18 February Monday

സംഘപരിവാറിന്റെ രൂക്ഷ വിമർശകൻ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 14, 2018

പ്രഗത്ഭ അഭിഭാഷകനും മികച്ച പാർലമെന്റേറിയനുമെന്ന നിലയിൽ ഇന്ത്യൻ രാഷ്ട്രീയചലനങ്ങളെക്കുറിച്ച് ആഴത്തിലുള്ള അവഗാഹമുണ്ടായിരുന്ന സോമനാഥ് ചാറ്റർജി 2014നു ശേഷമുള്ള സാഹചര്യത്തെക്കുറിച്ച് ദൃഢവും വ്യത്യസ്തവുമായ അഭിപ്രായം പുലർത്തി.  ‘കാരവൻ’ മാസിക (ജൂൺ 2017) ക്ക് നൽകിയ അഭിമുഖത്തിൽ നരേന്ദ്ര മോഡിയെയും ബിജെപി ഭരണത്തെയും കടുത്തഭാഷയിലാണ് വിമർശിച്ചത്. പ്രത്യേക മതത്തോട് ഭരിക്കുന്നവർ കാണിക്കുന്ന വിധേയത്വമാണ് രാജ്യം  ഇന്ന് നേരിടുന്ന ഗുരതര വിപത്ത്. ഹിന്ദുക്കൾ ഭൂരിപക്ഷമായ ഇന്ത്യയിൽ അവർക്കാണ് അധികാരമുള്ളതെന്ന ഹുങ്ക്. ജനാധിപത്യവിരുദ്ധവും വിനാശകരവുമായ നിലപാടാണിത്. മറ്റ് മതങ്ങളിൽ വിശ്വസിക്കുന്ന വലിയ വിഭാഗം ജനങ്ങളും  ഇവിടെയുണ്ട്. മോഡി നല്ല അഭിനേതാവാണെന്ന് ചോദ്യത്തിനു മറുപടിയായി സോമനാഥ് പറയുകയുണ്ടായി. അനുകമ്പയില്ലാത്തവനും നാട്യക്കാരനുമാണ് അദ്ദേഹം.

ആളുകളെ കൂട്ടാനും യോഗങ്ങൾ സംഘടിപ്പിച്ച്  തെരഞ്ഞെടുപ്പ് വിജയങ്ങൾ നേടാനും മോഡിക്ക് കഴിയും. എന്നാൽ അത് ബിജെപിയെ അല്ലാതെ രാജ്യത്തെ രക്ഷിക്കില്ല. അതിലെ അപകടം ജനങ്ങൾ തിരിച്ചറിയേണ്ടതുണ്ടെന്നും കൂട്ടിച്ചേർക്കുകയുണ്ടായി. ബിജെപിയുടെ അധികാരലബ്ധി മതത്തെ രാഷ്ട്രീയത്തിനായി ദുരുപയോഗപ്പെടുത്തുന്നതിന്റെ അപകടമാണ് ബോധ്യപ്പെടുത്തുന്നത്. മതം അപകടത്തിലാണെന്ന മുദ്രാവാക്യമുയർത്തി  ജനങ്ങളെ സംഘടിപ്പിക്കുക എളുപ്പമാണ്. പ്രത്യേക മതസമൂഹം ഗുരുതര ഭീഷണിയിലാണെന്നും അത് പരിഹരിക്കുന്നതിൽ രാഷ്ട്രീയ പാർടികൾ പരാജയമെന്നുമാണ് വാദം. ഇത്തരത്തിൽ ഭയമുണ്ടാക്കിയാണ് ഉത്തർപ്രദേശിൽ വിജയം നേടിയത്. ബിജെപിക്ക് സ്വാധീനമില്ലാത്ത അസമിൽ ഭരണത്തിലേറിയതും അങ്ങനെ. യുപിയിൽ യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കിയത് മുൻകൂട്ടിയുള്ള തീരുമാനപ്രകാരമായിരുന്നു. ഇങ്ങനെയൊരാളെ ജനം സ്വീകരിക്കുമോയെന്ന പരീക്ഷണം. അതുവഴി അധികാരത്തെക്കുറിച്ച് സംഘപരിവാർ വ്യക്തമായ സന്ദേശമാണ്  നൽകിയത്. വിഭാഗീയത സൃഷ്ടിക്കാനാണ് അവരുടെ ശ്രമം. അത് ആ നിലയിൽതന്നെ എതിർക്കപ്പെടേണ്ടതുണ്ടെന്നും സോമനാഥ് പറയുന്നുണ്ട്‌.

ഏതെങ്കിലും പ്രത്യേക മതത്തിന്റെ, വിഭാഗത്തിന്റെ, ഭാഷയുടെ, പേരിൽ രാജ്യത്തിന്റെ വികസനം തീരുമാനിക്കുന്നത് അപകടമാണ്. ദേശീയത മതവുമായി ബന്ധപ്പെട്ടതല്ല. മതം ജനങ്ങളെ വിഭജിക്കുകയാണ്. നിങ്ങൾ ഒരു മതത്തിനുവേണ്ടി പോരാടുമ്പോൾ തീർച്ചയായും മറ്റു മതങ്ങൾക്കുമെതിരാവും. ജനാധിപത്യ വ്യവസ്ഥയിലെ വൈരുധ്യമാണത്‐ തുടങ്ങിയ നിലയിലായിരുന്നു വിശദീകരണങ്ങൾ.  ഗോരക്ഷയുടെ പേരിലുള്ള അതിക്രമങ്ങളെയും സോമനാഥ് നിശിതമായി വിമർശിച്ചു. ജനങ്ങളെ സംബന്ധിച്ച് എന്ത് പ്രാധാന്യമാണ് അതിനുള്ളതെന്നും തിരക്കി. എന്ത് ഭക്ഷണം എങ്ങനെ കഴിക്കണമെന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടത്. സർക്കാർ അതിൽ എന്തിന് ഇടപെടണം? ജുഡീഷ്യറിക്ക്  പെട്ടെന്നുണ്ടായ മാറ്റത്തെക്കുറിച്ചും സൂചിപ്പിക്കുകയുണ്ടായി. ജഡ്ജിമാരുടെ നിയമനത്തിലും മറ്റും ഇത്തരമൊരു ഇടപെടൽ മുമ്പ് ഉണ്ടായിട്ടില്ല.

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെന്റ് നോട്ടീസ് തള്ളിയ രാജ്യസഭാധ്യക്ഷൻ വെങ്കയ്യ നായിഡുവിന്റെ തീരുമാനം തിരക്കിട്ടതായി. നോട്ടീസ് തള്ളുന്നത് ഭരണഘടനാപരമായ നടപടിക്രമങ്ങൾ പാലിച്ചുകൊണ്ടായിരിക്കണം. തെറ്റായ കീഴ്വഴക്കമാണ് സൃഷ്ടിച്ചത്. അത് ജനാധിപത്യത്തിന് ചേർന്നതല്ലെന്നും സോമനാഥ് തുറന്നടിച്ചു.
 

പ്രധാന വാർത്തകൾ
 Top