21 September Saturday

തീപ്പെട്ടിക്കൊള്ളികളിൽ ചലനംതീർത്ത ലോകത്തെ ആദ്യ വീഡിയോ

ബിമൽ പേരയംUpdated: Tuesday Jun 26, 2018


 
വിതുര
തീപ്പെട്ടിക്കൊള്ളിക്ക് ഇനി ചലനത്തിന്റെ ജാലവിസ്മയം. ചിറയിൻകീഴ് മണ്ണുവിള ദേവീനിലയത്തിൽ ബിവിൻലാലാണ് തീപ്പെട്ടിയിൽ ചലനവിപ്ലവം തീർക്കുന്നത്. സ്റ്റോപ്പ് മോഷൻ ടെക്നോളജിയിലൂടെ സ്പിരിറ്റ് എന്ന ചലച്ചിത്രത്തിലെ റഫീഖ് അഹമ്മദിന്റെ ‘മരണമെത്തുന്ന നേരത്തു നീയെന്റെ ' എന്നു തുടങ്ങുന്ന വരികൾക്കാണ് തീപ്പെട്ടിക്കൊള്ളികൾകൊണ്ട‌് ചലന ഭാഷ സൃഷ്ടിച്ചത്. സോങ് ഓഫ് ലൗ എന്നാണ്  വീഡിയോയുടെ പേര്.

തീപ്പെട്ടിക്കൊള്ളികളിൽ സ്വാഭാവികചലനം തീർക്കുന്ന ലോകത്തെ ആദ്യ വീഡിയോ ആകും ഇത്. ഇന്തോനേഷ്യയിലാണ് കൊറിയോഗ്രഫി ആദ്യമായി ആവിഷ്കരിച്ചിരുന്നതെങ്കിലും ഇതിന് സ്വാഭാവികചലനം ഉണ്ടായിരുന്നില്ല.

2016 മുതലാണ് തീപ്പെട്ടിക്കൊള്ളിയിൽ വിസ്മയക്കാഴ്ചകളുമായി  ബിവിൻ രംഗപ്രവേശം ചെയ്തത്. നേച്ചർ, ആർട്ട് ഫോട്ടോഗ്രഫികളിലെ താൽപ്പര്യം തീപ്പെട്ടി രൂപങ്ങളിലേക്ക്  വാതിൽ തുറക്കുകയായിരുന്നു. സമകാലിക പ്രശ്നങ്ങളോടുള്ള പ്രതികരണം കൂടിയായിരുന്നു ഈ നാൽപ്പതുകാരന് തന്റെ മാച്ച‌് സ‌്റ്റിക‌് ചിത്രങ്ങൾ. അധ്വാനത്തിന്റെയും  പച്ചപ്പണിഞ്ഞ പ്രകൃതിയുടെയും മഹത്വമറിയുന്നവയായിരുന്നു  തീപ്പെട്ടിക്കൊള്ളി ചിത്രങ്ങൾ അധികവും.

 കയർത്തൊഴിലാളികൾ, ക്രിക്കറ്റ്, റിക്ഷ വലിക്കാരൻ, തീപ്പന്തം, നെൽപ്പാടത്തിലൂടെ നടന്നുപോകുന്ന യുവാവും യുവതിയും, കളരിപ്പയറ്റ്, ക്ലാസ് റൂം, സർക്കസ് ഫാമിലി, മത്സ്യത്തൊഴിലാളികൾ എന്നിവയെല്ലാം മികച്ച  അഭിപ്രായങ്ങൾ ലഭിച്ച സൃഷ്ടികളാണ്. യുവജനക്ഷേമ ബോർഡിന്റെ 'യുവത'  മാസികയിലും 'വിളക്ക് ' എന്ന പ്രസിദ്ധീകരണത്തിലും  കവർചിത്രമായിട്ടുണ്ട്. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ മഴത്താവളം പദ്ധതിയെ  തീപ്പെട്ടിദൃശ്യമാക്കിയത്  സോഷ്യൽ മീഡിയയിൽ വൈറലായി. നവമാധ്യമങ്ങളിലൂടെ തരംഗമായി മാറിയ മറ്റൊന്നാണ് തെയ്യം എന്ന വിസ്മയം. തേന്മാവിൻ കൊമ്പത്ത് എന്ന ചലച്ചിത്രത്തിലെ ലേലു അല്ലു എന്ന രംഗം തീപ്പെട്ടിക്കൊള്ളിയിലൂടെ ആവിഷ്കരിച്ചപ്പോൾ മോഹൻലാലിന്റെ ദി കംപ്ലിറ്റ് ആക്ടർ എന്ന ഫെയ‌്സ്ബുക‌് പേജിൽ ആ ചിത്രം  ഷെയർ ചെയ്തിതിരുന്നു.

    2017 ഡിസംബറിലാണ് തീപ്പെട്ടിക്കൊള്ളിക്ക് ചലനം തീർക്കുന്നത് സ്വപ്നം കണ്ടുതുടങ്ങിയത്. ബിവിന്റെ ഉദ്യമത്തിന് സുഹൃത്തുക്കളിൽനിന്ന് ലഭിച്ച പ്രോത്സാഹനമാണ് പിന്നീട്  മുന്നോട്ടുനയിച്ചത്. ഒന്നരമാസംകൊണ്ട് പകർത്തിയ പതിനായിരത്തിലധികം ചിത്രങ്ങളിൽനിന്നു തെരഞ്ഞെടുത്ത 5200 ചിത്രത്തിലൂടെയാണ് തീപ്പെട്ടിരൂപങ്ങൾക്ക് ചലനം നൽകിയത്. പരിശ്രമം പലതവണ പരാജയപ്പെട്ടു. പിന്തിരിയാൻ ശ്രമിക്കുമ്പോഴെല്ലാം സംഗീതജ്ഞൻ ഷഹബാസ് അമനിന്റെ പാട്ടുകൾ ഊർജം നൽകി ബിവിനെ മടക്കിവിളിച്ചു.ഓരോ തോൽവിയും കരുത്തു കൂട്ടി.ഒടുവിൽ സ്വപ്നം സഫലമാകുകയാണ്. സോങ് ഓഫ് ലൗ എന്ന ശീർഷകത്തിൽ വീഡിയോ ഫെയ്സ്ബുക്കിലൂടെയും യൂ ട്യൂബിലൂടെയും തിങ്കളാഴ്ച റിലീസായി.

ഷഹബാസ് അമന്റെ പാട്ടുകളോടുള്ള സ്നേഹാദരമാണ് തന്റെ ക്രിയേഷനെന്ന് ബിവിൻ പറഞ്ഞു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത‌് ജീവനക്കാരനാണ‌് ബിവിൻ.

പ്രധാന വാർത്തകൾ
 Top