16 July Thursday

ദാനം ചെയ്യാം ഒറ്റ ക്ലിക്കില്‍

വെബ് ഡെസ്‌ക്‌Updated: Saturday Apr 11, 2020


കോഴിക്കോട്
നിങ്ങളുടെ ഒരൊറ്റ ക്ലിക്ക് മതി ഒരു കുടുംബത്തിന്റെയെങ്കിലും വിശപ്പടങ്ങാൻ. കോവിഡ് കാലത്ത് പട്ടിണിയാകുമായിരുന്ന അനേകം കുടുംബങ്ങൾക്ക് ആശ്വാസമാണ് സർക്കാർ നൽകിയ അരിയും പലവ്യഞ്ജന കിറ്റും. റേഷൻ കടയിൽ പോയി സാധനം വാങ്ങില്ല എന്നുറപ്പുണ്ടെങ്കിൽ സപ്ലൈകോയുടെ വെബ്‌സൈറ്റിലെത്തി ഡൊണേറ്റ് കിറ്റ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യണം. ഒരു കുടുംബത്തിനുള്ള കൈത്താങ്ങാകുമത്.

www.supplycokerala.com എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് ഡൊണേറ്റ് കിറ്റ് എന്ന ഓപ്ഷനിൽ ക്ലിക് ചെയ്യുകയാണ് ഒരു മാർഗം. 6235280280 എന്ന നമ്പറിലേക്ക് റേഷൻ കാർഡ് നമ്പർ അയച്ചുനൽകിയും ഡൊണേറ്റ് കിറ്റിൽ പങ്കാളിയാകാം. റേഷൻ കടയിൽനിന്ന്‌ അരിയും സാധനങ്ങളും വാങ്ങാത്ത നിരവധിയാളുകൾ ഉണ്ടെന്നാണ് സിവിൽ സപ്ലൈസ്‌ വകുപ്പിന്റെയും സപ്ലൈകോയുടെയും കണക്ക്. സർക്കാർ ആനുകൂല്യം കൂടാതെ  ജീവിക്കുന്ന ഇവർക്കുവേണ്ടിയാണ് വെബ്‌സൈറ്റിൽ ഡൊണേറ്റ് കിറ്റ് ഓപ്ഷൻ. കിറ്റ് സംഭാവന ചെയ്യാൻ അനുമതി നൽകാതിരുന്നാൽ ഇത്‌  മറ്റാർക്കും നൽകാനാവില്ല. സംസ്ഥാനത്ത് ഇതിനകം 6,873 പേർ കിറ്റ് സംഭാവന നൽകാൻ സന്നദ്ധരായിട്ടുണ്ട്. കൂടുതൽ ആളുകൾ കടന്നുവരാൻ സാധ്യതയുണ്ടെന്നാണ് സപ്ലൈകോ അധികൃതർ പ്രതീക്ഷിക്കുന്നത്.

ബിപിഎൽ വിഭാഗത്തിലെ അന്ത്യോദയ കാർഡുകൾ കൈവശമുള്ളവർക്കാണ് ഇപ്പോൾ കിറ്റുകൾ നൽകുന്നത്. എപിഎൽ വിഭാഗത്തിലേക്ക് കടക്കുന്നതോടെ കിറ്റുകൾ വാങ്ങാത്തവരുണ്ടാകാം. അത്തരക്കാരോടാണ് സൈറ്റ് സന്ദർശിച്ച് ഒരു ക്ലിക്ക് നൽകാൻ അധികൃതർ അഭ്യർഥിക്കുന്നത്.

എസ്‌എംഎസ്‌ വഴിയും
കോവിഡ്‌ പശ്‌ചാത്തലത്തിൽ സംസ്ഥാന സർക്കാർ നൽകുന്ന സൗജന്യ ഭക്ഷ്യധാന്യ കിറ്റ്‌ മൊബൈൽഫോണിൽ സന്ദേശമയച്ചും സംഭാവനചെയ്യാം. റേഷൻ കാർഡ്‌ ലിങ്ക്‌ചെയ്‌ത മൊബൈൽ നമ്പറിൽ നിന്ന്‌ 6235280280 നമ്പറിലേക്ക്‌ റേഷൻ കാർഡ്‌ നമ്പർ എംഎംഎസ്‌ ചെയ്‌താൽ കിറ്റ്‌ സംഭാവന ചെയ്യാം.

സിവിൽ സപ്ലൈസ്‌ കോർപറേഷന്റെ വെബ്‌സൈറ്റ്‌ മുഖേന സംഭാവന ചെയ്യാനുള്ള സൗകര്യത്തിന്‌ പുറമെയാണ്‌ എസ്‌എംഎസ്‌ സൗകര്യം ഏർപ്പെടുത്തിയത്‌. ഇന്റർനെറ്റ്‌ സൗകര്യം ഇല്ലാത്തവർക്കും സ്‌മാർട്ട്‌ഫോണുകൾ ഉപയോഗിക്കാത്തവർക്കും സൗകര്യമൊരുക്കാനാണ്‌ എസ്എംഎസ്‌ സംവിധാനം.

വിഷുവിനുമുമ്പ്‌ എഎവൈ കാർഡുകാർക്ക്‌ കിറ്റ്‌ 
 സംസ്ഥാന സർക്കാർ നൽകുന്ന ഭക്ഷ്യധാന്യ കിറ്റ്‌ വിതരണം ശനിയാഴ്‌ച പുനരാരംഭിക്കും. എഎവൈ–-മഞ്ഞ കാർഡുടമകൾക്കാണ്‌ ഇപ്പോൾ കിറ്റ്‌ നൽകുന്നത്‌.  വിഷുവിന് മുമ്പായി 5.92 ലക്ഷം എഎവൈ കുടുംബങ്ങൾക്കും കിറ്റ് വിതരണം ചെയ്യും. എഎവൈ കാർഡുകാരുടെ വിതരണം പൂർത്തിയായാൽ മുൻഗണനാ കാർഡുകാർക്ക്‌ നൽകും.മുപ്പതിനകം എല്ലാ കാർഡുടമകൾക്കും കിറ്റ്‌ വിതരണം ചെയ്യലാണ്‌ ലക്ഷ്യം. റേഷൻ കടകളിൽ ആവശ്യത്തിന്‌ കിറ്റുകൾ സ്‌റ്റോക്ക്‌ എത്തിച്ചിട്ടുണ്ടെന്ന്‌ ഭക്ഷ്യ വകുപ്പ്‌ അധികൃതർ പറഞ്ഞു.  ഞായറാഴ്‌ചയും റേഷൻ കട പ്രവർത്തിക്കും.

സംസ്ഥാന സർക്കാർ നൽകുന്ന 15 കിലോ സൗജന്യ അരി വിതരണവും പുരോഗമിക്കുകയാണ്‌. ആകെ റേഷൻ കാർഡുകളുടെ 90 ശതമാനത്തിലേറെ പേർ ഇതിനകം വാങ്ങി.  20 വരെ സൗജന്യ റേഷൻ നൽകും.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top