11 August Tuesday

ബോളിവുഡിന്റെ ‘മാസ്റ്റർ ജി’

വെബ് ഡെസ്‌ക്‌Updated: Saturday Jul 4, 2020


മുംബൈ
ഗാനങ്ങൾക്ക്‌ വരികൾക്കപ്പുറം കാഴ്‌ചയുടേതുകൂടിയായ പുതിയ തലം സൃഷ്ടിച്ചാണ്‌ സരോജ്‌ ഖാൻ വിടപറയുന്നത്‌. ശാസ്ത്രീയ നൃത്തത്തിനൊപ്പം നാടോടി, പാശ്ചാത്യ നൃത്തരൂപങ്ങൾ കോർത്തിണക്കി  ഇന്ത്യൻ സിനിമയിലെ നൃത്തരംഗത്ത്‌ പുതിയ മാതൃക ഒരുക്കുകയായിരുന്നു സരോജ്‌ ഖാൻ. പാട്ടിന്റെ വേഗവും ചടുലതയും അതുപോലെ ചുവടുകളിലും സന്നിവേശിപ്പിച്ച നാല്‌ പതിറ്റാണ്ട്‌ നീണ്ടുനിന്ന  നൃത്ത തപസ്യയാണ്‌ മൺമറഞ്ഞത്‌. ഐശ്വര്യ റായും, മാധുരി ദീക്ഷിതും മത്സരിച്ച് ‌ ചുവട്‌ വച്ച ‘ഡോലാരേ’, രാജ്യമാകെ ഏറ്റെടുത്തമാധുരിയുടെ ‘ഏക് ദോ തീൻ’, ശ്രീദേവിക്ക് പുത്തന്‍താരപദവി സമ്മാനിച്ച മിസ്റ്റർ ഇന്ത്യയിലെ  ‘ഹവ്വാ ഹവ്വായി’ അങ്ങനെ ബോളിവുഡിന്റെ ‘മാസ്റ്റർ ജി’സമ്മാനിച്ച ഹിറ്റുകള്‍ പലത്. ബോളിവുഡിലെ പ്രമുഖ താരങ്ങളെല്ലാം ചുവട്‌ പഠിപ്പിച്ചത്‌ സരോജാണ്‌. അങ്ങനെ എല്ലാവർക്കും മാസ്റ്റർ ജിയായി. ബോളിവുഡ് നൃത്തത്തിന്റെ അമ്മ എന്ന വിളിപ്പേരും വീണു.


 

നിർമല നാ​ഗ് പാൽ എന്ന സരോജ് ഖാൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുമ്പോൾ പ്രായം കേവലം മൂന്നാണ്‌. 1950കളുടെ അവസാനത്തിൽ പശ്ചാത്തല നർത്തകിയായി നിരവധി ചിത്രങ്ങളിൽ പ്രവർത്തിച്ചു. പ്രശസ്ത നൃത്ത സംവിധായകനായ ബി സോഹൻലാലായിരുന്നു വഴികാട്ടി.  13–--ാം വയസ്സിൽ  നാൽപ്പത്തിമൂന്നു-കാരനായ സോഹൻലാലുമായി വിവാഹം. സോഹൻലാൽ നേരത്തേ വിവാഹിതനായിരുന്നുവെന്നത്‌ അറിയാതെയായിരുന്നു വിവാഹം. എന്നാൽ, അതിനുശേഷവും  സോഹൻലാലിനൊപ്പംതന്നെയായിരുന്നു. ഒട്ടേറെ സിനിമകളിൽ ഒരുമിച്ച്‌  പ്രവർത്തിച്ചു. 1974ൽ ‘ഗീത മേര നാമി’ലൂടെ സ്വതന്ത്ര നൃത്ത സംവിധായികയായി. മിസ്റ്റർ ഇന്ത്യ(1987)യിലെ ‘ഹവ്വാ ഹവ്വായി’ ബോളിവുഡിലെ സ്ഥാനം ഉറപ്പിച്ചു.1990കളിൽ സരോജ്‌ ഖാൻ ചിട്ടപ്പെടുത്തിയ നിരവധി നൃത്തങ്ങൾ ഹിറ്റ്‌ ചാർട്ടിൽ നിറഞ്ഞുനിന്നു. ചോളി കെ പീച്ചെ ക്യാ ഹേ,  തമ്മ തമ്മ, ധക് ധക് കർനെ ലഗ എന്നിങ്ങനെ സരോജ് ഖാന്റെ വ്യക്തിമുദ്ര പതിഞ്ഞ ഗാനങ്ങളായി.


 

ഐശ്വര്യ റായ്‌ക്കും മാധുരി ദീക്ഷിതിനു‌മായി ചുവടൊരുക്കിയ സഞ്ജയ് ലീല ഭൻസാലിയുടെ ദേവ്ദാസിലെ ‘ഡോലാരേ’യാണ്‌ കരിയറിലെ  ഏറ്റവും വലിയ ഹിറ്റുകളിലൊന്ന്‌.  മണിരത്നം സംവിധാനം ചെയ്ത ​‘ഗുരു’, അതിഥി റാവു മനോജ്‌ കെ ജയൻ എന്നിവർ അഭിനയിച്ച തമിഴ് ചിത്രം ‘ശൃം​ഗാരം’, ഇംത്യാസ് അലി ഒരുക്കിയ ‘ജബ് വി മെറ്റ്’ എന്നിവയിലൂടെ  മികച്ച നൃത്ത സംവിധായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടി.

ഒരു മികച്ച നർത്തകിയായി തന്നെ രൂപപ്പെടുത്തിയത് സരോജാണെന്ന് മാധുരി ദീക്ഷിത് പറഞ്ഞിട്ടുണ്ട്. കഥക് നർത്തകിയായ മാധുരിയെ ബോളിവുഡ് നൃത്തം ചെയ്യാൻ പഠിപ്പിച്ചത് സരോജാണ്. ഷാരൂഖ്‌ ഖാന്റെ പ്രശസ്തമായ കൈ തുറന്നുള്ള ആംഗ്യം ആദ്യമായി പഠിപ്പിച്ചതും സരോജായിരുന്നു. ബാസീഗർ സിനിമയുടെ ടൈറ്റിൽ ഗാനത്തിനായി ഒരുക്കിയ ആ ചുവട്‌ പിന്നെ ഷാരൂഖിന്റെ ‘സിഗ്നേച്ചർ’ ആയി. അങ്ങനെ നിരവധി പേർക്ക്‌ അവരുടെ അടയാളം ഒരുക്കി നൽകി. യഥാര്‍ത്ഥ ഇതിഹാസമായിരുന്നു സരോജ് ഖാന്‍ എന്ന് മോഹന്‍ലാല്‍ അനുശോചിച്ചു. ഇരുവരില്‍ അവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചതിന്റെ അനുഭവവും താരം പങ്കിട്ടു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top