07 October Friday

‘എനിക്ക്‌ രക്തം തരൂ, ഞാൻ നിങ്ങൾക്ക്‌ സ്വാതന്ത്ര്യം നൽകാം’

വെബ് ഡെസ്‌ക്‌Updated: Tuesday Aug 9, 2022

സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ജനലക്ഷങ്ങളെ ത്രസിപ്പിച്ച ജീവിതമാണ്‌ സുഭാഷ്‌ ചന്ദ്രബോസിന്റേത്‌. ‘എനിക്ക്‌ രക്തം തരൂ, ഞാൻ നിങ്ങൾക്ക്‌ സ്വാതന്ത്ര്യം നൽകാം’ എന്ന ബോസിന്റെ പ്രസംഗം സമരവീഥിയിൽ കരുത്തായി ജ്വലിച്ചു. ആർക്ക്‌ മുന്നിലും കീഴടങ്ങാത്ത ആദർശം ഉയർത്തി ബ്രിട്ടീഷ്‌ സാമ്രാജ്വത്വത്തിന്‌ മുന്നിൽ മുട്ടുമടക്കാതെ നിവർന്നുനിന്ന് എതിർക്കാൻ ഇന്ത്യൻ ജനതയെ പ്രാപ്‌തമാക്കിയ നേതാജിയായി. ഇന്ത്യൻ സിവിൽ സർവീസ്‌ ഉപേക്ഷിച്ചാണ്‌ ബോസ്‌ സ്വാതന്ത്ര്യസമരത്തിന്‌ ഇറങ്ങിയത്‌. ബംഗാളി സ്വാതന്ത്ര്യസമര സേനാനി ചിത്തരഞ്ജൻ ദാസിനൊപ്പമുള്ള പ്രവർത്തനം വഴിത്തിരിവായി. 1921-ൽ വെയിൽസിലെ രാജകുമാരൻ ഇന്ത്യ സന്ദർശിക്കുന്നതിനോടനുബന്ധിച്ചുള്ള ആഘോഷങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തതിന്‌ അറസ്റ്റിലായി. ചിത്തരഞ്ജൻ ദാസിന്റെ പത്രമായ ഫോർവേഡിന്റെ എഡിറ്ററായിരുന്നു. ബോസ് 1923ൽ സ്വരാജ് പത്രം തുടങ്ങി. തീവ്രവിപ്ലവ നീക്കങ്ങളുമായി സഹകരിച്ചുവെന്നാരോപിച്ച് ബർമയിലേക്ക്‌ നാടുകടത്തി. 1930കളുടെ മധ്യത്തിൽ യൂറോപ്പിൽ പര്യടനം നടത്തി അവിടെ പഠിച്ചിരുന്ന ഇന്ത്യൻ വിദ്യാർഥികളുമായും മുസോളിനി ഉൾപ്പെടെയുള്ള നേതാക്കളുമായും ചർച്ച നടത്തി. 1938-ൽ നടന്ന ഹരിപുര സമ്മേളനത്തിൽ കോൺഗ്രസ് പ്രസിഡന്റായി. 1939ൽ ത്രിപുര കോൺഗ്രസ് സമ്മേളനത്തിൽ പ്രസിഡന്റ് സ്ഥാനത്തേക്ക്‌ മത്സരിച്ച്‌ വിജയിച്ചു.

ഗാന്ധിജിയുടെ പിന്തുണയിൽ മത്സരിച്ച പട്ടാഭി സീതാരാമയ്യരായിരുന്നു എതിരാളി. ഗാന്ധിജിയുമായുള്ള ആശയഭിന്നതയിൽ 1939ൽ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവച്ച് അഖിലേന്ത്യാ ഫോർവേഡ് ബ്ലോക്കിനു രൂപം നൽകി. ബ്രിട്ടീഷുകാർക്കെതിരെ സായുധ വിപ്ലവത്തിനുവേണ്ടി ബോസ്‌ വാദിച്ചപ്പോൾ, അഹിംസാത്മകമായ വഴികൾ മാത്രമേ പാടുള്ളൂ എന്ന നിലപാടിൽ ഗാന്ധിജി ഉറച്ച് നിന്നു. രണ്ടാം ലോകയുദ്ധത്തോടെ ബ്രിട്ടനിലുണ്ടായ രാഷ്ട്രീയ അസ്ഥിരത മുതലെടുത്ത് ഇന്ത്യക്ക്‌ സ്വാതന്ത്ര്യം നേടിയെടുക്കണമെന്നായിരുന്നു ബോസിന്റെ നിലപാട്‌. ഇതിനായി മറ്റു രാജ്യങ്ങളിൽനിന്നുള്ള രാഷ്ട്രീയവും സൈനികവും നയതന്ത്രപരവുമായുള്ള പിന്തുണ ആവശ്യമാണെന്നും വിശ്വസിച്ചു. ജർമനി, ജപ്പാനടക്കമുള്ള അച്ചുതണ്ടു ശക്തികളുടെ സഹായത്തോടെ ഇതിനായി പ്രവർത്തനം ആരംഭിച്ചു. യുദ്ധം തുടങ്ങിയപ്പോൾ കോൺഗ്രസ് നേതൃത്വത്തിനോട് ആലോചിക്കാതെ ബ്രിട്ടീഷ് സർക്കാർ ഇന്ത്യയെയും യുദ്ധപങ്കാളിയാക്കിയതിനെതിരെ അദ്ദേഹം സമരാഹ്വാനം നടത്തിയതിന്‌ ജയിലിലായി. 1941 ജനുവരി 19ന് അനന്തരവനായ ശിശിർ കെ ബോസിനോടൊപ്പം നിരീക്ഷകരുടെ കണ്ണു വെട്ടിച്ച് ബോസ് രക്ഷപ്പെട്ട്‌ ജർമനിയിലെത്തി.

ആസാദി സർക്കാർ
ജർമൻ വിദേശകാര്യവകുപ്പിലെ പ്രചാരണ വിഭാഗത്തിൽ ബോസിന് സ്വതന്ത്രമായി പ്രവർത്തിക്കാൻ ഓഫീസും സൗകര്യങ്ങളും ജർമൻ സർക്കാർ അനുവദിച്ചു. പ്രവാസി ഇന്ത്യക്കാരുടെയും ഉത്തരാഫ്രിക്കയിൽ തടവിലായ ഇന്ത്യൻ സൈനികരെയും സംഘടിപ്പിച്ച് ‘ഇന്ത്യൻ ലീജിയൺ’ എന്ന സേനാഘടകം രൂപീകരിച്ചു. 1941 അവസാനത്തോടെ ബർലിനിൽ ഒരു ‘സ്വതന്ത്രഭാരതകേന്ദ്രം’ സ്ഥാപിച്ചു.

നാസികളുടെ സഹായത്തോടെ ഇന്ത്യാ ആക്രമണവും അതുവഴി സ്വാതന്ത്ര്യവുമായിരുന്നു ലക്ഷ്യം. പക്ഷേ, ഹിറ്റ്‌ലറുടെ പല പ്രവൃത്തികളോടും വിയോജിച്ച്‌ 1943 ഏപ്രിലിൽ ജർമനി വിട്ടു. ജൂലൈ നാലിന്‌ സിംഗപ്പൂരിൽവച്ച്‌ റാഷ് ബിഹാരി ബോസ് ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗിന്റെ നേതൃത്വം സുഭാസ് ചന്ദ്ര ബോസിനു കൈമാറി. ജൂലൈ അഞ്ചിന്‌ ആസാദ് ഹിന്ദ് ഫൗജ് അഥവാ ഇന്ത്യൻ നാഷണൽ ആർമി രൂപീകരിച്ചു. 1943 ഒക്ടോബർ 21-ന്‌ താൽക്കാലിക സ്വതന്ത്രഭാരത സർക്കാരിന്റെ പ്രഖ്യാപനം.

രണ്ടാം ലോകയുദ്ധത്തോടെ 
ബ്രിട്ടനിലുണ്ടായ രാഷ്ട്രീയ അസ്ഥിരത 
മുതലെടുത്ത് ഇന്ത്യക്ക്‌ സ്വാതന്ത്ര്യം 
നേടിയെടുക്കണമെന്നായിരുന്നു  
സുഭാഷ്‌ ചന്ദ്രബോസിന്റെ നിലപാട്‌

രാഷ്ട്രത്തലവനായി നേതാജി സത്യപ്രതിജ്ഞ ചെയ്തു. 1944 ജനുവരിയിൽ ബർമയിൽനിന്ന്‌ ഇന്ത്യൻ അതിർത്തി ലംഘിച്ചുള്ള ആക്രമണം നടത്താൻ ജപ്പാൻ തീരുമാനിച്ചു. ഐഎൻഎയിലെ സുഭാസ് റെജിമെന്റ് ജപ്പാൻ സേനയോടൊപ്പം മുന്നണിയിലേക്ക് നീങ്ങണമെന്ന് ബോസ് തീരുമാനിച്ചു. മാർച്ചിൽ ഐഎൻഎ അതിർത്തി കടന്ന് ഇന്ത്യയിൽ പ്രവേശിച്ചു. ഏപ്രിൽ ആദ്യവാരം സംയുക്തസേന കൊഹിമയിൽ പ്രവേശിച്ചു. പിന്നാലെ ഇംഫാലിനെ വളഞ്ഞു.

മറ്റ്‌ പ്രദേശങ്ങളിൽ അച്ചുതണ്ട്‌ ശക്തികൾക്ക്‌ തിരിച്ചടി നേരിട്ടതും ജപ്പാനിലെ ഭരണമാറ്റവും ബർമ വിട്ടൊഴിയാൻ ജപ്പാൻ സേനയെ നിർബന്ധിതമാക്കി. അങ്ങനെ ആസാദ് ഹിന്ദ് സർക്കാർ ബർമയിൽനിന്ന്‌ പിന്മാറി.  1945 ആഗസ്‌ത്‌ 18-ന് ബോസ് തയ്‌വാനിലെ തെയ്ഹോകുവിൽ വിമാനാപകടത്തിൽ മരിച്ചു എന്നാണ് ഇന്ത്യൻ ഗവൺമെന്റിന്റെ ഔദ്യോഗിക ഭാഷ്യം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top