24 September Friday
ഇന്ന് വായനാവാരാചരണത്തിന് തുടക്കം

വരൂ, കേൾക്കാം കഥകളുടെ മായാലോകം

സന്തോഷ് ബാബുUpdated: Saturday Jun 19, 2021


കൊച്ചി
മുത്തശ്ശിക്കഥകൾ കേട്ടുവളർന്നവരുടെ തലമുറ അന്യമാവില്ല, ഇതാ ‘‘സൈബർ മുത്തശ്ശി’യോട്‌ ചോദിക്കൂ, ഏത്‌ കഥയും പറഞ്ഞുതരും. കവിതയും നോവലും ചരിത്രവും പഠനവും ലേഖനവുമെല്ലാം വായിച്ചുകേൾപ്പിക്കും. ശബ്ദവും ദൃശ്യവുംകൊണ്ട് ആസ്വാദനത്തിന്റെ  പുതിയ അനുഭൂതികൾ മലയാളിയെയും മാടിവിളിക്കുകയാണ്. കഥകൾ കാതിലെത്തിക്കുന്ന സ്റ്റോറിടെൽ ഓഡിയോ ബുക്ക് മലയാള സാഹിത്യ പ്രേമികൾക്കിടയിലും സജീവം.

പരമ്പരാഗത വായനയുടെ ലഹരി കുറഞ്ഞപ്പോൾ, പേജുകൾ മറിച്ച് വായിക്കാവുന്ന ഇ ബുക്ക് റീഡറുകൾക്ക് മലയാളത്തിലും വലിയ പ്രചാരമാണ് ലഭിച്ചത്. ഇപ്പോൾ അതുംകടന്ന്‌ വായന കുതിക്കുകയാണ്‌. ജീവിതത്തിന് തിരക്കുകൂടിയതോടെയാണ്‌ കഥകളുടെ മായാലോകത്തേക്ക് സഞ്ചരിക്കാൻ മലയാളിയും വീണ്ടും കേൾവിക്കാരായത്‌. ഗൂ​ഗിൾ പ്ലേ സ്റ്റോറിലും ഐഒഎസ് ആപ്പ് സ്റ്റോറിലും സ്റ്റോറിടെൽ ആപ്പ് തിരയുന്നവർ വർധിക്കുകയാണ്.

സ്വീഡനിലെ സ്റ്റോക്ക്ഹോമിൽനിന്ന്‌ കേരളത്തിലെത്തിയ സ്റ്റോറിടെൽ നാനൂറോളം മലയാളം ഓഡിയോ പുസ്തകങ്ങളാണ് അവതരിപ്പിച്ചത്. മലയാള ക്ലാസിക്കുകളായ ഖസാക്കിന്റെ  ഇതിഹാസം, ആൾക്കൂട്ടം, മയ്യഴിപ്പുഴയുടെ തീരങ്ങളിൽ, സു​ഗന്ധി എന്ന ആണ്ടാൾ ദേവനായകി, ആരാച്ചാർ, കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലെ ക്ഷേത്ര കഥകൾ തുടങ്ങിയവയും ഉണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ ‘പൗരത്വവും ദേശക്കൂറും’ ഓഡിയോ ബുക്കായി ഇറക്കി.

മഹാഭാരത കഥയുടെ പുനരാഖ്യാനമെന്ന് വിളിക്കാവുന്ന അനിതാ നായരുടെ ഓഡിയോ ബുക്കാണ് പുതിയത്. അതിന് ശബ്ദം നൽകിയത്‌ ചലച്ചിത്രതാരം പ്രകാശ് രാജും. നോവൽ, കഥ, ആത്മീയം, ചരിത്രം, ഹൊറർ, ആത്മകഥ, വ്യക്തിത്വ വികസനം തുടങ്ങി പ്രണയ കഥകളുടെയും സാഹസിക കഥകളുടെയുംവരെ ഓഡിയോ ബുക്കുകൾക്ക് വായനക്കാരുണ്ടെന്ന് സ്റ്റോറിടെൽ പറയുന്നു.

ഓഡിയോ പുസ്തകങ്ങളിലേക്ക് എത്തുന്നവർക്ക് പരീക്ഷണാർഥം 14 ദിവസം സൗജന്യമായി കേൾക്കാനും അവസരമുണ്ട്‌. ഗൂഗിൾ പ്ലേസ്റ്റോറിൽ http://bit.ly/2rriZaU, ഐഒഎസ് ആപ്പ് സ്റ്റോറിൽ https://apple.co/2zUcGkG ലിങ്കുകളിലൂടെ സ്റ്റോറിടെൽ ഡൗൺലോഡ് ചെയ്യാം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top