07 July Tuesday

ശിഖ ആത്മകഥ എഴുതുകയാണ്...

എ എസ് ജിബിനUpdated: Monday Mar 23, 2020


കൊച്ചി
കോവിഡ്‌ കാലം പലർക്കും പല അനുഭവങ്ങളാണ്‌ നൽകുന്നത്‌. ചിലർ പുസ്തകങ്ങൾ വായിച്ചും സിനിമകൾ കണ്ടും സമയം കൊല്ലുകയാണ്‌. എന്നാല്‍ ട്രാൻസ്ജെൻഡറായ ശിഖ അറോറ ഖാൻ ഫെയ്സ്ബുക്കിൽ ആത്മകഥയെഴുതുകയാണ്.  ജാഗ്രതാ നിർദേശങ്ങളെത്തുടർന്ന് നാടകം ഉൾപ്പെടെയുള്ള സ്റ്റേജ് പരിപാടികൾ നിർത്തലാക്കിയതോടെ നാടകാഭിനേത്രിയായ ശിഖയുൾപ്പെടെ കലാരംഗത്തുള്ളവരുടെ ജീവിതം പ്രതിസന്ധിയിലായി. അതോടെ സംസ്ഥാന സർക്കാർ ട്രാൻസ് വനിതകൾക്കായി നിർമിച്ചുനൽകിയ തിരുവനന്തപുരത്തെ ‘കൂട്' ട്രാൻസ് വുമൺ കെയർ ഹോമിലായി ശിഖയുടെ താമസം. ഇതിനിടെയാണ് ആത്മകഥ എഴുതിയാലോയെന്ന ചിന്ത ഉണ്ടായത്. ‘എന്റെ ജീവിതാനുഭവങ്ങളിലൂടെ' എന്ന തലക്കെട്ടിൽ ശിഖ ഫെയ്സ്ബുക്കിൽ ആത്മകഥ എഴുതിത്തുടങ്ങി.

ഒരു ദിവസം ഒരു ഭാഗം എന്ന നിലയിലാണ് എഴുത്ത്. ഇതുവരെ പത്തു ഭാഗങ്ങൾ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു. അതിനെല്ലാം ലൈക്കുകളിലൂടെയും കമന്റുകളിലൂടെയും വൻ സ്വീകാര്യതയാണ് ലഭിച്ചത്. ആദ്യഭാഗം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾത്തന്നെ പുസ്തകമാക്കാൻ താൽപ്പര്യം പ്രകടിപ്പിച്ച് നിരവധി പേരെത്തി.

ആൺശരീരത്തിലെ പെൺമനസ്സിന് ഏൽക്കേണ്ടിവന്ന പരിഹാസം, പെൺമനസ്സിനെ ഒളിപ്പിച്ചുനടന്ന പഠനകാലം, ഗൾഫ് ജീവിതം, നാടുവിടൽ, ഹിജഡ ജീവിതം, ഭിക്ഷാടനവും ലൈംഗികവൃത്തിയും ഉപജീവനമാക്കിയ  ബംഗളൂരുവിലെ ജീവിതം, പുരുഷവേഷത്തിൽ കേരളത്തിലേക്കുള്ള മടക്കം, പ്രണയം, കോവിഡ്‌ കാലം, പുരുഷനിൽനിന്ന് സ്ത്രീയിലേക്കുള്ള ദൂരം എന്നിങ്ങനെ നിരവധി അനുഭവങ്ങൾ ശിഖ ഇതിനകം വായനക്കാരോട് പങ്കുവച്ചുകഴിഞ്ഞു. ഇരുപത്താറു വയസ്സുകാരിയായ ശിഖ കോഴിക്കോട് സ്വദേശിനിയാണ്. രണ്ടുവർഷമായി തിരുവനന്തപുരത്താണ് താമസം. കോവിഡ്‌ കാലം കഴിയുന്നതോടെ തന്റെ ആത്മകഥയും പൂർത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ശിഖ.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top