12 August Friday

ജീവിതത്തിന്റെ പാഠശാല-സുനിൽ പി ഇളയിടത്തിന്റെ പംക്തി പതിനെട്ടാം ഭാഗം

സുനിൽ പി ഇളയിടംUpdated: Monday Jun 6, 2022

ജർമനിയിലെ ചെംനിസ്‌റ്റിലുള്ള കാൾ മാർക്‌സിന്റെ പ്രതിമ

മാർക്സിസത്തെക്കുറിച്ചു തന്നെ മുന്നൂറോളം മലയാളപുസ്തകങ്ങളും നൂറോളം ഇംഗ്ലീഷ് പുസ്തകങ്ങളും ഇപ്പോഴുണ്ട്. നാൽപ്പതുകൊല്ലം മുമ്പ് വാങ്ങിയ മാനിഫെസ്റ്റോ മുതൽ രണ്ടാഴ്ച മുമ്പ്‌ സി ബി വേണുഗോപാൽ അയച്ചുതന്ന മാർസെല്ലോ മസ്തോയുടെ കാൾ മാർക്സിന്റെ അവസാന വർഷങ്ങൾ വരെ.-

സുനിൽ പി ഇളയിടം

സുനിൽ പി ഇളയിടം

ഒമ്പതാം ക്ലാസ് വിദ്യാർഥി യായിരിക്കുമ്പോഴാണ് ആദ്യമായി ഒരു പുസ്തകം വാങ്ങിയത്. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ മലയാളപരിഭാഷ. അതിനുമുമ്പ്‌ സിനിമാ തിയേറ്ററിൽ നിന്നും ചില പാട്ടുപുസ്തകങ്ങൾ വാങ്ങിയതേ ഓർമയിലുള്ളൂ. പുസ്തകങ്ങൾ വിലകൊടുത്ത് വാങ്ങാനുള്ള പണമൊന്നും അന്ന് കൈയിലില്ലായിരുന്നു. സോവിയറ്റ് യൂണിയനിൽനിന്ന് പ്രോഗ്രസ്സ് പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച ചുവന്ന കവറുള്ള ആ ചെറിയ പുസ്തകത്തിന് ഒരു രൂപയായിരുന്നു വില. പറവൂരിലെ കച്ചേരിക്കെട്ടിടത്തിന് മറുപുറത്ത് അല്പം കിഴക്കോട്ട് നീങ്ങിയ പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡ്‌. അതിവിശാലമായി കുട നിവർത്തിനിൽക്കുന്ന തണൽമരം.

രണ്ടോ മൂന്നോ ബസ്സുകൾക്കുമാത്രം കയറിക്കിടക്കാവുന്ന ഓടുമേഞ്ഞ പഴയ ബസ്സ്റ്റാൻഡ്‌.

അതിനരികിലാണ് പ്രഭാത് ബുക്ക് ഹൗസിലെ പുസ്തങ്ങളെല്ലാം വിൽപ്പനയ്ക്ക് വയ്ക്കുക. ആരാണത് നടത്തിയിരുന്നത് എന്നോർമയില്ല. നാലുപതിറ്റാണ്ടിനപ്പുറത്തെ ഓർമകൾക്ക് ക്ലാവുപിടിച്ചിരിക്കുന്നു. ഒരു രൂപ എന്ന ആകർഷണം കൂടി അത് വാങ്ങിയതിനു പിന്നിലുണ്ടാവണം.അന്നുവാങ്ങിയ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഇപ്പോഴും എന്റെ പക്കലുണ്ട്. മങ്ങിത്തുടങ്ങിയെങ്കിലും നിർമാണമികവിന്റെ ബലത്തിൽ അതിപ്പോഴും കാര്യമായി കേടുപറ്റാതെയിരിക്കുന്നു. പിൽക്കാലത്ത് പലവട്ടം അതു വായിച്ചു.

ഏറ്റവുമൊടുവിൽ മാനിഫെസ്റ്റോയുടെ 175‐ാം വാർഷികം മുൻനിർത്തി ഒരു ലേഖനം തയ്യാറാക്കുന്നതിന്. അതിനടുത്തുതന്നെ മാനിഫെസ്റ്റോ ശബ്ദരൂപത്തിൽ റെക്കോഡ് ചെയ്യാനും അവസരം കിട്ടി.

പി രാജീവ്‌

പി രാജീവ്‌

പി രാജീവിന്റെ മാനിഫെസ്റ്റോ പഠനങ്ങൾക്കൊപ്പം ചേർക്കുന്നതിനു വേണ്ടിയായിരുന്നു അത്. ഉച്ചത്തിൽ വായിക്കുമ്പോൾ മാനിഫെസ്റ്റോയുടെ ഭാഷയുടെ അപാരമായ വശ്യതയും വന്യഭംഗിയും നമ്മെ വലയംചെയ്യും. മാർക്സ് എത്രയോ വലിയ കവിയായിരുന്നുവെന്ന് അപ്പോൾ വീണ്ടും ഓർത്തു.മാനിഫെസ്റ്റോയിൽ തുടങ്ങിയ പുസ്തകം വാങ്ങൽ പിന്നെ നിലച്ചില്ല. പല വിഷയങ്ങളിലായി ധാരാളം പുസ്തകങ്ങൾ ശേഖരിക്കാൻ പിന്നീടവസരം കിട്ടി. മാർക്സിസത്തെക്കുറിച്ചുതന്നെ മുന്നൂറോളം മലയാളപുസ്തകങ്ങളും നൂറോളം ഇംഗ്ലീഷ് പുസ്തകങ്ങളും ഇപ്പോഴുണ്ട്.

നാൽപ്പതുകൊല്ലം മുമ്പ് വാങ്ങിയ മാനിഫെസ്റ്റോ മുതൽ രണ്ടാഴ്ച മുമ്പ്‌ പ്രിയസുഹൃത്തും ഇൻഷുറൻസ് യൂണിയൻ നേതാവുമായ സി ബി വേണുഗോപാൽ അയച്ചുതന്ന മാർസെല്ലോ മസ്തോയുടെ കാൾമാർക്സിന്റെ അവസാന വർഷങ്ങൾ (The Last Years of Karl Marx: An Intellectual Biography) വരെ. ആദ്യകാലത്തെപ്പോലെ ഇപ്പോഴെല്ലാം സൂക്ഷ്മമായി വായിക്കാനാവുന്നില്ല. എങ്കിലും മാർക്സിസത്തോടുള്ള ഏതോ പാരസ്പര്യത്താൽ ഇപ്പോഴും പുസ്തകങ്ങൾ വാങ്ങുന്നു. ചിലപ്പോഴെല്ലാം മാർസെല്ലോയുടെ പുസ്തകം പോലെ അത് തേടിവരുന്നു.

ഒന്ന്

മാർക്സിസവുമായുള്ള വിനിമയങ്ങൾ എനിക്ക് ഒരിക്കലും സൈദ്ധാന്തികം മാത്രമായിരുന്നില്ല. വിദ്യാർഥി സംഘടനാപ്രവർത്തനത്തിന്റെയും പാർടി പ്രവർത്തനത്തിന്റെയും ഇരുവഴികൾ അതിന് അടിയുറച്ച ജീവിതബന്ധം നൽകി. പിൽക്കാലത്ത് മാർക്സിസത്തെ കേവലദർശനമായി കാണാനുള്ള പലതരം ശ്രമങ്ങളുമായി പരിചയം വന്നപ്പോൾ അവയെല്ലാം കൈയോടെ നിരസിക്കാൻ കഴിഞ്ഞതും അതുകൊണ്ടാണ്.

1985‐ലാണ് പാർടിയുടെ കാൻഡിഡേറ്റ് അംഗത്വത്തിൽ ഞാൻ വരുന്നത്. മാല്യങ്കര എസ് എൻ എം കോളേജിൽ ബിരുദവിദ്യാർഥിയായിരുന്ന കാലം. കോളേജിലെ വിദ്യാർഥി സംഘടനാ പ്രവർത്തനങ്ങളിൽ അതിനുള്ളിൽത്തന്നെ ഞാൻ ആണ്ടുമുങ്ങിയിരുന്നു. രണ്ടാംവർഷം പ്രീഡിഗ്രി വിദ്യാർഥിയായിരിക്കെത്തന്നെ എസ്എഫ്ഐ ജില്ലാക്കമ്മിറ്റി അംഗമായി പ്രവർത്തിച്ചു തുടങ്ങിയിരുന്നു. അതൊരു വലിയ ഉണർവിന്റെ വഴിയായിരുന്നു. മാസംതോറുമുള്ള ജില്ലാക്കമ്മിറ്റികൾ. അതിനായുള്ള യാത്രകൾ. പലതരം സമ്മേളനങ്ങൾ; പഠനക്യാമ്പുകൾ. എല്ലാത്തിലും സജീവമായി പങ്കുചേർന്നു. എണ്ണമറ്റ സുഹൃത്തുക്കളെയും സഖാക്കളെയും കൈവന്ന കാലമായിരുന്നു അത്. ഇന്നും തുടരുന്ന എത്രയോ ബന്ധങ്ങളുടെ അടിപ്പടവൊരുങ്ങിയതവിടെയാണ്.

വിദ്യാർഥിരാഷ്ട്രീയത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങളാണ് എന്നെ പറവൂരിലെ പാർടി ഓഫീസിലെത്തിച്ചത്.

കലാലയ വിദ്യാഭ്യാസകാലത്ത്‌

കലാലയ വിദ്യാഭ്യാസകാലത്ത്‌

1984 പകുതിയോടെയാണ് പറവൂരിൽ ചെത്തുതൊഴിലാളി യൂണിയൻ ഓഫീസിൽ ഞാൻ പോയിത്തുടങ്ങുന്നത്. പാർടി അംഗത്വത്തിന്റെ ആസ്ഥാനമായതും ആ ഓഫീസാണ്. അക്കാലത്ത് അവിടെ സജീവമായി ഉണ്ടായിരുന്ന വിദ്യാർഥിസംഘടനാ പ്രവർത്തകരും യുവജന പ്രവർത്തകരും എല്ലാം ഉൾപ്പെടുന്ന ഒരു അനുഭാവിഗ്രൂപ്പ് രൂപീകരിച്ചു. ഞാനതിൽ അംഗമായിരുന്നു. അതിനടുത്തവർഷം തന്നെ ആ അനുഭാവിഗ്രൂപ്പിലെ മുഴുവൻ പേരും ഉൾപ്പെടുന്ന ബ്രാഞ്ച് നിലവിൽവന്നു. സെന്റർ ബ്രാഞ്ച് എന്ന പേരിൽ. പറവൂരിലെ ടൗൺ ലോക്കൽ കമ്മിറ്റിക്ക്‌ കീഴിലായിരുന്നു ബ്രാഞ്ച്. പറവൂർ മേഖലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുവരുന്ന ആറേഴുപേർ. വി എൻ ജോഷി, എ കെ രഞ്ചൻ, എ എസ് അനിൽകുമാർ, എൻ എസ് അനിൽകുമാർ, വി എ അനിൽ തുടങ്ങിയവരൊക്കെ അതിൽ അംഗങ്ങളായിരുന്നു. ഒപ്പം ഞാനും.

ആ ബ്രാഞ്ചിലെ അംഗങ്ങളിൽ പലരും പിൽക്കാലത്ത് പാർടിയുടെ പറവൂരിലെ പ്രധാന നേതാക്കളായി. പാർടി ഏരിയാ കമ്മിറ്റി അംഗമായ എ എസ് അനിൽകുമാർ ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റായി. ഇപ്പോൾ എറണാകുളം ജില്ലാ പഞ്ചായത്തിലെ പ്രതിപക്ഷ നേതൃസ്ഥാനം വഹിക്കുന്നത് അനിലാണ്. എൻ എസ് അനിൽകുമാർ ഏരിയാ കമ്മിറ്റി അംഗമായി പ്രവർത്തിക്കുന്നു. പറവൂരിലെ പാലിയേറ്റീവ് പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിക്കുന്നത് അദ്ദേഹമാണ്. എ കെ രഞ്ചൻ ഞങ്ങളുടെ പഞ്ചായത്തായ കോട്ടുവള്ളിയിലെ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി. എടയാർ മേഖലയിലെ ഒരു കമ്പനിയിലെ ജീവനക്കാരനായിരുന്നു രഞ്ചൻ. ആ സഖാവിന്റെ സ്നേഹത്തിലാണ് പല വൈകുന്നേരങ്ങളിലും സമൃദ്ധമായി ഭക്ഷണം കഴിച്ചിരുന്നത്. കമ്പനിവിട്ട് എത്തുന്ന രഞ്ചനെയും നോക്കി ഞങ്ങൾ മിക്ക ദിവസങ്ങളിലും ഓഫീസിൽ കാത്തിരുന്നു.

പറവൂർ കോടതി

പറവൂർ കോടതി

കൊള്ളിനക്ഷത്രം പോലെ പറവൂരിന്റെ രാഷ്ട്രീയഭൂപടത്തിലും അഭിഭാഷകജീവിതത്തിലും ഉയർന്നുവന്ന ആളായിരുന്നു വി എ അനിൽ. മാല്യങ്കര കോളേജിൽ എസ്എഫ്ഐ പ്രവർത്തകരായി ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു. അനിലിനോടൊപ്പമുള്ള കാലമാണ് സംഘടനാപ്രവർത്തനത്തിന്റെ പല പാഠങ്ങളും എന്നെ പഠിപ്പിച്ചത്. ഫലിതവും സൗഹൃദവും കൂട്ടിയിണക്കി നെയ്തെടുത്ത സുരഭിലമായ വ്യക്തിത്വമായിരുന്നു അനിലിന്റേത്. കാർക്കശ്യത്തേക്കാളേറെ സ്നേഹവായ്പുകൊണ്ടാണ് അനിൽ സംഘടനാപ്രവർത്തനം നടത്തിയിരുന്നത്. നിത്യേനയെന്നോണം കോളേജിലേക്ക് ഒരുമിച്ചുള്ള യാത്രകൾ, അനിലിന്റെ അതിവിപുലമായ സൗഹൃദങ്ങളുടെ അരികിലൂടെ ഞാനും നടന്നു.

ബിരുദവിദ്യാർഥിയായിരിക്കെത്തന്നെ അനിൽ എസ്എഫ് ഐ എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായി. ബിരുദപഠനം കഴിഞ്ഞപ്പോൾ നിയമപഠനത്തിനായി പൂനെയിലേക്ക് പോയതോടെ അനിലിന്റെ വിദ്യാർഥിരംഗത്തെ സംഘടനാജീവിതം ആകസ്മികമായി നിലച്ചുപോവുകയാണ് ചെയ്തത്.
പൂനെയിലെ പ്രമുഖ നിയമപഠനകേന്ദ്രത്തിൽനിന്നാണ് അനിൽ നിയമബിരുദം നേടിയത്. തിരിച്ച് പറവൂരിലെത്തി അഭിഭാഷകനായി പ്രവർത്തനമാരംഭിച്ചതോടെ പറവൂരിന്റെ പൊതുജീവിതത്തിലെ തിളങ്ങുന്ന പേരുകളിലൊന്നായി അനിൽ മാറി. അഭിഭാഷകനായും പാർടിയുടെ പറവൂരിലെ പ്രധാന മുഖങ്ങളിലൊന്നായും അനിൽ പെട്ടെന്നുതന്നെ ഉയർന്നുവന്നു.

അനിൽ വി എ

അനിൽ വി എ

വളരെ ചെറിയ പ്രായത്തിൽത്തന്നെ പറവൂരിലെ ഏറ്റവും പ്രധാനപ്പെട്ട താലൂക്ക് സഹകരണ ബാങ്കിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. വിനീതവും സ്നേഹനിർഭരവുമായ പെരുമാറ്റവും അസാധാരണമായ കാര്യശേഷിയും ഒത്തിണങ്ങിയ പ്രവൃത്തിലോകമായിരുന്നു അനിലിന്റേത്. എല്ലാ മനുഷ്യരുമായും സ്നേഹത്താൽ കൂട്ടിയിണക്കപ്പെട്ട ഒരു ജീവിതം. നിലപാടുകളിൽ കാർക്കശ്യം പുലർത്തിയപ്പോഴും സ്നേഹഭാവങ്ങളിൽ അത്യുദാരനായിരുന്നു വി എ അനിൽ. തൊഴിൽപരവും സാമൂഹികവുമായ വളർച്ചയുടെ പടവുകളിൽ വച്ചാണ് കാലം അനിലിന്റെ ജീവിതത്തിനുമേൽ കരിമ്പടം പുതച്ചത്.

തീർത്തും അപ്രതീക്ഷിതമായി അനിൽ അർബുദരോഗബാധിതനായി. നിശ്ചയദാർഢ്യത്തോടെതന്നെ ആറേഴുവർഷക്കാലം അനിൽ അതിനോട് പൊരുതിനിന്നു. രോഗമുളവാക്കിയ പ്രയാസങ്ങളെ തന്റെ ഇച്ഛാശക്തിയാൽ മറികടന്ന് അഭിഭാഷകജീവിതവും പൊതുജീവിതവും സജീവമായിത്തുടർന്നു. മരണവും ജീവിതവുമായുള്ള ചതുരംഗക്കളിപോലുള്ള ആറേഴുവർഷങ്ങൾ. ഒടുവിൽ മരണം അവസാനത്തെ കരു നീക്കി.
 'കാലംകുറഞ്ഞദിനമെങ്കിലുമർത്ഥദീർഘം' എന്ന കവിവാക്യത്തിന്റെ സാക്ഷാത്കാരമായിരുന്നു അനിൽ. തനിക്കുചുറ്റുമുള്ള എല്ലാ ജീവിതാവിഷ്കാരങ്ങളിലും അനിൽ ഉത്സാഹപൂർവം പങ്കാളിയായി. ക്യാമ്പസിലായാലും വായനശാലയിലായാലും അമ്പലപ്പറമ്പിലായാലും പാർടി ഓഫീസിലായാലും ജീവിതോത്സവത്തിന്റെ പ്രസാദം അനിലിന്റെ ജീവിതത്തിനുണ്ടായിരുന്നു. ആ പ്രസാദം അയാൾ ചുറ്റുമുള്ളവരിലേക്ക് നിരന്തരം പ്രസരിപ്പിക്കുകയും ചെയ്തു.

രാഷ്ട്രീയപ്രവർത്തകനാകുകയെന്നാൽ തനിക്കു ചുറ്റുമുള്ളവരിൽ മുഴുകി ജീവിക്കുകയാണെന്ന് അനിലോളം അറിഞ്ഞവർ ഞങ്ങൾക്കിടയിൽ ഏറെയുണ്ടായിരുന്നില്ല. കാലം ആ വലിയ ജീവിതരംഗങ്ങൾക്ക് പൊടുന്നനെ തിരശ്ശീലയിട്ടു. വിടവാങ്ങി ഒന്നര പതിറ്റാണ്ടിനുശേഷവും അനിലിന്റെ ഓർമ പറവൂരിൽ മങ്ങാതെ തുടരുന്നതും അതുകൊണ്ടാവാം. സെന്റർ ബ്രാഞ്ചിലെ ഞങ്ങളുടെ പ്രവർത്തനം സജീവമായിരുന്നു. ഏകദേശം ഒന്നരവർഷത്തോളം ഞാനും അതിലാണ്ടുമുഴുകി. എല്ലാ ആഴ്ചകളിലും ബ്രാഞ്ച് യോഗം ചേരുമായിരുന്നു. പാർടി പരിപാടി, മാർക്സിസ്റ്റ് ദർശനം,

ചിന്തയിലെ ലേഖനങ്ങൾ, പാർടിക്കത്തുകൾ... അങ്ങനെ പലതും പൊതുവായി വായിച്ച് ചർച്ചചെയ്തു. സംഘടനാപരവും രാഷ്ട്രീയവുമായ വലിയ വിദ്യാഭ്യാസത്തിന്റെ കാലമായിരുന്നു അത്. ആശയപരമായ ഇത്തരം ആലോചനകളോടൊപ്പം ചെത്തുതൊഴിലാളി യൂണിയൻ ഓഫീസ് കേന്ദ്രീകരിച്ചുള്ള ദൈനംദിനപ്രവർത്തനങ്ങളിലും സജീവമായി.

ചുവരെഴുത്തുകൾ, പ്രചാരണപരിപാടികൾ, അനൗൺസ്മെന്റ്, കാൽനടജാഥകൾ, ധർണകൾ...സമരങ്ങളിലും ചെറിയ ചെറിയ സംഘർഷങ്ങളിലും ഉൾപ്പെട്ട് അക്കാലത്ത് നിരവധി കേസുകളും വന്നു. തിരുവനന്തപുരത്ത് 1987 അവസാനം നടന്ന പതിമൂന്നാം പാർടി കോൺഗ്രസ്സിന്റെ ഭാഗമായുള്ള ലോക്കൽ സമ്മേളനത്തിൽ വച്ച് കോട്ടുവള്ളി ലോക്കൽ കമ്മിറ്റി അംഗമായതോടെ സെന്റർ ബ്രാഞ്ച് കേന്ദ്രീകരിച്ചുള്ള എന്റെ രാഷ്ട്രീയ പ്രവർത്തനം അവസാനിച്ചു. അന്ന് പറവൂർ ഏരിയാ സെക്രട്ടറിയായിരുന്ന സഖാവ് കെ വി പുരുഷോത്തമനാണ് കോട്ടുവള്ളി ലോക്കൽ സമ്മേളനത്തിൽ പങ്കെടുക്കാൻ നിർദേശം നൽകിയത്. ഞങ്ങളുടെ ബ്രാഞ്ചിലെ നാലുപേർ ആ സമ്മേളനകാലത്ത് പറവൂർ ഏരിയയിലെ വിവിധ ലോക്കൽ കമ്മിറ്റികളിൽ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു. അധികം വൈകാതെ സെന്റർ ബ്രാഞ്ച് എന്ന സംവിധാനം അവസാനിച്ചു എന്നാണോർമ.

കോട്ടുവള്ളി ലോക്കൽ കമ്മിറ്റി അംഗമായി ആറുവർഷത്തോളം പ്രവർത്തിച്ചു. 1988‐91 കാലത്ത് വിദ്യാർഥി പ്രസ്ഥാനത്തിലാണ് ഞാൻ സജീവമായി ഉണ്ടായിരുന്നത്. മഹാരാജാസിലെ വിദ്യാഭ്യാസകാലം. കോളേജും എറണാകുളത്തെ ലെനിൻ സെന്ററും കേന്ദ്രീകരിച്ചുള്ള സംഘടനാപ്രവർത്തനം. കമ്മിറ്റികളിലെ പങ്കാളിത്തം കഴിഞ്ഞാൽ അക്കാലത്ത് നാട്ടിലെ ദൈനംദിനപ്രവർത്തനം കുറവായിരുന്നു. 1991‐ൽ വിദ്യാർഥി സംഘടനാ ചുമതലകൾ ഒഴിഞ്ഞ് നാട്ടിലെത്തി. പാരലൽ കോളേജ് അധ്യാപനത്തിലേർപ്പെട്ടു. അടുത്ത പാർടി കോൺഗ്രസ്സിന്റെ ഭാഗമായുള്ള സമ്മേളനത്തിലും ലോക്കൽ കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എങ്കിലും പിന്നീട് എനിക്ക് സംഘടനാജീവിതത്തിൽ കാര്യമായി തുടരാനായില്ല. 1992‐ൽ യുജിസി യുടെ ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പ് ലഭിച്ചപ്പോൾ ആലുവ യു സി കോളേജ് കേന്ദ്രമാക്കി ഗവേഷണത്തിന് ചേർന്നു.

ബെർലിനിലുള്ള മാർക്‌സിന്റെയും എംഗൽസിന്റെയും ശിൽപ്പങ്ങൾ

ബെർലിനിലുള്ള മാർക്‌സിന്റെയും എംഗൽസിന്റെയും ശിൽപ്പങ്ങൾ

അധ്യാപനവും ഗവേഷണവും ആയതോടെ സംഘടനാപ്രവർത്തനത്തിന് സമയം കിട്ടാത്ത സ്ഥിതിയായി. അടുത്ത സമ്മേളനത്തിന് മുമ്പുതന്നെ ഞാൻ പ്രത്യേകം അപേക്ഷ നൽകി ലോക്കൽ കമ്മിറ്റിയിൽനിന്ന് പാർടിയുടെ പ്രാഥമിക അംഗത്വത്തിലേക്ക് വഴിമാറി. വിദ്യാർഥി പ്രസ്ഥാനത്തിലും പാർടിയിലുമായി ഒരു പതിറ്റാണ്ടോളം നീണ്ട സജീവമായ സംഘടനാജീവിതത്തിന് അതോടെ വിരാമമായി. ഒരു പതിറ്റാണ്ടു നീണ്ട ആ സംഘടനാ പ്രവർത്തനകാലമാണ് ജീവിതത്തെ പച്ചമണ്ണിലേക്ക് കൊണ്ടുവരുന്നതിൽ വലിയ പങ്കുവഹിച്ചത്. ജീവിതയാത്രകളിൽ ഉഴറുന്ന എണ്ണമറ്റ മനുഷ്യരുമായുള്ള നിത്യസമ്പർക്കങ്ങൾ, നിസ്സഹായതയുടെ ആൾരൂപങ്ങൾ പോലെ ഓഫീസുകളിൽ കാണുന്നവർ. അവരുടെ യാതനകളെ സ്വന്തം പ്രയാസമെന്നോണം കണ്ട് അതിനറുതി വരുത്താൻ തങ്ങളാലാകും വിധം പണിപ്പെടുന്നവർ.

ചെറുതും വലുതുമായ സമരമുഖങ്ങൾ, ധർണകൾ, ജാഥകൾ, കമ്മിറ്റികൾ, പ്രസംഗങ്ങൾ... എല്ലാം വലിയ പരിശീലനക്കളരിയായിരുന്നു. കമ്മിറ്റികളിലെ അതിദീർഘമായ ചർച്ചകൾ ചിലപ്പോൾ മടുപ്പിക്കുമായിരുന്നു. എങ്കിലും നാട്ടിലെ മനുഷ്യജീവിത പ്രയാസങ്ങൾ മുതൽ ആഗോള രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ വരെ തെളിഞ്ഞുകിട്ടുന്നതിന് വഴി തുറന്നുതന്നത് ആ അവസാനമില്ലാത്ത ചർച്ചകളാണ്. സാമൂഹികമാധ്യമങ്ങളിൽ ഇപ്പോൾ ധാരാളമായി പ്രത്യക്ഷപ്പെടുന്ന മധ്യവർഗ 'വിപ്ലവകാരികൾ' കരുതുന്നതുപോലെ യാഥാർഥ്യത്തിന്റെ ലോകം കറുപ്പും വെളുപ്പുമായി വകതിരിഞ്ഞുനിൽക്കുകയല്ല എന്ന തിരിച്ചറിവ് പരുഷമായ ആ ജീവിതയാഥാർഥ്യങ്ങളുമായുള്ള മുഖാമുഖങ്ങളിൽനിന്നാണ് കൈവന്നത്.
പങ്കുചേരുന്ന സമരങ്ങളിൽ പലതും വിജയിക്കാനിടയില്ല എന്ന അനുഭവബോധ്യമുണ്ടായതും അങ്ങനെയാണ്. പരാജയപ്പെട്ടാലും തുടരേണ്ടതാണ് സമരങ്ങൾ എന്ന അറിവും അത് കൈമുതലായി തന്നു.

ഫോട്ടോ-വിഷ്ണുരാജ് തുവയൂർ

ഫോട്ടോ-വിഷ്ണുരാജ് തുവയൂർ

'സമരങ്ങളില്ലാത്ത ജീവിതം വസന്തങ്ങളില്ലാത്ത ഋതുക്കളെപ്പോലെയാണെ'ന്ന ഖലീൽ ജിബ്രാന്റെ വാക്കുകൾ, അതിന്റെ കാവ്യാത്മകഭംഗിയ്‌ക്കപ്പുറം കയ്പുനിറഞ്ഞ ജീവിതയാഥാർഥ്യം കൂടിയാണെന്ന് അക്കാലം പഠിപ്പിച്ചു. ബസ്സ്റ്റാൻഡിലെ സിമന്റ് ബഞ്ചിലും പാർടി ഓഫീസിലെ മേശപ്പുറത്തും കടലാസ് വിരിച്ചും അല്ലാതെയും ഉറങ്ങാൻ പഠിച്ചു. ജാഥകളിൽ താളത്തിന് മുദ്രാവാക്യം വിളിക്കാനും വിളിച്ചുകൊടുക്കാനും പരിശീലിച്ചു. മനുഷ്യരോട് സംസാരിക്കുമ്പോൾ അവരിലൊരാളായിരിക്കണമെന്ന വലിയ പാഠം പഠിച്ചതും അക്കാലത്താണ്. പാണ്ഡിത്യമോ ഉദ്ധതഭാവമോ അല്ല, ഒത്തുചേരുന്ന മനുഷ്യരോടുള്ള സാഹോദര്യഭാവമാണ് പ്രസംഗത്തിന്റെ ഫലപ്രാപ്തിയുടെ ആധാരമെന്ന് തിരിച്ചറിഞ്ഞതും അങ്ങനെയാണ്. എത്രയോ സാധാരണവും എണ്ണമറ്റ മനുഷ്യർ കടന്നുപോയിട്ടുള്ളതുമായ അനുഭവലോകങ്ങൾ തന്നെയായിരുന്നു എന്റേതും എങ്കിലും പിൽക്കാലത്തേക്കുള്ള വലിയ ജീവിതനിക്ഷേപങ്ങളാണ് അവയെന്ന് അതിലൂടെ കടന്നുപോകുമ്പോൾ ഞാൻ മനസ്സിലാക്കിയിരുന്നില്ല.

നാട്ടിലെ പാർടി പ്രവർത്തനകാലം ഹൈന്ദവവർഗീയശക്തികളുമായി മുഖാമുഖം നിൽക്കേണ്ടി വന്ന കാലമാണ്. ഹിന്ദുത്വരാഷ്ട്രീയവുമായുള്ള ഏറ്റുമുട്ടലുകൾ തുടങ്ങിയതും അവിടെവച്ചാണ്. എൺപതുകളുടെ അവസാനം. വർഗീയവാദത്തിന്റെ തേരുകൾ ഉരുണ്ടുതുടങ്ങിയ കാലം. രഥയാത്ര, ബാബ്റി മസ്ജിദ് തകർക്കൽ, പടർന്നുപിടിക്കുന്ന വർഗീയകലാപങ്ങൾ... എല്ലാം എന്റെ നാട്ടിലും അനുരണനങ്ങൾ ഉണ്ടാക്കുന്നുണ്ടായിരുന്നു. ഹിന്ദുത്വരാഷ്ട്രീയത്തിനും അതിന്റെ സംഘടിതരൂപങ്ങൾക്കും അന്നും ഇന്നും സാമാന്യം ശക്തിയുള്ള പ്രദേശമാണ് എന്റേത്.  എൺപതുകളുടെ അവസാനവും തൊണ്ണൂറുകളുടെ ആദ്യവുമായി നാട്ടിൽ ഹൈന്ദവവർഗീയശക്തികളുമായി പല സംഘർഷങ്ങളുമുണ്ടായി. നാട്ടിലെ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ടുണ്ടായ കലഹം അൽപ്പം രൂക്ഷസ്വഭാവമുള്ളതായിരുന്നു. സംഘർഷത്തിൽ പരിക്കേറ്റ് ചിലരെല്ലാം ആശുപത്രിയിലായി. ഞങ്ങളിൽ പലരേയും ലക്ഷ്യമിട്ടുകൊണ്ടുള്ള കൊലവിളി ജാഥകളൊക്കെ അരങ്ങേറി.

കാൾ മാർക്‌സ്‌. ഒരു പെയിന്റിങ്

കാൾ മാർക്‌സ്‌. ഒരു പെയിന്റിങ്

നാട്ടിലേക്കുള്ള അവസാനബസ്സിലാണ് ഞാൻ മിക്കദിവസങ്ങളിലും വീട്ടിലെത്താറുള്ളത്. ഒരു ദിവസം വൈകുന്നേരം നാട്ടിലുണ്ടായ സംഘർഷത്തിന് പകരം വീട്ടാൻ എതിരാളികൾ ആ രാത്രി ബസ് തടഞ്ഞ് പരിശോധന നടത്തി. ഭാഗ്യവശാൽ ഞാനന്ന് ആ ബസ്സിലുണ്ടായിരുന്നില്ല. കണ്ണൂരിൽനിന്ന് ഞങ്ങളുടെ നാട്ടിൽ വന്ന് താമസമാക്കിയ കൃഷ്ണൻ ചേട്ടനായിരുന്നു അന്ന് ഡ്രൈവറായി ബസ്സിലുണ്ടായിരുന്നത്. അടിയുറച്ച സഖാവായിരുന്നു അടുത്തിടെ വിടവാങ്ങിയ കൃഷ്ണൻ ചേട്ടൻ. 'സുനിലന്ന് ബസ്സിലുണ്ടായിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നു?' എന്ന് താൻ നടുക്കത്തോടെ ഓർത്തിട്ടുണ്ടെന്ന് കൃഷ്ണൻ ചേട്ടൻ പിന്നീട് പലതവണ എന്നോടു പറഞ്ഞു. 'ഒരുകാര്യം എനിക്കുറപ്പുണ്ടായിരുന്നു. എന്നെ വീഴ്ത്തിയിട്ടേ അവർക്ക് സഖാവിനെ തൊടാൻ കഴിയുമായിരുന്നുള്ളൂ. അത്രയേ എനിക്ക് കഴിയൂ.' അത്യഗാധമായ സ്നേഹത്തോടെ എന്റെ കൈ പിടിച്ചുകൊണ്ട് കൃഷ്ണൻ ചേട്ടൻ തൊണ്ടയിടറി പറഞ്ഞത് ജീവിതാന്ത്യം വരെ എനിക്കൊപ്പമുണ്ടാവും.

നെരൂദ

നെരൂദ

സഖാവ് എന്ന വാക്കിന്റെ അനുഭവമൂല്യമെന്തെന്ന് ഞാൻ നേരിട്ടറിഞ്ഞ സന്ദർഭമായിരുന്നു അത്. അങ്ങനെ എത്രയോ സഖാക്കളുടെ കരുതലിലാണ് ജീവിതം ഇവിടെവരെയെത്തിയത്. പിൽക്കാലത്ത് വ്യക്തിപരമായി ആക്രമിക്കപ്പെട്ട ഓരോ സന്ദർഭത്തിലും അറിയുന്നവരും അറിയാത്തവരുമായ എണ്ണമറ്റ മനുഷ്യർ കൂടെയുണ്ടായിരുന്നു. 'അറിയപ്പെടാത്ത മനുഷ്യരുമായി നീ എന്നെ സാഹോദര്യത്തിലാഴ്ത്തി' എന്ന് നെരൂദ എഴുതിയത് കവിത മാത്രമല്ലെന്ന് ഞാനറിഞ്ഞതങ്ങിനെയാണ്.

 പൊതുജീവിതത്തിലെ രാഷ്ട്രീയസംഘർഷങ്ങൾക്ക് വിദ്യാഭ്യാസജീവിതത്തിലും ചില തുടർച്ചകളുണ്ടായിരുന്നു. വിദ്യാർഥി സംഘടനാപ്രവർത്തനത്തിന്റെ ഭാഗമായും ചില സംഘർഷങ്ങളിൽ ചെന്നുപെടാനിടയായി. വിദ്യാർഥി ജീവിതകാലത്ത് പൊതുവെ സംയമനത്തിന്റെ വഴിയിലൂടെയാണ് ഞാൻ നീങ്ങിയിരുന്നത്. ഇതര സംഘടനാപ്രവർത്തകരുമായി നല്ല സൗഹൃദവുമുണ്ടായിരുന്നു. മാല്യങ്കര കോളേജിലെ വിദ്യാഭ്യാസകാലത്ത് ഇന്നത്തെ പ്രമുഖ ചലച്ചിത്രതാരമായ സലിംകുമാർ അവിടെയുണ്ട്. രാഷ്ട്രീയമായി എതിർചേരിയിലായിരുന്നുവെങ്കിലും ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു. എന്നാൽ അപൂർവം സന്ദർഭങ്ങളിൽ കാര്യങ്ങൾ വഴുതിപ്പോയി. മാഗസിൻ പ്രകാശനവുമായി ബന്ധപ്പെട്ട ഒരു തർക്കത്തെത്തുടർന്നുണ്ടായ സംഘർഷത്തിൽ തോളെല്ലിന് പരിക്കേറ്റ് ഞാൻ ആശുപത്രിയിലായി. അന്ന് നാട്ടിലും പറവൂരുമൊക്കെ സഖാക്കൾ വലിയ പ്രതിഷേധമുയർത്തി.

പിന്നീട് ശബരിമല പ്രശ്നം ഉയർന്നുവന്നപ്പോഴും മറ്റും പലതരം ഭീഷണികളുണ്ടായി. സഖാക്കളുടെ അചഞ്ചലമായ പിന്തുണയാലാണ് അപ്പോഴെല്ലാം ഉറച്ചുനിന്നത്. ആ തുണയില്ലായിരുന്നുവെങ്കിൽ നിഷ്ഫലമാകുമായിരുന്ന സമരങ്ങളായിരുന്നു അവയെല്ലാം. ഹൈന്ദവവർഗീയതക്കെതിരായ പ്രതിരോധശ്രമങ്ങളായി എന്റെ പിൽക്കാലജീവിതം മാറിത്തീർന്നതിന് ഈ കാലത്തിന് വലിയ പങ്കുണ്ട് എന്ന് തോന്നുന്നു. അക്കാദമിക ജ്ഞാനത്തിന്റെ അലങ്കാരവാക്യങ്ങൾ കൊണ്ടുമാത്രം ചെറുക്കാവുന്ന ഒന്നല്ല അതെന്ന ബോധ്യവും കൈവന്നതങ്ങനെയാണ്. കാൽനൂറ്റാണ്ടോളമായി അക്കാദമികജീവിതമാണ് നയിക്കുന്നതെങ്കിലും കേവലമായ അക്കാദമിക് താൽപ്പര്യങ്ങൾ എന്നെ കാര്യമായി ആകർഷിച്ചിട്ടില്ല. തെരുവിലെ സമരമുഖങ്ങളിൽനിന്ന് അകന്നുനിൽക്കാതിരിക്കാനുള്ള ഒരു വലിയ പരിശീലനം ആ ആദ്യകാലം നൽകി.

ചെറുതും വലുതുമായ ദൈനംദിന സമരങ്ങളോട് പണ്ഡിതോചിതമായ അകലം പാലിക്കുകയും, സ്വന്തം തടിക്കു കൊള്ളാത്ത തത്വങ്ങൾ പറഞ്ഞ് സുരക്ഷിതലോകത്ത് ജീവിക്കുകയും ചെയ്യുന്ന കേവല ബൗദ്ധികതയിൽ നിന്ന് എന്നെ രക്ഷിച്ചത് ആ സംഘടനാജീവിതമാണ്. പിൽക്കാല ജീവിതത്തിലെ ഏറ്റവും വലിയ നീക്കിയിരിപ്പായി മാറിയതും അതുതന്നെ. ജീവിതപാഠശാലയിലെ ഈ പഠനങ്ങളിൽനിന്നാണ് മാർക്സിസത്തെ ഞാനറിഞ്ഞത്. പിൽക്കാലത്തെ മാർക്സിസ്റ്റ് വായനയിലും പഠനങ്ങളിലുമെല്ലാം ആ ജീവിതപാഠങ്ങൾ തുണനിന്നു; ഇപ്പോഴും നിൽക്കുന്നു.

 രണ്ട്

 മാർക്സിസ്റ്റ് ചിന്തയും രാഷ്ട്രീയവുമായുള്ള അഭിമുഖീകരണങ്ങൾ എന്നെ സംബന്ധിച്ചിടത്തോളം ഏറിയപങ്കും സംവാദാത്മകമായിരുന്നു.

അൾത്യൂസർ

അൾത്യൂസർ

വിദ്യാർഥിജീവിതകാലത്തുതന്നെ പഠനക്ലാസ്സുകൾ വഴി മാർക്സിസ്റ്റ് ദർശനത്തെക്കുറിച്ച് കുറെയൊക്കെ മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു. വൈരുധ്യവാദവും ചരിത്രപരമായ ഭൗതികവാദവുമെല്ലാം, അവയുടെ പ്രാഥമികരൂപത്തിൽ, അക്കാലത്ത് തിരിച്ചറിഞ്ഞിരുന്നു. മാർക്സിന്റെ ചിന്താജീവിതത്തിന്റെ സങ്കീർണതയോ ഒന്നര നൂറ്റാണ്ട് പിന്നിട്ട ചരിത്രജീവിതത്തിനിടയിൽ മാർക്സിസത്തിനുണ്ടായ ഉൾപ്പിരിവുകളോ  അതിലെ സംഘർഷങ്ങളോ ഒന്നും അക്കാലത്ത് മനസ്സിലായിരുന്നില്ല.

അൾത്യൂസർ, ഗ്രാംഷി, തുടങ്ങിയ പേരുകൾ അപ്പോഴേക്കും പരിചയത്തിൽ വന്നിരുന്നു. അവരുടെ ആശയപ്രപഞ്ചത്തെക്കുറിക്കുന്ന പ്രത്യയശാസ്ത്രം, സാമാന്യബോധം, അധീശത്വം, ജൈവബുദ്ധിജീവികൾ തുടങ്ങിയ ചില സങ്കല്പനങ്ങളും. എങ്കിലും അവയേയോ അവ മുന്നോട്ടുവയ്ക്കുന്ന ചിന്താപരമായ വ്യതിരിക്തതകളേയോ കുറിച്ച് കാര്യമായ ധാരണയുണ്ടായിരുന്നില്ല. അതിബൃഹത്തായ മാർക്സിസ്റ്റ് ദാർശനിക‐രാഷ്ട്രീയ പാരമ്പര്യത്തിന്റെ ഭാഗങ്ങൾ എന്ന നിലയിലേ അതൊക്കെ മനസ്സിലാക്കിയിരുന്നുള്ളൂ.

വാൾട്ടർ ബഞ്ചമിൻ

വാൾട്ടർ ബഞ്ചമിൻ

 മഹാരാജാസ് വിദ്യാഭ്യാസം കഴിഞ്ഞ് പാരലൽ കോളേജിലെ അധ്യാപനവും ദേശാഭിമാനിയിലെ സബ് എഡിറ്റർ ജോലിയുമൊക്കെയായി കഴിയുന്ന കാലത്താണ് മാർക്സിസത്തെക്കുറിച്ച് കൂടുതൽ ആഴത്തിൽ പഠിക്കാൻ തുടങ്ങിയത്. പല പുസ്തകങ്ങളും അന്ന് ലഭിച്ചു. കടുത്ത മാർക്സിസ്റ്റ് വിരുദ്ധനായിരുന്നുവെങ്കിലും കൊളക്കോവ്സ്കിയുടെ മാർക്സിസത്തിലെ മുഖ്യധാരകൾ ((Main Currents of Marxism) എന്ന ഗ്രന്ഥവുമായി പരിചയപ്പെടാനിടയായത് അക്കാലത്താണ്. ടോം ബോട്ടോമോർ എഡിറ്റ് ചെയ്ത മാർക്സിസ്റ്റ് ചിന്താനിഘണ്ടു (Dictionary of Marxist Thoughts ) നൽകിയ വെളിച്ചവും ചെറുതായിരുന്നില്ല. സങ്കൽപ്പനപരമായ സൂക്ഷ്മതകൊണ്ടും ചരിത്രപരമായ സമീപനംകൊണ്ടും സമൃദ്ധമായ ഒരു ഗ്രന്ഥമാണത്. സോവിയറ്റ് മാർക്സിസത്തിന്റെ വീക്ഷണഗതികൾക്കപ്പുറത്ത് ലോകമാർക്സിസത്തിന്റെ ഗതിഭേദങ്ങൾ പലതും തിരിച്ചറിയാനിടവന്നത് അങ്ങനെയാണ്.

നവമാർക്സിസ്റ്റ് പാരമ്പര്യത്തിന്റെ സവിശേഷതകളും ആദ്യകാല മാർക്സിൽനിന്ന് അവർ ഉണ്ടാക്കിയെടുത്ത മാനവവാദപരമായ സമീപനത്തിന്റെ സവിശേഷതകളും തൊണ്ണൂറുകളിൽ പതുക്കെ തിരിച്ചറിഞ്ഞുതുടങ്ങി. ഉത്തരാധുനികത കൊടിയേറിനിൽക്കുന്ന കാലമായിരുന്നു അത്.  മാർക്സിസത്തെ പടിഞ്ഞാറൻ ആധുനികതയുടെ ബൃഹദ് വ്യവഹാരത്തിൽ ഉൾപ്പെടുത്തുന്നത് ചരിത്രപരമായും സൈദ്ധാന്തികമായും ശരിയല്ല എന്നതിൽ എനിക്കപ്പോഴേക്കും വ്യക്തത വന്നിരുന്നു. വൈരുധ്യാത്മക വിചിന്തനത്തിന് കേവലഭൗതികവാദത്തിൽ നിന്നും യുക്തിവാദത്തിൽനിന്നുമുള്ള അകലം അതിനകം എനിക്കു തെളിഞ്ഞുകിട്ടിയിരുന്നു. എന്നാൽ ഉത്തരാധുനിക മാർക്സിസ്റ്റുകളും (സൈദ്ധാന്തികമായും രാഷ്ട്രീയമായും അതൊരു വിചിത്രസംയോഗമാണ്!) അക്കാദമിക മാർക്സിസ്റ്റുകളും കൈക്കൊണ്ട സമീപനങ്ങളും എനിക്ക് സ്വീകാര്യമായി തോന്നിയില്ല.

പടിഞ്ഞാറൻ തത്വശാസ്ത്രത്തിന്റെ, പ്രത്യേകിച്ച് ജർമൻ ആശയവാദത്തിന്റെ ധ്യാനാത്മകമായ ചിന്താപാരമ്പര്യത്തിൽ മാർക്സിസത്തെ കൊണ്ടുചെന്നുകെട്ടാനാണ് ഫ്രാങ്ക്‌ഫർട്ട് സ്കൂളുകാരും നവമാർക്സിസ്റ്റുകളും ശ്രമിക്കുന്നതെന്നു തോന്നി. (അന്യവത്കരണത്തെ മുൻനിർത്തിയുള്ള നവമാർക്സിസ്റ്റുകളുടെ വിശദീകരണങ്ങൾ അക്കാലത്ത് വലിയ ആകർഷണമായി തോന്നിയിരുന്നു. പിൽക്കാലത്ത് അത് വലിയതോതിൽ കുറയുകയും ചെയ്തു).  മാർക്യൂസും മറ്റും തന്ന ഉൾക്കാഴ്ചകൾ വിലപിടിച്ചതാണെന്ന് തിരിച്ചറിയുമ്പോൾ തന്നെ, സംഘടനാപരമായ രാഷ്ട്രീയ ഇടപെടലുകളോട് അതിനുണ്ടായിരുന്ന അകലം തെളിഞ്ഞുകിട്ടാൻ തുടങ്ങി.

പി ജി

പി ജി

 1996‐98 കാലത്തായിരുന്നു ദേശാഭിമാനിയിലെ പത്രജീവിതം. രണ്ടുവർഷത്തിലധികം വരുന്ന പത്രജീവിതകാലത്തുടനീളം കൊച്ചി ഡസ്കിലാണ് ഞാൻ പ്രവർത്തിച്ചത്. കൊച്ചി ദേശാഭിമാനിയിൽ സാമാന്യം വിപുലമായ ഒരു ശേഖരമുണ്ട്. പി ജി പത്രാധിപരായിരുന്ന കാലത്തിന്റെ നീക്കിബാക്കി. എസ് എസ് പ്രാവേറിന്റെ മാർക്സും ലോകസാഹിത്യവും (Marx and World Literature), ജി അധികാരി തയ്യാറാക്കിയ കമ്യൂണിസ്റ്റ് പാർടി രേഖകൾ, ഗ്രാംഷിയുടെ ജയിൽക്കുറിപ്പുകൾ, അൾത്യൂസറിന്റെ ലെനിനും തത്ത്വചിന്തയും ഇതൊക്കെ കാണാനും കുറെയൊക്കെ വായിക്കാനും ഇടകിട്ടിയത് അങ്ങനെയാണ്.

പി ജി യെപ്പോലെ അതുല്യനായ ഒരു മാർക്സിസ്റ്റ് ചിന്തകന്റെയും വായനക്കാരന്റെയും കയ്യൊപ്പ് പതിഞ്ഞ ഗ്രന്ഥശേഖരമായിരുന്നതിനാൽ അത് തുറന്നുതന്ന ലോകം വളരെ വലുതായിരുന്നു. കൊച്ചി ഡസ്കിലുണ്ടായിരുന്ന രണ്ടുവർഷവും ഞാൻ ആ ഗ്രന്ഥശേഖരം കുറെയൊക്കെ ഉപയോഗപ്പെടുത്തിയിരുന്നു. അങ്ങനെ, സാധാരണനിലയിൽ വായിക്കാനിടയില്ലാത്ത ഒട്ടനവധി മാർക്സിസ്റ്റ് ചിന്തകരുടെ വിചാരലോകവുമായുള്ള പ്രാഥമിക പരിചയങ്ങൾ പലതും കൈവന്നു. മാർക്സിസത്തെക്കുറിച്ച് ഞാൻ കൊണ്ടുനടക്കുന്ന ഔപചാരികധാരണകൾ പലതും തിരുത്തേണ്ടതാണെന്ന ബോധ്യം ശക്തിപ്പെടുകയും ചെയ്തു.

1999‐ൽ സംസ്കൃതസർവകലാശാലയിൽ അധ്യാപകനായി ചേർന്നതോടെ മാർക്സിസ്റ്റ് പഠനത്തിന്റെ ഗതി മാറി. സർവകലാശാലയിലെ ഗ്രന്ഥശേഖരത്തിൽ മാർക്സിസ്റ്റ് ക്ലാസിക്കുകളുടെയും പഠനങ്ങളുടെയും സാമാന്യം നല്ല ശേഖരമുണ്ട്. സോവിയറ്റ് മാർക്സിസത്തിന്റെ പിടിമുറുക്കമുള്ള ഗ്രന്ഥങ്ങളാണ് അക്കാലംവരെ ഞാൻ വായിച്ചതിലേറെയും.

ഗ്രാംഷി

ഗ്രാംഷി

മാർക്സിസത്തെ ശാസ്ത്രവാദത്തോടും യുക്തിവാദത്തോടുമെല്ലാം സമീകരിക്കുന്ന വീക്ഷണങ്ങൾ പലതിലും പ്രബലമായിരുന്നു. സോവിയറ്റ് പതനത്തിനുശേഷമുള്ള കാലത്തെ വായനകൾ അവയെക്കുറിച്ച് ഗൗരവപൂർണമായ സംശയങ്ങളും വിമർശനങ്ങളും എന്നിലുളവാക്കിയിരുന്നുതാനും. പടിഞ്ഞാറൻ ആധുനികതയുടെ ബൃഹദാഖ്യാനത്തിന്റെ അനുബന്ധം മാത്രമായി മാർക്സിസത്തെ പരിഗണിച്ച് ഇതിനെയപ്പാടെ തള്ളിപ്പറയുന്ന ഉത്തരാധുനിക ഫാഷനുകൾ ഒട്ടും ആദരണീയമായി തോന്നിയില്ല.

പടിഞ്ഞാറൻ തത്വശാസ്ത്രപാരമ്പര്യത്തിലേക്ക് മാർക്സിനെ സംഗ്രഹിക്കാനും എംഗൽസും ലെനിനും ഉൾപ്പെടെയുള്ളവരെ മാർക്സിൽനിന്നും അടർത്തിമാറ്റി അവതരിപ്പിക്കാനുമുള്ള ശ്രമങ്ങളെല്ലാം മാർക്സിനോടും മാർക്സിസത്തോടുമുള്ള അനീതിയായാണ് അനുഭവപ്പെട്ടത്. 'തത്വചിന്തകർ ലോകത്തെ വ്യാഖ്യാനിക്കുകയാണ് ചെയ്തത്, ആവശ്യം അതിനെ മാറ്റിത്തീർക്കലാണ്' എന്ന അടിസ്ഥാനപ്രമാണത്തെ നിരസിക്കുന്ന ഒരു വ്യാഖ്യാനവും മാർക്സിസത്തോട് ചേർന്നുപോകുന്നതായി എനിക്ക് തോന്നിയിട്ടില്ല. ഫൊയർബാഖ് തീസിസിലെ പതിനൊന്നാം തീസിസായി മാർക്സ് എഴുതിച്ചേർത്ത ഈയൊരു വാക്യം മാർക്സിസത്തിന്റെ വൈരുധ്യാത്മക സമീപനത്തേയും ഭൗതികവാദത്തേയും സംഗ്രഹിക്കുന്ന ഒന്നായാണ് അന്നും ഇന്നും ഞാൻ കരുതുന്നത്. അക്കാദമിക‐നവമാർക്സിസം പലപ്പോഴും ഈ ഊന്നലിനെ കയ്യൊഴിയുന്നതായും തോന്നി.

പ്രൊഫ. കെ എൻ പണിക്കർ

പ്രൊഫ. കെ എൻ പണിക്കർ

ഉത്തരാധുനിക മാർക്സിസ്റ്റുകൾ മാർക്സിസത്തെ സ്വത്വവാദപരമായി വിശദീകരിക്കാൻ ശ്രമിച്ചത് ഒട്ടുമേ സ്വീകാര്യമായി തോന്നിയില്ല. അതേസമയം തന്നെ സോവിയറ്റ് മാർക്സിസത്തിന്റെ യാന്ത്രികതയോടുള്ള വിമർശനം ഏറിവരികയും ചെയ്തു.

  ഇത്തരമൊരു സന്ദിഗ്ധതയുടെ നടുവിലാണ് മാർക്സിസ്റ്റ് ക്ലാസിക്കുകളുടെ വായനയിലേക്ക് തിരിഞ്ഞത്. 2000 ഡിസംബറിൽ പ്രൊഫസർ കെ എൻ പണിക്കർ സർവകലാശാലയുടെ വൈസ് ചാൻസലറായി വന്നു. അദ്ദേഹത്തിന്റെ അക്കാദമിക‐ധൈഷണിക നേതൃത്വം സർവകലാശാലയ്ക്കും വലിയ ഊർജമാണ് പകർന്നത്. മാർക്സിസ്റ്റ് ക്ലാസ്സിക്കുകളുടെ വായനയ്ക്കായുള്ള ചെറിയൊരു കൂട്ടായ്മ അക്കാലത്ത് സർവകലാശാലയിലുണ്ടായി. ടി വി മധു, പി പവിത്രൻ, കെ എം ഷീബ, എൻ അജയകുമാർ എന്നിങ്ങനെ ചില അധ്യാപകരും ചുരുക്കം ഗവേഷകരും ഉൾപ്പെട്ട ഒരു കൂട്ടായ്മ.

ടി വി മധു

ടി വി മധു

മാർക്സിനെ മൂലഗ്രന്ഥങ്ങളിൽനിന്നുതന്നെ മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെ അടിസ്ഥാന ഗ്രന്ഥങ്ങൾ വായിക്കാൻ തുടങ്ങി.

1844‐ൽ മാർക്സ് രചിച്ചതും, 1920‐കളിൽ മാത്രം ലോകത്തിന്റെ ശ്രദ്ധയിൽ വന്നതുമായ സാമ്പത്തിക തത്വശാസ്ത്രക്കുറിപ്പുകളാണ് (Economic and Philosophic Manuscripts) ആദ്യം വായനക്കെടുത്തത്. അതിൽ തുടങ്ങാം എന്നു നിർദ്ദേശിച്ചത് പവിത്രനാണ്. അൽപ്പം ചില കൂട്ടിയിരിപ്പുകൾക്കുശേഷം അത് നിലച്ചുപോയി. എങ്കിലും എനിക്കതൊരു വലിയ പ്രേരണയായി. ദ്വിതീയഗ്രന്ഥങ്ങൾക്കൊപ്പം മാർക്സിസ്റ്റ് ക്ലാസിക്കുകളും വായിക്കാനുള്ള വിപുലവും ദീർഘവുമായ ശ്രമം തുടങ്ങിയത് അങ്ങനെയാണ്.

പ്രൊഫ. കെ എൻ പണിക്കർ വൈസ് ചാൻസലറായിരുന്ന കാലത്ത് യൂണിവേഴ്സിറ്റി ലൈബ്രറിയിൽ പുസ്തകങ്ങൾ വാങ്ങാൻ ചില പുതിയ ക്രമീകരണങ്ങൾ കൊണ്ടുവന്നിരുന്നു. വാങ്ങേണ്ട പുസ്തകങ്ങളുടെ വിവരം അധ്യാപകർക്ക് വ്യക്തിപരമായി നൽകാൻ അനുവാദം നൽകുന്നതായിരുന്നു അതിലൊന്ന്. ആ സന്ദർഭം ഉപയോഗപ്പെടുത്തി മാർക്സ്‐എംഗൽസ് രചനകൾ അമ്പത് വാല്യങ്ങളായി പ്രസിദ്ധീകരിച്ചിട്ടുള്ളത് വാങ്ങണമെന്ന ഒരാവശ്യം മലയാളവിഭാഗം വഴി ഞാൻ സമർപ്പിച്ചു.

പി പവിത്രൻ

പി പവിത്രൻ

പ്രോഗ്രസ്സ് പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ചുതുടങ്ങിയ പരമ്പരയായിരുന്നു അത്. സോവിയറ്റ് പതനത്തെത്തുടർന്ന് ഇംഗ്ലണ്ടിലെ ലോറൻസ് ആന്റ് വിഷാർട്ട് എന്ന പ്രസാധന സംരംഭമാണ് അത് പൂർത്തിയാക്കിയത്. മാർക്സിന്റെയും എംഗൽസിന്റെയും പ്രധാനപ്പെട്ട രചനകളെല്ലാം ഉൾപ്പെട്ട ആ ഗ്രന്ഥസമുച്ചയം 2004‐ലോ മറ്റോ സർവകലാശാലയിലെത്തി.

ഞങ്ങളുടെ മാർക്സ് വായന നടക്കുന്ന കാലമായിരുന്നു അത്. അതിന്റെകൂടി ആവേശത്തിൽ മാർക്സ്‐എംഗൽസ് സമാഹൃത കൃതികളിലൂടെ ഞാൻ വെറുതെ കടന്നുപോയി. ജൂതപ്രശ്നം പോലുള്ള കാൾ മാർക്സിന്റെ ആദ്യകാല കൃതികളുമായി പരിചയപ്പെടാൻ ഇടകിട്ടിയത് അങ്ങനെയാണ്. മൂലധനവും ഗ്രുൺഡ്രിസ്സും ഉൾപ്പെടെ വായിക്കാനുള്ള ശ്രമവും ഇക്കാലത്ത് നടത്തി. അതൊട്ടും എളുപ്പമായിരുന്നില്ല. എല്ലാദിവസവും എട്ടുപത്തു പേജുകൾ വായിക്കുക എന്നതായിരുന്നു ക്രമം. വായിച്ചതിൽ പലതും വ്യക്തമായതുമില്ല. പ്രത്യേകിച്ചും ഗ്രുൺഡ്രിസ്സ്. എങ്കിലും വായിച്ചു തീർക്കണം എന്നൊരു നിർബന്ധത്തോടുകൂടി അതിലൂടെ കടന്നുപോയി. രണ്ടുവർഷത്തോളം സമയമെടുത്താണെങ്കിലും, പലതും മനസ്സിലായില്ലെങ്കിലും, അവ വായിച്ചുതീർക്കാനായി എന്നത് സന്തോഷം നൽകിയ കാര്യമായിരുന്നു.

മാർക്സ്‐എംഗൽസ് രചനകളുടെ പ്രസിദ്ധീകരണ ചരിത്രം പ്രധാനപ്പെട്ട ഒരു കാര്യമാണെന്ന് ഞാൻ മനസ്സിലാക്കിയത് അക്കാലത്താണ്. ആദ്യകാലത്തെയും അവസാനകാലത്തെയും മാർക്സിന്റെ രചനകൾ പലതും 1930കളിലും 70 കളിലുമൊക്കെയാണ് വെളിച്ചം കണ്ടത്. രണ്ടാം ലോകയുദ്ധത്തിന്റെ സവിശേഷ സാഹചര്യം അവയുടെ മൗലികപ്രാധാന്യം തിരിച്ചറിയുന്നതിന് തടസ്സമായിട്ടുണ്ട്. 1870‐കൾക്കുശേഷം റഷ്യയെയും കോളനിരാജ്യങ്ങളെയും കുറിച്ചുള്ള മാർക്സിന്റെ ചിന്തയും സവിശേഷ പ്രാധാന്യമുള്ളതായിരുന്നു. മാർക്സിന്റെ ജനവംശപഠനങ്ങൾ (Ethnological Note books) ലോകത്തിന്റെ പരിഗണനയിൽ എത്തിയത് 1970‐കളോടെയാണ്. കെവിൻ ആൻഡേഴ്സണെപ്പോലുള്ള പണ്ഡിതർ അരികുകളിലെ മാർക്സ് (Marx at the Margins) പോലുള്ള പഠനങ്ങളിലൂടെ അതിന്റെ സവിശേഷ പ്രാധാന്യം വിശദീകരിച്ചത് പിന്നെയും ഏറെക്കഴിഞ്ഞാണ്.

മാർക്സിന്റെ ചിന്താജീവിതത്തിന്റെ ഗതിഭേദങ്ങൾ ലോകത്തിന്റെ ശ്രദ്ധയിൽപ്പെടുന്നതിനെ ഈ കാലവിളംബം തടസ്സപ്പെടുത്തിയിട്ടുണ്ട്. സോവിയറ്റ് മാർക്സിസത്തിന്റെ ലക്ഷ്യവാദപരവും യാന്ത്രികവുമായ വീക്ഷണം മാർക്സിനോട് നീതിപുലർത്തുന്നില്ല എന്ന കാര്യം ഇതിൽനിന്നെല്ലാം കൂടുതൽ വ്യക്തമായി.

 (മാർക്സ്‐എംഗൽസ് സമ്പൂർണകൃതികൾ ആംസ്റ്റർഡാമിലെ സോഷ്യൽ സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ പ്രസിദ്ധീകരിക്കാനുള്ള ശ്രമം നടന്നുവരികയാണ്. 114 വാല്യങ്ങളായി ആസൂത്രണം ചെയ്തിരിക്കുന്ന ആ ബൃഹദ് ഗ്രന്ഥപരമ്പര 2030‐ൽ പൂർത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സമീർ അമീൻ

സമീർ അമീൻ

ഇപ്പോൾ 67‐ലധികം വാല്യങ്ങൾ ഇതിനകം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടത്രേ.  ലണ്ടൻ യാത്രയ്‌ക്കിടെ മാർക്സ് ലൈബ്രറിയിൽ അതു കാണാൻ അവസരം ലഭിച്ചത് ഏറെ ആഹ്ലാദം പകർന്ന കാര്യമായിരുന്നു. എത്രവാല്യങ്ങൾ ഇതുവരെ പ്രസിദ്ധീകരിച്ചു എന്ന് ലൈബ്രറി ചുമതലയുള്ള സഖാവിനോട് ഞാൻ ചോദിച്ചു. അദ്ദേഹത്തിന് അതിൽ വ്യക്തതയില്ലായിരുന്നു).

 മാർക്സിന്റെ ചിന്താജീവിതത്തെ പലനിലകളിൽ അടുത്തുകാണാൻ കുറെയൊക്കെ കഴിഞ്ഞതോടെ അതേക്കുറിച്ചുള്ള യാന്ത്രികധാരണകളോട് അടിസ്ഥാനപരമായി വിയോജിക്കേണ്ടതുണ്ട് എന്നെനിക്കു വ്യക്തമായി. മാർക്സ് പടിഞ്ഞാറൻ ആധുനികതയുടെയും വ്യവസായിക നാഗരികതയുടെയും പരിപ്രേഷ്യത്തിനുള്ളിൽ ഒതുങ്ങുന്ന ഒരാളല്ലെന്ന ബോധ്യം കൂടുതൽ ദൃഢമായി. മാർക്സിന്റെ

മുതലാളിത്തവിമർശനത്തെ പടിഞ്ഞാറൻ ആധുനികതാവിമർശനവുമായി ചേർത്തുവച്ച് മനസ്സിലാക്കണം എന്ന കാഴ്ചപ്പാടാണ് എനിക്കുണ്ടായിരുന്നത്. സമീർ അമീനെപ്പോലുള്ള മാർക്സിസ്റ്റ് ചിന്തകർ ഇക്കാര്യം ഊന്നിപ്പറയുന്നുണ്ടായിരുന്നു. പടിഞ്ഞാറൻ ആധുനികത മുതലാളിത്ത ആധുനികതകൂടിയാണെന്നും അതുകൊണ്ട് മുതലാളിത്തവിമർശനത്തെ ആധുനികതാവിമർശനം കൂടിയായി മനസ്സിലാക്കണമെന്നുമുള്ള ബോധ്യത്തിലേക്ക് ഞാനെത്തിച്ചേർന്നതങ്ങനെയാണ്.

ഈയൊരു നിലപാടിൽ അടിയുറപ്പിച്ചുകൊണ്ടാണ് മാർക്സിസത്തെ മുൻനിർത്തിയുള്ള ലേഖനങ്ങൾ ഞാനെഴുതിയതും പ്രഭാഷണങ്ങൾ നടത്തിയതും. ആ ലേഖനങ്ങളും പഠനങ്ങളും ചേർത്ത് 2013‐ൽ 'വീണ്ടെടുപ്പുകൾ: മാർക്സിസവും ആധുനികതാ വിമർശനവും' എന്നൊരു ഗ്രന്ഥം പ്രസിദ്ധീകരിച്ചു. സഖാവ് എം എ ബേബി പറവൂരിൽ വച്ച് അത് പ്രകാശനം ചെയ്തു. ശാസ്ത്രസാഹിത്യപരിഷത്താണ് അത് പുറത്തുകൊണ്ടുവന്നത്.

എം എ ബേബി

എം എ ബേബി

സമീപനപരമായ വ്യത്യസ്തതകൊണ്ടും പരിഷത്തിന്റെ സംഘാടന മികവുകൊണ്ടും അത് സാമാന്യം ശ്രദ്ധിക്കപ്പെട്ടു. ധാരാളം ചർച്ചകളും എതിർവാദങ്ങളുമെല്ലാം ഉണ്ടാവുകയും ചെയ്തു. പിന്നീട് 2018‐ൽ 'അലയടിക്കുന്ന വാക്ക്' എന്ന പേരിൽ മാർക്സിസത്തെക്കുറിച്ചുള്ള പഠനങ്ങളുടെ മറ്റൊരു സമാഹാരം ഡി സി ബുക്സ് വഴിയും പുറത്തുവന്നു.

 2018‐ൽ മാർക്സിന്റെ 200‐ാം ജന്മവാർഷികം മുൻനിർത്തി കോഴിക്കോടും കൊച്ചിയിലുമെല്ലാം നടത്തിയ പ്രഭാഷണ പരമ്പര 'മാർക്സിസത്തിന്റെ സമകാലികത' എന്ന പേരിൽ കോഴിക്കോട്ടെ ഐ ബുക്സ് 2020‐ൽ പുറത്തുകൊണ്ടുവന്നു. ഏറ്റവുമൊടുവിൽ എംഗൽസിന്റെ 200‐ാം ജന്മവാർഷികം മുൻനിർത്തി മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ പരമ്പര 'െഫ്രഡറിക് എംഗൽസ്: സാഹോദര്യഭാവനയുടെ വിപ്ലവമൂല്യം' എന്ന പേരിൽ ഈ വർഷം മാതൃഭൂമി ബുക്സ് തന്നെ പ്രസിദ്ധീകരിച്ചു.

കേരള നിയമസഭാ സ്പീക്കർ എം ബി രാജേഷാണ് പിയേഴ്സൺ മാഷിന് നൽകി അത് പ്രകാശനം ചെയ്തത്. മാർക്സും എംഗൽസും രണ്ട് പാരമ്പര്യങ്ങളാണെന്ന അക്കാദമിക്‐ഉത്തരാധുനിക മാർക്സിസ്റ്റുകളുടെ നിലപാടിലെ പൊള്ളത്തരം തുറന്നുകാട്ടാനാണ് ഞാനതിൽ മുഖ്യമായി ശ്രമിച്ചത്. മാർക്സിന്റെ നിഴലിലേക്ക് സ്വയം ഒതുങ്ങിനിന്ന എംഗൽസിന്റെ മൗലികത എത്ര വലുതായിരുന്നു എന്ന് വിശദീകരിക്കാനും.

 തിരിഞ്ഞുനോക്കുമ്പോൾ ഒരു പതിറ്റാണ്ടിനിടയിൽ നാലുപുസ്തകങ്ങൾ മാർക്സിനെയും മാർക്സിസത്തെയും മുൻനിർത്തി എഴുതാനായി എന്നത് സന്തോഷം തരുന്നുണ്ട്; ഈ വഴിയിൽ ഇനിയും ചിലതെല്ലാം എഴുതാനും പറയാനും ബാക്കിയുണ്ട്. എന്റെ ആലോചനകൾക്കും രാഷ്ട്രീയത്തിനും മാർക്സിസം എത്ര വലിയ ആധാരശിലയായിരുന്നെന്ന് അതെന്നോടുതന്നെ പറയുന്നുണ്ട്; 'ഇവിടെ നിൻവാക്കുറങ്ങാതിരിക്കുന്നു' എന്ന വരിയുടെ ചെറിയൊരടയാളമാണ് എന്റെ ജീവിതമെന്നും.

(ദേശാഭിമാനി വാരികയിൽ നിന്ന്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top