10 August Monday

ബഹുമുഖ പ്രതിഭ

സുരേഷ് ഗോപിUpdated: Tuesday Aug 14, 2018


യാഥാസ്ഥിതിക കുടുംബത്തിൽനിന്നാണ് സോമനാഥ് ചാറ്റർജി കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് വന്നത്. അഖിലഭാരതീയ ഹിന്ദുമഹാസഭയുടെ സ്ഥാപകപ്രവർത്തകനായിരുന്നു അച്ഛൻ നിർമൽചന്ദ്രചാറ്റർജി. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായായിരുന്ന അദ്ദേഹത്തിന്റെ ചിന്താധാര മകനെയും സ്വാധീനിച്ചു. അമ്മ ബിണാപാണി ദേവിയും കടുത്ത വിശ്വാസി.  ‘കീപ്പിങ് ദ ഫെയ്ത്‐മെമ്മറീസ് ഓഫ് എ പാർലമെന്റേറിയൻ’എന്ന ആത്മകഥയിൽ അദ്ദേഹം പാർലെമന്ററി ജീവിതം വരച്ചിടുന്നു. 1968 ൽ അഭിഭാഷകനായി തുടങ്ങിയതുമുതൽ കമ്യൂണിസ്റ്റ് പാർടിയിലും സജീവമായി. 1971 ൽ ലോക്സഭാംഗമായതോടെ ദേശീയ രാഷ്ട്രീയത്തിലേക്ക്. 2004 വരെ തുടർച്ചയായ വിജയം വംഗജനത അംഗീകരിച്ചതിന്റെ തെളിവാണ.്

1996 ൽ മികച്ച പാർലമെന്റേറിയൻ പുരസ്കാരം ലഭിച്ചു. തൊഴിലാളിവർഗത്തിനും അടിസ്ഥാനവിഭാഗത്തിൽപ്പെട്ടവർക്കും വേണ്ടിയാണ് എപ്പോഴും പ്രവർത്തിച്ചത്. ദേശീയ അന്തർദേശീയവിഷയങ്ങളിലും നിലപാടുകൾ പ്രഖ്യാപിക്കുന്നതിൽ മടിച്ചു നിന്നില്ല. പലപ്പോഴും നർമത്തിന്റെ അകമ്പടിയോടെയായിരുന്നു സഭയിൽ ചർച്ചകൾ നയിച്ചത്. സിപിഐ എം പാർലമെന്ററി പാർടി നേതാവെന്ന നിലയിൽ സക്രിയമായി ഇടപെട്ടു. വിവിധ വിഷയങ്ങൾ കൊണ്ടുവരുന്നതിന് അഭിഭാഷകന്റെ പാടവവും പലപ്പോഴും പ്രയോഗിക്കുകയുണ്ടായി.  നിരവധി പാർലമെന്ററി സമിതികളിൽ അധ്യക്ഷസ്ഥാനവും അംഗത്വവും വഹിച്ചു. അതിലെല്ലാം തനിക്കാവുന്നവിധം ഇടപെട്ടു. പതിനാലാം സഭയുടെ സ്പീക്കറെന്ന നിലയിലുള്ള പ്രവർത്തനം വിവിധ മേഖലകളിൽ വിലയിരുത്തപ്പെട്ടു.

പുതുതായി വരുന്ന അംഗങ്ങൾക്ക് പരിശീലനം നൽകുന്നതിലും ശ്രദ്ധിച്ചു. വിദേശ രാജ്യങ്ങളിൽ സന്ദർശനം നടത്തിയ ഇന്ത്യൻ പ്രതിനിധി സംഘത്തെ പലതവണ നയിച്ചു. ലോക്സഭാ ടിവിയുടെ പ്രവർത്തനം ശൂന്യവേളയിൽവരെ സജീവമാക്കി. ലൈബ്രറി, ചിൽഡ്രൻസ് കോർണർ എന്നിവയും വിപുലീകരിച്ചു. വ്യക്തി ജീവിതത്തിനു പ്രാമുഖ്യം കൊടുക്കാതെ രചിച്ച ആത്മകഥയിൽ തനിക്ക് പാർടിയുമായുള്ള ആത്മബന്ധവും അവസാനകാലത്ത് അകലേണ്ടി വന്ന സാഹചര്യവും വിശദീകരിക്കുന്നു. ബംഗാളിൽ നടക്കുന്ന ജനാധിപത്യധ്വംസനത്തിലും അക്രമപരമ്പരകളിലും വല്ലാതെ അസ്വസ്ഥനാണെന്ന് അവസാനകാലത്ത് പ്രതികരിച്ചിരുന്നു. പൊതുവേ സമാധാനപ്രിയരായ ബംഗാൾ ജനതയെ അരാഷ്ട്രീയത്തിലേക്കും തീവ്രവാദത്തിലേക്കും തള്ളിവിടുന്ന തരത്തിൽ പട്ടിണിയും ദാരിദ്ര്യവും വളർന്നിരിക്കുന്നു.

സർക്കാർ ഉത്തരവാദിത്തം കാട്ടുന്നില്ലെന്നും ചൂണ്ടിക്കാട്ടി.  സോമനാഥിനെ 2008ൽ സിപിഐ എമ്മിൽനിന്ന് പുറത്താക്കി. സ്പീക്കർ സ്ഥാനം ഒഴിയണമെന്ന് 2008ൽ ജൂലൈയിൽ ചേർന്ന കേന്ദ്ര കമ്മിറ്റിയോഗം ആവശ്യപ്പെട്ടിരുന്നു. യുപിഎയ്ക്കുള്ള പിന്തുണ പിൻവലിച്ചതോടെയാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. പക്ഷേ, അദ്ദേഹം അതിന് തയ്യാറായില്ല.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top