21 February Thursday
തെയ്യത്തിന്റെ അണിയലങ്ങള്‍ പോലെ വര്‍ണവും അലങ്കാരവും ഉള്ളതിനാല്‍ കാസര്‍കോട്ടുകാര്‍ 'തെയ്യംതവള' എന്നാണ് വിളിക്കുക കോഴിക്കോടുകാര്‍ക്ക് അമ്മായിത്തവളയാണ്. ചില പ്രദേശങ്ങളില്‍, നിസ്കാരത്തവള എന്നൊരു പേരുകൂടി പ്രചാരത്തിലുണ്ട്.

സുന്ദര മണവാട്ടികള്‍

വിജയകുമാര്‍ ബ്ളാത്തൂര്‍Updated: Saturday Feb 10, 2018


നാണംമൂലം തലകുനിച്ചിരിക്കുന്ന കല്യാണപ്പെണ്ണിനെപോലെയിരിക്കുന്നവര്‍ക്കുള്ള ഇരട്ടപ്പേരായിരുന്നു 'മണവാട്ടി'.'. മലബാറില്‍ ഒപ്പനപ്പാട്ട് സംഘത്തോടൊപ്പംമാത്രമല്ല 'മണവാട്ടി' ഉള്ളത്. വീടുകളില്‍ സ്ഥിരമായി താമസിക്കുന്ന അതിസുന്ദരരൂപികളായ കുഞ്ഞ് തവളകളെക്കൂടി അങ്ങനെയാണ് വിളിക്കുന്നത്. സ്നേഹംകൊണ്ട് മണവാട്ടി എന്ന് തീര്‍ത്തുവിളിക്കില്ല കണ്ണൂരുകാര്‍, ചുരുക്കി 'മണാട്ടി'യെന്നാണ് വിളിക്കുക.. തെയ്യത്തിന്റെ അണിയലങ്ങള്‍ പോലെ വര്‍ണവും അലങ്കാരവും ഉള്ളതിനാല്‍ കാസര്‍കോട്ടുകാര്‍ 'തെയ്യംതവള' എന്നാണ് വിളിക്കുക കോഴിക്കോടുകാര്‍ക്ക് അമ്മായിത്തവളയാണ്. ചില പ്രദേശങ്ങളില്‍, നിസ്കാരത്തവള എന്നൊരു പേരുകൂടി പ്രചാരത്തിലുണ്ട്.  പഴയവീടുകളില്‍  ഇവര്‍ പൂജാമുറിയിലെ കിണ്ടിക്ക് മുകളിലും, അടുക്കളയിലെ കഞ്ഞിക്കലത്തിനരികിലുമൊക്കെ അനങ്ങാതെ നില്‍ക്കുന്നുണ്ടാകും. പത്തുപതിനഞ്ച് പേരൊക്കെ ഉണ്ടാകും ആണും പെണ്ണുമൊക്കെയായി ഒരു വീട്ടിലെ സ്ഥിര താമസക്കാരായിട്ട്. ഈര്‍പ്പവും ഇരുട്ടുമുള്ള ചാണകം മെഴുകിയ കിടപ്പുമുറികളും ഒക്കെ ഇവര്‍ അവരുടെ സ്വന്തം സ്ഥലമാക്കിയിട്ടുണ്ടാകും. വര്‍ഷങ്ങളോളം ഒരേ വീട്ടില്‍തന്നെ വാടകകൊടുക്കാതെ താമസിക്കുന്ന സ്വഭാവം. വീട്ടില്‍നിന്ന് കുടിയിറക്കിയാലും യാതൊരു മടിയുമില്ലാതെ അവിടേക്ക് തന്നെ തിരിച്ചുവരും. ദൂരെ എങ്ങാനുംകൊണ്ട് കളഞ്ഞാലും വിടില്ല വീടന്വേഷിച്ച് അവരെത്തും. രാത്രി മുഴുവന്‍ വീടിനുള്ളില്‍ ഭക്ഷണാന്വേഷണ യാത്രകളായിരിക്കും. കൊതുകുകളും ഉറുമ്പുകളും ചെറു പ്രാണികളുമൊക്കെയാണ് ഭക്ഷണം. അതുകൊണ്ടുതന്നെ വീടിനുള്ളില്‍ കൊതുകുതിരി കത്തിച്ചുവെച്ച് ഉറങ്ങേണ്ട വിഷയമേ അന്നുണ്ടായിരുന്നില്ല. വീടകം വൃത്തിയാക്കുന്നതില്‍ ഒന്നാം സ്ഥാനം ഇവര്‍ക്ക് തന്നെ. പകല്‍ മാന്യന്മാരായി ഇരുണ്ട മൂലകളില്‍ ചിലവഴിക്കും വീട്ടിലെ പൂച്ചകളും ഇടക്ക് അകത്ത് കയറുന്ന ചേരകളും ഇവരെ മൈന്‍ഡ് ചെയ്യില്ല. അപകടം മണത്താല്‍ വെറുപ്പിക്കുന്ന ഒരു നാറ്റം പുറപ്പെടുവിപ്പിച്ച് ഇവയെ അകറ്റാന്‍ മണവാട്ടികള്‍ക്ക് അറിയാം. കാലവര്‍ഷമെത്തി മഴതിമിര്‍ത്ത് പാടം വെള്ളംകൊണ്ട് നിറഞ്ഞാല്‍ പതുക്കെ ആണ്‍ തവളകള്‍ വീടുവിട്ടിറങ്ങും. ദൂരെ വയലില്‍ സൌകര്യപ്രദമായ വെള്ളക്കെട്ട് കിട്ടിയാല്‍ അവിടെ തമ്പടിക്കും. പ്രണയപരവശനായി ഇണചേരല്‍ അഭ്യര്‍ഥനാ വിളി തുടങ്ങും. താടിക്കരികിലെ സ്വനപേടകം വിറപ്പിച്ചാണ് ഹൈ ഫ്രീക്വന്‍സി ശബ്ദം ഉണ്ടാക്കുന്നത്. ദിവസങ്ങളോളം നീളും ഈ കരച്ചില്‍. കുറച്ച് ദിവസം കഴിയുമ്പോള്‍ പെണ്‍ തവളകളും ഒന്നൊന്നായി വീടുവിട്ട് രാത്രിയില്‍ പുറത്തിറങ്ങി ശബ്ദംകേട്ട പാടത്തിലെ വെള്ളക്കുഴി ലക്ഷ്യമാക്കി നീങ്ങും. മൈലുകള്‍വരെ താണ്ടി ഇണത്തവളകള്‍ക്ക് അരികിലെത്തും. കൂടുതല്‍ ഉച്ചത്തിലുള്ള ശബ്ദമുണ്ടാക്കിയ തവളകളെയാണ് ഇണയായി പരിഗണിക്കുക. ആണ്‍ തവള പെണ്‍വളയുടെ ശരീരത്തിനുമേല്‍ കയറിചേര്‍ന്ന് പിടിച്ച് നില്‍ക്കും. പെണ്‍തവള ഇട്ടുകൂട്ടുന്ന പതപോലെയുള്ള മുട്ടക്കൂട്ടത്തിലേക്ക് ബീജംവിക്ഷേപിക്കുകയാണ് ആണ്‍ തവള ചെയ്യുക. ഇണചേര്‍ന്ന് കഴിഞ്ഞ് പെണ്‍ തവളകളാണ് വീട്ടിലേക്ക് ആദ്യം തിരിച്ചുവരിക. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ആണ്‍ തവളകളും തിരിച്ചുവരും. പുലര്‍ച്ചെ തിരിച്ചെത്തി ഉമ്മറ പടിയില്‍ വാതില്‍ തുറക്കാന്‍ കാത്ത് ഇവര്‍ അസ്വസ്ഥരായി നിരന്നിരിക്കുന്ന കാഴ്ച രസകരമാണ്. വീട്ടുകാര്‍ വാതില്‍ തുറന്നാലുടനെ 'തുറക്കാന്‍ എന്താ ഇത്ര അമാന്തം' എന്ന് ഒരു പരിഭവ നോട്ടം തൊടുക്കും. ഒട്ടും പേടിയും മടിയും ഇല്ലാതെ സ്വന്തം വീട്ടിലേക്കെന്നപോലെ തുള്ളിച്ചാടി അകത്തേക്കൊരു പോക്കാണ് പിന്നെ. വീട്ടുകാര്‍ പൊതുവെ ഇവരോട് അറപ്പും ദേഷ്യവും ഒന്നും കാണിക്കാറില്ല. അതുകൊണ്ട് ഈ തവളയെ വീട്ടില്‍നിന്ന് അടിച്ചോടിക്കാനൊന്നും ആരും മിനക്കെടാറില്ല.
  വര്‍ണവസ്ത്രങ്ങള്‍ അണിഞ്ഞ കല്യാണപ്പെണ്ണിനെപോലെ ഭംഗിയുള്ള ശരീരമാണ് മണവാട്ടിത്തവളകള്‍ക്ക്. അധികം തടിയില്ലാത്ത സ്ളിംബ്യൂട്ടി. ശരീരത്തിന്റെയും തലയുടേയും മേല്‍ഭാഗം മിനുങ്ങുന്ന ഇഷ്ടിക ചുവപ്പ് നിറമായിരിക്കും. അതില്‍ കറുത്ത പൊട്ടുകള്‍കാണും. ശരീരത്തിന്റെ അരികുകളില്‍ കറുപ്പ്കലര്‍ന്ന കടുംബ്രൌണ്‍ നിറത്തിലുള്ള വീതിയുള്ള അടയാളം. അവിടെയും കൈകാലുകളിലും വെളുത്ത വരകള്‍. വയറുഭാഗം നല്ല വെളുപ്പും. പെണ്‍തവളകള്‍ ആണ്‍ തവളകളേക്കാള്‍ വലിപ്പമുള്ളവയായിരിക്കും. അടിഭാഗം മങ്ങിയ വെളുപ്പായിരിക്കും. തുറിച്ച് നില്‍ക്കുന്ന കണ്ണുകളുടെ പിറകിലായി അതേ വലിപ്പമുള്ള ടിമ്പാനം. അതിലൂടെയാണ് കേള്‍വി സാധ്യമാകുന്നത്. നമ്മുടെ നാവുപോലല്ല തവളനാവ് മേലണ്ണാക്കില്‍ തലതിരിച്ചാണ് ഘടിപ്പിച്ചിരിക്കുന്നത്. മേല്‍ത്താടിയില്‍ മാത്രമാണ് കുഞ്ഞരിപ്പല്ലുകള്‍ ഉള്ളത്. അതുകൊണ്ട് ചവക്കാനൊന്നും സാധിക്കില്ല. വായില്‍ കിട്ടിയ ഭക്ഷണംതടഞ്ഞ് നിര്‍ത്താനുള്ള ഒരു സഹായം മാത്രം. തുറിച്ച കണ്ണുകള്‍ ചുറ്റുമുള്ള കാഴ്ചകള്‍ കാണാന്‍ മാത്രമല്ല തവളകളെ സഹായിക്കുന്നത് ഭക്ഷണം വിഴുങ്ങാനും കൂടിയാണ്. കണ്ണ് താഴോട്ട് അമര്‍ത്തിയാണ് വായിലെ ഭക്ഷണത്തെ തൊണ്ടയിലേക്ക് കുത്തിയമര്‍ത്തുന്നത് എന്നര്‍ഥം. പശ്ചിമഘട്ടത്തില്‍ കേരളംമുതല്‍ മുംബൈവരെ മാത്രം കാണുന്നവരാണിവര്‍.  Fungoid Frog എന്നും മലബാര്‍ മലത്തവളകളെന്നും വിളിക്കുന്ന മണാട്ടിത്തവളകളെ 1883 ലാണ് Tschundi ആദ്യമായി വിശദീകരിച്ചത്. അന്ന് അതിന്, Rana malabarica- എന്നാണ് ശാസ്ത്രനാമം നല്‍കിയതെങ്കിലും പിന്നീട് പലപ്പോഴായി നടന്ന ചര്‍ച്ചകളിലൂടെ സ്പീഷിസ് പുനര്‍ നാമകരണം വഴി Hylarana malabarica എന്നുപേരുമാറ്റി. ഇപ്പോള്‍ Hydrophylax malabaricus എന്നാണ് ഉറപ്പിച്ചിരിക്കുന്നത്. കാട്ടില്‍ ഇലകള്‍ക്കിടയിലും ഗുഹകളിലും മാളങ്ങളിലും ഒക്കെയാണ് ജീവിതം. ഇണചേരലിനു മാത്രമാണ് വെള്ളത്തിലിറങ്ങുന്നത്. ചെറിയ ചില വ്യത്യാസമുള്ള പുതിയ ഒരിനം മണവാട്ടിത്തവളയായ ഹൈഡ്രോ ഫൈലാക്സ് ബഹുവിസ്താര (Hydrophylax bahuvistara) 2015 ല്‍ ഗോവന്‍ പ്രദേശത്ത് കണ്ടെത്തിയിട്ടുണ്ട്. മനുഷ്യരിലെ ഇന്‍ഫ്ലുവന്‍സ A വൈറസിനെതിരെ ഔഷധമായി ഉപയോഗിക്കാന്‍ സാധിക്കുമെന്ന് തെളിഞ്ഞ 'ഉറുമിന്‍' എന്ന ഘടകം ഇതിന്റെ തൊലിയില്‍നിന്ന് വേര്‍തിരിച്ചെടുക്കാന്‍ സാധിച്ചിട്ടുണ്ട്. തവളയെക്കൊണ്ട് നമുക്കെന്ത് കാര്യം എന്ന് നിസാരമായി കരുതേണ്ട, പരിസ്ഥിതി സംതുലനത്തിലെയും ഭക്ഷ്യശൃംഗലയിലേയും പ്രധാന കണ്ണിയെന്നതിനപ്പുറം ചിലപ്പോള്‍ മനുഷ്യകുലത്തിന്റെ രക്ഷകരായും  ഇവര്‍ മാറിയേക്കും. തവളകളുടെ ശരീരത്തിലെ അത്ഭുതരാസഘടകങ്ങള്‍ പലതും കണ്ടെത്തുംമുമ്പേ അവയുടെ പലതിന്റെയും കുലം മുടിഞ്ഞുപോകുമോ എന്ന ഭയമാണ് ശാസ്ത്രലോകത്തിന് ഇന്ന്.

പ്രധാന വാർത്തകൾ
 Top