18 June Friday

നന്മയുടെ സ്വന്തം നാട്‌; മറുനാട്ടുകാർക്കും സിരകളെ ത്രസിപ്പിക്കുന്ന അനുഭവമാണ്‌ കേരളം

തയ്യാറാക്കിയത്‌: പി വി ജീജോ, വിനോദ്‌ പായം, എ എസ്‌ ജിബിനUpdated: Sunday May 9, 2021

മഹാമാരി ആധിപടർത്തി പടരുന്ന ദുരന്തകാലത്തും സിരകളെ  ത്രസിപ്പിക്കുന്ന അനുഭവമാണ്‌ കേരളം. മലയാളി മാത്രമല്ല ഇന്നാട്ടിൽ കഴിയുന്ന മറുനാട്ടുകാരും പങ്കിടുന്നു ഈ വൈകാരികാനുഭൂതി.  ഈ ദേശത്തിന്റെ സവിശേഷമായ മഹിമയിലും ജനകീയ ഭരണത്തിലൂടെ ആർജിച്ച പുരോഗതിയിലും അവർ അഭിമാനിക്കുന്നു 

എൽഡിഎഫ്‌ സർക്കാർ വീണ്ടും അധികാരമേറുമ്പോൾ  പ്രളയത്തിലും ദുരന്തത്തിലും അക്ഷരത്തിലും ആരോഗ്യത്തിലും കേരളം  കൈവരിച്ച നേട്ടങ്ങൾ വിശദീകരിക്കയാണിവർ 

അക്കാദമിക  രംഗങ്ങളിൽ രാജ്യത്തിന്റെ യശസ്സുയർത്തുന്ന കോഴിക്കോട്‌ ഐഐഎമ്മിന്റെ ഡയറക്ടറും പശ്‌ചിമ ബംഗാൾ സ്വദേശിയുമായ  ഡോ. ദേബാശിഷ്‌ ചാറ്റർജി,  കോഴിക്കോട്‌ എൻ ഐ ടിയിലെ അസി. പ്രൊഫസറും വിജയവാഡ സ്വദേശിനിയുമായ  ഡോ. ദീപ്‌തി ബെണ്ടി, പഞ്ചാബിൽനിന്ന്‌ കൊച്ചിയിൽ കുടിയേറിയ സേഥി കുടുംബം, ബിഹാർ സ്വദേശിയായ അതിഥിത്തൊഴിലാളി മുഹമ്മദ്‌ നാസർ, യൂണിവേഴ്‌സിറ്റി റാങ്ക്‌ ജേതാവായ പായൽ കുമാരി എന്നിവർ

 

 

ബല്ലേ ബല്ലേ പാടി പഞ്ചാബി ഹൗസ്‌

 

സേഥി ദി ദാബയിലൂടെ പഞ്ചാബി രുചികൾ വിളമ്പി കൊച്ചിക്കാരുടെ നാവിൻതുമ്പിൽ ഇടംപിടിച്ച സേഥി കുടുംബം ആവേശത്തിലാണ്. ആഗ്രഹിച്ച പോലെ എൽഡിഎഫിന്റെ തുടർഭരണം ഉറപ്പായതാണ് കാരണം.  പ്രളയം, കോവിഡ്, നിപാ എന്നിങ്ങനെ ഓരോ പ്രതിസന്ധിഘട്ടം വന്നപ്പോഴും സമചിത്തതയോടെ പ്രവർത്തിക്കുകയും ജനങ്ങളെ ചേർത്തുനിർത്തുകയുംചെയ്‌ത സർക്കാരിനോടുള്ള മതിപ്പ് സേഥി കുടുംബാംഗങ്ങൾ മറച്ചുവച്ചില്ല.

 

‘ജനങ്ങൾക്കായി നിരവധി പ്രവർത്തനങ്ങളാണ് എൽഡിഎഫ് സർക്കാർ നടത്തിയത്. അർഹരായവർക്ക് പെൻഷൻ നൽകി. സൗജന്യ ഭക്ഷ്യക്കിറ്റ് നൽകി. പ്രതിസന്ധികളിൽ അന്തിച്ചുനിൽക്കാതെ സ്‌കൂളുകൾ സ്‌മാർട്ടാക്കി. റോഡുകൾ സൂപ്പറാക്കി... സർക്കാരിന്റെ ക്ഷേമ വികസന പ്രവർത്തനങ്ങളെല്ലാം നമ്മുടെ കൺമുന്നിലുണ്ട്. പിന്നെ, ഇത്രേം നല്ലൊരു മുഖ്യമന്ത്രിയെ എവിടെ കിട്ടാനാണ്..?  അതുകൊണ്ടുതന്നെ ഇത്തവണ ആർക്ക് വോട്ടുചെയ്യണമെന്ന് കൂടുതൽ ആലോചിക്കേണ്ടി വന്നില്ല. ഞങ്ങളുടെ വോട്ട് എൽഡിഎഫിനുതന്നെ നൽകി-, സേഥി കുടുംബത്തിലെ രണ്ടാമൻ മൊഹീന്ദർ സിങ് പറഞ്ഞു. സഹോദരങ്ങളായ സുരീന്ദർ സിങ് സേഥി, മഞ്ജിത്ത് സിങ് സേഥി, ഗുർജിത്‌ സിങ് സേഥി (ബണ്ടി സിങ്) എന്നിവർ സഹോദരന്റെ വാക്കുകളെ ശരിവച്ചു.
 
എൽഡിഎഫ് പ്രകടന പത്രികയിൽ വീട്ടമ്മമാർക്ക് പെൻഷൻ ഏർപ്പെടുത്തുമെന്ന വാഗ്ദാനമാണ് ഭാര്യമാരായ ഗുർപ്രീത് കൗർ, പാവൻജിത് കൗർ, സുമീത കൗർ, പവനീത് കൗർ എന്നിവർക്ക് പറയാനുണ്ടായിരുന്നത്. വീട്ടുജോലിയെ തൊഴിലായി പരിഗണിച്ച് പെൻഷൻ നൽകുമെന്ന വാഗ്‌ദാനത്തെയും അവർ അഭിനന്ദിച്ചു.
 
1960ലാണ് റിട്ടയേർഡ് ഐഎഎസ് ഉദ്യോഗസ്ഥനായ ഹർബൻസ്‌ സിങ് കേരളത്തിലെത്തിയത്. പഞ്ചാബിൽ വോട്ടുണ്ടായിരുന്ന അദ്ദേഹം വോട്ട് ഇങ്ങോട്ടേക്ക് മാറ്റി. മക്കളും വർഷങ്ങളായി ഈ മണ്ണിൽ തന്നെയാണ് സമ്മതിദാന അവകാശം വിനിയോഗിക്കുന്നത്. ഇതുവരെ പ്രത്യേക രാഷ്ട്രീയനിലപാടൊന്നും സ്വീകരിക്കാതിരുന്ന സേഥി കുടുംബം സർക്കാരിന്റെ ജനക്ഷേമ, വികസന പ്രവർത്തനങ്ങൾ മനസ്സിലാക്കിയതോടെയാണ് എൽഡിഎഫിന് വോട്ടുനൽകാൻ തീരുമാനിച്ചത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ തുടർഭരണം നാടെങ്ങും ആഘോഷമാക്കുമ്പോൾ ഈ പഞ്ചാബി കുടുംബത്തിന്റെയും മനസ്സ് നിറയുകയാണ്.
 

നാസറിന്‌ ഇവിടം സ്വർഗമാണ്‌

 
പ്രളയം വന്നു... കോവിഡ് വന്നോണ്ടേ ഇരിക്കുന്നു... എന്നിട്ടും ഞങ്ങള് ബിഹാറിലെ സിതാമഡിയിലേക്ക് വണ്ടി കേറാതെ ഇവിടെത്തന്നെ നിക്കണതെന്താ...?' പെരുമ്പാവൂർ കണ്ണന്തറയിൽ വാടകയ്ക്ക് താമസിക്കുന്ന മുഹമ്മദ് നാസർ ചോദിച്ചു. "ഇവിടെ നല്ല സർക്കാരെണ്ട്... നമ്മക്ക് വല്ല ബുദ്ധിമുട്ടുണ്ടേൽ അവരുടത്തല്ലാതെ വേറെ ആരുടെടുത്ത് പറയാനാ? പിണറായി എല്ലാരേം നല്ലോണം നോക്കണില്ലേ...? '  
 
പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ പ്രതിരോധിച്ച്, ജനനന്മയ്‌ക്കായി നിലകൊണ്ട സർക്കാരിന്റെ വിജയത്തിൽ കവിഞ്ഞൊന്നും മുഹമ്മദ് നാസറും കുടുംബവും ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ടാണ് നാൽപ്പത്തൊന്നുകാരൻ മുഹമ്മദ് നാസറും ഭാര്യ ബൽക്കീസ് ബീഗവും  ഇത്തവണ കേരളത്തിലെ കന്നിവോട്ടർമാരായത്. ഇതരസംസ്ഥാനക്കാരനാണെന്ന് പറഞ്ഞ് മാറ്റിനിർത്താതെ, പട്ടിണികിടക്കേണ്ട സാഹചര്യമില്ലാതാക്കി കരുതലോടെ ചേർത്തുനിർത്തിയ മനുഷ്യത്വത്തിന്റെ വിജയത്തിനായിരുന്നു ഇവരുടെ വോട്ട്. മെയ്‌ രണ്ടിന്  നിറഞ്ഞ കൈയടിയാണ് മുഹമ്മദ് നാസറിന്റെയും ബന്ധുക്കളുടെയും വീട്ടിൽനിന്നുയർന്നത്.
 
വർഷങ്ങളായി മുറുക്കാൻ കച്ചവടം നടത്തിയാണ്‌ മുഹമ്മദ് നാസർ ജീവിക്കുന്നത്. കഴിഞ്ഞ ലോക്‌ഡൗൺ കാലത്ത് ജോലിക്ക് പോകാൻ കഴിയാതെ ബുദ്ധിമുട്ടിലായ മുഹമ്മദ് നാസറിന്റെ കുടുംബം പട്ടിണിയില്ലാതെ ജീവിച്ചത് സർക്കാർ നൽകിയ കിറ്റുകൊണ്ടാണ്. കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങിയില്ല. കോവിഡ് വന്നപ്പോൾ നാട്ടിലേക്ക് പോയ അതിഥിത്തൊഴിലാളികളുടെ മക്കൾക്കുപോലും ഓൺലൈൻ ക്ലാസ്‌ കിട്ടി. ഇത്തരമൊരു ശ്രമം മറ്റൊരിടത്തുമില്ല. 
കോവിഡ് വ്യാപനം തടയാൻ  തൊഴിലാളികളുടെ ക്യാമ്പുകൾ കേന്ദ്രീകരിച്ച് തൊഴിൽവകുപ്പ് ബോധവൽക്കരണം നടത്തുന്നുണ്ട്. രോഗത്തെക്കുറിച്ചുള്ള സംശയങ്ങൾ ദൂരീകരിക്കാനും അതിഥിത്തൊഴിലാളികൾക്ക് അവരുടെ ഭാഷയിൽ സംസാരിക്കാവുന്ന കൺട്രോൾ റൂമുകളുമുണ്ട്‌.  പിന്നെന്തിന്‌ നാട്ടിൽ പോകണം. മക്കൾ ഖുഷി പർവീൺ, നിഖത്ത് പർവീൺ, തോഷിബ് എന്നിവരെ ചേർത്തുനിർത്തി അദ്ദേഹം പറഞ്ഞു. 
 
 

കേരളം എന്റെയും അഭിമാനം

 

ദേബാശിഷ്‌ ചാറ്റർജി
(ഡയറക്ടർ, ഐഐഎംകെ , കോഴിക്കോട്‌. 50 ശതമാനം സീറ്റ്‌ വനിതകൾക്കായി മാറ്റിവച്ച രാജ്യത്തെ ആദ്യ ഐഐഎമ്മാണ്‌ കോഴിക്കോട്ടേത്‌. കേരളത്തിന്റെ  മണ്ണിലായതിനാലാണ്‌ അത്‌ സാധ്യമായതെന്ന്‌ ദേബാശിഷ്‌ മുമ്പ്‌ പറഞ്ഞിട്ടുണ്ട്‌)
 
മാനേജ്‌മെന്റ്‌ സ്ഥാപന മേധാവി എന്ന നിലയിലും അക്കാദമീഷ്യൻ എന്നനിലയിലും കേരളം എന്നെ  വിസ്‌മയിപ്പിക്കുന്നു. പ്രകൃതി വശ്യചാരുത സമ്മാനിച്ച നാട്‌. എന്നാൽ പ്രതികൂല സാഹചര്യങ്ങളെ മറികടന്ന്‌  കൊച്ചുകേരളം  നടത്തുന്ന മുന്നേറ്റവും നേട്ടങ്ങളുമാണ്‌ എന്നെ പ്രചോദിപ്പിച്ചിട്ടുള്ളത്‌. 
 
രാജ്യത്തിന്റെ തെക്കേമൂലയിലുള്ള ഈ ചെറിയ സംസ്ഥാനത്തിന്റെ പദവി യൂറോപ്യൻ വികസിത രാഷ്‌ട്രങ്ങളെ അസൂയപ്പെടുത്തുന്നതാണ്‌. സാമൂഹ്യ–-ആരോഗ്യ–-വിദ്യാഭ്യാസ രംഗങ്ങളിൽ മികച്ച സൂചികയുമായി ക്ഷേമരാഷ്‌ട്ര സങ്കൽപ്പത്തിന്റെ മാതൃകയായി കേരളം  വളർന്നു.  ഈ സാമൂഹ്യപുരോഗതിക്ക്‌ നിദാനമായി  ഒട്ടേറെ ഘടകങ്ങളുണ്ട്‌. അതിൽ പ്രധാനം ആരോഗ്യ–-വിദ്യാഭ്യാസ മേഖലകളിലെ സർക്കാർ ഇടപെടലും പങ്കാളിത്തവുമാണ്‌.   
 
രാജ്യത്താകെ കടുത്ത ഭീതിയും അസ്വസ്ഥതയും വളർത്തി കോവിഡ്‌ വ്യാപിക്കുകയാണ്‌. എന്നാൽ ഇവിടെ അന്തരീക്ഷം വ്യത്യസ്‌തമാണ്‌. ഒരു പരിധിവരെ സാഹചര്യം ശാന്തം. ഇതിൽ  കടപ്പെട്ടിരിക്കുന്നത്‌ സർക്കാർ മേഖലയിലുള്ള സുശക്തമായ പൊതുജനാരോഗ്യ സംവിധാനത്തോടാണ്‌. ജീവിതാനുയോജ്യമായ അന്തരീക്ഷം ഈ ദുരന്തകാലത്തും  സാധ്യം. വികേന്ദ്രീകൃതാധിഷ്‌ഠിതവും സാമൂഹ്യ പങ്കാളിത്തം നിറഞ്ഞതുമായ ഭരണത്തിന്റെ   സദ്‌ഫലങ്ങളാണ്‌ കേരളം ഇന്നനുഭവിക്കുന്നത്‌.   
 
വികസനകാര്യത്തിൽ കേരളംപോലെ  വെല്ലുവിളികളും പ്രതികൂലാവസ്ഥയുമുള്ള സംസ്ഥാനം വേറെയുണ്ടോ എന്ന്‌ സംശയം. പരിമിതമായ പ്രകൃതിവിഭവസമ്പത്ത്‌, വർധിച്ച ജനസാന്ദ്രത, കുറഞ്ഞ തൊഴിലവസരം. -ഇങ്ങനെ പറയാൻ പരിമിതികൾ ഏറെയുണ്ട്‌. എന്നാൽ തികഞ്ഞ ഉൾക്കാഴ്‌ചയിൽ, ഭരണമികവിൽ ഇതെല്ലാം നാം അതിജീവിക്കുകയാണ്‌. പരിമിതികളെ കെട്ടിപ്പിടിച്ചിരിക്കുകയല്ല, സാധ്യതകൾ വികസിപ്പിച്ച്‌ വളരുന്ന,  മാറുന്ന ദേശമായി കേരളത്തെ അടയാളപ്പെടുത്താനാണ്‌ എനിക്കിഷ്‌ടം. പ്രാണവായുവിന്‌ പരക്കംപായുന്ന കാലത്ത്‌ സ്വന്തമായി ഓക്‌സിജൻ പ്ലാന്റ്‌  സ്ഥാപിച്ച്‌ ഓക്‌സിജൻ കയറ്റുമതി ചെയ്യുന്ന നിലയിലേക്ക്‌ വളർന്ന സമീപകാല ഉദാഹരണം മതി ഞാൻ പറയുന്നതിനെ ശരിവയ്‌ക്കാൻ.  പകച്ചുനിൽക്കാതെ പൊതുമേഖലയിൽ ഓക്‌സിജൻ പ്ലാന്റ്‌ സ്ഥാപിച്ച്‌  ആരോഗ്യമേഖലയ്‌ക്ക്‌ ജീവശ്വാസമേകിയ  ഭരണമികവ്‌പോരെ കേരളത്തെ ഇഷ്‌ടപ്പെടാനും വാഴ്‌ത്താനും. 
 
പദ്ധതികളുടെ ആസൂത്രണത്തിൽ, സ്‌ത്രീ വിദ്യാഭ്യാസത്തിൽ, ഒക്കെ നൽകുന്ന പ്രാധാന്യം കേരളത്തെ വേറിട്ടതാക്കുന്നു, വ്യത്യസ്‌തമാക്കുന്നു. നവകേരളത്തിനായുള്ള മിഷനുകൾ.  പാവങ്ങൾക്ക്‌ കിടപ്പാടമൊരുക്കുന്ന ലൈഫ്‌മിഷൻ,  പച്ചപ്പണിയിക്കാനുള്ള ഹരിതകേരളം, പ്രതിഭകളും വിദ്യാസമ്പന്നരുമായ യുവജനതയ്‌ക്ക്‌ അവസരമൊരുക്കുന്ന സ്‌റ്റാർട്ടപ്‌ കേരളം. ജനാധിപത്യ–-മതനിരപേക്ഷ ധാരയിൽ അടിയുറച്ച്‌ സുസ്ഥിര വികസനപാതയിൽ മുന്നേറാനുള്ള  പദ്ധതികൾക്ക്‌  കേരളം അടിത്തറയിട്ടുകഴിഞ്ഞു.  ഒരാളും വിശന്നിരിക്കരുതെന്ന ലക്ഷ്യവുമായി സാമൂഹ്യ അടുക്കളകൾ,   വാക്‌സിനേഷനുള്ള സൗകര്യം,ആശുപത്രി കിടക്കകളുടെ ലഭ്യത ഉറപ്പാക്കൽ. അതിജീവനത്തിന്‌ ആത്മവിശ്വാസമേകുന്ന  ഈ പരിരക്ഷ കേരളത്തിന്റെ മാത്രം സവിശേഷതയാണ്‌. ഇതിനെയെല്ലാം കേരള മാതൃക എന്നല്ലാതെ മറ്റെന്ത്‌ വിളിക്കാൻ.
 

എന്റെ ജീവിതത്തിന്റെയും തുടർച്ച 

 

 

ബിഹാറിൽനിന്ന്‌ അതിഥിത്തൊഴിലാളി കുടുംബത്തിലെ കുട്ടിയായി, കൊച്ചിയിലെത്തി, പഠിച്ചു മുന്നേറി ബിഎയ്‌ക്ക്‌ റാങ്ക്‌ നേടിയ പായൽ പറയുന്നത്‌, സർക്കാരിന്റെ തുടർച്ച എന്നല്ല, ഞങ്ങളുടെ ധന്യ  ജീവിതത്തിന്റെ തുടർച്ച എന്നാണ്‌...

 
ബിഹാർ ഗൊസായ്‌മാഡി ഗ്രാമത്തിൽനിന്ന്‌ കൊച്ചിയിലെത്തി സുന്ദരജീവിതം തുടരുന്ന പായലിന്റെ കുടുംബവും പറഞ്ഞത്‌, പറയുന്നത്‌ മറ്റൊന്നല്ല: തുടരുന്നുവല്ലോ, പിണറായിയും ഇടതുസർക്കാരും എന്നുതന്നെ. ബിഹാറുകാർക്ക്‌, ഇടതു തുടർഭരണത്തിൽ എന്താണ്‌ കാര്യം എന്നല്ലേ; പായലിനോടുതന്നെ ചോദിക്കാം. ഓർമയില്ലെ പായലിനെ?
 
കൊച്ചി പാലാരിവട്ടത്ത്‌ സ്ഥിരതാമസമാക്കിയ, പെയിന്റു കട ജീവനക്കാരൻ പ്രമോദ്‌ കുമാർ സിങ്ങിന്റെ മകൾ പായലിനെ നമ്മളറിയും. എംജി സർവകലാശാലയിൽ ബിഎ ആർക്കിയോളജി പരീക്ഷയിൽ ഒന്നാം റാങ്കുനേടിയ മിടുക്കി. ബിഹാറിൽനിന്ന്‌ നാലാം വയസ്സിൽ കുടുംബത്തോടൊപ്പം കേരളത്തിലെത്തി, മലയാളിയായി, പഠിച്ചു മുന്നേറിയ പായൽ.
 
പെരുമ്പാവൂർ ശ്രീശങ്കര കോളേജിൽ എംഎ വിദ്യാർഥിയായ പായൽ പറയട്ടെ:
 
പിണറായി വിജയൻ സർക്കാർതന്നെ തുടരുമെന്ന്‌ എനിക്ക്‌ ഉറപ്പായിരുന്നു. രാഷ്ട്രീയം നിരീക്ഷിക്കുന്ന ആർക്കും അക്കാര്യം ഉറപ്പായിരുന്നല്ലോ. എന്റെ കുടുംബമടക്കമുള്ള അതിഥിത്തൊഴിലാളികളുടെ കാര്യംതന്നെയെടുക്കുക. ഞങ്ങൾ പുറത്തുനിന്ന്‌ വന്നവരാണെന്ന്‌ തോന്നൽ തന്നെയില്ല. ഇടതുസർക്കാരിന്റെ ചേർത്തുപിടിക്കലിന്റെ ബലമാണത്‌. അതിഥിത്തൊഴിലാളി എന്നവാക്കുതന്നെ ആ അർഥത്തിൽ ഏറെ പ്രാധാന്യമുള്ളതാണ്‌.
 
കഴിഞ്ഞ ലോക്‌ഡൗൺ കാലത്താണ്‌, അതിഥിത്തൊഴിലാളി ജീവിതം എങ്ങനെയാണെന്ന അറിവ്‌  മലയാളിക്കുണ്ടാകുന്നത്‌. അതിലേക്ക്‌ പിണറായി സർക്കാർ കൃത്യമായി ഇടപെട്ടു. സാമൂഹ്യ അടുക്കള, അതിൽനിന്ന്‌ വിതരണം ചെയ്‌ത സ്‌നേഹത്തിന്റെ പൊതിച്ചോർ, ഒരുവേള ചോറ്‌ ഇഷ്ടപ്പെടാത്ത എന്റെ സഹോദരങ്ങൾക്കുള്ള ദാലും ഗോതമ്പുപൊടിയും... ഇന്ത്യയിൽ മറ്റെങ്ങുമില്ലാത്ത തരം കരുതൽ സ്‌പർശത്തിന്‌ കുടിയാണ്‌ കേരളം തുടർച്ച നൽകിയത്‌. എനിക്കുറപ്പായിരുന്നു, ആ തുടർച്ച. അത്ര കരുതലില്ലാത്ത ജനതയല്ലല്ലോ, ഞങ്ങളുംകൂടി വാഴുന്ന കേരളത്തിലുള്ളത്‌.
 
നിലനിൽപ്പിന്റെ സമസ്യ പൂരിപ്പിച്ചു കഴിഞ്ഞാൽ, പിന്നെ എന്നെപ്പോലുള്ള തലമുറ ശ്രദ്ധിക്കുന്നത്‌ കോവിഡ്‌ പ്രതിസന്ധിയിലെ വിദ്യാഭ്യാസവും മറ്റുമാണ്‌. കഴിഞ്ഞ ജനുവരിയിൽ പിജിക്ക്‌ ചേർന്നു. ഓൺലൈൻ ക്ലാസാണ്‌. കൃത്യമായ നിരീക്ഷണം അധ്യാപകർ നൽകുന്നു. മഹാമാരി തുടരുന്നതിനാൽ പരീക്ഷ തൽക്കാലം മാറ്റി. അതിൽ എനിക്ക്‌ ആശങ്കയില്ല. രണ്ടുവർഷമായി പരീക്ഷയേ നടക്കുന്നില്ലെന്ന വിശേഷമാണ്‌, അതിദൂരത്തെ എന്റെ ജന്മനാട്‌ എന്നോട്‌ പറയുന്നത്‌. ആ അർഥത്തിൽ, ഈ നാട്ടിൽ തുടരുന്നതും, അതിന്‌ യോജ്യമായ സർക്കാരിന്റെ പരിപാലനം ഏൽക്കുന്നതും വലിയ കാര്യമെന്നുതന്നെ ഞാൻ പറയും.
 
പെയിന്റുകട ലോക്‌ഡൗണായതിനാൽ അടഞ്ഞുകിടക്കുമെന്ന്‌ അച്ഛൻ പറയുന്നത്‌ കേട്ടു. ജീവിതം അടയുന്നില്ലല്ലോ. കൊച്ചിയിലെ റേഷൻ കാർഡിൽ, അതിന്റെ ഗോതമ്പുപൊടിയിൽ, കിറ്റിൽ, ചേട്ടനും അനിയത്തിയും അമ്മയുമുള്ള എന്റെ കുടുംബം തുടരുകതന്നെ ചെയ്യും; പിണറായി വിജയൻ സർക്കാർ തുടരുന്നതുപോലെ ബലമായി, ക്ഷേമത്തോടെതന്നെ!
 

അതിശയിപ്പിക്കുന്നു ഈ നാട്‌

ഡോ. ദീപ്‌തി ബെണ്ടി (അസി. പ്രൊഫ. എൻഐടി കോഴിക്കോട്‌)
 
എന്റെ ജന്മദേശം ആന്ധ്രപ്രദേശിലെ വിശാഖപട്ടണം. നാലുവർഷമായി എന്നാൽ ഞാൻ കേരളത്തിലുണ്ട്‌. കൃത്യമായി പറഞ്ഞാൽ 2017ൽ നിപായുടെ പേടിപ്പെടുത്തുന്ന കാലത്താണ്‌ കോഴിക്കോട് ചാത്തമംഗലത്തെ എൻഐടിയിൽ അധ്യാപികയായി എത്തിയത്‌. നിപായ്‌ക്കു പിന്നാലെ രണ്ട്‌ പ്രളയം, ഇപ്പോൾ  മഹാമാരിയും.-  പ്രതിസന്ധിയുടെകാലങ്ങളിൽ കേരളത്തിൽ ജീവിച്ച ഞാൻ ഇപ്പോൾ ഒരുപക്ഷേ എന്റെ ജന്മനാടിനെക്കാളേറെ കേരളത്തെ, മലയാളികളെ ഇഷ്ടപ്പെടുന്നു എന്നുപറഞ്ഞാൽ അതിൽ തെല്ലും അതിശയോക്തിയില്ല. 
 
എന്തുകൊണ്ട്‌ ഞാൻ കേരളത്തെ അത്രമേൽ ഇഷ്ടപ്പെടുന്നു എന്നത്‌ രണ്ടുപേരിലൂടെ വിശദീകരിക്കാനാണ്‌ ഞാൻ ആഗ്രഹിക്കുന്നത്‌. ഒന്ന്‌ ആരുഷ്‌ എന്ന സ്‌കൂൾ വിദ്യാർഥി. മറ്റൊന്ന്‌ തൊണ്ണൂറ്റിനാലുകാരിയായ ഉമ്മ. ഈ രണ്ടുപേരും എന്നെ വിസ്‌മയിപ്പിച്ചു. ഒപ്പം ഈ കൊച്ചു സംസ്ഥാനത്തോടുള്ള ആദരവും പ്രിയവും വർധിച്ചു. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകാലത്താണ്‌ തൊണ്ണൂറ്റിനാലുകാരിയായ ഉമ്മയെ ഞാൻ കാണുന്നത്‌. തെരഞ്ഞെടുപ്പ്‌ ചുമതലയിൽ ബൂത്തിലായിരുന്നു ഞാൻ. തൊണ്ണൂറ്റിനാലുകാരിയായ ഉമ്മ വോട്ട്‌ ചെയ്യാനെത്തി. അവർ പേരെഴുതി ഒപ്പിട്ടാണ്‌ വോട്ട്‌ ചെയ്‌തത്‌. അവിശ്വസനീയമായ അനുഭവമായി  എനിക്കത്‌. എന്റെ നാട്ടിൽ പ്രായമായ സ്‌ത്രീകൾ എന്നല്ല പുരുഷന്മാരടക്കം എഴുതുന്നതും വായിക്കുന്നതും ഇന്നും സ്വപ്‌നംമാത്രം. സാക്ഷരതയിൽ, വിദ്യാസമ്പന്നതയിൽ നേടിയ ഈ പുരോഗതി  എന്നെ അസൂയപ്പെടുത്തുന്നു. ആരുഷ്‌ എന്ന കൊച്ചുമിടുക്കനെ ശാസ്‌ത്രമേളയിലാണ്‌ പരിചയപ്പെട്ടത്‌. ആ 10 വയസ്സുകാരന്റെ, വൈദ്യുതി ഉണ്ടാക്കുന്ന പ്രോജക്ട്‌ എന്നെ ശരിക്കും ആകർഷിച്ചു. നാട്ടിൻപുറത്തെ സർക്കാർ സ്‌കൂൾ കേവലം വിജ്ഞാനംമാത്രമല്ലാതെ സാമൂഹ്യപ്രാധാന്യമുള്ള അറിവിലേക്കുകൂടി കുട്ടികളെ നയിക്കുന്ന കാഴ്‌ച ശരിക്കും അതിശയിപ്പിച്ചു. സാമൂഹ്യബോധം പങ്കിടുന്ന കുട്ടികളുടെ സമാനമായ പരീക്ഷണങ്ങൾ മറ്റു പല ശാസ്‌ത്രമേളകളിലും സ്‌കൂളുകളിലും ഞാൻ കണ്ടു. പ്രാഥമിക വിദ്യാഭ്യാസത്തിന്‌ നൽകുന്ന പ്രാധാന്യം, പരിഗണന. കേരളം കാട്ടുന്ന ഈ സവിശേഷ ഇടപെടൽ മറ്റെവിടെയും കാണില്ല. ഈ കോവിഡ്‌കാലം വിദ്യാലയങ്ങൾ അടച്ചിട്ടപ്പോഴുള്ള അനുഭവമാണ്‌ മറ്റൊന്ന്‌. ഓൺലൈൻ ക്ലാസിലേക്ക്‌ പഠനം മാറി. ഈ അവസ്ഥയിൽ സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്നവരുടെ  മക്കൾക്ക്‌ ഓൺലൈൻ പഠനസാഹചര്യം ഉറപ്പാക്കാൻ, മൊബൈൽഫോണും ടെലവിഷനും നൽകി കൂട്ടായി നടത്തിയ ഇടപെടൽ വഴി കേരളം നൽകിയ സന്ദേശം വളരെ വലുതായിരുന്നു. 
 
കോവിഡ്‌ വാക്‌സിൻ എടുക്കാൻ പോയ ഞാൻ ആശുപത്രി കണ്ട്‌ അതിശയിച്ചു. പിഎച്ച്‌സികളിലടക്കം ശീതീകരിച്ച സംവിധാനം. എന്റെ നാട്ടിൽ എനിക്കിത്‌ സങ്കൽപ്പിക്കാനേ ആകില്ല. പൊതുജനാരോഗ്യത്തിന്‌ നൽകുന്ന പ്രാധാന്യവും എല്ലാവർക്കും ആരോഗ്യരക്ഷ ഉറപ്പാക്കുന്നതിൽ കാട്ടുന്ന പരിഗണനയും മറക്കാനാകാത്ത കേരളീയ അനുഭവങ്ങളാണ്‌.
 
കേരളം ഇപ്പോൾ പുതിയ കാലത്തിലേക്ക്‌ ചുവടുവയ്‌ക്കുകയാണ്‌. അഭിമാനമുണ്ട്‌ എനിക്കിതിൽ. നാലുവർഷമായി അധ്യാപിക എന്ന നിലയിൽ ഈ നാട്ടുകാരിയായി ഞാൻ കണ്ടും കേട്ടും മനസ്സിലാക്കിയ സാമൂഹ്യാവസ്ഥയുടെ ഉജ്വലമായ വളർച്ചയായാണ്‌ ഞാനതിനെ കാണുന്നത്‌.  ഭരണത്തുടർച്ചയുടെ ആഹ്ലാദം ഞാൻ മറച്ചുവയ്‌ക്കുന്നില്ല. 
 
ഈ സാഹചര്യത്തിൽ ചില നിർദേശങ്ങൾ മുന്നോട്ടുവയ്‌ക്കാൻ ആഗ്രഹിക്കുന്നു. അതിൽ പ്രധാനം ഉന്നത വിദ്യാഭ്യാസത്തിന്‌ നൽകേണ്ട ഉയർന്ന പരിഗണനയും പ്രാധാന്യവുമാണ്‌. ശക്തമായ പ്രാഥമിക–-സ്‌കൂൾ വിദ്യാഭ്യാസ മണ്ഡലം ഇവിടെയുണ്ട്‌. തുടർച്ചയായി ലോകത്തിനുതന്നെ മാതൃകയാക്കാവുന്ന ഉന്നത വിദ്യാശാലകൾ ഈ നാട്ടിൽ വളർത്തിക്കൊണ്ടുവരണം. മറ്റൊന്ന്‌ ഈ കേവിഡ്‌ കാലത്തുകൂടി  സവിശേഷ പ്രാധാന്യമുള്ള വിഷയമാണ്‌. മാനസികാരോഗ്യ പരിചരണത്തിൽ കുറെക്കൂടി ശ്രദ്ധ കേരളം നൽകിയാൽ അത്‌ രാജ്യമാകെ പിന്തുടരും. അങ്ങനെ ആ രംഗത്തുംകൂടി കേരളം  രാജ്യത്തിന്‌ വഴികാട്ടുന്ന ദേശമാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top