06 December Monday

തീ കെടുത്താൻ അരബക്കറ്റ്‌; നുണപ്പുക അണയ്‌ക്കാൻ രണ്ടു ടാങ്കർ

വെബ് ഡെസ്‌ക്‌Updated: Thursday Aug 27, 2020

തിരുവനന്തപുരം > സെക്രട്ടറിയറ്റാകെ തീയിട്ടെന്ന്‌ പാതിരാവരെ നിലവിളിച്ച കോൺഗ്രസ്‌, ബിജെപി നേതാക്കളെ അടപടലം ട്രോളി സാമൂഹ്യ മാധ്യമങ്ങൾ. സെക്രട്ടറിയറ്റിൽ ഫയലെല്ലാം ഇ ഫയലാണെന്നും തീപിടിച്ചാൽത്തന്നെ രേഖകൾ ഭദ്രമാണെന്നും അധികൃതർതന്നെ വ്യക്തമാക്കിയപ്പോഴും ചിലർ വിഡ്ഢിത്തം വിളമ്പുന്നത്‌ തുടരുകയാണ്‌.

‘തീപിടിച്ചാൽ തീർന്നില്ലേ? പിന്നെ ആ ഫയലാണ്‌, ഇ ഫയലാണ്‌ എന്ന്‌ പറഞ്ഞിട്ട്‌ കാര്യമുണ്ടോ?’ എന്നാണ്‌ ഇതുസംബന്ധിച്ച്‌ ചാനൽ ചർച്ചയിൽ ഒരു മുസ്ലിംലീഗ്‌ എംഎൽഎ പ്രതികരിച്ചത്‌. ഇതിന്റെ ചുവടുപിടിച്ച്‌, ഇ മെയിൽവരെ പൊട്ടിത്തെറിച്ചെന്ന്‌ ചിലർ പരിഹസിച്ചു. ‘ഇ ഫയൽ എന്താണെന്ന്‌ ഇവരെ പറഞ്ഞുമനസ്സിലാക്കേണ്ട ഗതികേടാണ്‌ ഇനിയെന്നും’ ചിലർ എഴുതി.

തീപിടിത്തത്തിൽ ‘വിൻഡോസ്‌ 10’ തകർന്നതായി ശബരീനാഥൻ എംഎൽഎ എന്ന ക്യാപ്‌ഷനിലും ചിത്രങ്ങൾ പ്രചരിച്ചു. ഇടിവെട്ടിയ സ്വിച്ച്‌ നന്നാക്കിയ സംഭവമുണ്ടായപ്പോൾ, സ്വിച്ച്‌ കേടായാലും കംപ്യൂട്ടർ മെമ്മറി നശിക്കുമെന്ന്‌ ശബരീനാഥൻ ചാനൽ ചർച്ചയിൽ വാദിച്ചിരുന്നു.

‘ഫയർവാൾ ഉണ്ടായിട്ടും തീപിടിച്ചതെങ്ങനെ’ എന്ന ചോദ്യമുന്നയിച്ച്‌, ‘നല്ല ഫയർവാൾ വാങ്ങാത്ത മുഖ്യമന്ത്രി രാജിവയ്‌ക്കുക’ എന്ന്‌ പറയുന്ന ചെന്നിത്തലയും ഹിറ്റായി.

‘മഴ പെയ്‌ത്‌ ക്ലൗഡ്‌ സ്‌റ്റോറേജിൽ ചോർച്ച’, ‘തീപിടിത്തതിൽ പിഡിഎഫ്‌ ഫയലുകൾ നശിച്ചു’, കല്ലേറിൽ വിൻഡോസ്‌ 10 തകർന്നു’, ‘ജി മെയിൽ പാളം തെറ്റി...’ ട്രോൾ പൂരം ഇങ്ങനെ തുടരുന്നു.


 

‘പണ്ട്‌ ലോഗരിതം ടേബിളിന്റെ കാലൊടിഞ്ഞു എന്ന്‌ പറഞ്ഞൊരു കൂട്ടുകാരൻ എനിക്കുണ്ടായിരുന്നു; അവനിപ്പോൾ പിഡിഎഫ്‌ ഫയലിന്‌ തീപിടിച്ചെന്നും പറഞ്ഞ്‌ നടപ്പുണ്ട്‌’ ഒരു പോസ്‌റ്റ്‌ ഇങ്ങനെ തുടർന്നു.

പി വി അൻവർ എംഎൽഎയുടെ ട്രോളും ഹിറ്റായി. അതിങ്ങനെ: ‘പ്രതിപക്ഷനേതാവിന്റെ നാളെത്തെ പത്രസമ്മേളനം വിഷയം: തീപിടുത്തത്തിനിടയിൽ ഇ ഫയലുകളുടെ പാസ്‌വേഡുകൾ വാരിയെടുത്ത്‌ ഓടി സെക്രട്ടറിയറ്റിലെ ഇടതുസംഘടനാ നേതാക്കൾ’

‘വോട്ടെടുപ്പ്‌ ദിവസംവരെ ഈ ചൊറിച്ചിൽ നമ്മൾ കണ്ടുകൊണ്ടേയിരിക്കും’ എന്നാണ്‌ മാധ്യമ പ്രവർത്തകനായ കെ ജെ ജേക്കബ്‌ മാതൃഭൂമി പത്രം ചൂണ്ടിക്കാട്ടി എഴുതിയത്‌.

‘ഇ ഫയലിങ്‌ സംവിധാനം നടപ്പാക്കിയത്‌ അറിയാത്തവരാണോ തലസ്ഥാനത്ത്‌ മൈക്കും പിടിച്ച്‌ ഓടുന്നത്‌. എപ്പോഴും ട്രാക്ക്‌ ചെയ്‌തെടുക്കാൻ പറ്റുന്ന സിസ്റ്റം ഇവിടെയുണ്ടെന്ന്‌ വെറുതെ ഒന്നന്വേഷിച്ചാൽ അറിയാൻ കഴിയും’–- തീപിടിത്ത വാർത്ത പുറത്തായപ്പോൾത്തന്നെ മാധ്യമ പ്രവർത്തകനായ പ്രവീൺ എസ്‌ ആർ പി ഫെയ്‌സ്‌ബുക്കിൽ ചോദിച്ചു.

ഒടുവിൽ ചെന്നിത്തലയ്‌ക്കും പറയേണ്ടി വന്നു:
സെക്രട്ടറിയറ്റിൽ തീപിടിത്തമുണ്ടായപ്പോൾ ചെന്നിത്തല മാധ്യമങ്ങളിൽ പ്രതികരിച്ചതും വലിയ ട്രോളായി. അതും സാമൂഹ്യ മാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുകയാണ്‌.

വാക്കുകളിങ്ങനെ:
‘‘സ്വർണ കള്ളക്കടത്ത്‌ കേസിലെ തെളിവുകൾ നശിപ്പിക്കാൻവേണ്ടി മാത്രമാണ്‌ ഞങ്ങളിന്നലെ അവിടെ പോയത്‌. എന്നോടൊപ്പം എംഎൽഎമാരായ വി എസ്‌ ശിവകുമാർ, വി ടി ബൽറാം, ശബരീനാഥൻ എന്നിവരും ഉണ്ടായിരുന്നു’’

ഏഷ്യാനെറ്റിനും സത്യം പറയേണ്ടി വന്നു
തീപിടിത്ത വാർത്തയിൽ നിരന്തരം വ്യാജം ചമച്ച ഏഷ്യാനെറ്റ്‌ ന്യൂസിന്‌ അവസാനം സത്യം പറയേണ്ടി വന്നു. റിപ്പോർട്ടർ അജയഘോഷ്‌ കൃത്യമായി  പറഞ്ഞതിങ്ങനെ:

‘‘ഏറ്റവും ഒടുവിൽ വിവരം കിട്ടുമ്പോഴും നമുക്ക്‌ ഉറപ്പിച്ച്‌ പറയാനാകും, ഈ കേസന്വേഷണവുമായി ബന്ധപ്പെട്ട ഏറ്റവും സുപ്രധാനമായ ഫയലുകളൊന്നും നശിച്ചിട്ടില്ല. അതെല്ലം സുരക്ഷിതമായി പ്രത്യേക സ്ഥലത്ത്‌ സൂക്ഷിച്ചിട്ടുണ്ട്‌. ആ സ്ഥലത്തേയ്‌ക്ക്‌ തീയെത്തിയിട്ടില്ല’’


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top