02 June Tuesday

ടി എൻ ശേഷൻ.. വിവാദങ്ങളുടെ തോഴൻ

ദി വാ കരൻ പരി യാ രം Updated: Monday Nov 11, 2019

""തിരുത്തൽ പോരാ; മാറ്റവും വേണം. എങ്കിലേ നമുക്ക് നാഴികക്കല്ലുകളാകാൻ കഴിയൂ''‐ ഇന്ത്യയുടെ ഭാവിയെക്കുറിച്ച് ടി എൻ ശേഷന്റെ കേവല അഭിപ്രായപ്രകടനമായിരുന്നില്ല അത്. അദ്ദേഹം പ്രാവർത്തികമാക്കിയ കാര്യങ്ങൾ. രാജ്യത്തിനായി കാർക്കശ്യത്തോടും ശുഭാപ്തിവിശ്വാസത്തോടും പ്രവർത്തിച്ച ഭരണാധികാരി. സമയം പാഴാക്കുന്നതിൽ ശേഷന് താൽപ്പര്യമില്ലായിരുന്നു. ചെയ്യേണ്ടവയെക്കുറിച്ചായിരുന്നു ചിന്ത.

ഒരുപക്ഷേ സിവിൽ സർവീസിലെത്തിയതും ആ ഉദ്ദേശ്യത്തോടെ. ആഗ്രഹിച്ചത് കൈവരിക്കാനുള്ള നിശ്ചയദാർഢ്യമാണ് ശേഷനെ ടി എൻ ശേഷനാക്കിയത്. സ്കൂൾ ഫൈനലിൽ നല്ല മാർക്കുനേടി. ഫിസിക്സിലും കെമിസ്ട്രിയിലും നൂറു ശതമാനം. പാലക്കാട് ബിഇഎം ഹൈസ്കൂളിലും വിക്ടോറിയ കോളേജിലും അദ്ദേഹവും "മെട്രോമാൻ' ഇ ശ്രീധരനും സഹപാഠികൾ. രണ്ടുപേർക്കും കാക്കിനഡ നെഹ്റു ടെക്നോളജിക്കൽ യൂനിവേഴ്സിറ്റിയിൽ എൻജിനിയറിങ് പ്രവേശനം ലഭിച്ചെങ്കിലും ശ്രീധരൻ മാത്രമാണ് ചേർന്നത്. ശേഷൻ മദ്രാസ് ക്രിസ്ത്യൻ കോളേജിൽ. ഫിസിക്സിൽ ബിരുദമെടുത്തു. അവിടെ മൂന്ന് വർഷം ഡമോൺസ്ട്രേറ്ററായി.


ഐഎഎസിൽ പ്രവേശിക്കുന്നതിന് ഒരുവർഷം മുമ്പ് ഐപിഎസിന് സീറ്റ് ലഭിച്ചെങ്കിലും സഹോദരൻ ലക്ഷ്മിനാരായണനെപോലെ സിവിൽ സർവീസായിരുന്നു ശേഷന്റെയും മനസ്സിൽ. തമിഴ്നാട് കാഡറിലെ 1955 ബാച്ചിലെ ഐഎഎസ് ഓഫീസറായാണ് സർവീസിൽ എത്തിയത്. തുടർന്ന് കേന്ദ്രത്തിലും തമിഴ്നാട് സർക്കാരിലും സേവനം. ക്യാബിനറ്റ് സെക്രട്ടറി, പ്ലാനിങ് കമീഷൻ അംഗം എന്നീനിലകളിലും പ്രവർത്തിച്ചു. ഇലക്ഷൻ കമീഷണർ പദവി ഒഴിഞ്ഞശേഷം 97ൽ രാഷ്ട്രപതിസ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും കെ ആർ നാരായണനോട് തോറ്റു. അപ്പോഴേക്കും സാമൂഹ്യജീവിതത്തിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായി.  മുഖ്യതെരഞ്ഞെടുപ്പ് കമീഷണറുടെ പദവി വഹിച്ച ആദ്യ മലയാളി. ഇന്ത്യയുടെ പത്താമത്തെ മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ. 90 ഡിസംബർ 12 മുതൽ 96 ഡിസംബർ 11 വരെ പദവിയിൽ. അദ്ദേഹത്തിനുശേഷം എം എസ് ഗില്ലും മുമ്പ് വി എസ് രമാദേവിയുമായിരുന്നു ആ സ്ഥാനത്ത്. വി പി സിങ്, ചന്ദ്രശേഖർ, നരസിംഹറാവു, വാജ്പേയി, ദേവഗൗഡ എന്നീ പ്രധാനമന്ത്രിമാർ ആ കാലയളവിൽ ഭരിച്ചു. ഇന്ത്യൻ രാഷ്ട്രീയത്തിലെ നിർണായക ഘട്ടം.

കോൺഗ്രസ് നവലിബറലിസം നടപ്പാക്കി തിരിച്ചടിയേറ്റുവാങ്ങി. മതേതര മൂല്യങ്ങൾ ചവിട്ടിയരക്കപ്പെടുകയും വർഗീയത ശക്തിപ്രാപിക്കുകയും ചെയ്തു. ബാബറി മസ്ജിദ് ഹിന്ദുവർഗീയ വാദികൾ തകർത്തു. ഇടതുപക്ഷവും മതേതര ജനാധിപത്യ പാർടികളും നടത്തിയ ചെറുത്തുനിൽപ്പും പ്രധാന സംഭവമായി. ബിജെപിയും ഹിന്ദുത്വശക്തികളും അടിത്തറയിട്ടപ്പോൾ സഹായകമായി നരസിംഹറാവുവിന്റെ നേതൃത്വത്തിൽ കോൺഗ്രസ് നിലപാട്. തുടർന്ന് പ്രധാനമന്ത്രിയായ മൻമോഹൻസിങ്ങിന്റെ നിലപാടുകൾ പ്രശ്നങ്ങൾ സങ്കീർണമാക്കി. റാവുവിന്റെ കുടിലത മനസ്സിലാക്കാൻ ശേഷന് കഴിഞ്ഞതിനാൽ വാഗ്ദാനത്തിൽ കുടുങ്ങാതിരുന്നു. ഗവർണർ‐അംബാസഡർ പദവികൾ നീട്ടിയപ്പോഴും സ്വീകരിക്കാതെ  ഇരുന്ന സ്ഥാനത്തിന്റെ മഹത്വം കാത്തു. ആ സവിശേഷതയും തെരഞ്ഞെടുപ്പ് കമീഷണറെന്ന നിലയിലുള്ള നിലപാടും ഭരണപാടവവും നവീകരണ പ്രക്രിയകളുമെല്ലാം ചർച്ചയായത്  അങ്ങനെ.


ഇന്ത്യൻ ജനാധിപത്യത്തിന്റെ സവിശേഷത, ഭരണഘടനയിലെ മതേതരമൂല്യങ്ങൾ എന്നിവയെല്ലാം കണക്കിലെടുത്തേ ശേഷന്റെ വ്യക്തിത്വത്തെയും പ്രവർത്തനത്തെയും വിലയിരുത്താനാവൂ. ഭരണഘടന രൂപപ്പെട്ടത് ഒരുദിവസം കൊണ്ടല്ല. സാമ്രാജ്യത്വത്തിനെതിരെ വർഷങ്ങൾ നീണ്ട സമരത്തിലൂടെയാണ്. രാജ്യത്തിന്റെ സാമൂഹ്യ‐ മത ‐സാംസ്കാരിക ചുറ്റുപാടുകൾ, മറ്റുരാജ്യങ്ങളിൽനിന്ന് വ്യത്യസ്തമായ സാമ്പത്തിക പിന്നോക്കാവസ്ഥ എന്നിവയെല്ലാം കണക്കിലെടുത്താണ് ഭരണഘടനക്ക് രൂപംനൽകിയത്. ആ മൂല്യങ്ങൾ സംരക്ഷിക്കുകയെന്നത് ഭരണഘടനാസ്ഥാപനമെന്ന നിലയിൽ കമീഷന്റെയും കമീഷണറുടെയും ഉത്തരവാദിത്തമാണ്. നിയമസഭകൾ, പാർലമെന്റ്, രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകൾ സുതാര്യമായി നടത്തുന്ന കമീഷനിൽ അന്ന് മുഖ്യ കമീഷണർമാത്രം. ഭരണഘടന, തെരഞ്ഞെടുപ്പ് നിയമങ്ങൾ, ചട്ടങ്ങൾ എന്നിവ അടിസ്ഥാനമാക്കി നിഷ്പക്ഷവും സ്വതന്ത്രവും നീതിപൂർവവുമായ തെരഞ്ഞെടുപ്പ് നടത്തുക ഭാരിച്ച ഉത്തരവാദിത്തമായിരുന്നു.

ഭരണസംവിധാനം നിയന്ത്രിക്കുന്ന പാർടി സ്വജനപക്ഷപാതത്തിന്റെ  ഭാഗമായാൽ ഭരണഘടനയും നിയമവും സംരക്ഷിക്കാനുള്ള അധികാരം പ്രയോഗിക്കാൻ കമീഷൻ ബാധ്യസ്ഥമാണ്. അത് മനസ്സിലാക്കി പ്രവർത്തിച്ചതാണ് ശേഷനെ  ശ്രദ്ധേയനാക്കിയത്. എന്നാൽ ഭരണഘടനാപദവിയിലിരിക്കെ വിവാദങ്ങളുടെ തോഴനായതിനെ സിപിഐ എം ഉൾപ്പെടെ വിമർശിച്ചതും മറക്കാനാവില്ല.സുതാര്യതയും കാര്യക്ഷമതയും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കുംവിധമായിരുന്നു ശേഷന്റെ പരിഷ്കരണം. ഒന്നിലധികം അംഗങ്ങളുള്ള കമീഷൻ സംവിധാനം നിലവിൽവന്നത് അദ്ദേഹം കമീഷണറായപ്പോഴാണ്. മാതൃകാപെരുമാറ്റച്ചട്ടം, ഫോട്ടോപതിച്ച തിരിച്ചറിയൽ കാർഡ്, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള അഴിമതി അവസാനിപ്പിക്കൽ, ആരാധനാലയം, ജാതി, മതം, മദ്യം എന്നിവ പ്രചാരണത്തിന് ഉപയോഗിക്കുന്നത്‌, ഔദ്യോഗിക സംവിധാനങ്ങളുടെ ദുരുപയോഗം തടയൽ തുടങ്ങിയവയെല്ലാം അദ്ദേഹത്തിന്റെ പ്രവർത്തന നേട്ടം. അപ്പോഴും നിലപാടുകളിൽ ഒരുതരം കാർക്കശ്യം നിഴലിച്ചതായി ചില കോണുകളിൽനിന്ന് സംശയമുയർന്നിരുന്നു. ഭരണാധികാരിയെന്ന നിലയിൽ പ്രകടിപ്പിച്ച ദൃഢതയും സ്ഥൈര്യവുമാണ് അന്താരാഷ്ട്ര പ്രസിദ്ധിയുള്ള മഗ്സാസെ അവാർഡിന് അർഹനാക്കിയത്. വ്യക്തി ജീവിതത്തിൽ വിശ്വാസിയായിരുന്ന ശേഷൻ കാഞ്ചി മഠാധിപതി, സായിബാബ, ശ്രീ ശ്രീ രവിശങ്കർ, അമൃതാനന്ദമയി എന്നിവരുടെ ആരാധകനായിരുന്നു. ബാബയുടെ വിയോഗം ജീവിതത്തിലെ കനത്തന‌‌ഷ്ടമായി പറയുകയുമുണ്ടായി.


പ്രധാന വാർത്തകൾ
 Top