23 September Wednesday

വേഗത പോരാ പോരാ... ഹൈപ്പർസോണിക്ക്‌ വിമാനങ്ങൾ വരുന്നു

സീമ ശ്രീലയംUpdated: Thursday Aug 6, 2020


ശബ്ദാതിവേഗ യാത്രാവിമാനങ്ങൾ യാത്രക്കാരെയും വഹിച്ച്‌  പതിവായി ചീറി പായുമോ....?
ദൂരത്തെയും സമയത്തെയും കീഴടക്കാനുള്ള മനുഷ്യന്റെ അടങ്ങാത്ത ആഗ്രഹത്തിന് അതിവേഗ സുപ്പർസോണിക്ക്‌‌ വിമാനങ്ങൾ പുതിയ ചിറകുകളാണ് നൽകിയത്. ഇത്രനാളും മിക്ക സൂപ്പർസോണിക്ക്‌‌ വിമാനങ്ങളും സൈനിക ആവശ്യങ്ങൾക്കും ഗവേഷണ ആവശ്യങ്ങൾക്കുമൊക്കെയാണ് ഉപയോഗിച്ചിരുന്നത്. യാത്രികരെയും വഹിച്ചുകൊണ്ട്‌ അതിവേഗം ദൂരത്തെ പിന്നിലാക്കിപ്പറന്ന ബ്രിട്ടീഷ്‌ കോൺകോർഡ്‌ വിമാനങ്ങൾ 2003ൽ പറക്കൽ നിർത്തിയതിനുശേഷം വാണിജ്യാടിസ്ഥാനത്തിൽ ഇതുവരെ സൂപ്പർസോണിക്ക്‌ യാത്രാവിമാനങ്ങളൊന്നും രംഗത്തെത്തിയിട്ടില്ല. എന്നാൽ അധികം വൈകാതെ പുതിയ സൂപ്പർസോണിക്ക്‌ വിമാനങ്ങൾ ശബ്ദാതിവേഗസഞ്ചാരത്തിന്റെ പുതുയുഗം തുറക്കുമെന്നാണ്‌ ന്നാണ് ആ  രംഗത്തുനിന്ന്‌ അടുത്ത ദിവസങ്ങളിൽ  വന്ന വാർത്തകൾ നൽകുന്നത്‌. 

എന്താണീ സൂപ്പർ സോണിക്ക്‌‌ വിമാനം
ശബ്ദത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന വിമാനങ്ങളാണ് സൂപ്പർസോണിക്ക്‌ വിമാനങ്ങൾ. സമുദ്രനിരപ്പിൽ 20 ഡിഗ്രി സെൽഷ്യസ്‌ താപനിലയിൽ വായുവിലെ ശബ്ദവേഗത സെക്കന്റിൽ 343മീറ്റർ ആണ്. ശബ്ദവേഗത്തിൽ സഞ്ചരിക്കുന്ന ഒരു വിമാനത്തിന്റെ വേഗതയാണ് 1 മാക്. മണിക്കൂറിൽ 1235 കിലോമീറ്റർ വേഗം എന്നർഥം. മാക് 1 ലും ഉയർന്നവേഗതയിൽ സഞ്ചരിക്കുന്ന വിമാനങ്ങളാണ് സൂപ്പർ സോണിക്ക്‌ വിമാനങ്ങൾ.

വരുന്നൂ ഓവർച്വർ  
ഡെൻവർ  ആസ്ഥാനമായ ബൂം സൂപ്പർസോണിക്ക്‌‌ കമ്പനിയാണ് ഉടൻ  ഒരു സൂപ്പർസോണിക്ക് ‌ വിമാനത്തിന്റെ പരീക്ഷണപ്പറക്കൽ നടത്തുമെന്ന് പ്രഖ്യാപിച്ച്‌ ഇപ്പോൾ വാർത്തകളിൽ നിറഞ്ഞിരിക്കുന്നത്. ഓവർച്വർ എന്നാണീ പുതിയ സൂപ്പർസോണിക്ക്‌‌ യാത്രാവിമാനത്തിന്റെ പേര്‌. ശബ്ദാതിവേഗത്തിൽ ദൂരത്തെ പിന്നിലാക്കി യാത്രക്കാർക്ക് അതിവേഗയാത്രയുടെ പുതിയ സാധ്യത തുറക്കുക എന്നതാണ് തങ്ങളുടെ  ലക്ഷ്യമെന്ന് ബൂം സൂപ്പർസോണിക്‌സ്‌ വ്യക്തമാക്കിയിട്ടുണ്ട്‌. പഴയ സാങ്കേതികവിദ്യയിൽനിന്ന്‌ വിഭിന്നമായ പ്രത്യേകതകൾ പ്രതീക്ഷിക്കാമെന്നും അവർ പറയുന്നു.


 

55 യാത്രക്കാരെയും വഹിച്ച്‌  അറുപതിനായിരം അടി ഉയരത്തിൽ മണിക്കൂറിൽ 2300 കിലോമീറ്റർ വേഗതയിൽചീറിപ്പറന്ന് 2023 ഓടെ വിണ്ണിലെതാരമാകും ഓവർച്വർ എന്നാണ് പ്രതീക്ഷ. അരനൂറ്റാണ്ടുമുമ്പേ തന്നെ സൂപ്പർസോണിക്ക്‌ ജെറ്റുകൾ ഉണ്ടെങ്കിലും ഉയർന്ന നിരക്ക്കാരണം ശബ്ദാതിവേഗയാത്ര സമ്പന്നർക്ക്മാത്രമേ  പ്രാപ്യമായിരുന്നുള്ളൂ. എന്നാൽ ദീർഘദൂരവിമാനങ്ങളിലെ ബിസിനസ്‌ ക്ലാസ്‌ നിരക്കിൽ അതിവേഗ യാത്ര ലഭ്യമാക്കുക എന്നതാണ് തങ്ങൾ  ലക്ഷ്യമിടുന്നതെന്ന്ബൂം  സൂപ്പർസോണിക്ക്‌ അവകാശപ്പെടുന്നു.

ഓവർച്വർ യാഥാർഥ്യമാക്കുന്നതിന്റെ ആദ്യപടിയാണ് എക്സ് ബി 1 ബൂം എന്നപേരിൽ  പരീക്ഷണപ്പറക്കൽ. ഏറ്റവും  നൂതനമായ  എയറോഡൈനാമിക്ഡിസൈൻ, കാർബൺ കോംപസിറ്റ്പദാർഥങ്ങൾ, കാര്യക്ഷമതകൂടിയ പ്രൊപ്പൽഷൻ എന്നിവയൊക്കെ  ഓവർച്വറിന്റെ  സവിശേഷതകളാണ്.

നാസയും  രംഗത്ത്‌
സോണിക്‌‌ബൂം തീരെക്കുറഞ്ഞ സൂപ്പർസോണിക്ക്‌ വിമാനങ്ങളാണ് നാസയുടെ ലോ–-ബൂംഫ്ലൈറ്റ് ഡെമോൺസ്ട്രേഷൻ പദ്ധതിയുടെ ലക്ഷ്യം. വാണിജ്യാടിസ്ഥാനത്തിലുള്ള സൂപ്പർസോണിക്ക്‌ യാത്രാവിമാനങ്ങൾ മുന്നിൽക്കണ്ട്‌ പരീക്ഷണാടിസ്ഥാനത്തിൽ വികസിപ്പിക്കുന്ന  വിമാനമാണ്‌ 59 ക്യു എസ് ടി (എക്സ് 59 ക്വയറ്റ്സൂപ്പർസോണിക്ക്‌ ടെക്‌നോളജി).

സൂപ്പർസോണിക്ക്‌ വിമാനത്തിന്റെ സോണിക്ബൂം വലിയ ശബ്ദമലിനീകരണത്തിനു കാരണമാകുന്നുണ്ട്. ഈ സോണിക്ബൂം പരമാവധി കുറയ്‌ക്കുന്ന   രൂപകൽപ്പനയാണ്‌ ഇതിന്റെ  പ്രധാന സവിശേഷത. വേഗത മണിക്കൂറിൽ 1590 കിലോമീറ്റർ. അടുത്ത വർഷം അവസാനമോ  2022ലോ പരീക്ഷണപ്പറക്കൽ നടക്കും.


 

സവിശേഷതകൾ, വെല്ലുവിളികൾ
സാധാരണ വിമാനങ്ങളിൽനിന്നും സൂപ്പർ സോണിക്ക്‌ വിമാനങ്ങൾക്ക്‌ വ്യത്യാസങ്ങളുണ്ട്. കൂർത്ത മുൻഭാഗം, ചെറിയ ചിറകുകൾ, അറുപതിനായിരം അടിവരെ ഉയരത്തിൽ ശബ്ദാതിവേഗപ്പറക്കൽ  ഇങ്ങനെനീളുന്നു. ഇവ ഉണ്ടാക്കുന്ന സോണിക് ബൂം എന്ന ഉയർന്നശബ്ദം ഗുരുതരമായ ശബ്ദമലിനീകരണത്തിനു കാരണമാകുന്നു.  ഉയർന്ന നിർമാണച്ചെലവ്, ഉയർന്ന ഇന്ധനച്ചെലവ് എന്നിവയും വെല്ലുവിളി.

സൂപ്പർസോണിക്ക്‌ ചരിത്രം
ആദ്യമായി സൂപ്പർസോണിക്ക്‌ വേഗത്തിൽ  ഒരുവിമാനം പറപ്പിച്ചത്‌ യുഎസ് എയർഫോഴ്സ്‌ മേജർ ആയിരുന്ന ചാൾസ്‌ യീഗർ ആണ്. 1947 ഒക്‌ടോബർ 14 ന്. ബെൽഎക്സ്1 റോക്കറ്റ് ഈ വിമാനത്തിൽ ഉപയോഗപ്പെടുത്തി. ഇതൊരു പരീക്ഷണപ്പറക്കൽ ആയിരുന്നു. എന്നാൽ വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യ സൂപ്പർസോണിക്ക്‌ വിമാനം സോവിയറ്റ്‌ യൂണിയന്റെ ടുപ്പലോവ് ടിയു–- 144ആണ്.

വാണിജ്യാടിസ്ഥാനത്തിൽ യാത്രക്കാരെയുംവഹിച്ച്‌ ആദ്യം പറന്നത് കോൺകോഡ്‌ വിമാനം ആയിരുന്നു. ബ്രിട്ടീഷ് എയർക്രാഫ്റ്റ് കോർപറേഷനും ഫ്രഞ്ച്‌ നിർമാണ കമ്പനിയായ സുഡ്ഏവിയേഷനും സംയുക്തമായി നിർമിച്ച വിമാനത്തിന്‌ ഐക്യം എന്നർഥം വരുന്ന കോൺകോഡ് എന്നു പേരിടുകയായിരുന്നു. 1969 ഒക്‌ടോബർ 1 നായിരുന്നു പരീക്ഷണപ്പറക്കൽ. പിന്നീട് 1976 ജനുവരി 21ന് സർവീസ്‌ തുടങ്ങി. മണിക്കൂറിൽ  2180 കിലോമീറ്റർവരെ വേഗതയുണ്ടായിരുന്നെങ്കിലും ഇതിന്റെ അസഹനീയ ശബ്ദം  വലിയ വിമർശനങ്ങൾക്ക്‌ ഇടയാക്കി.


 

2003 ൽ ന്യൂയോർക്കിലെ ജോൺ എഫ് കെന്നഡി വിമാനത്താവളത്തിൽനിന്നും  ലണ്ടനിലേക്ക് പറന്ന് കോൺകോഡ് സർവീസ് അവസാനിപ്പിക്കുകയായിരുന്നു. നിർമാണച്ചെലവും സർവീസ്‌ ലാഭകരമല്ലാത്തതും  വിമാനത്തിനുണ്ടായ അപകടവുമൊക്കെ പറക്കൽ അവസാനിപ്പിക്കാൻ കാരണമായി..

സൈന്യത്തിന്റെ ഭാഗമായ, ലോകത്തെ വിസ്മയിപ്പിച്ച സൂപ്പർസോണിക്ക്‌ വിമാനങ്ങൾ നിരവധിയാണ്. വേഗത, ആയുധങ്ങൾ വഹിക്കാനുള്ള ശേഷി, റഡാറുകളുടെ കണ്ണുവെട്ടിക്കാനുള്ള കഴിവ്, നൂതനസാങ്കേതികവിദ്യ തുടങ്ങി ഏറെ സവിശേഷതകൾ ഇവയ്ക്കുണ്ട്.

യു എസിന്റെ ലോക്ക്ഹീഡ്മാർട്ടിൻ റാപ്റ്റർ22, ലോക്ക്ഹീഡ്മാർട്ടിൻ എഫ്35, പഴയസോവിയറ്റ്‌ യൂണിയന്റെ മിഗ് 25 ഫോക്സ്ബാറ്റ്, മിഗ്31 ഫോക്സ്ബാറ്റ്, റഷ്യയുടെ സുഖോയ് 27,  എസ്‌ യു 57 തുടങ്ങിയവ ഉദാഹരണം.

സോണിക്ക്‌ യാത്രായുഗത്തിലേക്കും
വേഗതയിൽ സൂപ്പർസോണിക്ക്‌ വിമാനങ്ങളെയും പുറന്തള്ളാൻ ശേഷിയുള്ള ഹൈപ്പർസോണിക്ക്‌ വിമാനങ്ങളും  വൈകാതെ ആകാശത്ത്‌ പറക്കും. മാക് 5 നുമുകളിലായിരിക്കും ഇവയുടെ വേഗത. മാക് 10  വരെ വേഗത സാധ്യമാക്കാൻ ബഹിരാകാശപദ്ധതികൾക്കായി വികസിപ്പിച്ച സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്താനാണ് ശ്രമം. 2004ൽ നാസ  എക്സ്43 എന്ന പൈലറ്റില്ലാ ഹൈപ്പർസോണിക്ക്‌ വിമാനത്തിന്റെ പരീക്ഷണം നടത്തിയിരുന്നു. പെഗാസസ് റോക്കറ്റ്‌ ബൂസ്റ്ററും  സ്‌ക്രാം ജെറ്റ്എഞ്ചിനും ഇതിന്റെ പ്രത്യേകതയായിരുന്നു. വേഗതയാകട്ടെ മാക് 9.6 !  എന്തായാലും ഈ രംഗത്ത്‌ വലിയ ഗവേഷണങ്ങൾ ലോകത്ത്‌  പുരോഗമിക്കുകയാണ്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top