09 October Wednesday

ഭൂമിക്കും അപ്പുറം 19 പേർ

ദിലീപ്‌ മലയാലപ്പുഴUpdated: Sunday Sep 15, 2024


ഭൂമിയുടെ ഭ്രമണപഥത്തിൽ വൻ തിരക്കാണ്‌. നൂറുകണക്കിന്‌ കൃത്രിമ ഉപഗ്രഹങ്ങൾ, പ്രവർത്തനം നിലച്ച പേടകങ്ങൾ, അപകടകാരികളായ ലക്ഷക്കണക്കിന്‌ ബഹിരാകാശ മാലിന്യങ്ങൾ... ഇതിനൊപ്പം നാസയുടേയും ചൈനയുടേയും ബഹിരാകാശ നിലയങ്ങളും കഴിഞ്ഞ ദിവസം വിക്ഷേപിച്ച പൊളാരിസ്‌ ഡോൺ ദൗത്യ പേടകവും. നാസയുടെ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലും ചൈനയുടെ ടിയാഗോംങ്‌ ബഹിരാകാശ നിലയത്തിലും പൊളാരിസ്‌ ഡോൺ ഡ്രാഗൺ പേടകത്തിലും മനുഷ്യവാസമുണ്ട്‌. മൂന്നിടങ്ങളിലായി ആകെ 19 പേർ. ഇവരിൽ 4 പേർ സ്‌ത്രീകളും. ഇത്‌ റെക്കോഡാണ്‌. 3 പേടകങ്ങളിലായി ഒരേ സമയത്ത്‌ 19 ബഹിരാകാശ സഞ്ചാരികൾ ഭൂമിയെ തുടർച്ചയായി ചുറ്റുന്നത്‌ ആദ്യം. ഇതിനുമുമ്പ്‌ 17 പേർ 2 നിലയങ്ങളിലായി കഴിഞ്ഞതായിരുന്നു ബഹിരാകാശ റെക്കോഡ്‌.

കഴിഞ്ഞവർഷം മേയിലായിരുന്നു ഇത്‌. അന്ന്‌ നാസയുടെ നിലയത്തിൽ 11 പേരും  ചൈനയുടെ നിലയത്തിൽ 6 പേരുമായിരുന്നു ഉണ്ടായിരുന്നത്‌
ക്രൂ ചെയ്‌ഞ്ചിന്റെ ഭാഗമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക്‌ 3 പേർ കൂടി എത്തിയതോടെയാണ്‌ പുതിയ റെക്കോഡ്. റഷ്യയിലെ ബൈക്കന്നൂരിൽനിന്ന്‌ കഴിഞ്ഞ ബുധനാഴ്‌ചയായിരുന്നു വിക്ഷേപണം. നാസയുടെ ഡൊൺ പെറ്റിറ്റ്‌,  റഷ്യയുടെ അലക്‌സി ഒവ്‌ചിൻ, ഇവാൻ വെഗ്‌നർ എന്നിവർ സോയുസ്‌ പേടകത്തിലാണ്‌ എത്തിയത്‌. നിലവിൽ ഇന്ത്യൻ വംശജ സുനിത വില്യംസ്‌, സഹയാത്രികൻ ബുച്ച്‌ വിൽമോർ,  മൈക്കൽ ബാരറ്റ്, ട്രേസി കാൾഡ്‌രവെൽ -ഡൈസൺ, മാത്യു ഡൊമിനിക്, ജീനറ്റ് എപ്പ്സ്, നിക്കോളായ് ചുബ്, അലക്സാണ്ടർ ഗ്രെബെൻകിൻ, ഒലെഗ് കൊനോനെങ്കോ എന്നിവരാണ്‌ നിലയത്തിലുള്ളത്‌. ബോയിങ്‌ സ്റ്റാർലൈനർ പേടകത്തിന്റെ ക്ഷമതാ പരിശോധനയുടെ ഭാഗമായി എത്തിയ സുനിതയും ബുച്ചും മടങ്ങാനാവാതെ നിലയത്തിൽ കുടുങ്ങി കിടക്കുകയാണ്‌. ഇവർ സഞ്ചരിച്ച സ്റ്റാർലൈനർ പേടകത്തിൽ ഹീലിയം ചോർച്ചയും ത്രസ്റ്ററുകളുടെ തകരാറും ഉണ്ടായതാണ്‌ പ്രശ്‌നം സൃഷ്ടിച്ചത്‌. ഇവ പരിഹരിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന്‌ പേടകം ആളില്ലാതെ തന്നെ മടക്കി കൊണ്ടുവരേണ്ടി വന്നു. അതും ഏറെ പണിപ്പെട്ട്‌. ജൂൺ 6ന്‌ നിലയത്തിലെത്തിയ ഇരുവരുടേയും മടക്കയാത്ര അടുത്ത വർഷം ഫെബ്രുവരിയിൽ ഉണ്ടാകുമെന്ന്‌ പറയുന്നുണ്ടെങ്കിലും അനിശ്ചിതത്വം തുടരുകയാണ്‌. ഇവർക്കായി പുതിയ പേടകവും സ്‌പേയ്‌സ്‌ സ്യൂട്ടുകളും അയക്കേണ്ടി വരും. ഇത്‌ അത്ര എളുപ്പമുള്ള കാര്യവുമല്ല. അതുകൊണ്ടുതന്നെ ഇതിനൊരു സമയക്രമം ആയിട്ടുമില്ല. അതിനിടെ സുനിത ചില ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നതായും റിപ്പോർട്ടുകളുണ്ട്‌. നിലയത്തിൽ ചില അപകടകാരികളായ ബാക്ടീരിയകളുടെ സാന്നിധ്യവും കണ്ടെത്തിയിരുന്നു.

 

ഭൂമിയിൽനിന്ന്‌ 420 കിലോമീറ്റർ മുകളിലുള്ള ഭ്രമണപഥത്തിൽ മണിക്കൂറിൽ 26,000 കിലോമീറ്റർ വേഗത്തിലാണ്‌ അന്താരാഷ്‌ട്ര ബഹിരാകാശ നിലയം സഞ്ചരിക്കുന്നത്‌. 25 വർഷം പൂർത്തീകരിച്ച നിലയത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ നാസ ആലോചന തുടങ്ങിയിട്ടുണ്ട്‌. മാനവരാശിക്കായി നൂറുകണക്കിന്‌ പരീക്ഷണങ്ങളാണ്‌ നിലയത്തിൽ നടക്കുന്നത്‌.


 

450 കിലോമീറ്റർ മുകളിലുള്ള ഭ്രമണപഥത്തിലുള്ള ചൈനയുടെ ടിയാഗോംങ്‌ ബഹിരാകാശനിലയത്തിൽ നിലവിൽ 3  പേരാണുള്ളത്. ലി ഗുവാൻഷു, യി ഗീൻഫു, ലികോങ്‌ എന്നിവർ 5 മാസമായി നിലയത്തിൽ പ്രവർത്തിക്കുന്നു. നിലയത്തെ പൂർണ സജ്ജമാക്കുകയും പരീക്ഷണങ്ങൾ നടത്തുകയുമാണ്‌ മൂവരുടേയും ദൗത്യം. ഭൂമിയിൽനിന്ന്‌ 800 കിലോമീറ്റർ മുകളിലുള്ള ഭ്രമണപഥത്തിൽ പര്യവേക്ഷണം നടത്താനും അവിടെയുള്ള വികിരണങ്ങളെ നേരിടുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കുന്നതിനുമാണ്‌ പോളാരിസ്‌ ഡോൺ ദൗത്യം. ഇതിനായി പ്രത്യേകം തയ്യാറാക്കിയ ഡ്രാഗൺ പേടകത്തിൽ 4 ബഹിരാകാശ സഞ്ചാരികൾ പരീക്ഷണങ്ങൾ തുടരുകയാണ്‌. മറ്റുള്ള നിലയങ്ങളേക്കാൾ ഇരട്ടിയിലധികം ഉയരത്തിൽ സഞ്ചരിക്കുന്ന പേടകത്തിലെ യാത്ര ഏറെ അപകടം നിറഞ്ഞതാണ്‌. ഏറ്റവും ശക്തിയേറിയ ‘വാൻ എലൻ റേഡിയേഷൻ ബെൽറ്റു’ വഴിയുള്ള സഞ്ചാരമാണ്‌ ഏറെ സങ്കീർണം. മിഷൻ കമാൻഡർ ജേർഡ്‌ ഐസക്ക്‌ മാൻ, മിഷൻ പൈലറ്റ്‌ സ്‌കോട്ട്‌ പൊറ്റിറ്റ്‌, മിഷൻ സ്‌പെഷ്യലിസ്റ്റുകളായ അന്ന മേനോൻ, സാറാഗില്ലിസ്‌ എന്നിവരാണ്‌ ബഹിരാകാശ സഞ്ചാരികൾ. പേടകത്തിന്‌ പുറത്തിറങ്ങി 2 പേർ സ്‌പേയ്‌സ്‌ വാക്കും നടത്തിക്കഴിഞ്ഞു. സാറാഗില്ലിസ്‌ പേടകത്തിലിരുന്ന്‌ വയലിൻ വായിക്കുന്ന ചിത്രം ഇതിനോടകം വൈറലായിട്ടുണ്ട്‌.

കേരളബന്ധമുള്ള ബഹിരാകാശ ശാസ്‌ത്രജ്ഞൻ ഡോ. അനിൽ മേനോന്റെ ഭാര്യയാണ്‌ അന്ന. അമേരിക്കയിൽ കുടിയേറിയ മലയാളി ശങ്കരമേനോന്റെയും ഉക്രയ്‌ൻ സ്വദേശിനി ലിസയുടെയും മകനാണ്‌ അനിൽ. അപ്പോളോ ചാന്ദ്രദൗത്യങ്ങൾക്ക്‌ ശേഷം ബഹിരാകാശത്ത്‌ കൂടുതൽ ദൂരത്തേക്കുള്ള മനുഷ്യദൗത്യം ആദ്യമെന്ന പ്രത്യേകതയുമുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top