസാരിയും ആദരവ് അർഹിക്കുന്നതുമാണ്. ശബ്ദമില്ലാത്തവരുടെയും പ്രാന്തവല്ക്കരിക്കപ്പെട്ടവരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. ഔദ്യോഗിക രംഗത്തെ സാമുദായിക, ജാതി വർഗ്ഗ പക്ഷഭേദങ്ങൾ  ഗൗരവത്തോടെ കൈകാര്യം ചെയ്യണം. 

ഭരണഘടനാപരമായ ജനാധിപത്യത്തിൽ വിയോജിപ്പിന്റെ അവസാന വാക്ക് പോലും നിയമാനുസാരിയും ആദരവ് അർഹിക്കുന്നതുമാണ്. ശബ്ദമില്ലാത്തവരുടെയും പ്രാന്തവല്ക്കരിക്കപ്പെട്ടവരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. ഔദ്യോഗിക രംഗത്തെ സാമുദായിക, ജാതി വർഗ്ഗ പക്ഷഭേദങ്ങൾ  ഗൗരവത്തോടെ കൈകാര്യം ചെയ്യണം.  എന്ന് മാത്രമല്ല ഭരണരംഗത്തുള്ളവരുടേയും അവരുടെ സാമ്പത്തിക സ്രോതസ്സുകളുടേയും സഹായത്തോടെയുള്ള  ഇടപെടലിനെതിരെ ശക്തമായ എതിർപ്പ് ഉയർത്തുകയുംവേണം.

വംശഹത്യയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ  നിയമപരമായി ഇടപെട്ടുകൊണ്ട് പ്രവർത്തിക്കാനാണ്‌ സി ജെ പി  ഉദ്ദേശിച്ചത്. വിചാരണക്കോടതി മുതൽ സുപ്രീംകോടതിവരെ  68‐ഓളം കേസുകളിൽ ഞങ്ങൾ കഠിനമായി പോരാടിക്കൊണ്ടിരുന്നു. നൂറ്റി അൻപതോളം ശിക്ഷാവിധികൾ നേടാൻ കഴിഞ്ഞു. (അതിൽ സ്പെഷ്യൽ സെഷൻസ് കോടതി തലത്തിൽ 137 എണ്ണത്തിൽ ജീവപര്യന്തം ശിക്ഷാവിധികളായിരുന്നു. ഒക്ടോബർ 2016 ൽ സർദാർ പുരകേസിൽ 14 പേരെ ഗുജറാത്ത് ഹൈക്കോടതി വെറുതെ വിട്ട സാഹചര്യത്തിൽ ജീവപര്യന്തം ശിക്ഷാവിധിയുടെ എണ്ണം 123 ആയി കുറയുകയുണ്ടായി.) എട്ടോളം ട്രയലുകൾ സ്വതന്ത്രമായി അന്വേഷിക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ചു .

(ചിന്ത പബ്ലിഷേഴ്‌സ്‌ പ്രസിദ്ധീകരിക്കുന്ന ടീസ്‌ത സെതൽവാദിന്റെ ‘ ഭരണഘടനയുടെ കാവലാൾ: ഓർമ്മക്കുറിപ്പുകൾ’ എന്ന പുസ്‌തകത്തിലെ ഒരു ഭാഗം)

(ദേശാഭിമാനി വാരികയിൽ നിന്ന്)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top