06 August Friday

ഇടവപ്പാതിയുടെ വരവും വഴികളും

ഡോ. ശംഭു കുടുക്കശേരിUpdated: Sunday May 23, 2021


‘തുള്ളിക്ക്‌ ഒരു കുടമായി പെയ്‌തിറങ്ങുക’ ഇടവപ്പാതിയെപ്പറ്റിയുള്ള പൊതു വിശേഷണമാണിത്‌. കേരളത്തിൽ ജൂണിൽ തുടങ്ങി സെപ്‌തംബർ വരെ നീളുന്ന മഴ പ്രതിഭാസമാണ്‌ തെക്ക്‌ പടിഞ്ഞാറൻ കാലവർഷം അഥവാ ഇടവപ്പാതി. ഇന്ത്യയിലെ ആകെ മഴയിൽ  75 ശതമാനവും ഈ മഴക്കാലത്തിന്റെ  സംഭാവനയാണ്‌ എന്ന പ്രത്യേകതയുമുണ്ട്‌. ഈ കാലയളവിൽ ലഭിക്കുന്ന മഴയുടെ ഏറ്റക്കുറച്ചിലുകൾ രാജ്യത്തിന്റെ കാർഷിക, സാമ്പത്തിക മേഖലകളെ സ്വാധീനിക്കും.

കേരളത്തിൽ  സാധാരണ ജൂൺ ഒന്നിന്‌ തുടങ്ങുന്ന ഈ മഴക്കാലം പടിപടിയായി ഇന്ത്യയുടെ വടക്കു കിഴക്കൻ മേഖലകളിലേക്ക്‌  പടർന്നുകയറും.  ഏതാണ്ട്‌ ജൂലൈ എട്ടോടെ വടക്ക്‌ പടിഞ്ഞാറൻ ഇന്ത്യയിൽ എത്തിച്ചേർന്ന്‌ രാജ്യത്തെ  മുഴുവൻ ഈ മഴക്കുടക്കീഴിലാക്കും. തെക്കു പടിഞ്ഞാറൻ കാലവർഷത്തിന്റെ പിൻവാങ്ങൽ സെപ്‌തംബർ പതിനേഴോടെ വടക്ക്‌ കിഴക്കേ ഇന്ത്യയിൽ തുടങ്ങി ഒക്ടോബർ പതിനഞ്ചോടെ  ഉപദ്വീപ്‌ ഭാഗങ്ങളിൽ തുലാവർഷ മുന്നേറ്റത്തോടെ അവസാനിക്കും

ഏപ്രിൽ മുതൽ  ഉത്തരായനരേഖയിലേക്കുള്ള സൂര്യൻെറ പ്രയാണത്തിന്‌ അനുസരിച്ച്‌ ദക്ഷിണാർധഗോളത്തിലെ മസ്‌കാരിൻ(മഡഗാസ്‌കറിന്‌ കിഴക്ക്‌) നിമ്‌നമർദ്ദ പ്രദേശത്ത്‌ തെക്ക്‌ കിഴക്കൻ വാണിജ്യക്കാറ്റ് ഉടലെടുക്കും. ഘടികാര ദിശയ്‌ക്ക്‌ വിപരീതമായി വീശുന്ന ഈ കാറ്റ്‌  ഭൂമധ്യരേഖ കടന്ന്‌ ഉത്തരാർധഗോളത്തിൽ കടക്കുമ്പോൾ,   ഭൂഭ്രമണ ഫലത്താൽ വലത്തേക്ക്‌  തിരിഞ്ഞ്‌ കാലവർഷക്കാറ്റായി ഇന്ത്യൻ മേഖലയിലേക്ക്‌ എത്തുന്നതാണ്‌ തെക്ക്‌ പടിഞ്ഞാറൻ കാലവർഷം.

ഫിൻലാറ്റർ ജെറ്റും സോമാലിയൻ ജെറ്റും
സൂര്യതാപനം ഏറിനിൽക്കുന്ന വേനൽക്കാലത്ത്‌ കര കടലിനേക്കാൾ താപമേറുന്നതിനാൽ കര ന്യൂനമർദ പ്രദേശവും  കടൽ നിമ്‌നമർദ മേഖലയും ആയിരിക്കും. ഇതുമൂലം  ഭൂനിരപ്പിൽ അറബിക്കടലിൽനിന്ന്‌   കേരളതീരത്തേക്ക്‌ കാലവർഷക്കാറ്റ്‌ എത്തിച്ചേരും. മഡഗാസ്‌കർ ദ്വീപിനടുത്ത്‌ ഈ കാറ്റിന്റെ ശക്തിയേറിയ വ്യൂഹം ഫിൻലാറ്റർ ജെറ്റ്‌ എന്നറിയപ്പെടുന്നു.

സോമാലിയ പ്രദേശത്ത്‌ രൂപപ്പെടുന്ന ന്യൂനമർദ്ദ പ്രദേശവും അതുമായി താരതമ്യം ചെയ്യുമ്പോൾ ഉയർന്ന മർദ്ദത്തിലുള്ള അറബിക്കടലും ചേർന്ന്‌ സംജാതമാകുന്ന വർധിച്ച മർദ്ദ വ്യത്യാസം കാലവർഷക്കാറ്റിനെ ത്വരിതപ്പെടുത്തും. ഭൂഭ്രമണം മൂലമുള്ള‘വളയൽ’ പ്രക്രിയയ്‌ക്കൊപ്പം  ഘടികാരദിശയിൽ വലത്തേക്ക്‌ വളഞ്ഞ്‌, ശരാശരി 1.5 കിലോമീറ്റർ ഉയരത്തിൽ വേഗത്തിലുള്ള  പടിഞ്ഞാറൻ കാറ്റിന്റെ കിഴക്കോട്ടുള്ള പ്രവാഹം ആരംഭിക്കും. സോമാലിയൻ മലനിരകളുടെ സാന്നിധ്യവും ഈ പ്രക്രിയക്ക്‌ സഹായകമാകും.  ഇതിനെ സോമാലിയൻ ജെറ്റ്‌  എന്നറിയപ്പെടുന്നു. 

സോമാലിയൻ ജെറ്റ്‌ കൊണ്ടുവരുന്ന അസ്ഥിരമായ അന്തരീക്ഷാവസ്ഥയും ബാഷ്‌പീകരണവും ആർദ്രതയും അറബിക്കടലിൽ നിരവധി അന്തരീക്ഷച്ചുഴികളെ ഒന്നിപ്പിക്കുകയും സംവഹനപ്രക്രിയ ത്വരിതപ്പെടുത്തുകയും ചെയ്യും. ഇത്‌ മഴമേഘരൂപീകരണത്തിന്‌ ഇടയാക്കും. ഈ മഴമേഘങ്ങൾ കേരളത്തിൽ മഴയായി പെയ്‌തിറങ്ങുന്നു. മുകളിൽ പറഞ്ഞ ചക്രവാത ചുഴികൾ സോമാലിയൻ ജെറ്റിനെ ശക്‌തിയാർജ്ജിപ്പിച്ച്‌ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ വീശിയടിക്കുന്ന പടിഞ്ഞാറൻകാറ്റായി ഇടവപ്പാതിക്കാലം മുഴുവൻ നിലകൊള്ളുന്നു.


 

ന്യൂനമർദപാത്തിയുടെ സ്വാധീനം
ചില ചക്രവാത അന്തരീക്ഷ ചുഴികൾ അത്യപൂർവമായി തീവ്രത പ്രാപിച്ച്‌ ചുഴലിക്കാറ്റായി മാറുന്നത്‌ കാലവർഷത്തിന്റെ പ്രയാണത്തെ ബാധിക്കാറുണ്ട്‌. പടിഞ്ഞാറൻ കാറ്റിന്റെ വേഗതയും ഗതിയും ഇടവപ്പാതി മഴയുടെ തീവ്രതയെ ബാധിക്കും. പടിഞ്ഞാറൻ കാറ്റിന്റെ പടിഞ്ഞാറൻ, പടിഞ്ഞാറ്‌–-വടക്ക്‌ പടിഞ്ഞാറൻ, വടക്ക്‌ പടിഞ്ഞാറൻ ഗതിവിന്യാസം, സജീവമായതോ  ദുർബലമായ മഴയ്‌ക്കോ കാരണമാകും. അതേപോലെ കേരള തീരത്തിന്‌ സമാന്തരമായി  രൂപപ്പെടാറുള്ള അറബിക്കടൽ ന്യൂനമർദ്ദപാത്തി, മഴയുടെ സ്വഭാവത്തേയും പടിഞ്ഞാറൻ കാറ്റിന്റെ ഗതിയേയും ഗണ്യമായി സ്വാധീനിക്കാറുണ്ട്‌.

മൺസൂൺകാറ്റിന്റെ രണ്ട്‌ ശാഖ
ജൂണിൽ തെക്ക്‌ പടിഞ്ഞാറൻ പാകിസ്ഥാനിലെ ബലൂചിസ്ഥാൻ മരുപ്രദേശത്ത്‌ രൂപപ്പെടുന്ന ന്യൂനമർദ്ദമേഖല ബംഗാൾ ഉൾക്കടലിന്റെ വടക്കൻ പ്രദേശംവരെ നീണ്ട്‌ ഒരു ന്യൂനമർദ്ദപാത്തിയായി നിലകൊള്ളും. ഇതിനെ മൺസൂൺപാത്തി എന്നാണ്‌ പേര്‌.  മൺസൂൺ കാറ്റിന്‌ രണ്ട്‌ ശാഖയാണുള്ളത്‌. അറബിക്കടൽ ശാഖയും ബംഗാൾ ഉൾക്കടൽ ശാഖയും. ബംഗാൾ ശാഖ മെയ്‌ മൂന്നാം വാരത്തോടെ ആന്റമാൻ ദ്വീപ സമൂഹങ്ങളിൽ എത്തി മുന്നോട്ട്‌ നീങ്ങിത്തുടങ്ങും. വടക്കൻ–-മധ്യ ഇന്ത്യയിൽ മഴ നൽകുന്നത്‌ ഈ ശാഖയുടെ സ്വാധീനമാണ്‌. ആന്റമാൻ ഭാഗത്തേക്ക്‌ ഈ മൺസൂൺ കാറ്റ്‌ ഇപ്പോൾ എത്തികഴിഞ്ഞിട്ടുണ്ട്‌. വരും ദിവസങ്ങളിൽ ഇത്‌ പടിപടിയായി മുന്നോട്ടു നീങ്ങും.

അറബിക്കടൽ ശാഖയാണ്‌ കേരളം വഴി കടന്നുവന്ന്‌ ഇന്ത്യയുടെ പടിഞ്ഞാറുഭാഗത്താകെ മഴ ലഭ്യമാക്കുന്നത്‌. ഇത്‌ ശക്തവുമാണ്‌. അതേ സമയം മൺസൂൺപാത്തിയിലുണ്ടാകുന്ന ചക്രവാത അന്തരീക്ഷ ചുഴികൾ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും മഴ നൽകുന്നു. മൺസൂൺ പാത്തിയുടെ തീവ്രത, സ്വഭാവം തുടങ്ങിയവ വടക്കേ ഇന്ത്യയിൽ ലഭിക്കുന്ന മഴയെ കാര്യമായി സ്വാധീനിക്കും.

വടക്കൻ ബംഗാൾ ഉൾക്കടലിലെ  മൺസൂൺപാത്തിയിൽ നിലകൊള്ളുന്ന അന്തരീക്ഷച്ചുഴി ചിലപ്പോൾ ശക്തിപ്രാപിച്ച്‌ തീവ്ര ന്യൂനമർദ്ദമായി മാറാറുണ്ട്‌. ഇതിന്റെ പ്രഭാവത്തിൽ വടക്കൻആന്ധ്ര, പശ്‌ചിമബംഗാൾ, ഒഡിഷ തുടങ്ങിയ ഇടങ്ങളിൽ കാലവർഷം ശക്തിപ്പെടാറുണ്ട്‌. ചില അവസരങ്ങളിൽ വൻ നാശവും വിതക്കാറുണ്ട്‌.

ഈ  അന്തരീക്ഷ ചുഴി മൺസൂൺപാത്തി വഴി സഞ്ചരിച്ച്‌  ചിലപ്പോൾ ഇന്ത്യയുടെ പടിഞ്ഞാറൻ തീരം വരെയോ അറബിക്കടലിലോ  എത്താറുണ്ട്‌. ഇത്തരത്തിൽ തെക്കൻ ഒഡിഷാ തീരത്തുണ്ടായ അതി തീവ്ര ന്യൂന മർദ്ദവും കേരള തീരത്തിന്‌ സമാന്തരമായി നിന്ന ന്യൂനമർദ്ദ പാത്തിയുമാണ്‌ 2018 ആഗസ്‌തിൽ കേരളത്തിൽ മഹാ പ്രളയമുണ്ടാക്കിയത്‌.

ഇടവപ്പാതിക്കാലത്തിന്‌ തൊട്ടുമുമ്പ്‌ മുതൽ 15–-16 കിലോമീറ്റർ ഉയരത്തിൽ മണിക്കൂറിൽ 120 കിലോമീറ്ററിലധികം വേഗത്തിൽ കിഴക്കുനിന്നും ഉഷ്‌ണമേഖലാ കിഴക്കൻ പ്രവാഹം വീശിയടിക്കാറുണ്ട്‌. തിബറ്റൻ പീഠഭൂമി പ്രദേശം, തെക്കേ ഇന്ത്യൻ സമുദ്രം അടങ്ങുന്ന ഭാഗം എന്നിവയുടെ താപത്തിലുണ്ടാകുന്ന വ്യത്യാസത്തിന്റെയും അതുമൂലമുണ്ടാകുന്ന മർദ്ദ വ്യത്യാസത്തിന്റെയും പരിണിത ഫലമാണിത്‌.

ഉഷ്‌ണമേഖലാ കിഴക്കൻ പ്രവാഹകാറ്റിന്റെ ഗതിയിലുള്ള സ്ഥിരത, കാലവർഷ ആരംഭത്തിനും പിൻവാങ്ങലിനെയും നിർണയിക്കുന്നതിനുള്ള ഘടകമാണ്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top