ഹോക്കിയുടെ നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള തീവ്രശ്രമത്തിലാണ് ടീം ഇന്ത്യ. നീണ്ട 41 വർഷത്തിന് ശേഷമാണ് 2020ലെ ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യൻ പുരുഷ ഹോക്കി ടീം വീണ്ടും മെഡൽ നേടിയത്. 2024 ലെ പാരീസ് ഒളിമ്പിക്സിലും വെങ്കല മെഡൽ നേട്ടത്തോടെ ഇന്ത്യ വിജയപാരമ്പര്യം നിലനിർത്തി. രണ്ട് വിജയങ്ങളും ഇന്ത്യൻ ഹോക്കിയുടെ ഉയർത്തെഴുന്നേപ്പിന്റെ സാക്ഷ്യമാണ്. പാരീസിൽ ഇന്ത്യയുടെ വിജയരഥം തെളിച്ചത് ഗോൾകീപ്പറായ മലയാളി പി ആർ ശ്രീജേഷായിരുന്നു. ഹോക്കിയിൽ ഇന്ത്യൻ മികവിന്റെ പ്രതീകം ധ്യാൻചന്ദാണ്. സമാനതകളില്ലാത്ത പ്രകടനത്തിലൂടെ കായികലോകത്തെ അമ്പരപ്പിച്ച ധ്യാൻചന്ദ് ‘ഹോക്കി മാന്ത്രികൻ' എന്നാണ് അറിയപ്പെടുന്നത്.
വിസ്മയയാത്രയുടെ മനോഹര തുടക്കം
1950 ആഗസ്റ്റ് 29ന് ഉത്തർപ്രദേശിലെ അലഹബാദിലാണ് ജനനം. സൈനികനായിരുന്ന പിതാവിന്റെ പ്രചോദനം ഉൾക്കൊണ്ട് 16ാം വയസിൽ ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായി. ഇതൊടെയാണ് ഹോക്കിയെക്കുറിച്ച് മനസ്സിലാക്കുന്നതും പരിശീലിക്കുന്നതും. സുബൈദാർ മേജർ തിവാരിയുടെ മാർഗനിർദ്ദേശത്തിലായിരുന്നു ആദ്യകാല പരിശീലനം. തുടക്കം മുതലേ ധ്യാൻചന്ദിലെ അസാമാന്യ കായികപ്രതിഭയെ അദ്ദേഹം തിരിച്ചറിഞ്ഞു.
സൈനിക ജോലികൾക്ക് ശേഷം രാത്രി വളരെ വൈകിയും ധ്യാൻചന്ദ് പരിശീലനം തുടർന്നു. കളിക്കാരനെന്ന നിലയിൽ ധ്യാൻചന്ദിന്റെ വളർച്ച അതിവേഗമായിരുന്നു. 1926ൽ ന്യൂസിലൻഡിലും ഓസ്ട്രേലിയയിലും പര്യടനം നടത്തിയ ഇന്ത്യൻ ഹോക്കി ടീമിൽ അംഗമായി.
ഓരോ കളിയിലും ധ്യാൻചന്ദ് പലവട്ടം ഗോൾവല നിറയ്‌ക്കുന്നത് ലോകം വിസ്‌മയത്തോടെ കണ്ടുനിന്നു. 1928, 1932, 1936 ഒളിമ്പിക്സുകളിൽ ഹോക്കി മൈതാനത്തിലെ ഇന്ത്യയുടെ സുവർണനേട്ടത്തിൽ നിർണായകമായത് ധ്യാൻചന്ദായിരുന്നു.
നൃത്തമാടുന്ന പന്തുകൾ
1932 ലോസ് ഏയ്ഞ്ചൽസ് ഒളിമ്പിക്സിലെ ഇന്ത്യ X അമേരിക്ക മത്സരം. അമേരിക്കയുടെ ഗോൾമുഖത്തേക്ക് ഇന്ത്യ പലവട്ടം നിറയാഴിച്ച് കഴിഞ്ഞിരിക്കുന്നു. ധ്യാൻചന്ദിന്റെ ഹോക്കിസ്റ്റിക്കിന് മാന്ത്രികതയുണ്ടെന്ന് അമേരിക്കൻ കളിക്കാരൻ അമ്പയറോട് പരാതിപ്പെട്ടു. സ്വന്തം സ്റ്റിക്ക് അമേരിക്കക്കാരന് കൈമാറി പകരം അദ്ദേഹത്തിന്റെ സ്റ്റിക്ക് വാങ്ങി കളി പുനരാരംഭിച്ചപ്പോഴും ധ്യാൻചന്ദ് വലനിറച്ചുകൊണ്ടിരിന്നു. ഒന്നിനെതിരെ 24 ഗോൾ തൊടുത്താണ് ഇന്ത്യ മത്സരം അവസാനിപ്പിച്ചത്.
1936 ബർലിൻ ഒളിമ്പിക്സിൽ ധ്യാൻചന്ദിന്റെ നായകത്വത്തിലാണ് ഇന്ത്യൻ ടീം ഫൈനലിൽ ജർമനിയെ എതിരിട്ടത്. ജർമനി കിരീടമുയർത്തുന്നത് കാണാൻ ഗ്യാലറിയിൽ സാക്ഷാൽ അഡോൾഫ് ഹിറ്റ്‌ലറും ഉണ്ടായിരുന്നു. ഹിറ്റ്‌ലറെ നിരാശനാക്കി ഇന്ത്യ വൻ മാർജിനിൽ ജർമനിയെ പരാജയപ്പെടുത്തി. കളിക്കളത്തിൽ അത്ഭുതം സൃഷ്ടിച്ച ക്യാപ്റ്റനെ ഹിറ്റ്‌ലർ അഭിനന്ദിച്ചു. ജർമൻ സൈന്യത്തിൽ കേണൽ പദവി വാഗ്ദാനം ചെയ്തു.ധ്യാൻചന്ദ് സ്നേഹപൂർവം വാഗ്ദാനം നിരസിച്ചു.
ധ്യാൻചന്ദിന്റെ കളിശൈലിയുടെ സവിശേഷത അസാധാരണമായ സ്റ്റിക്ക് വർക്കും ഡ്രിബ്ലിങുമായിരുന്നു. പന്ത് ഉപയോഗിച്ചുള്ള ‘നൃത്ത’മെന്നാണ് അദ്ദേഹത്തിന്റെ ഡ്രിബ്ലിങിനെ കായികലോകം വിശേഷിപ്പിച്ചിരുന്നത്. സമ്മർദത്തിന് കീഴ്പ്പെടാതെ കളിക്കളത്തിൽ എല്ലായ്‌പോഴും ശാന്തനായിരുന്നു.
1956ൽ രാജ്യം പത്മഭൂഷൺ ബഹുമതി നൽകി ആദരിച്ചു. 1979ൽ മരണത്തിന് കീഴടങ്ങി. ക്രിക്കറ്റിൽ സർ ഡൊണാൾഡ് ബ്രാഡ്മാൻ, ഫുട്ബോളിൽ പെലെ തുടങ്ങിയവരുടെ നിരയിലാണ് കായികലോകം ധ്യാൻചന്ദിനെ കുടിയിരുത്തുന്നത്.
ഡോ. പി ടി അജീഷ്
(റിസർച്ച് ഓഫീസർ, എസ്‌സിഇആർടി)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..