01 March Monday

അഭയ വധക്കേസ്‌:28 വർഷം നീണ്ട‌ നിയമപോരാട്ടം

ബിജി കുര്യൻUpdated: Tuesday Dec 22, 2020


കോട്ടയം > സിസ്‌റ്റർ അഭയ കഴിഞ്ഞ കാൽനൂറ്റാണ്ടിലേറെയായി മലയാളികൾക്ക്‌ ഒരു കണ്ണീർക്കണം‌.   സിസ്റ്റർ അഭയ (21) യുടെ മൃതദേഹം 1992 മാർച്ച് 27 നാണ്‌ കോട്ടയം പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ കണ്ടെത്തിയത്‌.  അഭയയുടെ മരണം ആത്മഹത്യയാക്കാൻ ലോക്കൽ പൊലീസ്‌ ശ്രമിച്ചെന്നാരോപിച്ച്‌ 1992 മാർച്ച് 31ന് കോട്ടയം മുനിസിപ്പൽ ചെയർമാൻ പി സി ചെറിയാൻ മടുക്കാനി പ്രസിഡന്റും ജോമോൻ പുത്തൻപുരയ്ക്കൽ കൺവീനറുമായി ആക്‌ഷൻ കൗൺസിൽ രൂപീകരിച്ചതിനെ തുടർന്ന് കൗൺസിൽ നേതൃത്വത്തിൽ കോട്ടയത്തും തലസ്ഥാനത്തുമായി സമരപരമ്പര നടന്നു.

ലോക്കൽ പൊലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവും കേസ്‌ അന്വേഷിച്ചു. 1993 ജനുവരി 30 ന് കോട്ടയം ആർഡിഒ കോടതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ച്‌ റിപ്പോർട്ട് നൽകി. ആക്‌ഷൻ കൗൺസിക്ലെിന്റെ പരാതിയിൽ കേസ്‌ പിന്നീട്‌  സിബിഐക്ക്‌ വിട്ടു. കൊച്ചി യൂണിറ്റ് ഡിവൈഎസ്‌പി വർഗീസ്‌ പി തോമസിന്റെ നേതൃത്വത്തിലുള്ള സിബിഐ സംഘം അഭയയുടെ മരണം ആത്മഹത്യയാണെന്ന ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് തള്ളി കൊലപാതകമാണെന്ന്  കണ്ടെത്തി.  എന്നാൽ  അഭയയുടെ മരണം ആത്മഹത്യയാക്കാൻ സിബിഐ എസ്‌പി വി ത്യാഗരാജൻ  സമ്മർദം ചെലുത്തിയെന്നും  താൻ രാജിവച്ചുവെന്നും ഡിവൈഎസ്‌പി വർഗീസ്‌ പി തോമസ് എറണാകുളത്ത് പത്രസമ്മേളനത്തിൽ വെളിപ്പെടുത്തിയത് വിവാദമായി. അതോടെ കേസ്‌ ദേശീയ ശ്രദ്ധ പിടിച്ചുപറ്റി. 

പ്രതികളെ പിടിക്കാൻ  കഴിയുന്നില്ലെന്നുകാണിച്ച്‌ അന്വേഷണം അവസാനിപ്പിക്കാൻ അനുമതി ചോദിച്ച്‌ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ 1996 ഡിസംബർ 6 ന് റിപ്പോർട്ട് കൊടുത്തു. കോടതി രൂക്ഷമായി വിമർശിച്ചതിനെ തുടർന്ന്‌ 2008 നവംബർ ഒന്നിന് കേസിന്റെ അന്വേഷണം ഡൽഹി യൂണിറ്റിൽ നിന്നും കൊച്ചി യൂണിറ്റിലേക്ക് മാറ്റി ഡിവൈഎസ്പി നന്ദകുമാർ നായർ അന്വേഷണം ഏറ്റെടുത്തു

പ്രതികളുടെ അറസ്‌റ്റ്‌
2008 നവംബർ 18 നാണ്‌ കേസിലെ പ്രതികളെന്ന്‌ ആരോപിക്കപ്പെട്ട ഫാ. തോമസ് കോട്ടൂർ, ഫാ. ജോസ് പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരെ  സിബിഐ സംഘം അറസ്റ്റ് ചെയ്‌തത്‌.   2009 ജൂലൈ 17 ന് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. എന്നാൽ വിചാരണ കൂടാതെ കുറ്റവിമുക്തരാക്കണം എന്ന് ആവശ്യപ്പെട്ട് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ പ്രതികൾ വിടുതൽ ഹർജി നൽകി. ഈ ഹർജിയുടെ വാദവും പ്രതികൾ ഒമ്പതുവർഷത്തോളമാണ്‌ നീട്ടിയത്‌. ഒടുവിൽ 2018 മാർച്ചിലാണ്‌ രണ്ടാം പ്രതി ഫാ. പൂതൃക്കയിലിനെ ഒഴിവാക്കി മറ്റ്‌ രണ്ട്‌ പ്രതികളും വിചാരണ നേരിടണമെന്ന ഉത്തരവുണ്ടായത്‌.

അഭയ കേസ്‌ നാൾവഴി
1992 മാർച്ച് 27 ‐ കോട്ടയം ബിസിഎം കോളേജിലെ രണ്ടാം വർഷ പ്രീ-ഡിഗ്രി വിദ്യാർഥിനിയും ക്‌നാനായ കത്തോലിക്കാ സഭയുടെ കീഴിലുള്ള സെന്റ് ജോസഫ് കോൺഗ്രിഗേഷനിലെ കന്യാസ്‌ത്രീയുമായ സിസ്റ്റർ അഭയ (21)യുടെ മൃതദേഹം കോൺവെന്റിലെ കിണറ്റിൽ കണ്ടെത്തി.

1992 മാർച്ച് 31 ‐കോട്ടയം മുനിസിപ്പൽ ചെയർമാൻ പി സി ചെറിയാൻ മടുക്കാനി പ്രസിഡന്റും ജോമോൻ പുത്തൻപുരയ്ക്കൽ കൺവീനറുമായി ആക്ഷൻ കൗൺസിൽ രൂപീകരിച്ചു.

1992 മെയ് 18‐ മുഖ്യമന്ത്രി കരുണാകരൻ സിബിഐ അന്വേഷണം ശുപാർശ ചെയ്‌തു.

1993 ജനുവരി 30 ‐ കോട്ടയം ആർഡിഒ കോടതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ച്‌ റിപ്പോർട്ട് നൽകി.

1993 മാർച്ച് 29 ‐ ക്രൈംബ്രാഞ്ച്‌ റിപ്പോർട്ട്‌ തള്ളി സിബിഐ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്‌തു.

1994 മാർച്ച് 7 ‐ സിബിഐ എസ്‌പി വി ത്യാഗരാജൻ കേസ്‌ അട്ടിമറിക്കാൻ ശ്രമിച്ചതിനാൽ 1993 ഡിസംബർ 31ന് രാജിവച്ചതായി അന്വേഷണ ഉദ്യോഗസ്ഥൻ വർഗീസ്‌ പി തോമസ് വെളിപ്പെടുത്തി.

1994 ജൂൺ 2‐ എസ്‌പി ത്യാഗരാജനെ സ്ഥലംമാറ്റി ഡിഐജി എം എൽ ശർമയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു.

1996 ഡിസംബർ 6‐ കൊലപാതകമാണെങ്കിലും പ്രതികളെ പിടിക്കാനാവുന്നില്ല, അതിനാൽ അന്വേഷണം അവസാനിപ്പിക്കാൻ അനുമതി ചോദിച്ച്‌ സിബിഐ കോടതിയിൽ.

2007 മെയ് 18‐ പ്രത്യേക സിബിഐ സംഘം കോട്ടയത്ത് ക്യാമ്പ് ചെയ്‌ത്‌ അന്വേഷണം ആരംഭിച്ചു.

2008 നവംബർ ഒന്ന്‌‐ കേസ്‌ അന്വേഷണം ഡൽഹിയിൽനിന്ന്‌ കൊച്ചി യൂണിറ്റിലേക്ക് മാറ്റി. ഡിവൈഎസ്‌പി നന്ദകുമാർനായർ അന്വേഷണം ഏറ്റെടുത്തു.

2008 നവംബർ 18‐  ഫാ.തോമസ് കോട്ടൂർ, ഫാ.ജോസ് പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവർ അറസ്റ്റിൽ.

2009 ജൂലൈ 17 ‐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.

2014 മാർച്ച് 19 ‐ തെളിവ് നശിപ്പിച്ച ക്രൈംബ്രാഞ്ച് എസ്‌പി കെ ടി മൈക്കിൾ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ സിബിഐ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള‌ ജോമോന്റെ ഹർജിയിൽ ഹൈക്കോടതി ഉത്തരവ്‌.

2015 ജൂൺ 30 ‐ ക്രൈംബ്രാഞ്ച് ഡിവൈഎസ് പി കെ സാമുവലിനെ പ്രതിയാക്കി തുടരന്വേഷണ റിപ്പോർട്ട് നൽകി.

2018 ജനുവരി 22‐ തെളിവ് നശിപ്പിച്ചതിന് ക്രൈംബ്രാഞ്ച് എസ്‌പി കെ ടി മൈക്കിളിനെ നാലാം പ്രതിയാക്കി തിരുവനന്തപുരം സിബിഐ കോടതി ഉത്തരവിട്ടു.

2018 മാർച്ച്‌ 7 ‐ പ്രതികളുടെ വിടുതൽ ഹർജിയിൽ വിധി, രണ്ടാം പ്രതി ഫാ. പൂതൃക്കയിലിനെ വിചാരണ കൂടാതെ വെറുതെവിട്ടു.

2019 ഏപ്രിൽ 9 ‐ കെ ടി മൈക്കിളിനെ പ്രതിയാക്കിയത്‌‌ ഹൈക്കോടതി റദ്ദാക്കി.

2019 ജൂലൈ 15‐ വിടുതൽ ഹർജി ഉത്തരവിനെതിരെ പ്രതികൾ സുപ്രീംകോടതിയിൽ നൽകിയ ഹർജി തള്ളി.

2019 ആഗസ്ത്‌ 5‐ തിരുവനന്തപുരം സിബിഐ കോടതി പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിച്ചു.

2019 ആഗസ്ത്‌ 26 ‐സിബിഐ കോടതിയിൽ വിചാരണ ആരംഭിച്ചു.

2020 ഡിസംബർ 10 ‐ വാദം പൂർത്തിയായി കേസ്‌ വിധിപറയാൻ മാറ്റി.

2020 ഡിസംബർ 22‐ കേസിൽ വിധി, രണ്ട്‌ പ്രതികളും കുറ്റക്കാർ.

 കാത്തിരുന്നത്‌ ഈ ദിവസത്തിന്‌: ജോമോൻ പുത്തൻപുരയ്‌ക്കൽ
‘ഇന്നുകൊണ്ട്‌ ഞാൻ അവസാനിച്ചാലും സന്തോഷമേയുള്ളു, ഇന്നത്തെ ഈ ഒരു ദിവസത്തിനുവേണ്ടിയാണ്‌  ഞാൻ കാത്തിരുന്നത്’ –- അഭയക്കേസിൽ തിരുവനന്തപുരം സിബിഐ കോടതി വിധി വന്നശേഷം  പ്രതികരിക്കുകയായിരുന്നു കേസിനൊപ്പം സഞ്ചരിച്ച പൊതുപ്രവർത്തകൻ ജോമോൻ പുത്തൻപുരയ്‌ക്കൽ. അഭയ കേസ്‌  ആക്‌ഷൻ കൗൺസിൽ കൺവീനറാണ്‌ ജോമോൻ പുത്തൻപുരയ്ക്കൽ.

കേസിൽ നീതിപൂർവമാണ്‌ കോടതി വിധി. പ്രതികൾക്ക്‌ അർഹിക്കുന്ന ശിക്ഷതന്നെ കിട്ടുമെന്നാണ്‌ കരുതുന്നത്‌.  കേസ്‌ തെളിയിക്കാൻ ശ്രമിച്ചതിന്‌ ഒട്ടേറെ ബുദ്ധിമുട്ട്‌ സഹിച്ചു.   അഭയയുടെ ബന്ധുക്കൾ പ്രതികരണമറിയിച്ച്‌ രംഗത്ത്‌ വന്നതിൽ സന്തോഷമേയുള്ളു.  അഭയയുടെ സഹോദരൻ ഈ കേസ്‌ തെളിയില്ലെന്ന്‌ പറഞ്ഞിരുന്നെന്നും ജോമോൻ പ്രതികരിച്ചു.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top