19 May Thursday

പ്രദീപൻ എന്ന തഥാഗതൻ...സുനിൽ പി ഇളയിടത്തിന്റെ പംക്തി ഏഴാം ഭാഗം

സുനിൽ പി ഇളയിടംUpdated: Friday Dec 10, 2021

പ്രദീപൻ പാമ്പിരികുന്ന്‌

താനൊരു സർവകലാശാലാ അധ്യാപകനാണെന്ന്, എഴുത്തുകാരനോ ധൈഷണികനോ ആണെന്ന്, ഓർമപ്പെടുത്താത്തവിധത്തിലാണ് പ്രദീപൻ ജീവിച്ചത്. ഏകാന്തതയിൽ  അഭിരമിച്ചില്ല. അയാളുടെ ലോകവും ജീവിതവും മനുഷ്യർക്കിടയിലായിരുന്നു. എന്തായിരുന്നു അയാൾ ബാക്കിവച്ചത്? ഉന്നതമായ ധൈഷണികതയും, അനന്യമായ സർഗാത്മകതയുമാണോ? അത്രതന്നെ വിലപിടിച്ചതായിരുന്നു ആ മാനവികതയും തുറസ്സും.  വിടവാങ്ങിയിട്ട് അഞ്ചുവർഷമാകുന്ന ആത്മമിത്രം പ്രദീപൻ പാമ്പിരികുന്നിനെ ഓർക്കുന്നു....

സുനിൽ പി  ഇളയിടം

സുനിൽ പി ഇളയിടം

2016 ഡിസംബർ 8ന് വൈകുന്നേരം ഇരുട്ടുവീണുതുടങ്ങിയപ്പോഴാണ് പ്രദീപൻ വിടവാങ്ങിയ വിവരം എത്തിയത്. ഏഴു മണി കഴിഞ്ഞിട്ടുണ്ടാവണം. ഞാൻ വീട്ടിലെ കിടപ്പുമുറിയിൽ വെറുതെ കിടക്കുകയായിരുന്നു. സുഹൃത്തുക്കളിലാരോ ആണ് അക്കാര്യം വിളിച്ചറിയിച്ചത്. ജീവിതത്തിനും മരണത്തിനും ഇടയിലെ നൂൽപ്പാലത്തിലൂടെയുള്ള പ്രദീപന്റെ യാത്ര അപ്പോഴേക്കും ഒരാഴ്ച പിന്നിട്ടിരുന്നു. ഡിസംബർ ഒന്നിന് വൈകുന്നേരമാണ് ഒരു റോഡപകടത്തിൽ പെട്ട് പ്രദീപൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. പരിക്ക് ഗുരുതരമായിരുന്നു. പിന്നീടുള്ള ഒരാഴ്ചക്കാലം എണ്ണമറ്റ മനുഷ്യരുടെ ഒരേയൊരു മോഹം പ്രദീപന്റെ തിരിച്ചുവരവായിരുന്നു. ആ പ്രത്യാശകൾക്കു മുകളിൽ ഡിസംബർ എട്ടിന് വൈകുന്നേരത്തോടെ കാലം കരിമ്പടം വിരിച്ചു.

സംസ്കാരചടങ്ങുകൾ പിറ്റേന്ന് ഉച്ചയ്ക്കാണെന്ന് വൈകാതെ വിവരം ലഭിച്ചു. രാവിലെ പുറപ്പെടാം എന്നു വിചാരിച്ച് ഞാൻ വെറുതെ കിടന്നു. ഓർമകൾ കാലപ്രവാഹം പോലെ മനസ്സിലൂടെ കടന്നുപോയി. പല സന്ദർഭങ്ങൾ, പല പ്രകാരങ്ങൾ. എല്ലാത്തിലും പ്രദീപൻ പകർന്നുതന്ന ആഹ്ലാദത്തിന്റെയും സ്നേഹത്തിന്റെയും നിറപ്പകിട്ടുണ്ടായിരുന്നു. ഒരാഴ്ചയ്ക്കിടയിൽ മൂന്നു തവണ ഞാൻ കോഴിക്കോട് പോയിരുന്നു. തനിച്ചും സുഹൃത്തുക്കൾക്കൊപ്പവും. മെഡിക്കൽ കോളേജിലെ ഇന്റൻസീവ് കെയർ യൂണിറ്റിനു മുന്നിൽ സുഹൃത്തുക്കൾക്കൊപ്പം കുറെനേരം നിന്ന് വൈകുന്നേരം മടങ്ങും. ആ യാത്രകൾ ഓരോന്നും പുറപ്പെട്ടത് പ്രത്യാശയിലേക്കായിരുന്നു. എങ്കിലും ഓരോ തവണയും അവ ചെന്നുചേർന്നത് ഇരുട്ടിലേക്കാണ്. പ്രദീപന്റെ സ്ഥിതി പ്രയാസകരമാവുന്നു എന്ന വാർത്തയാണ് ആ യാത്രകൾ പകർന്നുതന്നത്. എങ്കിലും ഒരത്ഭുതം സംഭവിച്ചേക്കും എന്ന് ഞങ്ങൾ വെറുതെ മോഹിച്ചുകൊണ്ടിരുന്നു.  പക്ഷേ, അതുണ്ടായില്ല. ഡിസംബർ 8ന് പ്രദീപൻ അവസാനയാത്ര പുറപ്പെട്ടു.

പ്രദീപൻ പാമ്പിരികുന്ന്‌

പ്രദീപൻ പാമ്പിരികുന്ന്‌

കോഴിക്കോട്ടേക്ക് രാവിലെ പുറപ്പെടാം എന്ന് തീരുമാനിച്ചുവെങ്കിലും എന്തുകൊണ്ടോ സ്വസ്ഥമായി ഇരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ഓർമകളുടെ പല പ്രകാരങ്ങൾ അലയടിച്ചുകൊണ്ടേയിരുന്നു. എട്ടുമണിയായപ്പോഴേക്കും അപ്പോൾത്തന്നെ യാത്ര പുറപ്പെടാം എന്നു ഞാൻ തീരുമാനിച്ചു. എന്തിനെന്ന് നിശ്ചയമുണ്ടായിരുന്നില്ല. അർധരാത്രി കഴിഞ്ഞ് കോഴിക്കോട് എത്തിയതുകൊണ്ട് കാര്യമൊന്നുമില്ലായിരുന്നുതാനും. എങ്കിലും വീട്ടിലിരിക്കാൻ കഴിഞ്ഞില്ല. ഞാൻ കണ്ട ഏറ്റവും മഹിമയുറ്റ മനുഷ്യരിലൊരാൾ യാത്രയാവുകയാണെന്ന ബോധം എന്നെ വലയം ചെയ്തിരുന്നു. അല്പം ഭക്ഷണം കഴിച്ച് ഞാൻ ബൈക്കിൽ ആലുവയ്ക്ക് പുറപ്പെട്ടു.

ആലുവയിൽ നിന്ന് തൃശ്ശൂരിലേക്കുള്ള ബസ്സിൽ കയറിയപ്പോൾ രാധാകൃഷ്ണൻ ഇളയിടത്തിനെ വിളിച്ചു. കാലടിയിൽ ഞങ്ങളുടെ വിദ്യാർഥിയായിരുന്ന രാധാകൃഷ്ണൻ അന്ന് കോഴിക്കോട് കോളേജ് അധ്യാപകനാണ്. രാധാകൃഷ്ണൻ ബസ്സ്റ്റാന്റിൽ എത്താം എന്നു പറഞ്ഞു. തൃശ്ശൂരിൽ നിന്നും രാത്രി പതിനൊന്നോടെയാണ് കോഴിക്കോട്ടേക്ക് ബസ്‌ കിട്ടിയത്. കെ എസ് ആർ ടി സി ബസ്സിലെ സീറ്റുകളിലൊന്നിൽ, അടച്ചിട്ട ഷട്ടറിൽ തലചാരി ഇരുന്നു. ബസ്സിലെ മങ്ങിയ വെളിച്ചത്തിൽ, ഉണർവിനും ഉറക്കത്തിനും ഇടയിലൂടെ പ്രദീപനൊപ്പം യാത്ര ചെയ്തു.
രണ്ടുമണിയോടെ കോഴിക്കോട് ചെന്നിറങ്ങുമ്പോൾ രാധാകൃഷ്ണൻ കാത്തുനിൽക്കുന്നുണ്ടായിരുന്നു. എവിടേക്കു പോകണം എന്ന് ഞങ്ങൾക്ക് നിശ്ചയമില്ലായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. ആ സമയത്ത് അവിടെ ആരെയെങ്കിലും കാണാൻ പ്രയാസമാകും എന്നു തോന്നി. പ്രദീപന്റെ വീട്ടിലേക്കു പോകാം എന്നു പറഞ്ഞ് ഞാൻ രാധാകൃഷ്ണന്റെ സ്കൂട്ടറിനു പിന്നിലിരുന്നു. നഗരകേന്ദ്രത്തിൽ കോഴിക്കോട്ടെ രാത്രികൾക്ക് ഉറക്കമില്ല. അല്പം കഴിഞ്ഞതോടെ നിശ്ശബ്ദമായി. ഇരുട്ടും ഏറി വന്നു. അതിനു നടുവിലൂടെ രാധാകൃഷ്ണൻ ഏറെ വേഗവും ശബ്ദവുമില്ലാതെ സ്കൂട്ടർ ഓടിച്ചു.

ഇരുപത് ഇരുപത്തിയഞ്ച് മിനിറ്റുകൾ കൊണ്ട് ഞങ്ങൾ പ്രദീപന്റെ വീട്ടിലെത്തി. വഴിയിൽ മരണവീട്ടിലേക്കുള്ള വഴിയറിയിക്കുന്ന ചില ലൈറ്റുകൾ. കുറെയകലെ സ്കൂട്ടർ നിർത്തി ഞാൻ രാധാകൃഷ്ണനൊപ്പം വീട്ടിലേക്കു നടന്നു. അപ്പോഴേക്കും മൂന്നുമണിയായിട്ടുണ്ടാവണം. എത്രയോ വട്ടം പ്രദീപനോടൊപ്പമിരുന്ന് പലതും പറഞ്ഞ് ചിരിച്ച പൂമുഖം. മരണം അതിനെ കനത്ത മൗനത്തിൽ ആഴ്ത്തിയിരിക്കുന്നു. വീടിനുള്ളിലും പുറത്തും വെളിച്ചമുണ്ട്. ആളുകൾ മയങ്ങുകയാവാം. ഞാനാ പൂമുഖത്ത് കയറി അരികിലെ ചാരുപടിയിൽ കുറെ നേരം വെറുതെയിരുന്നു. പ്രദീപനോട് എന്തൊക്കെയോ പറഞ്ഞു. ഓർമകളുടെ പൂമരം വിടർന്നുനിൽക്കുകയായിരുന്നു. ഇനി അങ്ങനെയൊരിരിപ്പിന് പ്രദീപൻ ഇല്ല. ആ പൂക്കാലത്തിന് വിരാമമായി.

പത്തുപതിനഞ്ചു മിനിറ്റ് ഞങ്ങൾ നിശ്ശബ്ദരായി അവിടെയിരുന്നു. പിന്നീട് മടങ്ങി; ആരോടും പറയാതെ. ജീവിതത്തിൽ നിന്നുള്ള പ്രദീപന്റെ യാത്രയെന്നപോലെയല്ലോ എന്ന് മടക്കത്തിനിടയിൽ മനസ്സിലോർത്തു. പുലരാറായപ്പോൾ രാധാകൃഷ്ണനൊപ്പം വീട്ടിൽ എത്തി. കുളികഴിഞ്ഞ് രണ്ടുമൂന്നു മണിക്കൂർ അവിടെ കിടന്നുറങ്ങി. എട്ടുമണിക്കു മുൻപ് പ്രദീപന്റെ വീട്ടിലേക്ക് തിരിച്ചു.
ഞങ്ങൾ ചെല്ലുമ്പോൾ അവസാനയാത്രക്കായി പ്രദീപൻ എത്തിയിരുന്നില്ല. മെഡിക്കൽ കോളേജിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കുറെയേറെ സുഹൃത്തുക്കൾ അവിടെയായിരുന്നു. ഞാൻ ആശുപത്രിയിലേക്ക് പോകാതെ വീട്ടിൽത്തന്നെ നിന്നു. പലയിടങ്ങളിൽ നിന്നായി മനുഷ്യർ വന്നുകൊണ്ടേയിരുന്നു. ഞാനറിയുന്നവരും അറിയാത്തവരും. സർവകലാശാലാ പ്രൊഫസർമാർ മുതൽ തെരുവ് കച്ചവടക്കാർ വരെയുള്ള എണ്ണമറ്റ മനുഷ്യർ. അവരിൽ ചിലരെങ്കിലും പ്രദീപനെ അപ്പോൾ ആദ്യമായി കാണുകയായിരുന്നു.

വായിച്ചും ഫോണിൽ സംസാരിച്ചുമുള്ള കേവലപരിചയം പോലും ഒരുപാടു പേരെ അവിടെയെത്തിച്ചു. ജീവിതത്തിന്റെ എല്ലാ തുറകളിൽ നിന്നുമുള്ള മനുഷ്യർ. പ്രദീപനുമായുള്ള ദൃശ്യവും അദൃശ്യവുമായ സ്നേഹബന്ധത്താൽ കൂട്ടിയിണക്കപ്പെട്ടവർ. തമ്മിലറിയുന്നവരും അറിയാത്തവരും. അവർ ആ വീട്ടുമുറ്റത്ത് തലതാഴ്ത്തി നിന്നു. വന്നുമടങ്ങുന്നവരെ നോക്കി ഞാനൊരരികത്ത് നിന്നു. എത്രയോ പേരുടെയെന്നപോലെ എന്റെ ജീവിതത്തിലും പ്രകാശത്തിന്റെ ഒരു നാളം അണയുകയായിരുന്നു.

കോഴിക്കോട് മെഡിക്കൽ കോളേജിലെ ഇന്റൻസീവ് കെയർ യൂണിറ്റിൽ പ്രദീപൻ അബോധാവസ്ഥയിൽ കഴിയുന്ന സമയത്ത് കേരളത്തിലെമ്പാടും നിന്നുള്ള സുഹൃത്തുക്കൾ അവിടെ എത്തിയിരുന്നു. മെഡിക്കൽ കോളേജിന്റെ മുറ്റത്തും, പുറത്ത് വഴിവക്കിലും മറ്റുമായി അവർ മൗനം പൂണ്ടുനിന്നു. ചിലപ്പോൾ മാത്രം തമ്മിലെന്തെങ്കിലും പറഞ്ഞു. ആ കൂട്ടത്തിൽ ഒരാഴ്ച മുഴുവൻ അവിടെത്തന്നെ കാവൽനിന്ന നിരവധി പേരുണ്ടായിരുന്നു. പ്രദീപനെ ഒറ്റക്ക് വിട്ടുപോകാൻ വയ്യാത്തവർ. രാത്രിയും പകലും അവർ പ്രദീപനെ കാത്ത് ആശുപത്രി വരാന്തയിലിരുന്നു. നാലഞ്ചുവർഷം മുൻപ് രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ കുറവിനെത്തുടർന്നുണ്ടായ ഗുരുതരമായ രോഗാവസ്ഥയിൽ നിന്ന് ജീവിതത്തിലേക്ക് മടങ്ങിവന്നതുപോലെ, ആ അബോധാവസ്ഥയിൽ നിന്നും പ്രദീപൻ ജീവിതത്തിലേക്ക് മടങ്ങിയെത്തുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. അതിനായി മോഹിച്ചപോലെ അവരിൽ പലരും മറ്റൊന്നിനും മോഹിച്ചുകാണില്ല.

നിരുപാധികമായ സ്നേഹമായിരുന്നു പ്രദീപൻ. ഉറച്ച ബോധ്യങ്ങളും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാൽ ഭിന്നാഭിപ്രായമുള്ളവരെ ശത്രുക്കളായി കാണാൻ അത് പ്രദീപനെ പ്രേരിപ്പിച്ചതേയില്ല.

എല്ലാ മനുഷ്യരിലും സ്നേഹയോഗ്യമായ എന്തെങ്കിലും പ്രദീപൻ കണ്ടെത്തി. അവരുടെ നിലപാടുകളോട് വിയോജിച്ചപ്പോഴും അവരെ സ്നേഹിച്ചു. അതുല്യമായ അറിവിന്റെയും അധ്യാപനവൈഭവത്തിന്റെയും ഉടമയായിരുന്നപ്പോഴും അത് പ്രദീപനെ അല്പം പോലും ഗർവിഷ്ഠനാക്കിയിരുന്നില്ല. ലോകത്തോടും തന്നോടും കളിപറഞ്ഞ് ചിരിക്കാനുള്ള നൈർമല്യം അയാളിൽ എപ്പോഴുമുണ്ടായിരുന്നു. ‘കോപ്പിടും നൃപതി പോലെയും കളിക്കോപ്പെടുത്ത ചെറുപൈതൽ പോലെയും’  എന്ന കവിവാക്യത്തിന്റെ പൂർണജീവിതമായിരുന്നു പ്രദീപൻ. താൻ താണ്ടിയ യാതനകളുടെ ഓർമകൾ ലോകത്തിന്റെ സങ്കടങ്ങളോട് കരുതലും കരുണയും പുലർത്താൻ അയാളെ പ്രാപ്തനാക്കിയിരുന്നു. ‘ശ്രാവസ്തി’ എന്നു പേരിട്ട വീട്ടിലെ സ്വീകരണമുറിയിൽ കരുണയൂറുന്ന മിഴികളുമായി നിലകൊള്ളുന്ന ബുദ്ധശില്പത്തിൽ നിന്ന് പ്രദീപനിലേക്ക് ഒരു തുടർച്ചയുണ്ടായിരുന്നു. അയാളും ഒരു തഥാഗതനായിരുന്നു; പ്രജ്ഞയും കരുണയും!

രണ്ട്‌

നമ്മുടെ കാലത്തെ ഏറ്റവും പൂർണരായ മനുഷ്യരിലൊരാളായിരുന്നു പ്രദീപൻ പാമ്പിരികുന്ന്; ഇക്കാലത്തെ ഏറ്റവും വലിയ ധൈഷണികരിലൊരാളും. സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച പ്രദീപന്റെ ലേഖനങ്ങളുടെ ബൃഹദ്സമാഹാരത്തിന് കെ എം  അനിലും ഞാനും ചേർന്നെഴുതിയ ആമുഖം ഇങ്ങനെയൊരു വാക്യത്തിലാണ് തുടങ്ങുന്നത്. പൂർണത, ധൈഷണികത എന്നിവ ഏതൊരു മനുഷ്യനെ സംബന്ധിച്ചും ആപേക്ഷികമായ അനുഭവമാണ്. ആ ആപേക്ഷികതയ്ക്കുള്ളിലും പ്രദീപൻ പൂർണതയുടെയും ധൈഷണികതയുടെയും സ്വാതന്ത്ര്യത്തിന്റെയും പ്രകാശനം പോലെ ജീവിച്ചു. ഇന്ത്യയിലെ കോടാനുകോടി മനുഷ്യർക്ക് വിഭവാധികാരവും ജ്ഞാനാധികാരവും ജീവിതാധികാരവും നിഷേധിച്ച ബ്രാഹ്മണ്യത്തിനും അതിന്റെ മൂല്യവ്യവസ്ഥക്കും എതിരെ ബുദ്ധൻ മുതൽ അംബേദ്കർ വരെയുള്ളവർ ചൊരിഞ്ഞ വിമർശനാത്മക ചിന്തയുടെ വെളിച്ചത്തിലാണ് പ്രദീപൻ അവിടേക്ക് നടന്നെത്തിയത്.

മാനുഷികമായ സാധ്യതകളുടെ അനവധി പടവുകളിലൂടെ പ്രദീപൻ ഒരേസമയം സഞ്ചരിച്ചു. അയാൾ കേരളത്തിലെ സമുന്നതരായ സാംസ്കാരിക ചിന്തകരിലൊരാളായിരുന്നു. ജാതിയെ കേന്ദ്രമാക്കിക്കൊണ്ടുള്ള വിമർശനാത്മകചിന്തയുടെ മലയാളത്തിലെ ഏറ്റവും സർഗാത്മകമായ ആവിഷ്കാരമായിരുന്നു പ്രദീപന്റെ രചനാലോകം. അതിന് അടിത്തറയൊരുക്കുന്ന അത്യന്തം ബലിഷ്ഠമായ വൈജ്ഞാനികജീവിതം പ്രദീപനുണ്ടായിരുന്നു. അതോടൊപ്പം അയാൾ ക്ലാസ് മുറിയിലെ ഏറ്റവും നല്ല അധ്യാപകനായിരുന്നു, മികച്ച പ്രഭാഷകനായിരുന്നു, ഗായകനും ചിത്രകാരനുമായിരുന്നു, നാടകകൃത്തും നോവലിസ്റ്റുമായിരുന്നു, അഭിനേതാവും സംഗീതജ്ഞനുമായിരുന്നു, തന്റെ കുട്ടികളുടെ കൂട്ടുകാരനായി മാറിയ പിതാവായിരുന്നു, എണ്ണമറ്റ മനുഷ്യരുടെ ജീവിതത്തിൽ സ്നേഹസൗഹൃദങ്ങളുടെ പ്രകാശം പരത്തിയ സുഹൃത്തായിരുന്നു, പുരുഷാധികാരത്തിന്റെ അശ്ലീലം കലർന്ന ബലം ശരീരത്തിലും മനസ്സിലും അല്പംപോലും കൊണ്ടുനടക്കാത്ത അപൂർവം പേരിലൊരാളായിരുന്നു... മനുഷ്യൻ എന്ന പദത്തിന് കൈവരാവുന്ന മഹിമകളെല്ലാം പ്രദീപൻ പാമ്പിരികുന്ന് എന്ന പേരിനു ചുറ്റുമുണ്ടായിരുന്നു.

എപ്പോഴാണ് ഒരാൾ സ്വതന്ത്രനാവുന്നത്? ഈ ചോദ്യത്തിന് മാർക്സ് കൗതുകകരമായ ഒരുത്തരം പറയുന്നുണ്ട്.

കാൾ മാർക്‌സ്‌

കാൾ മാർക്‌സ്‌

ഒരാൾ രാവിലെ ഷേക്സ്പിയർ വായിക്കുകയും പിന്നീട് ചൂണ്ടയിൽ മീൻപിടിക്കുകയും ഉച്ചയ്‌ക്ക് തത്വചിന്തയിൽ ഏർപ്പെടുകയും വൈകുന്നേരം ഗുസ്തിക്ക് പോവുകയും രാത്രി ബിഥോവൻ കേൾക്കുകയുമൊക്കെ ചെയ്യുമ്പോഴാണ് അയാൾക്ക് സ്വാതന്ത്ര്യം കൈവരുന്നത് എന്നർഥം വരുന്ന ഒരുത്തരം. മാനുഷികമായ സാധ്യതകളുടെ സമസ്ത തലങ്ങളിലൂടെയും സഞ്ചരിക്കാനുള്ള കഴിവിനെയാണ് മാർക്സ് സ്വാതന്ത്ര്യം എന്നു വിശേഷിപ്പിച്ചത്. പ്രദീപൻ അത്തരത്തിലൊരു സ്വതന്ത്രമനുഷ്യനായിരുന്നു. മാനുഷികമായ സാധ്യതകളുടെ പല പടവുകളിലൂടെ അയാൾ അനായാസം നടന്നു. സൈദ്ധാന്തികവും സൗന്ദര്യാത്മകവുമായ ആവിഷ്കാരങ്ങൾ അവിടെ അന്യോന്യം വേറിട്ടുനിന്നില്ല. അക്കാദമിക വ്യവഹാരങ്ങൾ മാനുഷികമായ സർഗാത്മകതയുടെ ലോകത്തിനുമേൽ കെട്ടിപ്പൊക്കിയ അതിർവരമ്പുകൾക്കു കുറുകെ പ്രദീപൻ അനായാസം നടന്നുപോയി. അന്യവൽകൃതമല്ലാത്ത ബുദ്ധിജീവിതമായിരുന്നു പ്രദീപന്റേത്. അതിനു പിന്നിൽ, അങ്ങേയറ്റം അഗാധമായ സാമൂഹികതയുടെ അടിപ്പടവുണ്ടായിരുന്നു. അവിടെയാണ് പ്രദീപൻ പാമ്പിരികുന്ന് വേരാഴ്ത്തിനിന്നത്. ജീവിതസാഹചര്യങ്ങളുടെ പരിമിതികളും പരാധീനതകളും പ്രദീപനെ പലപ്പോഴും വലയം ചെയ്തിട്ടുണ്ട്. അവയെയൊക്കെ മറികടന്നുകൊണ്ട് സ്വാതന്ത്ര്യത്തിന്റെയും ധൈഷണികതയുടെയും ഉയർന്ന ആവിഷ്കാരം പോലെ പ്രദീപൻ ജീവിച്ചു; നമ്മുടെ കാലത്തെ പൂർണരായ മനുഷ്യരിലൊരാളായി.

പ്രദീപന്റെ ധൈഷണിക ജീവിതത്തിലേക്ക് നോക്കിയാൽ പരസ്പരം പൂരിപ്പിക്കുന്ന മൂന്നു ഘടകങ്ങൾ അവിടെ കാണാനാവും. ധൈഷണികതയുടെ സുദൃഢലോകമാണ് അതിൽ ആദ്യത്തേത്. ഭൂതകാലത്തിന്റെയോ അനുഭവമാത്രവാദത്തിന്റെയോ തടവുകാരനായി ജീവിക്കുവാൻ പ്രദീപൻ തയ്യാറായില്ല. സ്വാനുഭവങ്ങൾ കൊണ്ടുമാത്രം വിലയിരുത്തപ്പെടേണ്ട ഒന്നല്ല മനുഷ്യജീവിതം എന്ന് അയാൾക്കറിയാമായിരുന്നു. അംബേദ്കറൈറ്റ് ചിന്തയുടെ വെളിച്ചത്തിൽ ഭൂതകാലത്തെയും വർത്തമാനത്തെയും അതിസൂക്ഷ്മമായും സൈദ്ധാന്തികമായും അഭിസംബോധന ചെയ്ത ഒരാളായിരുന്നു പ്രദീപൻ പാമ്പിരികുന്ന്.

അംബേദ്‌കർ

അംബേദ്‌കർ

ആ അഭിമുഖീകരണത്തിന് സമകാലികചിന്തയിലെ ഒട്ടനവധി സജ്ജീകരണങ്ങൾ പ്രദീപൻ ഉപയോഗപ്പെടുത്തുകയും ചെയ്തു. കണിശമായ സൈദ്ധാന്തിക ബോധ്യങ്ങളോടെയും രാഷ്ട്രീയ വ്യക്തതയോടെയും അയാൾ തന്റെ ധൈഷണികജീവിതം നയിച്ചു.

സൈദ്ധാന്തികമായ ഈ ഉണർവിനെ ജീവിതവിമുഖമായ അടഞ്ഞ മണ്ഡലമായി മാറാൻ പ്രദീപൻ അനുവദിച്ചില്ല. ജീവിതത്തിന്റെ വിഭിന്നവിതാനങ്ങളെ പ്രദീപൻ തന്റെ അനുഭവലോകത്തിന് പുറത്തുനിർത്തിയില്ല. കലയും സാഹിത്യവും മുതൽ ശാസ്ത്രവും തത്വവിചാരവും വരെ പ്രദീപന്റെ ധൈഷണിക സാമഗ്രികളായിത്തീർന്നത് അതുകൊണ്ടാണ്. സിദ്ധാന്തബോധത്തെ ചരിത്രനിരപേക്ഷവും കേവലവുമായ ജഡവസ്തുവാക്കി   മാറ്റാൻ പ്രദീപൻ അനുവദിച്ചതേയില്ല. നിരന്തരവും തുറന്നതുമായ സംവാദശേഷി നിലനിർത്തിയ ഒന്നായിരുന്നു പ്രദീപന്റെ ധൈഷണികത. ബഹുശാഖിയായ ജീവിതത്തോട് പുലർത്തിയ ഈ സംവാദശേഷിയാണ് മറ്റുപലതിലും എന്നപോലെ, മലയാളത്തിലെ ഏറ്റവും മികച്ച ചലച്ചിത്രഗാന സംസ്കാരപഠിതാവിന്റെ പദവിയിലേക്കും പ്രദീപനെ കൊണ്ടുപോയത്.

അനന്യമായ ഈ സംവാദശേഷിയുടെ തുടർച്ചയായിരുന്നു പ്രദീപൻ പാമ്പിരികുന്നിന്റെ സർഗാത്മകജീവിതം. കവിതകളിലും ചിത്രങ്ങളിലും നിന്നാരംഭിച്ച് കഥകളും നാടകങ്ങളുമായി വളർന്ന്, മലയാളനോവലിന്റെ ചരിത്രത്തിലെ അനന്യസാന്നിധ്യമായി പരിണമിച്ച ‘എരി’ എന്ന രചന വരെ അത് പടർന്നുകിടക്കുന്നു. സിദ്ധാന്തവിചാരങ്ങളിൽ നിന്ന് സർഗാത്മക രചനകളിലേക്കും അവിടെ നിന്ന് തിരിച്ചും പ്രദീപൻ അനായാസം സഞ്ചരിച്ചു. അനുഭവത്തെയും സിദ്ധാന്തത്തെയും പരസ്പരവിരുദ്ധമായി കാണുന്ന ദ്വന്ദ്വവിചാരത്തെ പ്രദീപൻ ഒട്ടും മാനിച്ചില്ല. ജഡമായ കേവലസൈദ്ധാന്തികതയിൽ കുടുങ്ങാതെ, ഒരേസമയം സർഗാത്മകവും സൈദ്ധാന്തികവുമായ അനുഭവലോകമായി തന്റെ വിചാരജീവിതത്തെ പരിണമിപ്പിക്കുവാൻ പ്രദീപന് കഴിഞ്ഞതും അതുകൊണ്ടാണ്.

പൂത്തുപടർന്ന മരം പോലെ, ബഹുശാഖിയായിരുന്നു പ്രദീപന്റെ ജീവിതം. സൈദ്ധാന്തികത, വിജ്ഞാനവൈപുല്യം, രാഷ്ട്രീയജാഗ്രത, ബഹുശാഖിയായ സർഗാത്മകത, അനന്യവും അത്യുദാരവുമായ മാനവികത എന്നിവയുടെ അപൂർവമായ ഒത്തുചേരൽ. പ്രദീപന്റെ സ്നേഹനിർഭരമായ പെരുമാറ്റത്തിന്റെ ആഴത്തിൽപെട്ടുപോയവർക്ക് അദ്ദേഹത്തിന്റെ വിപുലമായ സൈദ്ധാന്തിക‐ വൈജ്ഞാനിക സജ്ജീകരണങ്ങളുടെ ബലം ഒറ്റനോട്ടത്തിൽ വ്യക്തമാകണമെന്നില്ല. താനൊരു സർവകലാശാലാ അധ്യാപകനാണെന്ന്, എഴുത്തുകാരനോ ധൈഷണികനോ ആണെന്ന്, ഒരാളെയും ഓർമപ്പെടുത്താത്ത വിധത്തിലാണ് പ്രദീപൻ ജീവിച്ചത്. ജലത്തിലെ മീനെന്നപോലെയായിരുന്നു മനുഷ്യർക്കിടയിലെ അയാളുടെ ജീവിതം. ഏകാന്തതയിൽ പ്രദീപൻ അഭിരമിച്ചിരുന്നില്ല. അയാളുടെ ലോകവും ജീവിതവും മനുഷ്യർക്കിടയിലായിരുന്നു. സ്വന്തം അനുഭവങ്ങളുടെ മാത്രം എഴുത്തുകാരനുമായിരുന്നില്ല. ഇന്ത്യൻ സമൂഹത്തെയും സംസ്കാരത്തെയും കുറിച്ചുള്ള സൈദ്ധാന്തികവും ചരിത്രപരവുമായ ആഴമേറിയ ധാരണയിൽ നിന്നാണ് പ്രദീപൻ എഴുതുകയും പറയുകയും ചെയ്തത്. അവ അത്രമേൽ ആഴത്തിലുള്ളവയായിരുന്നു എന്നതുകൊണ്ട് പ്രദീപന്റെ എഴുത്തിന്റെ ഉപരിതലത്തിൽ ഈ സൈദ്ധാന്തിക‐ചരിത്രബോധ്യങ്ങൾ പ്രകടമായി ഇടംപിടിച്ചിരുന്നില്ല എന്നുമാത്രം.

ദളിത് വൈജ്ഞാനികതയുടെ പരിപ്രേക്ഷ്യവും അതു നൽകിയ വിമർശനാവബോധവുമാണ് പ്രദീപന്റെ വിചാരജീവിതത്തിന്റെ അടിത്തറ. താൻ ഇടപെട്ട സമസ്തമേഖലകളെയും ഈ വിമർശനാവബോധത്തിന്റെ സൂക്ഷ്മപ്രകാശനങ്ങളാക്കാൻ പ്രദീപന് കഴിഞ്ഞിരുന്നു.  ഓരോ സന്ദർഭത്തിലും ബ്രാഹ്മണ്യത്തിന്റെ രാഷ്ട്രീയ അബോധത്തെ പുറത്തുകൊണ്ടുവരുകയും വിമർശനാത്മകമായി മറികടക്കുകയും ചെയ്തു. ഇതേ അളവിൽ സൂക്ഷ്മവും സർഗാത്മകവുമായ പുനർവായനകൾ നമ്മുടെ കാലത്ത് ഒട്ടും സാധാരണമല്ല.

ദളിത് വൈജ്ഞാനികതയുടെ പരിപ്രേക്ഷ്യവും അതു നൽകിയ വിമർശനാവബോധവുമാണ് പ്രദീപന്റെ വിചാരജീവിതത്തിന്റെ അടിത്തറ. താൻ ഇടപെട്ട സമസ്ത മേഖലകളെയും ഈ വിമർശനാവബോധത്തിന്റെ സൂക്ഷ്മപ്രകാശനങ്ങളാക്കാൻ പ്രദീപന് കഴിഞ്ഞിരുന്നു. നമ്മുടെ വൈജ്ഞാനിക‐ സർഗാത്മക വ്യവഹാരത്തിന്റെ ഓരോ പടവിലുമുള്ള വ്യവസ്ഥാപിതധാരണകളെ പലനിലകളിൽ പുനഃപരിശോധിക്കുന്നതും തിരുത്തുന്നതും മറികടക്കുന്നതുമായിരുന്നു ഇത്. വ്യാകരണവ്യവസ്ഥ മുതൽ കർണാടക സംഗീതത്തിലെ രാഗപദ്ധതി വരെയും, തകഴിയുടെ നോവൽപ്രപഞ്ചം മുതൽ ചലച്ചിത്രസംഗീതത്തിന്റെ പരിണാമഭേദങ്ങൾ വരെയുമുള്ള കാര്യങ്ങളെ പ്രദീപൻ ഇത്തരമൊരു നോട്ടത്തിന്റെ വിഷയമാക്കി. ഓരോ സന്ദർഭത്തിലും ബ്രാഹ്മണ്യത്തിന്റെ രാഷ്ട്രീയ അബോധത്തെ പുറത്തുകൊണ്ടുവരുകയും വിമർശനാത്മകമായി മറികടക്കുകയും ചെയ്തു. ഇതേ അളവിൽ സൂക്ഷ്മവും സർഗാത്മകവുമായ പുനർവായനകൾ നമ്മുടെ കാലത്ത് ഒട്ടും സാധാരണമല്ല.

പ്രദീപൻ പാമ്പിരികുന്നിന്റെ ജീവിതകാലത്ത് പ്രസിദ്ധീകൃതമായ അഞ്ച് പുസ്തകങ്ങളിലേക്കും ഒരു വിവർത്തനത്തിലേക്കും നോക്കിയാൽ അസാധാരണമായ ഈ സൈദ്ധാന്തിക‐ വൈജ്ഞാനിക ബലവും അത് പ്രദീപന് നൽകിയ സർഗാത്മകമായ തുറസ്സും വ്യക്തമായി കാണാൻ കഴിയും. 'സവർണമുഖ്യധാര നിശ്ശബ്ദമാക്കിത്തീർത്ത ദളിത് ജ്ഞാനസൗന്ദര്യ വ്യവഹാരങ്ങളെ സമൂഹത്തിന്റെ സാംസ്കാരിക മൂലധനമാക്കി മാറ്റുകയാണ് ദളിത് സാംസ്കാരികപ്രവർത്തനത്തിന്റെ കടമ' എന്ന കണിശമായ ബോധ്യം പ്രദീപനുണ്ടായിരുന്നു. ആ ബോധ്യം പുലർത്തിക്കൊണ്ടുതന്നെ ഘടകർപ്പരകാവ്യം പോലൊരു സംസ്കൃത രചനക്ക് മലയാള പരിഭാഷ തയ്യാറാക്കാനും പ്രദീപൻ തയ്യാറായി. ഘടകർപ്പരകാവ്യം പരിഭാഷക്കെഴുതിയ ആമുഖത്തിൽ മാപ്പിളപ്പാട്ടിന്റെ ഭാഷയിൽ അതൊരു കത്തുപാട്ടാണെന്ന് താരതമ്യപ്പെടുത്താൻ പ്രദീപൻ മുതിരുന്നുണ്ട്. അഭിനവഗുപ്തൻ വ്യാഖ്യാനമെഴുതിയിട്ടും നമ്മുടെ പാരമ്പരാഗത പാണ്ഡിത്യം അതിനെ ശ്രദ്ധിക്കാതെപോയതിനു പിന്നിലെ ജ്ഞാനാടിമത്തത്തെ പ്രദീപൻ വിമർശനവിധേയമാക്കുന്നുണ്ട്. കാളിദാസന്റേത് എന്നു കരുതപ്പെടുന്ന ഒരു സംസ്കൃതകാവ്യം വിവർത്തനം ചെയ്യാനും അതിനെ മുൻനിർത്തി സംസ്കൃത സാഹിത്യചരിത്രത്തിലെ ചില വിടവുകളെ പൊതുസംവാദത്തിലേക്ക് ഉയർത്തിക്കൊണ്ടുവരാനും പ്രദീപൻ നടത്തിയ ശ്രമം സമാനതകളില്ലാത്തതാണ്. സാന്ദർഭിക പരാമർശങ്ങൾക്കപ്പുറം, മലയാളത്തിൽ ആ കാവ്യത്തെക്കുറിച്ചുള്ള ആദ്യത്തെ വിപുലമായ പഠനം പ്രദീപന്റേതാവണം.

കേരളത്തിലെ ദളിത്ജനതയുടെ നിമഗ്നചരിത്രത്തെ ഒരു അനുഭവപ്രപഞ്ചമായി പുനഃസൃഷ്ടിക്കാനുള്ള വലിയ ശ്രമമാണ് പ്രദീപന്റെ ‘എരി’ എന്ന നോവൽ.

താൻ ആഗ്രഹിച്ചതുപോലെ അത് പൂർത്തീകരിക്കാൻ പ്രദീപന് കഴിഞ്ഞോ എന്നു സംശയമാണ്. അപ്പോഴും, പ്രാഥമികരൂപത്തിൽത്തന്നെ അത് ഒരു ബദൽചരിത്രത്തിന്റെ ഭാവനാഭൂപടമായി നിലകൊള്ളുന്നു. മിത്തുകളും ഐതിഹ്യങ്ങളും പുരാവൃത്തങ്ങളും ചരിത്രവും ആചാരാനുഷ്ഠാനങ്ങളുമെല്ലാം കീഴാളചരിത്രത്തിന്റെ ഘനീകൃതസ്ഥാനം പോലെ 'എരി'യിലേക്ക് ഒത്തുചേരുന്ന ഒരു വലിയ ഭാവനാമണ്ഡലം ആ നോവലിലുണ്ട്. ദമനം ചെയ്യപ്പെട്ട അനുഭവ ലോകങ്ങളെ അനുഭൂതികളുടെ മേഖലയിലേക്ക് പുനരാനയിക്കണം എന്ന പ്രദീപന്റെ ബോധ്യത്തിന്റെ ആവിഷ്കാരം കൂടിയാണത്. സൈദ്ധാന്തികവും വൈജ്ഞാനികവുമായ ഉണർവിനെ അനുഭൂതികളുടെയും സൗന്ദര്യാത്മകതയുടെയും മറുപുറമായി കാണാത്ത സമഗ്രതാ ദർശനത്തിന്റെ ആവിഷ്ക്കാരം. നമ്മുടെ ധൈഷണികലോകത്ത് അത്രമേൽ സാധാരണമല്ലാത്ത ഒത്തിണക്കമാണത്. പ്രദീപൻ പാമ്പിരികുന്ന് ആ ഒത്തിണക്കത്തിന്റെ കൂടി പേരായിരുന്നു.

മൂന്ന്‌

കൊയിലാണ്ടിയിലെ ജീവിതകാലമാണ് പ്രദീപനുമായുള്ള എന്റെ ബന്ധത്തിന് ആഴം നൽകിയത്. അതിനു മുൻപേ പ്രദീപനെ ഞാൻ പരിചയപ്പെട്ടിരുന്നു, 1998‐ൽ സർവകലാശാലയിലെ അധ്യാപകജീവിതം ആരംഭിച്ച കാലത്തുതന്നെ. തുടക്കത്തിൽ തിരൂരിലെ പ്രാദേശിക കേന്ദ്രത്തിലായിരുന്നു പ്രദീപൻ പ്രവർത്തിച്ചിരുന്നത്. അവിടെ സെമിനാറുകൾക്കും മറ്റും പോകുന്ന വേളയിൽ പ്രദീപൻ താമസിച്ചിരുന്ന വാടകവീട്ടിൽ പോയതിന്റെ മങ്ങിയ ഓർമകൾ ഇപ്പോഴുമുണ്ട്. പിന്നീട് പ്രദീപൻ കാലടിയിൽ വരുമ്പോഴൊക്കെ ഞങ്ങൾ തമ്മിൽ കണ്ടു. ആരെയും ആകർഷിക്കുന്ന ജീവിതോത്സാഹം പ്രദീപനിൽ എപ്പോഴുമുണ്ടായിരുന്നു. ഫലിതങ്ങളും നാട്ടുകഥകളും നിറഞ്ഞതായിരുന്നു പ്രദീപന്റെ സംഭാഷണം. ലോകത്തോടും ചുറ്റുമുള്ള മനുഷ്യരോടും അല്പംപോലും വിദ്വേഷമില്ലാത്ത ഒന്ന്. തന്റെ ഫലിതങ്ങളിൽ കഥാപാത്രങ്ങളായി വരുന്നവരെയും പ്രദീപൻ സ്നേഹത്തോടെ തന്നെ കണ്ടു. അവരെ അയാൾ പരിഹസിച്ചിരുന്നില്ല. പ്രദീപൻ കന്മഷം തൊട്ടുതീണ്ടാത്ത ഒരാളായിരുന്നു.

 ഒരു മനുഷ്യൻ എന്ന നിലയിൽ പ്രദീപന്റെ മഹിമയുടെ ആധാരം അദ്ദേഹം ലോകത്തോടു പുലർത്തിയിരുന്ന നിരുപാധികമായ സ്നേഹമാണെന്ന് എനിക്ക്‌ പലപ്പോഴും തോന്നിയിട്ടുണ്ട്. പ്രദീപന്റെ സ്നേഹം അദ്ദേഹത്തിന്റെ പ്രകൃതത്തിലെ സ്ഥായീഭാവമായിരുന്നു. അത് സവിശേഷ സന്ദർഭങ്ങളിൽ എടുത്തണിയുന്ന ഒന്നായിരുന്നില്ല. തന്നെ സ്നേഹിക്കുന്നവരെ മാത്രമല്ല പ്രദീപൻ സ്നേഹിച്ചത്. അയാൾ ലോകത്തിന് മുഴുവൻ നിരുപാധികമായി സ്നേഹം പകർന്നു. ‘നിന്നെ സ്നേഹിക്കുന്നവരെ നീ സ്നേഹിക്കുന്നതിൽ എന്താണർഥം? അത് ചുങ്കക്കാരും ചെയ്യുന്നില്ലയോ?’ എന്ന പഴയ ചോദ്യം പ്രദീപനോട് ചോദിക്കാനാവുമായിരുന്നില്ല. ഉപാധികളൊന്നുമില്ലാതെ അയാൾ തനിക്കുചുറ്റുമുള്ള എല്ലാവരെയും സ്നേഹിച്ചു. പ്രദീപനുമായി പരിചയമുള്ള ഓരോ മനുഷ്യനും താനാണ് അയാളുടെ ആത്മമിത്രം എന്ന് ഉറച്ചുവിശ്വസിച്ചിരുന്നു. ചുറ്റുമുള്ള മുഴുവൻ മനുഷ്യർക്കും തന്നിലെ മുഴുവൻ സ്നേഹവും പകർന്നുനൽകിയ ഒരാളായിരുന്നു പ്രദീപൻ. ഉറവ വറ്റാത്ത ഒഴുക്കുപോലെ പ്രദീപന്റെ സ്നേഹം ചുറ്റുമുള്ളവരിലേക്ക് ഒഴുകിയെത്തി. ക്രിസ്തുസദൃശമായ സ്നേഹം മനുഷ്യജീവിതത്തിൽ സാധ്യമാകുമോ എന്നറിയാനാണ് താൻ കാരമസോവ് സഹോദരന്മാരിലെ അലോഷി എന്ന കഥാപാത്രത്തെ സൃഷ്ടിച്ചതെന്ന് ദസ്തയേവ്സ്കി ഒരിക്കൽ പറയുന്നുണ്ട്. ഭാവനയിലല്ലാതെ, ദസ്തയേവ്സ്കിക്ക് കാണാവുന്ന അങ്ങനെയൊരാൾ ഇവിടെയുണ്ടായിരുന്നു.

2004‐ ലാണ് ഞാൻ കൊയിലാണ്ടിയിലെത്തിയത്. സർവകലാശാലയിലെ അധികാരികളുമായുള്ള സംഘർഷമായിരുന്നു ആ സ്ഥലംമാറ്റത്തിന് കാരണം. അടിയുറച്ച ഹൈന്ദവ വർഗീയതയുടെ പ്രതിനിധിയായിരുന്നുവെങ്കിലും കോൺഗ്രസ്സുകാരനായി അഭിനയിച്ചിരുന്ന ഒരാളായിരുന്നു അന്നത്തെ ഞങ്ങളുടെ വൈസ്ചാൻസലർ. സർവകലാശാലയിൽ ജ്യോതിഷം എം എ കോഴ്സ് തുടങ്ങാനായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ശ്രമം. അതിനെ ഞങ്ങൾ ചെറുത്തതോടെ വിസിയുടെ ശത്രുതയ്‌ക്ക് തുടക്കമായി. പിന്നീട് നാലുവർഷം പല പ്രകാരങ്ങളിൽ സർവകലാശാലയെ വിഴുങ്ങിയ ഇരുട്ടായി അന്നത്തെ ഭരണകാലം മാറി. എങ്കിലും അതെനിക്കു നൽകിയ സൗഭാഗ്യമായിരുന്നു കൊയിലാണ്ടിയിലേക്കുള്ള സ്ഥലംമാറ്റം. ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ അങ്ങനെ തോന്നുന്നുണ്ട്. അതെനിക്ക് ധാരാളം സൗഹൃദങ്ങൾ തന്നു; പ്രദീപനുമായുള്ള ജന്മാന്തരബന്ധവും.

കൊയിലാണ്ടിയിലെ എന്റെ ആദ്യതാമസം സർവകലാശാലയിലെ പ്രാദേശിക കേന്ദ്രത്തിനടുത്തുതന്നെയുള്ള ഒരു വീട്ടിലായിരുന്നു. പ്രദീപൻ ആദ്യം താമസിച്ചിരുന്ന വീടാണത്. വൈകുന്നേരം നാലുമണി കഴിയുമ്പോഴേക്കും അവിടെ കനത്ത ഏകാന്തത വന്നു നിറയും. അപ്പോഴേക്കും കാമ്പസിൽ നിന്ന് സുഹൃത്തുക്കളെല്ലാം പോയിത്തുടങ്ങും. പിറ്റേന്ന് രാവിലെ ഒൻപതു കഴിയുന്നതുവരെ മിക്കവാറും കനത്ത ഏകാന്തതയിൽ ഞാൻ മുങ്ങിത്താഴും. അധികകാലം അങ്ങനെ തുടരുന്നത് നല്ലതല്ല എന്ന തോന്നൽ എനിക്കുണ്ടായിരുന്നു. പ്രിയസുഹൃത്ത് നാരായണന്റെ ക്വാർട്ടേഴ്സ് ആയിരുന്നു അന്നത്തെ വലിയ അഭയം. ആറുമാസം കഴിഞ്ഞപ്പോഴേക്കും ഞാൻ ആദ്യത്തെ വാടകവീട്ടിൽ നിന്നും നഗരത്തിലെ ലോഡ്ജുകളിലൊന്നിലേക്ക് മാറി. പ്രദീപനും കുടുംബവും താമസിച്ചിരുന്ന ക്വാർട്ടേഴ്സിനു പിന്നിലായിരുന്നു ആ ലോഡ്ജ്. നൂറു മീറ്റർ പോലും അകലത്തിലല്ലാതെ എന്റെ നിത്യജീവിതത്തിന്റെ ലോകം പോലെ പ്രദീപൻ ഉണ്ടായിരുന്നു.

കൊയിലാണ്ടിയിൽ നിന്ന് ഞാൻ മടങ്ങുന്നതിനു മുൻപ് പ്രദീപൻ മറ്റൊരു വീട്ടിലേക്ക് താമസം മാറി. എങ്കിലും ഞങ്ങളുടെ നിത്യജീവിതബന്ധം മുറിഞ്ഞില്ല. പ്രദീപൻ പിന്നീട് കോഴിക്കോട്ടെ വസതികളിലേക്ക് താമസം മാറിയപ്പോഴും ഒടുവിൽ സ്വന്തമായി തീർത്ത ‘ശ്രാവസ്തി’യിൽ താമസമാരംഭിച്ചപ്പോഴും എന്റെ സന്ദർശനങ്ങൾ തുടർന്നുകൊണ്ടിരുന്നു. പ്രദീപൻ വിടവാങ്ങുന്നതുവരെ കോഴിക്കോട് മറ്റൊരിടത്തും ഞാൻ രാത്രി തങ്ങിയിട്ടില്ല. അയാൾ നിത്യമായ അഭയമായിരുന്നു.

ഡോ. എൻ അജയകുമാർ, പ്രദീപൻ പാമ്പിരികുന്ന്‌, സുനിൽ പി ഇളയിടം

ഡോ. എൻ അജയകുമാർ, പ്രദീപൻ പാമ്പിരികുന്ന്‌, സുനിൽ പി ഇളയിടം


പ്രദീപന്റെ വാടകവീടിനടുത്ത് താമസം തുടങ്ങിയതിനുശേഷം എന്റെ സായാഹ്നങ്ങൾ ഏറെയും പ്രദീപനൊപ്പമായിരുന്നു. പുസ്തകങ്ങൾ, സിനിമ, സംഗീതം, നിത്യജീവിതവൃത്തികൾ... അങ്ങനെപലതും ആ ഒത്തുചേരലുകളിൽ ചർച്ചയിലെത്തി.

പലപ്പോഴും പ്രദീപൻ പാട്ടുപാടി. ചിലപ്പോൾ ഞാൻ കവിത ചൊല്ലുകയും ചെയ്തു. അത്തരമൊരു സന്ദർഭത്തിൽ ഞാൻ വൈലോപ്പിള്ളിയുടെ ‘ഊഞ്ഞാലിൽ’ എന്ന കവിത ചൊല്ലിയത് ഞങ്ങൾ ഇരുവരുടെയും സുഹൃത്തും സഹപ്രവർത്തകനുമായ ആത്മൻ റെക്കോർഡ് ചെയ്തിരുന്നു. ഇപ്പോഴത് ശബ്ദരൂപത്തിൽ പലരുടെയും കൈയിലുണ്ട്. പ്രദീപന്റെ വാടകവീട്ടിലിരുന്ന് ചൊല്ലിയ ആ കവിതയോടൊപ്പം ഒരു കാലവും ഇന്ന് ചിറകടിച്ചെത്തുന്നു. അക്കാലത്തെ സായാഹ്ന വിചാരങ്ങളുടെ വേളയിലാണ് അർഥശാസ്ത്രത്തെക്കുറിച്ചുള്ള ഒരു വിപുലമായ പഠനം ഒരുമിച്ച് എഴുതാം എന്നു ഞങ്ങൾ തീരുമാനിച്ചത്. അതിനായുള്ള ഒരുക്കങ്ങൾ തുടങ്ങുകയും ഒരധ്യായം എഴുതുകയും ചെയ്തു. അർഥശാസ്ത്രത്തിലെ ഗണികകളെക്കുറിച്ചുള്ള ഒരാലോചനയായിരുന്നു അത്. ഞങ്ങൾ ഇരുവരുടെയും പേരിൽ അത് പ്രധാനപ്പെട്ട വാരികകളിലൊന്നിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. തുടർന്ന് എഴുതേണ്ട ഒൻപത് അധ്യായങ്ങളുടെ വിഷയവിവരവും ഞങ്ങൾ തയ്യാറാക്കിയിരുന്നു. എങ്കിലും കാലടിയിലേക്കുള്ള എന്റെ മടക്കത്തോടെ അത് പൂർത്തിയാക്കാനാവാതെ പോയി.ജീവിതത്തിലെ ഏറ്റവും വലിയ ഒരു നഷ്ടബോധമായി ആ അപൂർണശ്രമത്തിന്റെ ഓർമ എന്നോടൊപ്പമുണ്ട്.

കൊയിലാണ്ടിയിൽ നിന്നും കാലടിയിലേക്ക് തിരിച്ചുപോരുന്ന യാത്രയയപ്പുവേളയിൽ മലയാളവിഭാഗത്തിന്റെ വകയായി പ്രദീപൻ എനിക്കൊരു ഉപഹാരം തന്നു. അതൊരു നടരാജശില്പമായിരുന്നു. തിരിഞ്ഞുനോക്കുമ്പോൾ പ്രദീപന്റെ ജീവിതസമീപനത്തിന്റെ വലിയൊരാവിഷ്കാരമായി എനിക്കത് അനുഭവപ്പെട്ടിട്ടുണ്ട്. പ്രദീപന്റെ സാമൂഹികവീക്ഷണത്തോട് ഒത്തുപോകുന്ന ഒന്നായിരുന്നില്ല ആ ശില്പം. പക്ഷേ, അതിന്റെ പേരിൽ നടരാജശില്പത്തിന്റെ സൗന്ദര്യമൂല്യത്തെ അയാൾ നിരാകരിക്കുകയും ചെയ്തില്ല. വിയോജിപ്പുകളെ നിരാകാരമാക്കി മാറ്റാതിരിക്കാനുള്ള തുറസ്സ് പ്രദീപൻ എപ്പോഴും പുലർത്തി; കലയിലും ജീവിതത്തിലും. ഭിന്നാഭിപ്രായങ്ങളോട് പ്രദീപൻ എത്രയും ഉദാരമായി സംവദിച്ചു.

അവയെയും കൂടെക്കൂട്ടി. എല്ലാ മനുഷ്യരിലുമുള്ള നന്മയിൽ അയാൾക്ക് അഗാധമായ വിശ്വാസമുണ്ടായിരുന്നു. ആ നന്മയെയാണ് തന്റെ സൗഹൃദത്തിലൂടെ പ്രദീപൻ ഉണർത്തിയെടുത്തത്. ഗുരുവിനെക്കുറിച്ച് നിസാർ അഹമ്മദ് മാഷ് എഴുതിയതുപോലെ, ആരെയും തന്റെ പ്രതിദ്വന്ദ്വിയാകാൻ പ്രദീപൻ അനുവദിച്ചില്ല. അയാളിലെ സ്നേഹത്തിന്റെ ഉറവ് ആരിലെയും വിപരീതഭാവങ്ങളെ കഴുകി വൃത്തിയാക്കി.

പ്രദീപന്റെ വീട്ടിലെ രാത്രികൾ ചർച്ചകൾകൊണ്ട് നിറഞ്ഞതായിരുന്നു. ഓരോ വിഷയവും എത്രയോ കാര്യങ്ങളിലേക്ക് തുറന്നുകിടന്നു. അതിലൂടെയെല്ലാം ഞങ്ങൾ സഞ്ചരിച്ചു. ചിലപ്പോൾ ഇടയ്ക്കുവച്ച് പിൻവാങ്ങി. വിവിധ വിഷയങ്ങളിലെ എന്റെ മാർക്സിസ്റ്റ് സമീപനത്തോട് പ്രദീപൻ വിയോജിക്കുമായിരുന്നു. അതിലൊന്നും പക്ഷേ, വിരോധത്തിന്റെ കണികകൾ  കലർന്നില്ല. എന്നോടു മാത്രമല്ല പ്രദീപൻ അങ്ങനെ പെരുമാറിയിരുന്നത്. പ്രദീപന്റെ ഉറ്റസുഹൃത്തുക്കളിൽ പലരും അയാളുടെ രാഷ്ട്രീയനിലപാടുകളുടെ നേർത്തുടർച്ചയിൽ നിലകൊണ്ടവരല്ല. ഭിന്നാഭിപ്രായങ്ങളിലേക്ക് ഉദാരമായി ചെന്നുമടങ്ങാനുള്ള കഴിവ് പ്രദീപനുണ്ടായിരുന്നു. അഭിപ്രായങ്ങളോടല്ലാതെ, അതു വച്ചുപുലർത്തുന്ന മനുഷ്യരോട് പ്രദീപന് എതിർപ്പുണ്ടായിരുന്നില്ല. ബഹുസ്വരത പ്രദീപന് ഒരു താത്വിക സങ്കല്പനം മാത്രമായിരുന്നില്ല. അത് അയാളുടെ ജീവിതത്തിന്റെ ആധാരശ്രുതിയായിരുന്നു.

കോഴിക്കോട്ട്‌ പ്രദീപൻ പണിതീർത്ത ‘ശ്രാവസ്തി’യിൽ തുടക്കത്തിൽത്തന്നെ ഞാൻ ചെന്നു താമസിച്ചിരുന്നു, ഔപചാരികമായ ഗൃഹപ്രവേശനത്തിനും മുൻപുതന്നെ. അവിടെ ആദ്യം ചെന്നു താമസിച്ച സുഹൃത്തും ഞാനായിരിക്കാം. അക്കാലത്ത് കോഴിക്കോടെത്തിയാൽ പ്രദീപനൊപ്പമായിരുന്നു താമസം. പ്രദീപൻ വിടവാങ്ങും മുൻപേ നാലഞ്ചു തവണയെങ്കിലും അങ്ങനെ തങ്ങിക്കാണണം. വീട്ടിലെ മുകൾനിലയിലെ മുറിയിലാണ് ഞാൻ താമസിച്ചിരുന്നത്. ‘ഇത് നിങ്ങൾക്ക് താമസിക്കാൻ പണിതതാണ്’ എന്ന് പ്രദീപൻ തമാശയായി, സ്നേഹപൂർവം പറയുമായിരുന്നു. ശ്രാവസ്തിയിലെ മുകൾ നിലയിൽ പുറത്തേക്കു തുറന്നുകിടക്കുന്ന ചാരുപടിയിലും തുറസ്സിലും ഇരുന്ന് ഞങ്ങൾ ഏറെ സംസാരിച്ചു. രാത്രിയിലെ മങ്ങിയ വെളിച്ചത്തിനു കീഴെയിരുന്ന് എത്രയോ ചിരിച്ചു. പ്രദീപന്റെ സംഭാഷണം ജനനിബിഡമായിരുന്നു. അതൊരിക്കലും താനൊരാളുടെ മാത്രം കഥയും സ്വരവുമായിരുന്നില്ല. കഥകളും ഫലിതങ്ങളും പൂർവചരിതങ്ങളുമായി വലിയൊരു ജനത പ്രദീപന്റെ വാക്കുകളിൽ ജീവിച്ചു. താൻ താനൊരാൾ മാത്രമല്ലെന്ന വലിയ ബോധ്യം എപ്പോഴും പ്രദീപനുണ്ടായിരുന്നു. വ്യക്തിനിഷ്ഠതയുടെ ഏകാകിതയും ധ്യാനഭാവവും പ്രദീപനിലുണ്ടായിരുന്നില്ല. മനുഷ്യർക്കൊപ്പമായിരിക്കുന്നതിലെ ആനന്ദമായിരുന്നു പ്രദീപൻ. എല്ലാ സംഭാഷണവേളകളിലും അയാൾ ചുറ്റുപാടും പ്രകാശവും ആഹ്ലാദവും പടർത്തി. പ്രദീപൻ തന്നെ എപ്പോഴും ബഹുവചനമാക്കി.

പ്രദീപൻ പാമ്പിരികുന്ന്‌

പ്രദീപൻ പാമ്പിരികുന്ന്‌

ഒരു അധ്യാപകൻ എന്ന നിലയിൽ പ്രദീപനെ ഞാൻ വളരെയേറെ അടുത്തുനിന്നും കണ്ടിട്ടുണ്ട്. കൊയിലാണ്ടിയിൽ ബിരുദാനന്തരബിരുദ കോഴ്സ് തുടങ്ങിയ കാലത്താണ് ഞാൻ അവിടെ എത്തിയത്. അന്നവിടെ മലയാളവിഭാഗത്തിൽ ഞാനും പ്രദീപനും മാത്രമേയുള്ളൂ. ഒന്നാം വർഷ പിജി ക്ലാസിൽ രാവിലെയും ഉച്ചക്കുശേഷവും ഞങ്ങൾ മാറിമാറി ക്ലാസുകളെടുത്തു. പത്തിന് തുടങ്ങിയാൽ പന്ത്രണ്ടര വരെ നീളുന്ന ക്ലാസ് ഒരാൾ എടുക്കും. ഉച്ച കഴിഞ്ഞ് ഒന്നര മുതൽ മൂന്നര വരെ മറ്റൊരാളും. എല്ലാ വിഷയവും ഒരുപോലെ പഠിപ്പിക്കാൻ പ്രദീപന് കഴിയുമായിരുന്നു. വ്യാകരണവും മധ്യകാല സാഹിത്യവും പുതുകവിതയും സാഹിത്യസിദ്ധാന്തവും പ്രദീപനിൽ ഒരുപോലെ ഇണങ്ങി നിന്നു. അത്തരമൊരിണക്കം സ്കറിയാ മാഷിൽ മാത്രമാണ് ഞാൻ കണ്ടിട്ടുള്ളത്. വിഷയത്തിനുള്ളിലേക്ക് എത്രയും അനായാസമായി പ്രദീപൻ കടന്നുപോയി. കുട്ടികളെ സ്നേഹപൂർവം ഒപ്പം കൂട്ടുകയും ചെയ്തു. സങ്കീർണമായ ആശയങ്ങളുടെ ലോകം അത്രയും അനായാസമായി പ്രദീപന്റെ ക്ലാസുകളിൽ ഇതൾവിടർന്നുവന്നു. അധ്യാപനത്തിന്റെ ആ സൗന്ദര്യം വേറെ അധികം പേരിൽ ഞാൻ കണ്ടിട്ടില്ല.

സൂക്ഷ്മതയും കരുതലുമായിരുന്നു പ്രദീപന്റെ അധ്യാപനജീവിതത്തിന്റെ കാതൽ. ചോദ്യപേപ്പറുകളും മറ്റും തയ്യാറാക്കുമ്പോൾ ഓരോ വാക്കും പ്രദീപൻ വളരെ ജാഗ്രതയോടെയാണ് എഴുതിയിരുന്നത്. ഞാൻ ഒരു ചോദ്യപേപ്പർ മുഴുവൻ എഴുതിത്തീരുമ്പോഴും പ്രദീപൻ മൂന്നോ നാലോ  ചോദ്യങ്ങൾ മാത്രമേ പിന്നിട്ടുകാണൂ. ഇതേ സൂക്ഷ്മതയോടെതന്നെ കുട്ടികളുടെ സെമിനാർ പേപ്പറുകളും പ്രദീപൻ പരിശോധിച്ചു. ഓരോ വാക്കിലൂടെയും അയാൾ കരുതലോടെ സഞ്ചരിച്ചു. ഓരോ വിദ്യാർഥിയെയും പ്രത്യേകം പരിഗണിച്ചു. പ്രദീപന്റെ ക്ലാസുകളിൽ ഒരാളും മുഷിഞ്ഞിരുന്നില്ല. ജീവിതാഹ്ലാദത്തിന്റെ തെളിച്ചം അവിടെ എപ്പോഴും ഉണ്ടായിരുന്നു. അധ്യാപനം പ്രദീപനു സ്നേഹത്തിന്റെയും കരുതലിന്റെയും കലകൂടിയായിരുന്നു.

ഗാർഹികലോകം പ്രദീപന് സ്വന്തം പരമാധികാരത്തിന്റെ പ്രദർശനശാലയായിരുന്നതേയില്ല. സജിതയും കുട്ടികളും പ്രദീപന് സുഹൃത്തുക്കളായിരുന്നു. മക്കളെ പ്രദീപൻ മിക്കപ്പോഴും ‘എടോ’ എന്നാണ് വിളിക്കുക. പരുഷമായ സ്വരവും ആണധികാരത്തിന്റെ അശ്ലീലം കലർന്ന ബലവും ആ വീടിനകത്ത് ഞാൻ അല്പം പോലും കണ്ടിട്ടില്ല. ജനാധിപത്യം മഹിതമായ ഒരു ആശയം മാത്രമല്ലെന്നും അത് ഒരു ജീവിതരീതികൂടിയാണെന്നും പ്രദീപന് നന്നായി അറിയുമായിരുന്നു. ചുറ്റുമുള്ള മനുഷ്യരോട് സാധാരണ ജീവിതസന്ദർഭങ്ങളിൽ പുലർത്തുന്ന പെരുമാറ്റത്തിലായിരിക്കും ഒരാളുടെ ജനാധിപത്യബോധം സൂക്ഷ്മമായി വിലയിരുത്തപ്പെടുക. ഞാനടക്കം എത്രയോ പേരുടെ ജനാധിപത്യ പ്രഖ്യാപനങ്ങൾ നിരർഥകമായിപ്പോകുന്ന ഒരിടമാണത്. ആ പരീക്ഷയിൽ പ്രദീപൻ ഒരിക്കലും പരാജയപ്പെട്ടില്ല.

പ്ലേറ്റ്‌ലെറ്റുകളുടെ കുറവുമൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതിനുശേഷം പ്രദീപൻ തന്റെ ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധാലുവായിരുന്നു. അപകടസാധ്യതകൾ ഒഴിവാക്കാൻ ജാഗ്രത പുലർത്തി. കോഴിക്കോട് കടപ്പുറത്തെ ഒന്നാം ലിറ്റററി ഫെസ്റ്റിന് പ്രദീപന്റെ വീട്ടിൽ നിന്നും ഞങ്ങൾ ഒരുമിച്ചാണ് പോയത്. വീട്ടിലെ സ്കൂട്ടറിൽ ഞാനും പിന്നിൽ പ്രദീപനുമായി. രണ്ടുദിവസം ആ വേദികളിൽ ഞങ്ങൾ അലഞ്ഞുനടന്നു. ഏറെപ്പേരെ കണ്ടു. ചിത്രങ്ങൾ എടുത്തു. മടക്കത്തിലും പ്രദീപൻ ശ്രദ്ധയോടെയാണ് പിന്നിലിരുന്നത്. എനിക്ക് പരിചിതമല്ലാത്ത വഴിയായതിനാൽ ഓരോ സന്ദർഭത്തിലും അതിന്റെ സൂചന തന്നു. പ്രദീപന്റെ സൂക്ഷ്മതയും ശ്രദ്ധയും എന്നെ അത്ഭുതപ്പെടുത്തുന്ന വിധത്തിലായിരുന്നു. എങ്കിലും ശ്രദ്ധയില്ലാതെവന്ന ഒരു ബൈക്ക് യാത്രികൻ ബസ്സിൽനിന്നിറങ്ങി റോഡ് മുറിച്ചുകടന്ന് വീട്ടിലേക്ക് നടക്കാൻ തുടങ്ങിയ പ്രദീപനെ മരണത്തിലേക്ക് തട്ടിവീഴ്ത്തി.

പ്രദീപൻ വിടവാങ്ങി ഒരുവർഷത്തോളം കഴിഞ്ഞാണ് പ്രദീപന്റെ രചനകളുടെ ഒരു ബൃഹദ്സമാഹാരം എന്ന ആശയത്തിലേക്ക് കെ എം അനിലും ഞാനും എത്തിയത്. സാഹിത്യ അക്കാദമി സെക്രട്ടറി കൂടിയായിരുന്ന കെ പി  മോഹനൻമാഷുടെ പ്രേരണയും ഉത്സാഹവുമാണ് അതിനെ മുന്നോട്ടു കൊണ്ടുപോയത്. പ്രദീപന്റെ ധൈഷണികതയുടെ വലിപ്പവും മാനുഷികതയുടെ നനവും മാഷിന് നന്നായി അറിയാമായിരുന്നു. പ്രദീപന്റെ അപ്രകാശിതമായ രചനകളുടെ മിക്കവാറും സമ്പൂർണമായ ശേഖരം സജിതയുടെ കൈയിലുണ്ടായിരുന്നു. അതിനെ മുൻനിർത്തിയാണ് ആ ബൃഹദ് സമാഹാരത്തിന്റെ പണികളിലേക്ക് അനിലും ഞാനും കടന്നത്. സമാഹാരത്തിന്റെ പണികൾക്കിടയിൽ അപ്രകാശിതമായ മറ്റുചില എഴുത്തുകളും കിട്ടി. അവയും സമാഹാരത്തിന്റെ ഭാഗമായി.

സാഹിത്യ അക്കാദമിയിലെ മുറികളിലൊന്നിൽ തങ്ങി പല രാത്രികൾ കൊണ്ടാണ് ആ ലേഖനങ്ങൾ ക്രമപ്പെടുത്തിയത്. ദീർഘപ്രബന്ധങ്ങൾ മുതൽ ചെറുകുറിപ്പുകൾ വരെയായി ചിന്നിച്ചിതറിയ രൂപമായിരുന്നു അവയുടേത്. ചിലതെല്ലാം അപൂർണവുമായിരുന്നു. ഏഴു വിഷയങ്ങളിലായി അവയെ ക്രമപ്പെടുത്തി പ്രസിദ്ധീകരണത്തിന് തയ്യാറാക്കി. വിഷയപരമായ ക്രമീകരണത്തിന് വഴങ്ങാത്തതായിരുന്നു ചില ലേഖനങ്ങൾ. പ്രദീപന്റെ വിചാരജീവിതത്തിന്റെ അതുല്യമായ തുറസ്സും വൈവിധ്യവും അവയിലുണ്ടായിരുന്നു. അവയെല്ലാം പൊതുലേഖനങ്ങളായി അവസാനം ഉൾപ്പെടുത്തി. ഒരു വർഷംകൊണ്ട് പ്രസിദ്ധീകരിക്കണം എന്നാണ് കരുതിയതെങ്കിലും പല കാരണങ്ങൾകൊണ്ടും അതു നീണ്ടുപോയി. എങ്കിലും 2020 ആദ്യത്തോടെ 1300‐ ഓളം പേജുകളിൽ ഭംഗിയായി അച്ചടിച്ച ആ ഗ്രന്ഥം പുറത്തുവന്നു. ഇനി ചെറിയ പുസ്തകങ്ങൾ എഴുതുന്നില്ല എന്ന് പ്രദീപൻ ചിലപ്പോഴൊക്കെ ഞങ്ങളോട് പറയുമായിരുന്നു. വലിയ ഗ്രന്ഥങ്ങൾ എഴുതണമെന്ന താൽപ്പര്യം പ്രദീപനുണ്ടായിരുന്നു. സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച ആ ബൃഹദ്ഗ്രന്ഥം കൈയിൽ വന്നപ്പോൾ ഞാൻ പ്രദീപന്റെ വാക്കുകൾ ഓർത്തു. മരണത്തിനപ്പുറത്തുനിന്ന് അയാൾ പകർന്നുതരുന്ന അഗാധമായ സ്നേഹത്തിന്റെ തുടിപ്പുകൾ ആ പുസ്തകത്തിലുണ്ടായിരുന്നു.

അക്കാദമിയുടെ പ്രസിദ്ധീകരണത്തിനായി പ്രദീപന്റെ രചനകളിലൂടെ കടന്നുപോയപ്പോൾ ഞങ്ങളുടെ ശ്രദ്ധയിൽ വന്ന ഒരു കാര്യമുണ്ട്. പ്രദീപന്റെ എഴുത്തിന്റെ വലിയൊരു പങ്കും ചെറുമാസികകളിലായിരുന്നു. നിസ്വരായ മനുഷ്യരുടെ ആശകളെയും ആഗ്രഹങ്ങളെയും പ്രദീപൻ എപ്പോഴും വിലമതിച്ചു. ചെറുപ്രസിദ്ധീകരണങ്ങൾ ആവശ്യപ്പെടുമ്പോഴെല്ലാം അവർക്ക് ലേഖനങ്ങൾ നല്കി. സുഹൃത്തുക്കളുടെയും തന്നെത്തേടി വന്നവരുടെയും രചനകൾക്ക് അവതാരികയും പഠനങ്ങളും എഴുതി. കേരളത്തിലെ എല്ലാ മുഖ്യധാരാ പ്രസിദ്ധീകരണങ്ങളും പ്രദീപന്റെ രചനകൾ ഒന്നാം നിരയിൽ പ്രസിദ്ധീകരിക്കാൻ കാത്തുനിന്ന കാലത്തുതന്നെയാണ് നൂറുപേർ പോലും വായിക്കാനിടയില്ലാത്ത ചെറുമാസികകളിൽ എത്രയും ഗൗരവമുള്ള പഠനങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചത്. എഴുത്ത് പ്രദീപന് ലാഘവമുള്ള പ്രവൃത്തിയായിരുന്നില്ല. ആശയങ്ങളുടെയും നിരീക്ഷണങ്ങളുടെയും നിബിഡസൗന്ദര്യമുള്ള വാക്കുകളിലാണ് പ്രദീപൻ എഴുതിയത്. അത്യന്തം ലഘുവായ രചനകൾക്കെഴുതിയ അവതാരികകളിൽപ്പോലും പ്രദീപൻ ഈ ഗൗരവം കൈവിട്ടില്ല. എത്ര ചെറിയ മനുഷ്യനും മഹത്വത്തിന്റെ പാർപ്പിടമായേക്കാമെന്ന് പ്രദീപനറിയാമായിരുന്നു. 

പ്രദീപൻ വിടവാങ്ങിയതിന്റെ ഒന്നാം വാർഷികത്തിൽ കോഴിക്കോട് ടൗൺഹാളിൽ ചേർന്ന അനുസ്മരണ സമ്മേളനത്തിൽ എനിക്ക് പ്രദീപനെക്കുറിച്ച് സംസാരിക്കേണ്ടിയിരുന്നു. പ്രസംഗിക്കാനായി എഴുന്നേറ്റ് മൈക്കിനു മുന്നിൽ ഏറെനേരം വാക്കുകിട്ടാതെ ഞാൻ നിന്നു. മൂന്നു പതിറ്റാണ്ടു പിന്നിട്ട പ്രഭാഷണജീവിതത്തിൽ അങ്ങനെയൊന്ന് ആദ്യമായിട്ടായിരുന്നു.
 

പ്രദീപൻ വിടവാങ്ങിയതിന്റെ ഒന്നാം വാർഷികത്തിൽ കോഴിക്കോട് ടൗൺഹാളിൽ ചേർന്ന അനുസ്മരണ സമ്മേളനത്തിൽ എനിക്ക് പ്രദീപനെക്കുറിച്ച് സംസാരിക്കേണ്ടിയിരുന്നു. പ്രസംഗിക്കാനായി എഴുന്നേറ്റ് മൈക്കിനു മുന്നിൽ ഏറെനേരം വാക്കുകിട്ടാതെ ഞാൻ നിന്നു. മൂന്നു പതിറ്റാണ്ടു പിന്നിട്ട പ്രഭാഷണജീവിതത്തിൽ അങ്ങനെയൊന്ന് ആദ്യമായിട്ടായിരുന്നു. ഏറെ കഴിഞ്ഞ് മുറിഞ്ഞുപോകുന്ന വാക്കുകളിൽ ഞാൻ ചിലതെല്ലാം പറഞ്ഞുതീർത്തു. പ്രദീപനെ അനുസ്മരിക്കുന്ന ലേഖനങ്ങളുടെ സമാഹാരം കോഴിക്കോട്ടെ സുഹൃത്തുക്കൾ ചേർന്ന് തയ്യാറാക്കിയിരുന്നു. അതിൽ എഴുതണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും എനിക്കതിന് കഴിഞ്ഞിരുന്നില്ല. അന്നത്തെ സമ്മേളനത്തിൽ അത് പ്രകാശനം ചെയ്യേണ്ടിയിരുന്ന ആൾ എത്തിച്ചേരാതിരുന്നതുമൂലം സജിതയ്ക്ക് നല്കി ‘പ്രദീപ്തസ്മരണ’ പ്രകാശനം ചെയ്തത് ഞാനായിരുന്നു. ഏതെങ്കിലും ഒരു പുസ്തകപ്രകാശനം ഇത്രമേൽ ദുഃഖഭരിതമായി നടന്നിട്ടുണ്ടോ എന്നറിയില്ല. ഞാനങ്ങനെയൊന്നിൽ അതുവരെ പങ്കെടുത്തിട്ടില്ല. ടൗൺഹാളിൽ ഒത്തുചേർന്ന മനുഷ്യരുടെ മനസ്സിലൂടെ കണ്ണുനീരിന്റെ നദി ഒഴുകിക്കൊണ്ടിരുന്നു. അതു കഴിഞ്ഞുള്ള വർഷം പാമ്പിരികുന്നിൽ വച്ച് നടന്ന അനുസ്മരണ സമ്മേളനത്തിൽ പ്രദീപന്റെ ‘എരി’ എന്ന നോവൽ പ്രകാശനം ചെയ്തും സംസാരിക്കേണ്ടി വന്നു. ജീവിതത്തിന്റെ അവസാന പടവുകൾ വരെ ആ നിമിഷങ്ങൾ കൂടെയുണ്ടാവും.

പയ്യന്നൂരിൽ വച്ചു നടന്ന ഒരു സെമിനാറിൽ ‘അനുഭൂതികളുടെ ചരിത്രജീവിതം’ എന്ന എന്റെ പുസ്തകത്തെക്കുറിച്ച് സംസാരിച്ചത് പ്രദീപനാണ്. ആ പുസ്തകത്തിലെ ആശയങ്ങളെയും സംസ്കാര ചരിത്രത്തെക്കുറിച്ചുള്ള തന്റെ ഉൾക്കാഴ്ചകളെയും ചേർത്തുവച്ച് പ്രദീപൻ അതുല്യമായി സംസാരിച്ചു. ഞാൻ സർവകലാശാലയിൽ മഹാഭാരതപ്രഭാഷണങ്ങൾ ആദ്യമായി നടത്തിയ സന്ദർഭമായിരുന്നു അത്. പ്രദീപൻ അതിനെക്കുറിച്ചും സ്നേഹപൂർവം ചിലതെല്ലാം പറഞ്ഞു. എന്റെ എഴുത്തിന് കിട്ടിയ വിലപിടിച്ച അംഗീകാരമായിരുന്നു ആ വിലയിരുത്തൽ. എനിക്കേറെ പ്രിയപ്പെട്ടതെന്ന് പ്രദീപന് അറിയുമായിരുന്ന കെ വി നാരായണസ്വാമിയുടെ ‘ജഗദോദ്ധാരണ’ ആലാപനത്തെയും ആ കൃതിയെയും പ്രദീപൻ ഹൃദ്യമായി അതിനോട് കൂട്ടിയിണക്കുന്നത് ഞാൻ ആഹ്ലാദത്തോടെ കേട്ടിരുന്നു. പിന്നീട് ആ പുസ്തകത്തിലെ ഒരു പ്രബന്ധം പുസ്തകമായി വിപുലീകരിച്ചപ്പോൾ പ്രദീപന്റെ ആ പ്രസംഗമാണ് അവതാരികയായി ചേർത്തത്. എന്റെ പുസ്തകങ്ങളിൽ ചേർത്ത ഒരേയൊരു അവതാരികയും അതാണ്. ജീവിതത്തോളം വിലപിടിച്ച ഒരു സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും ഓർമ.

പ്രദീപൻ വിടവാങ്ങിയതിനുശേഷം കഴിഞ്ഞ മൂന്നുവർഷങ്ങളിലും കാലടിയിലെ മലയാളവിഭാഗത്തിന്റെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനങ്ങളും സെമിനാറുകളും നടന്നു. മാഗ്സാസെ അവാർഡ് ജേതാവുകൂടിയായ ബസ്വാഡ വിൽസൺ ആണ് ഒന്നാമത്തെ അനുസ്മരണ പ്രഭാഷണം നടത്തിയത്.

കാലടി സംസ്‌കൃത സർവകലാശാലയിൽ നടന്ന പ്രദീപൻ പാമ്പിരികുന്ന്‌ അനുസ്‌മരണ സമ്മേളനത്തിൽ സണ്ണി എം കപിക്കാട്‌, ടി എൻ കൃഷ്‌ണ, സുനിൽ പി ഇളയിടം

കാലടി സംസ്‌കൃത സർവകലാശാലയിൽ നടന്ന പ്രദീപൻ പാമ്പിരികുന്ന്‌ അനുസ്‌മരണ സമ്മേളനത്തിൽ സണ്ണി എം കപിക്കാട്‌, ടി എൻ കൃഷ്‌ണ, സുനിൽ പി ഇളയിടം

പ്രദീപന്റെ പ്രിയപ്പെട്ട അധ്യാപകൻ കൂടിയായ കൽപ്പറ്റ നാരായണൻ മാഷ് അനുസ്മരണ പ്രഭാഷണം നടത്തി. രണ്ടാം വർഷം ടി എൻ കൃഷ്ണയും സണ്ണി എം കപിക്കാടും വന്നു. ഏറ്റവുമൊടുവിൽ പ്രൊഫസർ സനൽമോഹനും പി എൻ ഗോപീകൃഷ്ണനും. കാൽ നൂറ്റാണ്ട് തികയുന്ന സർവകലാശാലാജീവിതത്തിൽ ഏറ്റവും സമർപ്പിതമായി സംഘടിപ്പിച്ച പരിപാടി അതാണ്. മൈത്രിയുടെ മൂല്യം എന്നെ പഠിപ്പിച്ച ഒരാളുടെ ഓർമകളായിരുന്നു അതിലുണ്ടായിരുന്നത്.

പ്രദീപൻ വിടവാങ്ങിയിട്ട് അഞ്ചുവർഷമാകുന്നു. എന്തായിരുന്നു അയാൾ ബാക്കിവച്ചത്? ഉന്നതമായ ധൈഷണികതയും, അനന്യമായ സർഗാത്മകതയുമാണോ? അത്രതന്നെ വിലപിടിച്ചതായിരുന്നു പ്രദീപന്റെ മാനവികതയും തുറസ്സും എന്നാണ് എനിക്ക് തോന്നുന്നത്. ഉടനീളം സ്നേഹനിർഭരവും കാരുണ്യപൂർണവുമായ ഒന്നായിരുന്നു അത്. തന്റെ രാഷ്ട്രീയനിലപാടിന്റെ അടിപ്പടവിൽ പുലർത്തിയ സാഹോദര്യഭാവനയുടെ പൂർണാവിഷ്കാരമായിരുന്നു പ്രദീപന്റെ ജീവിതം.

വിദ്വേഷരഹിതമായ മനസ്സിന്റെയും ഉപാധികളില്ലാത്ത സ്നേഹത്തിന്റെയും രാഷ്ട്രീയം ആഴത്തിൽ തിരിച്ചറിഞ്ഞ ഒരാൾ. അയാൾ മൈത്രിയിൽ പുലർന്നു. ആരെയും പഴിപറയാതെ, അധൃഷ്യതയുടെ യാതൊരുവിധ നാട്യങ്ങളുമില്ലാതെ, ബുദ്ധിജീവിതത്തെയും രാഷ്ട്രീയജീവിതത്തെയും കരുണയുടെ പ്രവാഹമാക്കിക്കൊണ്ട് പ്രദീപൻ ജീവിച്ചു. എന്നും ‘ശ്രാവസ്തി’യിൽ തന്നെ പാർപ്പുറപ്പിച്ച ഒരാളായിരുന്നു പ്രദീപൻ. തഥാഗതൻ!  .

 (ദേശാഭിമാനി വാരികയിൽ നിന്ന്‌)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top