25 September Monday

രാജ്യദ്രോഹക്കുറ്റം ഇല്ലാതാവുമ്പോൾ; അഡ്വ. പി എം ആതിര എഴുതുന്നു

അഡ്വ. പി എം ആതിരUpdated: Wednesday May 25, 2022

പതിമൂന്നാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലാണ് രാജ്യദ്രോഹക്കുറ്റം എന്നത് ഔദ്യോഗികാർത്ഥത്തിൽ ഉടലെടുക്കുന്നത്. അതിനുമുമ്പും അധികാരങ്ങൾ കേന്ദ്രീകരിക്കപ്പെട്ട ഇടങ്ങളിലെല്ലാം തിരുവായ്‌ക്കെതിർവാ ഇല്ലാത്ത കാലം തന്നെയായിരുന്നു.
 

അഡ്വ. പി എം ആതിര

അഡ്വ. പി എം ആതിര

ചോദ്യം ചെയ്‌താൽ, വിമർശനങ്ങൾ രേഖപ്പെടുത്തിയാൽ, അത് രാജ്യദ്രോഹമായിത്തീരും, ജനാധിപത്യ സംവിധാനങ്ങൾക്ക് നിരക്കാത്തതാവും എന്ന തരത്തിലുള്ള  ചർച്ചകൾ വ്യാപകമാകുന്ന കാലത്താണ് സുപ്രീം കോടതിയിൽ നിന്നും കഴിഞ്ഞയാഴ്‌ച ഇന്ത്യൻ പീനൽ കോഡിലെ 124 എ വകുപ്പ് മരവിപ്പിച്ചുകൊണ്ടുള്ള ഇടക്കാല  ഉത്തരവ് ഉണ്ടായത്. ഇന്ത്യൻ പീനൽ കോഡിലെ 124 എ വകുപ്പിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ട് ഉന്നത നീതിപീഠത്തെ സമീപിച്ച ഒട്ടേറെ സന്ദർഭങ്ങളുണ്ടായിരുന്നു. അതിലൊന്നും നാളിതുവരെ അനുകൂലമായ നിലപാട് കൈക്കൊണ്ടിട്ടില്ലാത്ത സുപ്രീം കോടതിയാണ് കഴിഞ്ഞദിവസം എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ ഉൾപ്പെടെ പരാതിക്കാരായി വന്ന ഹരജിയിൽ മറിച്ചൊരു നിലപാട് സ്വീകരിക്കാൻ സന്നദ്ധമായത്.

2021 ജൂലായ് മാസത്തിൽ ഇതു സംബന്ധിച്ച നിലപാടറിയിക്കണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നോട്ടീസയച്ചിരുന്നു. തുടർന്ന് 2022 ഏപ്രിൽ 27 ന് അന്തിമ വാദത്തിനായി മെയ് അഞ്ചിലേക്ക് കേസ് വെച്ചു. മെയ് രണ്ടിന് മറുപടിയുടെ കരട് തയ്യാറാക്കിയിട്ടുണ്ടെങ്കിലും ബന്ധപ്പെട്ട അധികാരികളുടെ അംഗീകാരത്തിനായി കാത്തുനിൽക്കുകയാണ് എന്നുപറഞ്ഞ കേന്ദ്ര സർക്കാർ അഭിഭാഷകർക്ക് ഒരു ദിവസത്തെ സമയം അനുവദിച്ച ശേഷംപിന്നീട് നിലവിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി രജിസ്റ്റർ ചെയ്ത കേസുകൾ മരവിപ്പിക്കാനും കേന്ദ്രസംസ്ഥാന സർക്കാരുകളോട് പുതുതായി പ്രസ്തുത വകുപ്പ് ചുമത്തി കേസ് രജിസ്റ്റർ ചെയ്യരുത് എന്നും ആ വകുപ്പ് ചുമത്തപ്പെട്ട് ജയിലിൽ അടക്കപ്പെട്ടിട്ടുള്ളവരോട് കോടതിയെ സമീപിച്ച് ജയിലിൽ നിന്നും പുറത്തിറങ്ങാനുള്ള നിയമനടപടികൾ കൈക്കൊള്ളാനും സുപ്രീം കോടതി നിർദ്ദേശിക്കുകയായിരുന്നു.

സുപ്രീം കോടതി

സുപ്രീം കോടതി

ഭരണഘടനയും ഭരണകൂട ഭീകരതയും മുഖാമുഖം നിൽക്കുമ്പോൾ ഇന്ത്യൻ നീതിപീഠം ഭരണഘടനയ്‌ക്കൊപ്പം എന്ന് പരസ്യപ്രഖ്യാപനം നടത്തിയ സമീപകാലത്തെ അപൂർവ അവസരമായിരുന്നു ഇത്. ജനാധിപത്യത്തെ സ്നേഹിക്കുന്നവർക്കും ഭരണഘടനാമൂല്യങ്ങളിൽ ഉറച്ചുവിശ്വസിക്കുന്നവർക്കും ആശ്വാസവും പ്രതീക്ഷയും നൽകുന്ന ഇടപെടലാണ് ജുഡിഷ്യറിയിൽ നിന്നും ഉണ്ടായത്.

പതിമൂന്നാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലാണ് രാജ്യദ്രോഹക്കുറ്റം എന്നത് ഔദ്യോഗികാർത്ഥത്തിൽ ഉടലെടുക്കുന്നത്. അതിനു മുമ്പും അധികാരങ്ങൾ കേന്ദ്രീകരിക്കപ്പെട്ട ഇടങ്ങളിലെല്ലാം തിരുവായ്‌ക്കെതിർവാ ഇല്ലാത്ത കാലം തന്നെയായിരുന്നു. ചോദ്യം ചെയ്യപ്പെടാത്ത അധികാരം എന്നത് അധികാരശക്തികളുടെ രക്തത്തിൽ അലിഞ്ഞുചേർന്നിട്ടുള്ളതാണ്.

അച്ചടി സംവിധാനങ്ങളുടെ പിറവിയോടെയാണ് ‐ ഇംഗ്ലണ്ടിലെ രാജാധികാരത്തിൽ പരമാധികാര സംവിധാനത്തിന് അവ ഭീഷണിയുയർത്തുമോ എന്ന ആധിയിൽ നിന്നുമാണ്  ‐ അവയെ നിയന്ത്രിക്കാനുള്ള പല മാർഗങ്ങൾ അന്വേഷിച്ചതിൽ ഒടുക്കം രാജ്യദ്രോഹക്കുറ്റം എന്നതിലേക്ക് എത്തിച്ചേരുന്നത്. രാജ്ഞിക്കെതിരായ വാക്കുകൾ എന്തും രാജ്യദ്രോഹമാകുന്ന രാജാധികാരത്തിന്റെ കാലം. ബ്രിട്ടീഷ് ഇന്ത്യയിലും അതിന്റെ പ്രയോഗം തന്നെയാണ് ഉണ്ടായത്.
ലോർഡ് മെക്കാളെയുടെ നേതൃത്വത്തിൽ ഇന്ത്യൻ പീനൽ കോഡിന്റെ കരട് 1837 ൽ രൂപം കൊള്ളുമ്പോൾ അതിൽ രാജ്യദ്രോഹക്കുറ്റം എന്ന വകുപ്പ് ഉണ്ടായെങ്കിലും ചില പുനർവിചിന്തനങ്ങളെ തുടർന്ന് 1860ൽ പീനൽകോഡ് ഉണ്ടായപ്പോൾ അതിൽ നിന്നുമത് ഒഴിവാക്കപ്പെട്ടിരുന്നു.

എന്നാൽ 10 വർഷം കഴിഞ്ഞ് 1870 ൽ 124 എ ഇന്ത്യൻ പീനൽ കോഡിന്റെ ഭാഗമായി.അതോടുകൂടി രാജ്യസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സമരങ്ങളും അതിലെ മുദ്രാവാക്യങ്ങളും ഉൾപ്പെടെ 'ഹെർ മജസ്റ്റിക്ക്‌ ’  എതിരായ പ്രവർത്തനങ്ങളായി മാറുകയും രാജ്യദ്രോഹക്കുറ്റം വ്യാപകമായി ചുമത്തപ്പെടുകയും ഉണ്ടായി.
ക്യൂൻ എംപ്രസ് വേഴ്‌സസ്‌ പല പേരുകളിലായി പല കേസുകൾ ഉണ്ടായി. ആനി ബസന്റിനെയും ബാലഗംഗാധര തിലകനെയും മഹാത്മാഗാന്ധിയെയും ഉൾപ്പെടെ രാജ്യദ്രോഹികളായി മുദ്രകുത്തി കേസുകൾ ഉണ്ടായി.

സ്വതന്ത്ര ഇന്ത്യയിൽ രാജ്യദ്രോഹക്കുറ്റം നിലനിൽക്കുമെന്ന് ജനാധിപത്യ വിശ്വാസികൾ കരുതിയതേയല്ല. ബ്രിട്ടീഷ് ആധിപത്യം അവസാനിക്കുന്നതോടെ അതിന്‌ അന്ത്യം ഉണ്ടാകുമെന്നും സ്വതന്ത്രമായ അഭിപ്രായപ്രകടനങ്ങൾ ദുർവ്യാഖ്യാനം ചെയ്യപ്പെടില്ലെന്നും അവർ പ്രതീക്ഷിച്ചു.

സ്വതന്ത്ര ഇന്ത്യയിൽ രാജ്യദ്രോഹക്കുറ്റം നിലനിൽക്കുമെന്ന് ജനാധിപത്യ വിശ്വാസികൾ കരുതിയതേയല്ല. ബ്രിട്ടീഷ് ആധിപത്യം അവസാനിക്കുന്നതോടെ അതിന്‌ അന്ത്യം ഉണ്ടാകുമെന്നും സ്വതന്ത്രമായ അഭിപ്രായപ്രകടനങ്ങൾ ദുർവ്യാഖ്യാനം ചെയ്യപ്പെടില്ലെന്നും അവർ പ്രതീക്ഷിച്ചു. എന്നാൽ സ്വതന്ത്ര ഇന്ത്യ എന്നതിന് പരിക്കേൽക്കുന്ന കാര്യങ്ങളായിരുന്നു പിൽക്കാലത്ത് കണ്ടത്. ഭരണഘടനയുടെ അന്തഃസത്ത തന്നെ അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിൽ ഊന്നി നിൽക്കുന്നതായിരുന്നു.

നെഹ്‌റു

നെഹ്‌റു

ഹെർ മജസ്റ്റിക്കിന്‌ പകരം ബ്രിട്ടീഷ് ഇന്ത്യയും പിന്നീട് 1951 ൽ ഗവൺമെന്റ് ഓഫ് ഇന്ത്യയും ആയി രൂപാന്തരപ്പെട്ടു എന്നതൊഴിച്ചാൽ കാതലായ മാറ്റങ്ങൾ 124 എ ഐപിസിയിൽ വന്നില്ല. ഭരണഘടന നിലവിൽ വരുന്നതോടെ പതിമൂന്നാം അനുച്ഛേദത്തിൽ മൗലികാവകാശങ്ങൾക്കെതിരായ നിയമങ്ങൾ അസാധുവാക്കപ്പെടും എന്ന് അസന്നിഗ്‌ധമായി പ്രഖ്യാപിക്കുന്നുണ്ട്.എന്നിട്ടും ഇന്ത്യൻ ശിക്ഷാനിയമത്തിലെ 124 എ ഇല്ലാതായില്ല.പകരം ഭരണഘടനയുടെ മൗലികാവകാശമായ അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് പറയുന്ന അനുച്ഛേദം 19 ന്റെ ഭാഗമായി 19 (2) ഉണ്ടാവുകയായിരുന്നു.

രാജ്യസുരക്ഷ, പൊതുക്രമം പാലിക്കപ്പെടൽ ഉൾപ്പെടെ ആറ് കാര്യങ്ങളിൽ നിയന്ത്രണം (Restriction) ഏർപ്പെടുത്താം എന്നതായിരുന്നു അത്. നെഹ്‌റുവും അംബേദ്കറും

അംബേദ്‌കർ

അംബേദ്‌കർ

പട്ടേലുമുൾപ്പെടെ ഭരണഘടനാ അസംബ്ലിയിലെ അതികായകർ അതിനൊപ്പം നിന്നു.

എന്നാൽ ആ നിയന്ത്രണം ന്യായമായിരിക്കണം എന്നും അതിന്റെ ദുരുപയോഗം തടയപ്പെടണം എന്ന രാഷ്ട്രീയ വിവേകത്തിൽ നിന്നും തിരിച്ചറിവിൽ നിന്നുമാണ് ആർട്ടിക്കിൾ 19 (2) വിലെ നിയന്ത്രണത്തിന് പകരം  ന്യായമായ / നീതിയുക്തമായ നിയന്ത്രണം (Reasonable restriction) എന്ന വാക്കുൾച്ചേർക്കുന്നത്. ഒരു വാക്ക് എന്നതിനപ്പുറം അത് അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിനുമേൽ നിയന്ത്രണമില്ലാത്തവിധം ഭരണകൂട വിലക്ക് വീഴരുത് എന്ന നിലപാട് കൂടി ആയിരുന്നു.

അത്തരം സന്ദർഭങ്ങളിൽ നീതിന്യായ സംവിധാനത്തിന് അത് പരിശോധിക്കാനുള്ള ഇടം സൃഷ്ടിക്കൽ കൂടിയായിരുന്നു ഈ ഭേദഗതി. ഈ ചർച്ചകളിൽ പൂർണമായും ഈ നിയന്ത്രണം എടുത്തുകളയണം എന്ന നിലപാട് എടുത്ത രാഷ്ട്രീയ പാർടി സിപിഐ എം മാത്രമായിരുന്നു.അഭിപ്രായ വ്യത്യാസങ്ങൾ രേഖപ്പെടുത്തുന്ന ഇടത്തൊക്കെ എന്നിട്ടും രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ടു.

റാം മനോഹർ ലോഹ്യ

റാം മനോഹർ ലോഹ്യ

രാജ്യം ആരാധിച്ച നേതാക്കളിലും പൊതുപ്രവർത്തകരിലും ഉൾപ്പെടെ. 1966 ൽ രാം മനോഹർ ലോഹ്യയുൾപ്പെടെ നീതിപീഠത്തിന്റെ മുന്നിലെത്തി.

2018 ലെ ദേശീയ ലോ കമ്മീഷൻ റിപ്പോർട്ട് രാജ്യദ്രോഹക്കുറ്റം വ്യാപകമായി ദുരുപയോഗം ചെയ്യുന്നതിൽ ഉത്കണ്ഠപ്പെടുന്നുണ്ട്. നാഷണൽ ക്രൈം ബ്യൂറോയുടെ 2020 ലെ കണക്കുകൾ സൂചിപ്പിക്കുന്നത് 2018 ൽ 70 കേസുകൾ 2019 ൽ 93 കേസുകൾ 2020 ൽ 73 കേസുകൾ രാജ്യത്തിനകത്ത് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്‌ എന്നാണ്‌.
പ്രതികൾ പലരും തുറുങ്കുകൾക്കകത്ത് ദീർഘകാലം അടക്കപ്പെട്ടു. പക്ഷെ വിചാരണ നടന്ന  കേസുകൾ 99 ശതമാനവും കോടതികളിൽ തെളിയിക്കപ്പെട്ടില്ല. അവരൊക്കെ കുറ്റവിമുക്തരാക്കപ്പെട്ടു.

പരിസ്ഥിതി പ്രവർത്തകയായ വിദ്യാർഥിനി ദിശ രവി, ജെഎൻയു വിദ്യാർഥികളുടെ നേതാവ് ഉമർ ഖാലിദ്

ഉമർ ഖാലിദ്‌

ഉമർ ഖാലിദ്‌

ഉൾപ്പെടെ പൗരത്വ വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്തവർ, 19 കാരി ദളിത് പെൺകുട്ടിയുടെ ബലാൽസംഗ വാർത്ത റിപ്പോർട്ട് ചെയ്യാൻ പോയ മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ, ചിന്തകരും എഴുത്തുകാരും അധ്യാപകരുമായ സുധ ഭരദ്വാജ്, ഷോമ സെൻ, ഗൗതം നവൽഖ, ഹാനി ബാനു, റോണ വിൽസൺ ഉൾപ്പെടെയുള്ളവർ, ഭീമ കൊറേഗാവിന്റെ പേരിൽ ഫാദർ സ്റ്റാൻ സാമി എന്നിങ്ങനെ നിരവധിപേർക്കെതിരെ  നിർദാക്ഷിണ്യം രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടു.

ഈ കടുത്ത ദുരുപയോഗം ശ്രദ്ധയിൽ പെട്ട ജസ്റ്റിസ് ബി എസ് ചൗഹാൻ അധ്യക്ഷനായ പതിനെട്ടാം ലോ കമീഷൻ അതിന്റെ റിപ്പോർട്ടിൽ ഇങ്ങനെ പറഞ്ഞു:  ‘ഒരു ജനാധിപത്യ സമൂഹത്തിൽ ഒരേപാട്ട് പുസ്തകത്തിൽ നിന്നുള്ള പാട്ടുകൾ പാടലല്ല രാജ്യസ്നേഹം. ജനങ്ങൾക്ക് തങ്ങളുടെ രാജ്യസ്നേഹം അവരുടേതായ രീതികളിൽ  പ്രകടിപ്പിക്കാൻ സ്വാതന്ത്ര്യമുണ്ടായിരിക്കണം. 

അത്തരത്തിൽ രാജ്യസ്നേഹം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി ചിലർ സർക്കാർ നയങ്ങളിലെ വൈകല്യങ്ങൾ ചൂണ്ടിക്കാട്ടുന്ന ക്രിയാത്മക വിമർശനങ്ങൾ, ചർച്ചകൾ നടത്തിയിരിക്കാം. അത്തരത്തിൽ നടത്തുന്ന ചിന്തകൾ  കടുത്തതും അസുഖകരവുമായിരിക്കാം ചിലർക്ക്.  പക്ഷെ, അത്തരം ഇടപെടലുകൾ രാജ്യദ്രോഹമായി ബ്രാന്റ്‌ ചെയ്യാനാവില്ല.’

 ഫാദർ സ്റ്റാൻ സാമി

ഫാദർ സ്റ്റാൻ സാമി

2011 ൽ രാജ്യസഭക്കകത്ത് ഡി  രാജ എം പി രാജ്യദ്രോഹക്കുറ്റം എടുത്തുകളയണം എന്ന സ്വക്യര്യ ബില്ലും 2015 ൽ ശശി തരൂർ എം പി ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124 എ വകുപ്പിന് ഭേദഗതി നിർദ്ദേശിച്ചു കൊണ്ട് അവതരിപ്പിച്ച സ്വകാര്യബില്ലും പാസാക്കപ്പെടാതെ പോയി. രാജ്യത്തിനെതിരായ അക്രമങ്ങളും അതിന് പ്രേരിപ്പിക്കുന്ന കാര്യങ്ങളും എന്നാക്കി മാറ്റണം എന്നതായിരുന്നു ശശി തരൂരിന്റെ ഭേദഗതി നിർദ്ദേശം.

രാജ്യദ്രോഹക്കുറ്റം ഇന്ത്യൻ പീനൽകോഡിൽ മാറ്റങ്ങളില്ലാതെ ഇങ്ങനെ തുടർന്നു‐  'സ്ഥാപിത ഭരണ സംവിധാനത്തിനെതിരെ  സംസാരിച്ചതോ എഴുതപ്പെട്ടതോ ആയ വാക്കുകളാലോ, ചിഹ്നങ്ങളാലോ ദൃശ്യാവിഷ്‌കാരങ്ങളാലോ വെറുപ്പോ വിദ്വേഷമോ പ്രകടിപ്പിച്ചാൽ പിഴയോടുകൂടിയ മൂന്ന് വർഷം തടവുമുതൽ ജീവപര്യന്തം വരെ ശിക്ഷക്ക് അർഹമായിരിക്കും.’

രാജ്യദ്രോഹക്കുറ്റം പിറവി എടുത്തു എന്നുകരുതുന്ന ഇംഗ്ലണ്ടിൽ പോലും 1960കളോടെ ആ നിയമം ഉപയോഗശൂന്യമാവുകയും 2009 ൽ പൂർണമായും ആ രാജ്യത്തെ പൗരർക്കിടയിൽ പ്രയോഗിക്കാൻ കഴിയാത്തവിധം ഇല്ലാതാക്കുകയും ചെയ്തു.

രാജ്യദ്രോഹക്കുറ്റം പിറവി എടുത്തു എന്നുകരുതുന്ന ഇംഗ്ലണ്ടിൽ പോലും 1960കളോടെ ആ നിയമം ഉപയോഗശൂന്യമാവുകയും 2009 ൽ പൂർണമായും ആ രാജ്യത്തെ പൗരർക്കിടയിൽ പ്രയോഗിക്കാൻ കഴിയാത്തവിധം ഇല്ലാതാക്കുകയും ചെയ്തു. അമേരിക്കൻ ഐക്യനാടുകളിലും 2010 ഓടെ രാജ്യദ്രോഹത്തിന്റെ പേര് പറഞ്ഞ് അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായി കടന്നുകയറ്റം നടത്തുന്ന നിയമങ്ങൾ ഇല്ലാതായി.

ലോകത്തെമ്പാടും അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള സമരങ്ങളും ഫ്രീസ്‌പീച്ച് മൂവ്മെന്റ്സും ശക്തി പ്രാപിച്ചതോടെ സിംഗപ്പൂർ, ന്യൂസിലാന്റ്, ആസ്ട്രേലിയ, സ്‌കോട്ട്ലാൻഡ്‌, ഇന്തോനേഷ്യ, ദക്ഷിണ കൊറിയ, ഘാന തുടങ്ങിയ രാജ്യങ്ങളിൽ രാജ്യദ്രോഹ ക്കുറ്റം ഇല്ലാതായി മാറി.

ഒരു രാജ്യം ആ രാജ്യത്തിലെ പൗരർക്കെതിരെ പ്രയോഗിക്കേണ്ട ഒന്നല്ല രാജ്യദ്രോഹക്കുറ്റം എന്ന പൊതു ബോധത്തിലേക്ക് രാജ്യങ്ങളും നിയമസംഹിതകളും വളർന്നു. അഭിപ്രായവ്യത്യാസങ്ങളെ ജനാധിപത്യപരമായ വിമർശനങ്ങളായി വിലയിരുത്താനുള്ള വളർച്ച ആ രാജ്യങ്ങൾക്കുണ്ടായി.

ഇന്ത്യയിൽ സമീപകാലത്ത് രാജ്യദ്രോഹക്കുറ്റം രജിസ്റ്റർ ചെയ്യപ്പെട്ടത് ഈ രാജ്യത്തെ പൗരർ ഭരണകൂടത്തിന്റെ രീതികൾക്കെതിരെ രേഖപ്പെടുത്തിയ വിമർശനങ്ങളെ തുടർന്നാണ്. രാജ്യം അതിന്റെ പൗരരെ തന്നെ  രാജ്യദ്രോഹികളായി മുദ്രകുത്തുക എന്നത്‌ ജനാധിപത്യകാലത്തിന് ചേരാത്തതാണ് എന്ന് ലോക രാജ്യങ്ങൾ സ്വയം ഉദാഹരണങ്ങളായി മാറിയിട്ടും സ്വതന്ത്ര ഇന്ത്യയുടെ നീതിപീഠത്തിന് അത് തിരിച്ചറിയാൻ 75 വർഷം കഴിയേണ്ടി വന്നു.

1962 ൽ കേദാർനാഥ് കേസിൽ രാജ്യദ്രോഹക്കുറ്റം ഭരണഘടനാവിരുദ്ധമല്ല എന്ന് സ്ഥാപിച്ചെടുത്ത നീതിപീഠത്തിന് അത് തിരുത്താൻ 60 വർഷം വേണ്ടിവന്നു. ഭരണകൂട ഭീകരതയ്‌ക്ക് ശക്തി പകരുന്ന ഇതരനിയമങ്ങളും തിരുത്തപ്പെടേണ്ടതാണ് എന്നതിലേക്ക് വെളിച്ചം വീശാൻ ഇത്തരം വിധിന്യായങ്ങൾക്ക് കഴിയേണ്ടതുണ്ട്.

കോടതിയലക്ഷ്യ നിയമങ്ങളെ പ്പോലും സ്വയം വിമർശനപരമായി വിലയിരുത്താനും ജനാധിപത്യകാലത്തിനനുസരിച്ച് പുതുക്കാനും വിധി പ്രസ്താവനയിലെ ചീഫ് ജസ്റ്റിസിന്റെ വാക്കുകൾക്ക് കഴിയുമെന്ന്‌ കരുതാം.
എതിർശബ്ദങ്ങളെ ഇല്ലാതാക്കൽ ഏറ്റവും ശക്തമായത് ഫാസിസ്റ്റ് ഭരണാധികാരികളുടെ കാലത്താണ് എന്നത് ലോകചരിത്രം  സാക്ഷ്യപ്പെടുത്തുന്നുണ്ട്.

വർത്തമാനകാല ഇന്ത്യ അത്തരം ഒരവസ്ഥയിലൂടെ കടന്നുപോകുമ്പോൾ രാജ്യദ്രോഹക്കുറ്റം സംബന്ധിച്ച് സുപ്രീം കോടതിയിൽ കേന്ദ്ര ഗവൺമെന്റ് കളിച്ച നാടകം എന്തിന് വേണ്ടിയായിരുന്നു എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി തരുംപോലെ പുതിയരൂപത്തിൽ ഈ നിയമം ഏതോക്കെ വിഷം ചേർത്ത് എന്തുതരം നിയമമായി വരും എന്നത് കാത്തിരുന്നു കാണേണ്ടതാണ്.

പക്ഷെ ഭരണകൂടവും ഭരണഘടനയും നേർക്കുനേർ വരുമ്പോൾ നാം ആരുടെ പക്ഷത്ത്  എന്ന ചോദ്യം ഉയർത്താൻ സുപ്രീം കോടതിയുടെ ഈ ഒരു ഇടപെടൽ വഴി സാധിച്ചു. ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ആവിഷ്‌കാര സ്വാതന്ത്ര്യമുൾപ്പെടെ സംസാരിക്കാനും സഞ്ചരിക്കാനും ആശയ പ്രകടനത്തിനുമൊക്കെ സ്വാതന്ത്ര്യമുള്ള സ്വതന്ത്രമനുഷ്യനെയാണ് സ്വതന്ത്ര ഇന്ത്യയും ഇന്ത്യൻ ഭരണഘടനയും വിഭാവനം ചെയ്തത്.

അതില്ലാതാക്കാൻ ഭരണകൂടം നടത്തുന്ന കുതന്ത്രങ്ങളെ തിരിച്ചറിയാനും അതിനെതിരെ സ്വതന്ത്ര മനുഷ്യരുടെ കൂട്ടായ്മകൾ വളരാനും ഈ കാലത്ത്  ഇത്തരം വിധികൾ വഴി സാധ്യമാകട്ടെ. ചോദ്യം ചെയ്യാൻ പാടില്ലാത്തതാണ് അധികാരം എന്ന ഫാസിസ്റ്റ് രീതികൾക്ക് പകരം വെക്കാൻ ജനാധിപത്യത്തിന്റെ ഭാഷ ഉണ്ടാകട്ടെ. രാജാവ് നഗ്നനാണ് എന്ന് വിളിച്ചുപറയുന്ന മനുഷ്യരുടെ ഇന്ത്യ ഉണ്ടാകട്ടെ  .


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top