11 August Thursday

സമാന്തര ജീവിതങ്ങൾ! സമാന്തര ലോകങ്ങൾ!...സുനിൽ പി ഇളയിടത്തിന്റെ പംക്തി എട്ടാം ഭാഗം

സുനിൽ പി ഇളയിടംUpdated: Saturday Jan 15, 2022

വടക്കൻ പറവൂരിലെ ലക്ഷ്‌മി കോളേജ്‌

സമാന്തരവിദ്യാഭ്യാസ സ്ഥാപനത്തിലായിരുന്നു എന്റെ അധ്യാപകജീവിതത്തിന്റെയും തുടക്കം. വടക്കൻ പറവൂരിലെ ലക്ഷ്‌മി കോളേജ്. കഴിഞ്ഞ നാലു പതിറ്റാണ്ടായി പറവൂരിന്റെ ജീവിതത്തിൽ ചെറുതല്ലാത്ത ഇടം അതിനുണ്ട്. വിദ്യാഭ്യാസ സ്ഥാപനം എന്നതിനപ്പുറം പറവൂരിന്റെ സാമൂഹിക‐സാംസ്കാരിക ജീവിതത്തിന്റെ കേന്ദ്രം തന്നെയായി, കേരളത്തിലെ നിരവധി സമാന്തരവിദ്യാഭ്യാസ സ്ഥാപനങ്ങളെപ്പോലെ, ലക്ഷ്‌മി കോളേജും ഏറെക്കാലം ഉയർന്നുനിന്നു.


സുനിൽ പി  ഇളയിടം

സുനിൽ പി ഇളയിടം

കേരളത്തിലെ അധ്യാപകരിൽ വലിയൊരു പങ്ക് തങ്ങളുടെ അധ്യാപകജീവിതം ആരംഭിച്ചത് പാരലൽ കോളേജുകളിലാവണം. 1970കൾ മുതലുള്ള മൂന്നു‐നാലു പതിറ്റാണ്ടുകൾ കേരളത്തിലെ വിദ്യാഭ്യാസജീവിതത്തിന്റെ മുഖ്യധാരയിൽ ആ സമാന്തരസ്ഥാപനങ്ങളും ഉണ്ടായിരുന്നു. എപ്പോഴെങ്കിലും ഉന്നതവിദ്യാഭ്യാസത്തിന്റെ കേന്ദ്രമായി അവ മാറിയോ എന്ന് സംശയമാണ്. എങ്കിലും അവയെപ്പോഴും പ്രാന്തങ്ങളിലുമായിരുന്നില്ല. വിഭവപരമായ പരിമിതികളിൽ പ്രവർത്തിക്കുന്നവയായിരുന്നു അവയിൽ ഭൂരിപക്ഷവും. പക്ഷേ, അവയിൽ ചിലത് കാലത്തിന്റെ കൊടിമരം പോലെ ശിരസ്സുയർത്തി നിന്നു. മുഖ്യധാരാ സ്ഥാപനങ്ങളോളം പ്രൗഢിയും പെരുമയും കൈവരിച്ചു. ഭരണകൂടങ്ങളുടെയോ, സർക്കാർ സംവിധാനങ്ങളുടെയോ പിന്തുണയൊന്നും സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ലഭിച്ചിട്ടില്ല. എന്നല്ല പലപ്പോഴും ഭരണനയത്തിലെ മാറ്റങ്ങൾ അവയുടെ ജീവിതത്തെയും നിലനിൽപ്പിനെയും തലകീഴ്മറിക്കുകയും ചെയ്തു. എങ്കിലും കുറഞ്ഞ കാലത്തും അവ തങ്ങളുടെ ജീവിതത്തിന്റെ പൊരുളും പ്രകാരവും ലോകത്തിന് മുന്നിൽ കാഴ്ചവച്ചു.

അത്തരമൊരു സമാന്തരവിദ്യാഭ്യാസ സ്ഥാപനത്തിലായിരുന്നു എന്റെ അധ്യാപകജീവിതത്തിന്റെയും തുടക്കം. വടക്കൻ പറവൂരിലെ ലക്ഷ്‌മികോളേജ്. കഴിഞ്ഞ നാലു പതിറ്റാണ്ടായി പറവൂരിന്റെ ജീവിതത്തിൽ ചെറുതല്ലാത്ത ഇടം അതിനുണ്ട്. വിദ്യാഭ്യാസ സ്ഥാപനം എന്നതിനപ്പുറം പറവൂരിന്റെ സാമൂഹിക‐സാംസ്കാരിക ജീവിതത്തിന്റെ കേന്ദ്രം തന്നെയായി, കേരളത്തിലെ നിരവധി സമാന്തരവിദ്യാഭ്യാസ സ്ഥാപനങ്ങളെപ്പോലെ, ലക്ഷ്‌മികോളേജും ഏറെക്കാലം ഉയർന്നുനിന്നു. കേവലമൊരു വിദ്യാഭ്യാസസ്ഥാപനം എന്നതിനപ്പുറം, സാഹിത്യസദസ്സുകൾ, നാടകാവിഷ്കാരങ്ങൾ, ചലച്ചിത്രപ്രദർശനങ്ങൾ, സാംസ്കാരിക സംഘാടനങ്ങൾ... അങ്ങനെ പലതിന്റെയും കേന്ദ്രമായിരുന്നു, കേരളത്തിലെ ഒട്ടനവധി സമാന്തരവിദ്യാഭ്യാസസ്ഥാപനങ്ങളെപ്പോലെ, പറവൂർ ലക്ഷ്‌മികോളേജും. ഉദാരീകരണത്തിന്റെ കാറ്റ് പൊതുവിദ്യാഭ്യാസത്തിൽ ആഞ്ഞുവീശുന്നതുവരെ അവ ഒട്ടൊക്കെ പ്രബലമായി നിന്നു. ലാഭവും കച്ചവടവും അവയുടെ നിലനില്പിന്റെ ആധാരത്തിൽ അത്രയൊന്നും പ്രബലമായിരുന്നില്ല. പിന്നെപ്പിന്നെ, കച്ചവടത്തിന്റെ കൊഴുപ്പ് നിറഞ്ഞ സ്ഥാപനങ്ങൾ തുരുതുരാ മുളച്ചുപൊന്തി. പാരലൽ കോളേജുകൾ പരിക്ഷീണമാവാൻ തുടങ്ങി. ‘കാലം കുറഞ്ഞ ദിനമെങ്കിലുമർഥദീർഘം’ എന്ന കവിവാക്യം അവയ്ക്കും ഇണങ്ങുമായിരുന്നു.

ഒന്ന്

സമാന്തര വിദ്യാഭ്യാസത്തിന്റെ ചരിത്രം തിരഞ്ഞുപോയാൽ ചില വിമതസ്വരങ്ങളിലും വിമത സ്ഥാപനങ്ങളിലുമാണ് നാം ചെന്നെത്തുകയെന്ന് പലരും പറയാറുണ്ട്. ലോകത്തിലെ ആദ്യത്തെ സമാന്തര വിദ്യാഭ്യാസ സ്ഥാപനം അരിസ്റ്റോട്ടിലിന്റെ "ലൈസിയ'മാണത്രെ! പ്ലേറ്റോവിന്റെ "അക്കാദമി'യിൽ ഇടംകിട്ടാതെ വന്നപ്പോൾ അരിസ്റ്റോട്ടിൽ സ്ഥാപിച്ച വിദ്യാകേന്ദ്രമാണ് "ലൈസിയം' എന്നാണ് ചരിത്രത്തിലെ കേൾവി. പ്ലേറ്റോയുടെ അടുത്ത ശിഷ്യന്മാരിൽ ഒരാളായിരുന്നുവെങ്കിലും പ്ലേറ്റോവിന്റെ മരണാനന്തരം അരിസ്റ്റോട്ടിൽ "അക്കാദമി'ക്ക് പുറത്തായിരുന്നു. പ്ലേറ്റോയുടെ ചിന്താലോകത്തിനെതിരായ പല വിമർശനങ്ങൾക്കും അദ്ദേഹം ജന്മം നൽകിയത് ഈ വിമതലോകത്തിരുന്നുകൊണ്ടാണ്. കേവല സത്യത്തിൽനിന്നും പല പടവുകൾ അകലെയാണ് കല എന്ന പ്ലേറ്റോവിന്റെ ആശയത്തെ, പ്രകൃതിയുടെ പുനഃസൃഷ്ടിയാണ് കല എന്ന് അരിസ്റ്റോട്ടിൽ തിരുത്തിയിരുന്നു; അക്കാദമിയിൽനിന്നും പല പടവുകൾക്കപ്പുറത്തുള്ള ഒരു വിമതസ്ഥാനത്തിരുന്നുകൊണ്ട്!

ഗ്രീസിലും പാശ്ചാത്യ നാഗരികതയിലും സമാന്തര വിദ്യാഭ്യാസത്തിന് പിന്നീട് എന്തു സംഭവിച്ചു എന്നറിയില്ല. അതേക്കുറിച്ചുള്ള ചർച്ചകൾ കണ്ടതായി ഓർക്കുന്നുമില്ല. കേരളത്തിൽ, പക്ഷേ അത് പടർന്നു പന്തലിച്ചു. പൊതുവിദ്യാഭ്യാസത്തിന്റെ വ്യാപനംമൂലം ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യതയുള്ള പതിനായിരക്കണക്കിന് വിദ്യാർഥികൾ പുറത്തുനിൽക്കേണ്ടി വന്നപ്പോഴാണ് കേരളത്തിൽ സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾ രംഗത്തെത്തിയത്. ഒരർഥത്തിൽ കേരളത്തിലെ  വിദ്യാഭ്യാസാവശ്യങ്ങളിലൊന്നിന്റെ പരിഹാരവുമായിരുന്നു ആ സമാന്തരസ്ഥാപനങ്ങൾ. പൊതുസ്ഥാപനങ്ങൾക്ക് ഏറ്റെടുക്കാൻ കഴിയാത്ത ആയിരക്കണക്കിന് വിദ്യാർഥികളെ ഉന്നതവിദ്യാഭ്യാസമേഖലയിലേക്ക് ആനയിക്കാൻ അതിന് കഴിഞ്ഞു. അവിടത്തെ അധ്യയനത്തിനും അധ്യാപനത്തിനും പരിമിതികൾ ഏറെയുണ്ടായിരുന്നു എന്നതു ശരിയാണ്. അധ്യാപകരിൽ ഏറിയപങ്കും അതിനെ ഒരു ഇടത്താവളമായി കരുതിയവരായിരുന്നു. വിദ്യാഭ്യാസം കഴിഞ്ഞ് മെച്ചപ്പെട്ട തൊഴിലിനായുള്ള അന്വേഷണത്തിനിടയിൽ വന്നുപോകാൻ പറ്റിയ ഒരു ഇടത്താവളം.

ലോകത്തിലെ ആദ്യത്തെ സമാന്തര വിദ്യാഭ്യാസ സ്ഥാപനം അരിസ്റ്റോട്ടിലിന്റെ "ലൈസിയ'മാണത്രെ! പ്ലേറ്റോവിന്റെ "അക്കാദമി'യിൽ ഇടംകിട്ടാതെ വന്നപ്പോൾ അരിസ്റ്റോട്ടിൽ സ്ഥാപിച്ച വിദ്യാകേന്ദ്രമാണ് "ലൈസിയം' എന്നാണ് ചരിത്രത്തിലെ കേൾവി. പ്ലേറ്റോയുടെ അടുത്ത ശിഷ്യന്മാരിൽ ഒരാളായിരുന്നുവെങ്കിലും പ്ലേറ്റോവിന്റെ മരണാനന്തരം അരിസ്റ്റോട്ടിൽ "അക്കാദമി'ക്ക് പുറത്തായിരുന്നു.


ഇത്തരമൊരു സ്ഥിതിവിശേഷം സമാന്തരവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ വലിയൊരളവോളം ബാധിച്ചിട്ടുണ്ട്. ഗവേഷണാത്മകമായ അന്വേഷണങ്ങളോ, ജ്ഞാനോൽപ്പാദനമോ ഒന്നും അവിടെ നടക്കുകയുണ്ടായില്ല. അതവിടെ പ്രതീക്ഷിക്കപ്പെടുന്നുമില്ല. വിവരങ്ങൾ പഠിച്ചുറപ്പിച്ച് പരീക്ഷ പാസാവുന്ന വിദ്യാർഥികളാണ് അവിടെയുണ്ടായിരുന്നത്. വിദ്യാഭ്യാസം വിവരസമ്പാദനം എന്ന ഏകലക്ഷ്യത്തിലേക്ക് പലപ്പോഴും ചുരുങ്ങിപ്പോയി. ഗ്രന്ഥാലയങ്ങൾ, കളിക്കളങ്ങൾ, വിശാലമായ ക്യാമ്പസുകൾ, വിദ്യാർഥികളുടെ സർഗാത്മകമായ ജീവിതാവിഷ്കാരങ്ങൾ... ഇതിനൊന്നും ഇടമില്ലാത്ത ലോകമായിരുന്നു സമാന്തരസ്ഥാപനങ്ങളിലേറെയും. മുഖ്യധാരാ വിദ്യാഭ്യാസത്തിന്റെയും സ്ഥാപനങ്ങളുടെയും മറുപുറങ്ങളിൽ ചെറിയ സ്വപ്നങ്ങൾ മാത്രം അവശേഷിപ്പിച്ച് അവയിൽ ഏറിയ പങ്കും ഒതുങ്ങിനിന്നു. വിമതത്വത്തിന്റെയും വിജ്ഞാനോല്പാദനത്തിന്റെയും ചരിത്രം അവയുടെ നിത്യജീവിതത്തിൽ പ്രകാശം പരത്തിയില്ല.

ഇതിനിടയിലൂടെയാണ് സമാന്തരവിദ്യാഭ്യാസ സ്ഥാപനങ്ങൾ അവയുടെ സാമൂഹിക ദൗത്യം നിറവേറ്റിയത്. ഉന്നത വിദ്യാഭ്യാസത്തിന്റെ വിദൂരലോകം കേരളത്തിലെ പതിനായിരക്കണക്കിന് വിദ്യാർഥികൾക്ക് ലഭ്യമാക്കാൻ അവയ്ക്ക് കഴിഞ്ഞു. ഇടത്തട്ടുകാരും കീഴ്ത്തട്ടുകാരുമായ പതിനായിരങ്ങൾ ഓരോ വർഷവും ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ ബിരുദവും ബിരുദാനന്തര ബിരുദവും നേടി പുറത്തുവന്നു. സാമ്പത്തികമായി ഏറ്റവും പിന്നാക്കാവസ്ഥയിലുള്ള ഒരു രക്ഷാകർത്താവിനുപോലും തന്റെ മകൾക്കോ മകനോ ഉന്നതവിദ്യാഭ്യാസം നൽകാൻ കഴിയുന്ന നിലയിലാണ് ആ സ്ഥാപനങ്ങൾ നിലനിന്നത്. വലിയൊരളവോളം അത്തരം വിദ്യാർഥികളെ ആശ്രയിച്ചുകൊണ്ടാണ് ആ സ്ഥാപനങ്ങളും നിലനിന്നത്. ഇന്ന് പല ലക്ഷങ്ങൾ കൊണ്ടുമാത്രം സാധ്യമാവുന്ന, ‘സ്വാശ്രയവിദ്യാഭ്യാസം’ എന്ന കള്ളപ്പേരിൽ നടക്കുന്ന, കഴുത്തറപ്പൻ കച്ചവടം സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇല്ലായിരുന്നു. അവ സേവനപരമായിരുന്നു. അവശേഷിക്കുന്ന സമാന്തരവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇപ്പോഴും അടിസ്ഥാനപരമായി സേവനപരമാണ്.

ഒരു കർഷകത്തൊഴിലാളിയുടെയോ ചുമട്ടുതൊഴിലാളിയുടെയോ നിത്യവരുമാനത്തിൽനിന്നും ബാക്കിവരുന്ന ചില്ലറത്തുക കൊണ്ട് അയാളുടെ മകന്റെയും മകളുടെയും ഉന്നതവിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് ചിറകു നൽകാൻ ഈ സ്ഥാപനങ്ങൾക്ക് കഴിഞ്ഞു. പ്ലസ് ടു മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള പഠനം പൂർത്തിയാക്കി അത്തരത്തിലുള്ള ആയിരക്കണക്കിനു വിദ്യാർഥികൾ കേരളത്തിലെ ചെറിയ പട്ടണങ്ങളിലും ഗ്രാമങ്ങളിലും വർഷംതോറും പുറത്തുവന്നു. മുഖ്യധാരാ സ്ഥാപനങ്ങളിൽ പ്രവേശനം ലഭിക്കാത്തവരുടെ അഭയസ്ഥാനം മാത്രമല്ല സമാന്തരവിദ്യാഭ്യാസ സ്ഥാപനങ്ങൾ. ഉന്നത വിദ്യാഭ്യാസത്തിന്റെ വഴിയിലൂടെ നടക്കാൻ വേണ്ട പണമില്ലാത്തവർക്കും അത് തുണയായിരുന്നു. അതോടൊപ്പം അഭ്യസ്തവിദ്യരായ ആയിരങ്ങൾക്ക് ഉപജീവനത്തിനുള്ള വഴിയും, പുതിയ ജീവിതവിതാനങ്ങളിലേക്കുള്ള അവരുടെ കുതിപ്പിന്റെ അടിക്കല്ലുമായി അവ നിലകൊള്ളുകയും ചെയ്തു. അങ്ങനെ, കേരളീയ ജീവിതത്തിന്റെ  ഇടത്തട്ടിലെയും കീഴ്ത്തട്ടിലെയും ഉന്നത വിദ്യാഭ്യാസാവശ്യങ്ങൾക്ക് വലിയൊരളവോളം ഉത്തരം നൽകിക്കൊണ്ട്, സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾ നമ്മുടെ സമൂഹജീവിതത്തിലെ അദൃശ്യസാന്നിധ്യങ്ങളിലൊന്നായി തുടർന്നു. ഭരണകൂടമോ ഇതര പൊതുസംവിധാനങ്ങളോ ഇത്തരമൊരു സംവിധാനം കഴിഞ്ഞ നാലഞ്ചു പതിറ്റാണ്ടുകളായി ഇവിടെ നിലനിന്നുപോരുന്നുണ്ടെന്നും ഇത്രയും വലിയ സാമൂഹ്യാവശ്യങ്ങൾ അവ നിറവേറ്റിപ്പോരുന്നുണ്ടെന്നും പരിഗണിച്ചിട്ടേയില്ല. പലതരത്തിലുള്ള വിദ്യാഭ്യാസ കച്ചവടത്തിന് പൊതുസമൂഹവും ഭരണകൂടങ്ങളും നൽകിയ പരിഗണനയും ശ്രദ്ധയും കണക്കിലെടുത്താൽ, സമാന്തരവിദ്യാഭ്യാസത്തിന്‌  എന്നും ഒരു അധഃകൃതസ്ഥാനമായിരുന്നുവെന്ന് വ്യക്തമാവും. ധനപ്രമത്തതയുടെയും ജാതിമത വിഭാഗീയതയുടെയും പിന്തുണയില്ലാതെ, സ്വന്തം ബുദ്ധികൊണ്ടും വിയർപ്പുകൊണ്ടും ജീവിതം കെട്ടിപ്പടുക്കാനും പൊതുസമൂഹത്തിന്റെ വിദ്യാഭ്യാസ ആവശ്യങ്ങൾ പരിഹരിക്കാനും ശ്രമിച്ച ആയിരക്കണക്കിന് ചെറുപ്പക്കാരുടെ അക്ഷീണയത്നങ്ങളെ അങ്ങേയറ്റം ഉദാസീനമായാണ് ഭരണകൂടവും പൊതുസമൂഹവും പരിഗണിച്ചത്. വിദ്യാഭ്യാസ കച്ചവടത്തിന്റെ ചതിക്കുഴികളെ ആദരപൂർവം വരവേറ്റ നമുക്ക്, ഈ മനുഷ്യരുടെ ശ്രമങ്ങളെ വകവെച്ചുകൊടുക്കാൻ കഴിഞ്ഞതേയില്ല. ജനാധിപത്യത്തെയും സാമൂഹികനീതിയെയും കുറിച്ചുള്ള എല്ലാ നാട്യങ്ങൾക്കുമപ്പുറം കേരളീയ സമൂഹം ധനപ്രമത്തതയെ തന്നെയാണ് കൈകൂപ്പി വണങ്ങുക എന്നതിന് ഇതുമൊരു സാക്ഷ്യപത്രമായി അവശേഷിക്കുന്നു എന്നുമാത്രം.

രണ്ട്

ബിരുദാനന്തര പഠനത്തിനുശേഷമുള്ള ഇടവേളയിലാണ് ഞാൻ സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിലെത്തിയത്. വടക്കൻ പറവൂരിലെ ലക്ഷ്‌മികോളേജ് കേരളത്തിലെ മഹാഭൂരിപക്ഷം വരുന്ന സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നും ഏറെ വ്യത്യസ്തമായിരുന്നു. ഞാനവിടെ പഠിപ്പിക്കാൻ തുടങ്ങുമ്പോൾ മൂവായിരത്തോളം വിദ്യാർഥികൾ പഠിക്കുന്ന കോളേജായി അത് വളർന്നിരുന്നു. താരതമ്യേന മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങൾ അവിടെ ലഭ്യമായിരുന്നു. ഫെഡറൽ ബാങ്കിലെ ജോലിക്കാരായിരുന്ന രണ്ടുപേരും (എം വി ജോസ്, എം ജെ ഡേവിസ്‌  ) കേരളത്തിലെ ഒരു പ്രമുഖ പത്രത്തിൽ ജോലി ലഭിച്ച മറ്റൊരാളും (എൻ എം  പിയേഴ്‌സൺ) ചേർന്നാണ് അതിന് തുടക്കം കുറിച്ചത്.

എം ജെ ഡേവിഡ്‌, എൻ എം പിയേഴ്‌സൺ, എം വി ജോസ്‌

എം ജെ ഡേവിഡ്‌, എൻ എം പിയേഴ്‌സൺ, എം വി ജോസ്‌

സാമൂഹികാന്തസ്സ് ഏറെയുള്ള ആ തൊഴിലുകൾ ഉപേക്ഷിച്ചാണ് 1980കളുടെ തുടക്കത്തിൽ അവർ അധ്യാപനത്തിലേക്ക് വന്നത്. അക്കാലത്ത് ഞാനവിടെ ഒരു ട്യൂഷൻ വിദ്യാർഥിയായിരുന്നു. പഴയ പ്രീഡിഗ്രിയുടെ കാലം. പിന്നീട് ബിരുദാനന്തര പഠനം കഴിഞ്ഞെത്തിയപ്പോഴേക്കും ലക്ഷ്‌മികോളേജ് വലിയൊരു പ്രസ്ഥാനത്തിന്റെ വലുപ്പത്തിലേക്ക് എത്തിക്കഴിഞ്ഞിരുന്നു. മൂവായിരത്തോളം വിദ്യാർഥികൾ. പല ഷിഫ്റ്റുകളിലായി പ്രവർത്തിക്കുന്ന  ക്ലാസ്സുകൾ. രണ്ടു മൂന്നു പതിറ്റാണ്ടുകൾ പറവൂരിന്റെ വൈജ്ഞാനിക ജീവിതത്തിലും സാംസ്കാരിക ജീവിതത്തിലും അത് അനന്യമായ സ്ഥാനം കൈയാളി.

വാസ്തവത്തിൽ ഇത്തരം സംരംഭങ്ങൾ അത്രയേറെ ഒറ്റതിരിഞ്ഞതല്ല; ചുരുങ്ങിയപക്ഷം എന്റെ അനുഭവത്തിലെങ്കിലും. പറവൂരിൽനിന്നും ഏറെയൊന്നും അകലമില്ലാത്ത വൈപ്പിനിലെ നായരമ്പലത്ത് രണ്ട് പതിറ്റാണ്ടിലേറെയായി നടന്നുവരുന്ന "പ്രയാഗ' എന്ന സമാന്തര വിദ്യാഭ്യാസ സ്ഥാപനവും ഉന്നതമായ ഒരു ജീവിതാദർശത്തിന്റെ സാക്ഷാത്കാരമാണ്. പ്രയാഗയുടെ അമരക്കാരനായ പ്രകാശനും ഞാനും സഹപാഠികളായിരുന്നു. തന്റെ സുദൃഢമായ രാഷ്ട്രീയബോധ്യങ്ങളുടെ ആവിഷ്കാരം കൂടിയായാണ് പ്രകാശൻ ആ വിദ്യാഭ്യാസസ്ഥാപനത്തെ കാണുന്നത്. കലോത്സവങ്ങൾ,  കായികമേളകൾ, ചലച്ചിത്രോത്സവങ്ങൾ, വിദ്യാർഥികളുടെ ചലച്ചിത്ര നിർമാണം എന്നിങ്ങനെ ഒരു ക്യാമ്പസ് നൽകുന്ന എല്ലാ അവസരങ്ങളും പ്രയാഗയിൽ വിദ്യാർഥികൾക്ക് ലഭിച്ചിരുന്നു. കേരളത്തിലെ ഒട്ടെല്ലാ പ്രഭാഷകരും കവികളും എഴുത്തുകാരും അവിടത്തെ ചടങ്ങുകളിൽ സംബന്ധിക്കാനെത്തിയിട്ടുണ്ട്. നമ്മുടെ സാംസ്കാരിക ജീവിതത്തിലെ ചെറിയ ചലനങ്ങളോടു പോലും അവിടെ പ്രതികരണങ്ങളുണ്ടാകുന്നു. സാമ്പത്തികസ്ഥിതികൊണ്ടും പശ്ചാത്തല സൗകര്യംകൊണ്ടും  എത്രയോ മുന്നിട്ടുനിൽക്കുന്ന പല സ്ഥാപനങ്ങളും  ചെയ്യാൻ മടിക്കുന്ന കാര്യങ്ങൾ ഇച്ഛാശക്തിയുടെയും രാഷ്ട്രീയ ജാഗ്രതയുടെയും പിൻബലത്തിൽ പൂർത്തീകരിക്കാൻ ഈ സ്ഥാപനങ്ങളുടെ അമരക്കാർക്ക് കഴിഞ്ഞിരുന്നു.

ബിരുദാനന്തര പഠനത്തിനുശേഷമുള്ള ഇടവേളയിലാണ് ഞാൻ സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിലെത്തിയത്. വടക്കൻ പറവൂരിലെ ലക്ഷ്‌മികോളേജ് കേരളത്തിലെ മഹാഭൂരിപക്ഷം വരുന്ന സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നും ഏറെ വ്യത്യസ്തമായിരുന്നു. ഞാനവിടെ പഠിപ്പിക്കാൻ തുടങ്ങുമ്പോൾ മൂവായിരത്തോളം വിദ്യാർഥികൾ പഠിക്കുന്ന കോളേജായി അത് വളർന്നിരുന്നു.

ഇങ്ങനെയൊക്കെയായിരിക്കുമ്പോൾ തന്നെ, എത്ര മികച്ച സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിനും അടിസ്ഥാനപരമായ ചില പരിമിതികളുണ്ട.് അതിലേറ്റവും പ്രധാനം, മുകളിൽ സൂചിപ്പിച്ചതുപോലെ, അവയുടെ വൈജ്ഞാനിക ജീവിതത്തിന്റെ പരിമിതികളാണ്. മുഖ്യമായും പരീക്ഷാകേന്ദ്രിതമാണ് എല്ലാ സമാന്തര വിദ്യാഭ്യാസസ്ഥാപനങ്ങളിലെയും വിദ്യാഭ്യാസ പ്രവർത്തനം. മികച്ച റിസൽട്ടാണ് പൊതുസമൂഹത്തിൽ ഇത്തരം സ്ഥാപനങ്ങളുടെ മൂല്യനിർണയത്തിനുള്ള ഒരേയൊരുപാധി. അതുകൊണ്ട് പരീക്ഷയെ മറികടക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്ന, ഒട്ടൊക്കെ യാന്ത്രികമായ, അധ്യാപനരീതികൾക്ക് അവിടെ മേൽക്കൈ ലഭിക്കും. വൈജ്ഞാനിക ജീവിതത്തിന്റെ ഇതര ആവിഷ്കാരങ്ങളും പശ്ചാത്തലസാമഗ്രികളും, ഗ്രന്ഥാലയങ്ങൾ, സംവേദവേദികൾ, കലോത്സവങ്ങൾ എന്നിങ്ങനെ പലതും അവയിൽ പലയിടത്തും ഇല്ലാത്തതുകൊണ്ട് യാന്ത്രികമായ പഠനപ്രക്രിയയാണ് അവിടെ ആവർത്തിക്കപ്പെടുക.

വിജ്ഞാനത്തെ വ്യാഖ്യാനാത്മകമോ (Interpretative) വിമർശനാത്മകമോ (critical)  ആയ അവബോധമായി വികസിപ്പിക്കാൻ വേണ്ട ശ്രമങ്ങളൊന്നും ഇതുമൂലം അവിടെ അരങ്ങേറില്ല. വിജ്ഞാനം വെറും വിവരവും ഓർമയുമായി ചുരുങ്ങും. ഈ ചുരുങ്ങലാകട്ടെ, വ്യാഖ്യാനാത്മക‐വിമർശനാത്മക ജ്ഞാനവൃത്തികളിൽ തൽപ്പരരായ അധ്യാപകരെയും വിദ്യാർഥികളെയും പതിയെപ്പതിയെ അത്തരം ആഭിമുഖ്യങ്ങളിൽനിന്ന് പിറകോട്ടു വലിക്കുകയും ചെയ്യും. വൈജ്ഞാനിക ജീവിതത്തിലെ യാന്ത്രികതയും ജ്ഞാനമേഖലയിലെ വിവരവത്കരണവും ശക്തിപ്പെടാൻ ഇത് കാരണമാവും. സമാന്തരവിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഇതിനെല്ലാം വഴിവച്ചത് എന്ന യാതൊരഭിപ്രായവും ഇങ്ങനെ പറയുന്നതിലില്ല. നമ്മുടെ മുഖ്യാധാരാ വിദ്യാഭ്യാസം പൊതുവിലും, സ്വാശ്രയവിദ്യാഭ്യാസം പ്രത്യേകിച്ചും ഈ യാന്ത്രികതയുടെയും വിവരവത്്കരണത്തിന്റെയും വഴിയിലൂടെ തന്നെയാണ് നീങ്ങുന്നത്. അത്തരമൊരു പ്രശ്നം സമാന്തരവിദ്യാഭ്യാസത്തിലും തുടരുന്നുണ്ട് എന്നു സൂചിപ്പിക്കാനേ മുതിരുന്നുള്ളൂ. അവ നിറവേറ്റുന്ന സാമൂഹ്യദൗത്യം മുൻനിർത്തി പരിശോധിക്കുമ്പോൾ, പ്രത്യേകിച്ചും ഭരണസംവിധാനങ്ങളുടെയോ പൊതുസമൂഹത്തിന്റെയോ യാതൊരുവിധ പിന്തുണയും സമാന്തരവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ലഭിക്കുന്നില്ല എന്ന വസ്തുതകൂടി പരിഗണിക്കുമ്പോൾ, ഇതൊരു വലിയ അപരാധമായി കാണാനാവില്ല. എങ്കിലും പോരായ്മകളെ പോരായ്മകളായി തന്നെ കണക്കാക്കാം. അതുവഴിയാണ് നമുക്ക് ചരിത്രത്തോട് നീതി പുലർത്താനാവുക.

സമാന്തര വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ബന്ധങ്ങൾ പൊതുവെ ഊഷ്മളവും ദൃഢവുമാണ്. പങ്കുവയ്ക്കാനുള്ള ഇടങ്ങൾ ചെറുതായതുകൊണ്ടാവാം, ഒറ്റയൊറ്റയായ തുരുത്തുകളായി പിൻവാങ്ങി നിൽക്കാൻ പൊതുവെ ആർക്കുമവിടെ കഴിയില്ല. ഗാഢമായ സ്നേഹബന്ധങ്ങൾ, ജീവിതത്തിന്റെ സമസ്തമേഖലകളിലേക്കും കടന്നുനിൽക്കുന്ന സൗഹൃദങ്ങൾ, അവിടെ അധ്യാപകർക്കിടയിലുണ്ട്. മുഖ്യധാരാ സ്ഥാപനങ്ങളിൽനിന്നും വ്യത്യസ്തമായി, വളരെ പരിമിതമായ സാമ്പത്തികശേഷിയും വരുമാനവും ഉള്ളവരായിരിക്കും അധ്യാപകരിൽ ഏറിയ പങ്കും. ലക്ഷ്‌മികോളേജിൽ മറ്റു പലയിടങ്ങളെയും അപേക്ഷിച്ച് ഏറെ മെച്ചപ്പെട്ട ശമ്പളം ലഭിച്ചിരുന്നു. എങ്കിലും ശമ്പളമായി കിട്ടുന്ന പണം ഒരു കുടുംബത്തിന്റെ ആവശ്യനിർവഹണത്തിനൊന്നും മതിയാകില്ല. ഈ പരാധീനതകൾക്കിടയിലെ  പങ്കുവയ്പായി വികസിക്കുന്ന ജീവിതത്തിന്റെ ഊഷ്മളതയാണ് അന്നൊക്കെ ജീവിതത്തെ നിറം പിടിപ്പിക്കുന്നത്. തിരിഞ്ഞുനോക്കുമ്പോൾ വിഭവപരിമിതികൾ  ഒരുപാട് അനുഭവപ്പെടുമെങ്കിലും സ്നേഹനിർഭരമായ ഒരു കാലത്തിന്റെ ഓർമകളാണ് അത് ബാക്കിവെയ്ക്കുന്നത്. ""ഇവിടെ ജീവിക്കാൻ ഇവിടെയാശിപ്പാൻ/ഇവിടെ ദുഃഖിപ്പാൻ കഴിവതേ സുഖം'' എന്ന് കവി പാടിയതിനെ ഓർമിപ്പിക്കുന്ന ഒരു കാലം!

പാരലൽകോളേജ് ജീവിതം എനിക്കും ഒരുപാട് സൗഹൃദങ്ങൾ തന്നു. ക്ലാസ് കഴിഞ്ഞുള്ള യാത്രകൾ, സിനിമകൾ. വിദ്യാർഥികളുടെ വീടുകളിലെ വിവാഹവും മറ്റും പ്രമാണിച്ച് അവിടേക്കുള്ള യാത്രകൾ. സൗഹൃദത്തിന്റെ ഇഴയടുപ്പം ഏറിയേറി വന്ന കാലം. പല ദിവസങ്ങളിലും കോളേജിൽ തന്നെയാണ് ഉറങ്ങിയതും ഉണർന്നതും. അതിനിടയിൽ പല സൗഹൃദങ്ങളും ആഴത്തിൽ വേരുപിടിച്ചു. കോളേജിന്റെ ജീവശ്വാസംപോലെ പ്രവർത്തിച്ചിരുന്ന ലാലനും എൽസിയും. ഹൃദയമിത്രമായി മാറിയ ജോയി. വിദ്യാർഥികാല സഖാക്കളും സഹപ്രവർത്തകരുമായ പി ഡി  രാജീവ്, ജോർജ്‌ വർക്കി, രവീന്ദ്രൻ...നിത്യജീവിതത്തിന്റെ വഴികളിൽ അന്ന് ഒരുപാടുപേർ ഒപ്പമുണ്ടായിരുന്നു. കാലപ്രവാഹം ഇവരിൽ പലരെയും പലയിടങ്ങളിലെത്തിച്ചു. പലരും മറ്റു ജോലികളിൽ പ്രവേശിച്ചു. നിത്യസമ്പർക്കങ്ങൾ പതിയെപ്പതിയെ നിലച്ചു. എങ്കിലും പരിമിതമായ വിഭവങ്ങൾ കൊണ്ടു പടുത്ത ആ ജീവിതത്തിന്റെയും കാലത്തിന്റെയും നനവ് ഇപ്പോഴും തുടരുന്നു.


1990കളുടെ തുടക്കം മുതൽ നാലഞ്ചു വർഷക്കാലമായിരുന്നു എന്റെ സമാന്തരവിദ്യാഭ്യാസ ജീവിതം. അധ്യാപകനായി ജോലി ചെയ്യുന്നതിനിടയിൽ ദേശാഭിമാനി പത്രത്തിലെ സബ് എഡിറ്റർ തസ്തികയിലെത്തി. പത്രത്തിലെ ജോലി വൈകുന്നേരമായിരുന്നു. അതുകൊണ്ട് അധ്യാപനം അപ്പോഴും ഉപേക്ഷിച്ചില്ല. നൂറോളം വിദ്യാർഥികൾ നിറഞ്ഞിരിക്കുന്ന ക്ലാസുകളായിരുന്നു അന്നത്തേത്. ദിവസവും നാലും അഞ്ചും മണിക്കൂറുകൾ നീളുന്ന അധ്യാപനം. ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ ആയാസകരമായി തോന്നുന്നുണ്ടെങ്കിലും അന്ന് അതെല്ലാം സ്വാഭാവികമായിരുന്നു. ബിരുദക്ലാസിൽ പഠിപ്പിച്ചിരുന്ന ഇംഗ്ലീഷ് പാഠപുസ്തകങ്ങളിലൊന്ന് ബർട്രന്റ് റസ്സലിന്റെ പ്രബന്ധങ്ങളായിരുന്നു. ഭാഷയുടെ പ്രൗഢിയും ആശയങ്ങളുടെ ഗംഭീരതയും കൊണ്ട് മോഹിപ്പിക്കുന്ന വാക്കുകളിലാണ് റസ്സൽ എഴുതുന്നത്. സാഹിത്യമെഴുതാതെ തന്നെ അദ്ദേഹത്തിന് സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം ലഭിച്ചിരുന്നല്ലോ! പല ക്ലാസ്സുകളിൽ ഒരേ പാഠപുസ്തകം തന്നെ പഠിപ്പിക്കേണ്ടി വരുന്നതിനാൽ, പാഠങ്ങൾ പലതും ഹൃദിസ്ഥമാവുമായിരുന്നു. ആശയങ്ങളുടെ വലിയ ലോകങ്ങൾ തുറന്നുകിട്ടിയ ക്ലാസ്സുകളായിരുന്നു അവ. വിദ്യാർഥികൾക്ക് അതെല്ലാം എങ്ങനെ അനുഭവപ്പെട്ടു എന്നറിയില്ല. എനിക്ക് അവ പുതിയ ആകാശങ്ങളിലേക്കുള്ള ക്ഷണപത്രങ്ങളായി മാറി.

തലശ്ശേരിയിലെ ഒരു പാരലൽ കോളേജ്‌

തലശ്ശേരിയിലെ ഒരു പാരലൽ കോളേജ്‌


കവിതയുടെ മാസ്മരികത കെട്ടുപോയിട്ടില്ലാത്ത കാലമായിരുന്നു അത്. ഇപ്പോൾ പലപ്പോഴും കേൾക്കുന്നതുപോലെ പൊള്ളയായ വാക്കുകൾ കെട്ടിക്കേറ്റി, സംഗീതവും ശബ്ദഭംഗിയുംകൊണ്ട് അതു മൂടിവയ്ക്കുന്ന കവിതകളല്ല അന്ന് കുട്ടികൾ ചൊല്ലിയിരുന്നത്. കടമ്മനിട്ടയും ചുള്ളിക്കാടും ഒ എൻ വിയും മറ്റുംക്യാമ്പസുകളിൽ നിരന്തരം ആവർത്തിക്കപ്പെട്ടു. വിദ്യാർഥി ജീവിതകാലം മുതൽക്കേ കവിതചൊല്ലി ശീലിച്ചതുകൊണ്ട് എനിക്ക് മലയാളം ക്ലാസ്സുകളെ കുറേയേറെ സജീവമാക്കാൻ കഴിഞ്ഞിരുന്നു. മിക്കവാറും എല്ലാ ക്ലാസ്സുകളിലും ഞാൻ കവിത ചൊല്ലി. പഠിപ്പിക്കാത്ത ക്ലാസ്സുകളിലും കവിത ചൊല്ലാൻ പോയി. കവിതകൾക്ക് ആമുഖമായി ചിലതെല്ലാം പറയുകയും ചെയ്യും. പിൽക്കാലത്തെ പ്രഭാഷകജീവിതത്തിന്റെ ഒരു വഴി അവിടെ തെളിഞ്ഞതാവണം. വാക്കിന്റെ സൗന്ദര്യം കവിതയിൽനിന്നു പതിയെപ്പതിയെ പ്രസംഗത്തിലേക്കും പകർന്നുകിട്ടി. എഴുത്തിൽ അതങ്ങനെ വന്നില്ല. പ്രസംഗിക്കുന്നതുപോലെ എഴുതിക്കൂടേ എന്ന് എന്നോട് പലരും ചോദിച്ചിട്ടുണ്ട്. ഇപ്പോഴും ചോദിക്കാറുണ്ട്. അങ്ങനെയൊരു ചേർച്ച എപ്പോഴെങ്കിലും വരുമോ? സംശയമാണ്.

കേസരി

കേസരി

ലക്ഷ്‌മികോളേജിലെ സായാഹ്നങ്ങൾ വൈജ്ഞാനികതയുടെ ദീപ്തി നിറഞ്ഞവയായിരുന്നു. ചർച്ചകൾ, സംവാദങ്ങൾ, പ്രഭാഷണങ്ങൾ എന്നിങ്ങനെ പലതും ആ സായാഹ്നങ്ങളിലരങ്ങേറി. പിന്നീട് ആ ചർച്ചാവേദി "കേസരിസദസ്സ്' എന്നപേരിൽ ഒരു സാംസ്കാരിക സമിതിയായി മാറി. പ്രൊഫ. എം എൻ വിജയനാണ് അത് ഉദ്ഘാടനം ചെയ്തത്. വിജയൻമാഷ് അന്ന് തലശ്ശേരിയിലാണ്. മാഷിനെ ക്ഷണിക്കാൻ പിയേഴ്‌സൺ മാഷും ഞാനും തലശ്ശേരിക്ക് പോയിരുന്നു. ‘കേസരിയുടെ ലോകങ്ങൾ’ എന്ന വിഷയം മുൻനിർത്തിയാണ് മാഷ് സംസാരിച്ചത്. അതുല്യമായ ഒരു പ്രഭാഷണമായിരുന്നു അത്. ‘കേസരി പറവൂർക്കാരനല്ല എന്ന കാര്യം നിങ്ങൾക്കറിയാമെന്നാണ് എന്റെ വിശ്വാസം’ എന്നു പറഞ്ഞുകൊണ്ടാണ് വിജയൻമാഷ് പ്രസംഗം ആരംഭിച്ചത്! കേസരി സദസ്സിന്റെ ഇടപെടലുകൾ പിന്നീട് ആറേഴു വർഷക്കാലം പറവൂരിന്റെ സാംസ്കാരിക ജീവിതത്തെ സമ്പന്നമാക്കുന്നതിൽ വലിയ പങ്കാണ് വഹിച്ചത്. പ്രൊഫ. കെ എൻ  ഭരതന്റെ "ഇരുപതാം നൂറ്റാണ്ടിന്റെ വിജ്ഞാനലോക' ത്തെക്കുറിച്ചുള്ള പ്രഭാഷണ പരമ്പര അത്ഭുതകരമായ ഒന്നായിരുന്നു. ഇടിമുഴക്കം പോലുള്ള വാക്കുകളിൽ, ഭരതൻ മാഷ് എല്ലാ ആഴ്ചകളിലും ലക്ഷ്‌മികോളേജിലെ സായാഹ്നവേദികളിൽ വലിയ ചിന്തകരെയും അവരുടെ ആശയങ്ങളെയും കുറിച്ച് സംസാരിച്ചു. ഓസ്വാൾഡ് സ്പെംഗ്ലർ, ആർനോൾഡ് ടോയൻബി, റോസാ  ലക്സംബർഗ്, എം എൻ റോയ്...
കെ എൻ ഭരതൻ

കെ എൻ ഭരതൻ

ഭരതൻ മാഷിന്റെ വിഷയമേഖലകൾക്ക് അതിരുണ്ടായിരുന്നില്ല... ചിത്രകലയെക്കുറിച്ചും ചരിത്രവിജ്ഞാനീയത്തെക്കുറിച്ചുമെല്ലാമുള്ള മുഴുദിന ക്ലാസ്സുകൾ, നാടകാവതരണങ്ങൾ, സെമിനാറുകൾ... ഇവയൊക്കെ  അന്ന് ‘കേസരി സദസ്സ്’ സംഘടിപ്പിച്ചിരുന്നു. ഒരു നാടിന്റെ സാംസ്കാരിക ജീവിതത്തിന്റെ കേന്ദ്രബിന്ദുവായി ഒരു സമാന്തരവിദ്യാഭ്യാസ സ്ഥാപനം ഉയർന്നുവരുന്ന അപൂർവമായ ഒരു ചിത്രം ‘കേസരി സദസ്സ്’ സൃഷ്ടിച്ചു എന്നു തോന്നുന്നു.

ലക്ഷ്മികോളേജിൽ വച്ചാണ് പിയേഴ്‌സൺ മാഷിനെ ഞാൻ ആദ്യം പരിചയപ്പെട്ടത്. അത് എന്റെ വിദ്യാർഥിജീവിതകാലത്തായിരുന്നു. മാല്ല്യങ്കര കോളേജിൽ പ്രീഡിഗ്രി ക്ലാസിലെ സഹപാഠികളായ വിദ്യാർഥികൾ പറഞ്ഞാണ് ലക്ഷ്മികോളേജിനെയും പിയേഴ്‌സൺ മാഷിനെയും കുറിച്ച് ഞാൻ ആദ്യം കേട്ടത്. ലക്ഷ്മികോളേജിലെ അധ്യാപനരീതിയെക്കുറിച്ചും പിയേഴ്‌സൺ മാഷിനെക്കുറിച്ചുമെല്ലാം അവർ പറഞ്ഞതിൽ അത്ഭുതത്തിന്റെയും ആരാധനയുടെയും പരിവേഷമുണ്ടായിരുന്നു. അതെല്ലാം കേട്ടാണ് അവിടെ പഠിക്കണം എന്ന മോഹമുദിച്ചത്. അന്ന് ഞാൻ ട്യൂഷൻ പഠിച്ചിരുന്നത് മറ്റൊരിടത്താണ്. അതിന്റെ സമയം ക്രമീകരിച്ച് ലക്ഷ്മിയിലും ഞാൻ ട്യൂഷന് ചേർന്നു. പിയേഴ്‌സൺ മാഷ്, ജോസ് മാഷ്, ഡേവിഡ് മാഷ് തുടങ്ങിയവരുടെയെല്ലാം ക്ലാസുകളിൽ വിദ്യാർഥിയായി. ജോസ് മാഷ് ഇംഗ്ലീഷും ഡേവിഡ് മാഷ് ഫിസിക്സും പിയേഴ്‌സൺ മാഷ് കെമിസ്ട്രിയും ഇംഗ്ലീഷും പഠിപ്പിച്ചു. നേർത്ത ഫലിതത്തിന്റെ അകമ്പടിയോടെ ലോകതത്ത്വങ്ങളും ആശയങ്ങളും ഇടകലർത്തിയാണ് ജോസ് മാഷ് ക്ലാസിൽ സംസാരിക്കുക. കലകളുടെയും കൗതുകങ്ങളുടെയും ഒരു ലോകം അതിലെപ്പോഴും ഉണ്ടാകും. ഡേവിഡ് മാഷിന്റെ ക്ലാസുകളിൽ ഗഹനമായ ശാസ്ത്രവിഷയങ്ങൾ അനായാസമായ ഭംഗിയോടെ വിദ്യാർഥികളിലേക്കെത്തി. ശാസ്ത്രാധ്യാപനത്തിൽ ഇത്രയും പ്രശാന്തതയും സുഗമഭംഗിയും ഒത്തിണങ്ങിയ ക്ലാസുകൾ എനിക്ക് ഏറെ പരിചയമില്ല. പിയേഴ്‌സൺ മാഷിന്റെ ക്ലാസുകൾ ആശയസമ്പന്നതയുടെയും ഊർജസ്വലതയുടെയും പ്രഭവങ്ങളായിരുന്നു. ശാസ്ത്രവും തത്ത്വവിചാരവും രാഷ്ട്രീയദർശനവുമെല്ലാം അതിൽ ചേർന്നുനിന്നു. മാഷ് ബിരുദത്തിന് രസതന്ത്രവും ബിരുദാനന്തരബിരുദത്തിന് ഫിലോസഫിയുമാണ് പഠിച്ചത്. മാഷിന്റെ ക്ലാസുകളിൽ അതെല്ലാം തമ്മിലിണങ്ങിനിന്നു. അവരുടെയെല്ലാം ക്ലാസുകളിൽനിന്ന് പതിയെപ്പതിയെ പുതിയൊരു ലോകബോധത്തിലേക്കുള്ള വഴി എനിക്ക് തുറന്നുകിട്ടി.

 പ്രീഡിഗ്രിക്കാലത്തും ഡിഗ്രിയിലെ ആദ്യത്തെ രണ്ടുവർഷവും ഞാൻ ലക്ഷ്മികോളേജിലെ വിദ്യാർഥിയായിരുന്നു. പിന്നീട് 1991 മുതൽ ആറുവർഷത്തോളം അവിടെ പഠിപ്പിക്കുകയും ചെയ്തു. വിദ്യാർഥിയായിരുന്ന കാലത്തുതന്നെ പിയേഴ്‌സൺ മാഷുമായി നല്ല പരിചയത്തിലായി. അധ്യാപകൻ എന്നതിനപ്പുറംപോയ ബന്ധമായിരുന്നു അത്. മാഷിന്റെ വീട്ടിൽ ഞാൻ അക്കാലത്ത് പലപ്പോഴും പോകുമായിരുന്നു. അന്ന് സഖാവ് എൻ കെ  മാധവൻ അവിടെയുണ്ട്. മാഷിന്റെ അച്ഛൻ. എറണാകുളം ജില്ലയിലെ ആദ്യതലമുറയിലെ കമ്യൂണിസ്റ്റ് നേതാവാണ് എൻ കെ  മാധവൻ. പറവൂരിലും പരിസരങ്ങളിലും കമ്യൂണിസ്റ്റ് പ്രസ്ഥാനം നട്ടുവളർത്തിയതിൽ എൻ കെയുടെ പങ്ക് വലുതാണ്. കീഴടങ്ങാത്ത പോരാട്ടവീര്യവും ഇച്ഛയുടെ ദൃഢതയും എൻ കെയിൽ എന്നുമുണ്ടായിരുന്നു. ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണവേളയിൽ എൻ കെ നേരിട്ട പീഡനം സമാനതകളില്ലാത്തതായിരുന്നു. ഞാൻ കാണുന്ന കാലത്ത് എൻ കെ വാർധക്യത്തിലേക്ക് നീങ്ങിയിരുന്നു. എങ്കിലും പോരാട്ടവീര്യത്തിന്റെ തിളക്കവും തീക്ഷ്‌ണതയും എൻ കെയുടെ കണ്ണുകളിൽ അപ്പോഴും ബാക്കിനിന്നു.

പിയേഴ്‌സൺ മാഷിന്റെ വീട്ടിലെ ചെറിയ മുറികളിലൊന്നിലാണ് സാഹിത്യത്തിലെയും ചിന്തയിലെയും മഹാരഥികളെ ഞാൻ ആദ്യം കാണുന്നത്. മുറിയിലെ ഷെൽഫിലും നിലത്തും കസേരയ്ക്ക് ചുറ്റുമെല്ലാം തിങ്ങിനിറഞ്ഞിരിക്കുന്ന പുസ്തകങ്ങൾ. സാർത്രും സ്റ്റീൻ ബക്കും ബെർജറും ഹെമിങ്‌വേയും എല്ലാം അതിലുണ്ടായിരുന്നു. അവ ഓരോന്നും എടുത്ത് മറിച്ചുനോക്കലായിരുന്നു അന്നത്തെ വലിയ ആനന്ദം. ചുരുക്കം ചിലതു മാത്രം വായിക്കാൻ ശ്രമിച്ചു. ബെർജറുടെ കാഴ്ചയുടെ വഴികൾ (Ways of Seeing)  അക്കാലത്തുതന്നെ ഞാൻ വായിക്കാൻ ശ്രമിച്ചിട്ടുണ്ട്. പലതും വായിച്ചാൽ ഒന്നും മനസ്സിലാകുമായിരുന്നില്ല. എങ്കിലും ആ പരിചയപ്പെടലുകൾ പ്രധാനമായിരുന്നു. പിൽക്കാലത്തെ പല വായനകളിലേക്കും ആലോചനകളിലേക്കുമുള്ള വഴികൾ തുറന്നുകിട്ടിയത് അവിടെ നിന്നാണ്.

എൻ എം പിയേഴ്‌സൺ

എൻ എം പിയേഴ്‌സൺ

ലക്ഷ്മിയിൽ അധ്യാപകനായി ചേർന്നതിനുശേഷം പിയേഴ്‌സൺ മാഷുമായുള്ള സഹവാസം ഏറി. യാത്രകളും ഒരുമിച്ചുള്ള ആലോചനകളും മറ്റും ധാരാളമായി. കേസരി സദസ്സ് എന്ന കൂട്ടായ്മയ്ക്കുവേണ്ടി ഒരുമിച്ച് പ്രവർത്തിച്ചു. വിജയൻമാഷിന്റെയും കടമ്മനിട്ടയുടെയും മറ്റും വീടുകളിൽ പോയി. ഒരു മാസം നീണ്ട മറ്റൊരു യാത്രയിൽ ബംഗാളും ബിഹാറും നേപ്പാളും കണ്ടു മടങ്ങി. ജീവിതാനുഭവങ്ങളുടെ വലിയൊരു പാഠശാലയായിരുന്നു മാഷുമൊത്തുള്ള ആ കാലം. ആശയങ്ങളുടെയും അനുഭവങ്ങളുടെയും രാഷ്ട്രീയ സംവാദങ്ങളുടെയും വിശാലലോകത്തേക്ക് മാഷിനോടൊപ്പം ഞാൻ കുറെയേറെ നടന്നു. പറവൂരിൽ ഇരമ്പിനിന്ന ചില സമരങ്ങളിലും മാഷുണ്ടായിരുന്നു. ചിലപ്പോഴൊക്കെ ഞാനും ചേർന്നു. ഇച്ഛാശക്തിയും കർമശേഷിയും മാഷിന്റെ ജീവിതമുദ്രകളാണ്. പ്രതിസന്ധികളെ തന്റെ ഊർജമാക്കുന്നതിന്റെ മികവ് എപ്പോഴും അതിലുണ്ടായിരുന്നു. പിന്നീട് ഒരിടക്കാലത്ത് രാഷ്ട്രീയബോധ്യങ്ങളിൽ ഞങ്ങൾ ഇരുവഴികളിലായി. എങ്കിലും മാഷുമായുള്ള ദീർഘസൗഹൃദത്തെ ആ കലുഷകാലം കാര്യമായി ബാധിച്ചില്ല. വിയോജിപ്പുകളെ കവിഞ്ഞുപോകുന്ന സ്നേഹത്തിന്റെ അടിയൊഴുക്ക് അതിലുണ്ടായിരുന്നു. 

സമാന്തരസ്ഥാപനങ്ങൾ കാലത്തിന്റെ കണക്കുപുസ്തകത്തിലേക്ക് പിൻവാങ്ങിത്തുടങ്ങിയിരിക്കുന്നു. ചുരുക്കം ചിലതേ ആ കണക്കെടുപ്പിൽ പെടാതെ ഇപ്പോൾ തുടരുന്നുള്ളൂ. ചരിത്രത്തിന്റെ ഗതിഭേദങ്ങൾ സമാന്തരവിദ്യാഭ്യാസത്തിന്റെ പ്രകൃതത്തെയും ഇതിനകം ബാധിച്ചുകഴിഞ്ഞു.

സമാന്തരസ്ഥാപനങ്ങൾ കാലത്തിന്റെ കണക്കുപുസ്തകത്തിലേക്ക് പിൻവാങ്ങിത്തുടങ്ങിയിരിക്കുന്നു. ചുരുക്കം ചിലതേ ആ കണക്കെടുപ്പിൽ പെടാതെ ഇപ്പോൾ തുടരുന്നുള്ളൂ. ചരിത്രത്തിന്റെ ഗതിഭേദങ്ങൾ സമാന്തരവിദ്യാഭ്യാസത്തിന്റെ പ്രകൃതത്തെയും ഇതിനകം ബാധിച്ചുകഴിഞ്ഞു. സാങ്കേതികതയും ധനപ്രമത്തതയും നമ്മുടെ പൊതുവിദ്യാഭ്യാസത്തെ വിഴുങ്ങിക്കൊണ്ടിരിക്കുമ്പോൾ ഇനിയെത്രകാലം സമാന്തരവിദ്യാഭ്യാസത്തിന് തുടരാനാവും എന്നത് വലിയൊരു ചോദ്യമാണ്. ഭാവിചരിത്രം ഉത്തരം നൽകേണ്ട ചോദ്യമാണത്. എന്തായാലും സാമൂഹികമായ വലിയൊരു ദൗത്യനിർവഹണത്തിന്റേയും ഒരുകൂട്ടം മനുഷ്യരുടെ അതിജീവനത്തിന്റെയും ചരിത്രം കൂടിക്കലർന്നു നിൽക്കുന്ന അനുഭവലോകങ്ങളായി സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിന്റെ ജീവിതത്തിൽ ഇടം നേടിക്കഴിഞ്ഞിട്ടുണ്ട്. ഭാവി, നമ്മുടെ പ്രവചനങ്ങൾക്ക് ചെവി നൽകുന്നില്ലല്ലോ!.

 (ദേശാഭിമാനി വാരികയിൽ നിന്ന്‌)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top