07 August Friday

ശ്വാസതടസ്സം വഴിമുടക്കിയാൽ ‘എയർബ്രിഡ്ജ്’ തുണയാകും

വെബ് ഡെസ്‌ക്‌Updated: Tuesday Jul 7, 2020


തിരുവനന്തപുരം
കോവിഡ്‌ വ്യാപനത്തിനിടെ ആശുപത്രികൾ നേരിടുന്ന വെന്റിലേറ്റർ ക്ഷാമത്തിന്‌ നൂതന സംവിധാനവുമായി ശ്രീചിത്ര ഇൻസ്‌റ്റിറ്റ്യൂട്ട്‌. ‘എയർബ്രിഡ്ജ്’ എന്ന്‌ പേരിട്ടിരിക്കുന്ന എമർജൻസി ബ്രീതിങ്‌ അസിസ്റ്റ് സിസ്റ്റം വിപ്രോ 3ഡി കമ്പനിയുമായി സഹകരിച്ചാണ്‌ നിർമിക്കാനൊരുങ്ങുന്നത്‌. 

ആദ്യഘട്ടത്തിൽ നിർമിച്ചവ ചൊവ്വാഴ്ച വീഡിയോ കോൺഫറൻസിലൂടെ പുറത്തിറക്കും. വാൽവ് മാസ്ക് സ്വയം പ്രവർത്തിച്ച് വായു അകത്തേക്ക് വലിക്കുകയും പുറത്തുവിടുകയും ചെയ്യുന്നരീതിയിലാണ്‌ ഈ ഉപകരണം പ്രവർത്തിക്കുന്നത്‌. ഇതുവഴി രോഗിക്ക്‌ ആവശ്യമായ ഓക്സിജൻ നൽകാനാകും. പോസിറ്റീവ് പ്രഷർ നിലനിർത്തി ടൈഡൽ വോള്യം, ഒരു മിനിറ്റിലെ ശ്വാസോച്ഛ്വാസ നിരക്ക്, അനുപാതം എന്നിവ  ക്രമീകരിക്കാം എന്നതാണ്‌ മറ്റൊരു പ്രത്യേകത. മുന്നറിയിപ്പ്‌ നൽകാനുള്ള സംവിധാനമുള്ള ഈ ഉപകരണം ഒരിടത്തുനിന്ന്‌ മറ്റൊരിടത്തേക്ക്‌ അനായാസം മാറ്റാനാകും. ആംബുലൻസിലും പരിമിതമായ ഐസിയു സൗകര്യമുള്ള ആശുപത്രികളിലും ഓക്സിജൻ സിലിണ്ടറിന്റെ സഹായത്തോടെ പ്രവർത്തിപ്പിക്കാം. അടിയന്തര സേവനത്തിനായി  മാൾ, എയർപോർട്ട്‌ തുടങ്ങിയ പൊതുസ്ഥലങ്ങളിലും ഉപയോഗിക്കാനാകുന്ന തരത്തിലാണ്‌ എയർബ്രിഡ്ജ് രൂപകൽപ്പന.

ശ്രീചിത്രയുടെ ബയോടെക്നോളജി വിഭാഗത്തിലെ ഡിവിഷൻ ഓഫ് ആർട്ടിഫിഷ്യൽ ഓർഗൻസ്‌ എൻജിനിയർമാരായ ശരത്, വിനോദ്, നാഗേഷ്, അനസ്തേഷ്യ വിഭാഗത്തിലെ ഡോക്ടർമാരായ തോമസ് കോശി, മണികണ്ഠൻ എന്നിവരടങ്ങിയ സംഘമാണ്‌ ഇത്‌ വികസിപ്പിച്ചത്‌. ഏപ്രിലിൽ വിപ്രോ 3ഡി‌ക്ക് സാങ്കേതികവിദ്യ കൈമാറി. തദ്ദേശീയമായ വസ്തുക്കൾ ഉപയോഗിച്ച്‌ നിർമിച്ചതിനാൽ വെന്റിലേറ്ററുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ വിലയിൽ ലഭിക്കും.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top