മലപ്പുറം > മൂന്നുവര്‍ഷത്തിനിടെ കേരളത്തിന്റെ തീരക്കടലില്‍ ഇല്ലാതായത് 15 ഇനം മത്സ്യങ്ങള്‍. സമുദ്രഗവേഷണ സ്ഥാപനങ്ങളും ഫിഷറീസ് സര്‍വകലാശാലയുമടക്കം വിവിധ സ്ഥാപനങ്ങള്‍ നടത്തിയ പഠനങ്ങളിലാണ് കേരള തീരക്കടല്‍ ഗുരുതര മത്സ്യക്ഷാമത്തിലാണെന്ന സൂചന ലഭിച്ചത്. സ്രാവ്, ഏട്ട എന്നീ ഇനത്തില്‍പ്പെട്ടവയ്ക്കാണ് രൂക്ഷമായ ക്ഷാമം. സ്രാവ് ഇനമായ വെളുത്ത നിറമുള്ള ഊളിമീനും ഇതില്‍പ്പെടും. മൂന്നുവര്‍ഷം മുമ്പുവരെ കേരളതീരത്ത് സുലഭമായിരുന്നു ഇവ.
മുന്‍കാലങ്ങളില്‍ ചാകര നല്‍കിയ വിവിധ ഇനം മത്സ്യങ്ങളുംഇന്ന് നാമമാത്രമായി. ട്രോളിങ് നിരോധനം അവസാനിച്ച് ബോട്ടുകള്‍ വീണ്ടും കടലിലിറങ്ങിയിട്ടും മിക്കയിടത്തും മീന്‍ ലഭിക്കുന്നില്ല. മലയാളികള്‍ക്ക് പ്രിയപ്പെട്ട മത്തിയും അയലയും പേരിനുമാത്രം. കാലാവസ്ഥാ വ്യതിയാനവും അശാസ്ത്രീയ മീന്‍പിടിത്തവുമാണ് കേരളതീരത്ത് മത്സ്യക്ഷാമമുണ്ടാക്കുന്നത്.
ആവാസവ്യവസ്ഥ തകര്‍ന്നതോടെ മത്തി, ചൂര പോലുള്ള 'സഞ്ചാരി' മത്സ്യങ്ങള്‍ (മൈഗ്രേറ്റിങ് ഫിഷ്) കര്‍ണാടക തീരത്തേക്ക് പോയതായി ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. അശാസ്ത്രീയ മീന്‍പിടിത്ത രീതിമൂലം മുട്ടയിടാറായ മീനുകളുടെ എണ്ണം കുറഞ്ഞു. കേരളത്തിന് ഇപ്പോള്‍ കിട്ടുന്ന ചാള, മത്തി തുടങ്ങിയവ ഗുജറാത്ത്, കര്‍ണാടക, ഗോവ, ഒമാന്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍നിന്ന് എത്തുന്നവയാണ്. കയറ്റുമതി നടത്തുമ്പോള്‍ നല്ല വില കിട്ടിയിരുന്ന വാളയുടെ ലഭ്യത മുന്‍ വര്‍ഷങ്ങളേക്കാള്‍ പത്തിലൊന്നായി കുറഞ്ഞെന്ന് ഫിഷറീസ് വകുപ്പ് കണ്ടെത്തിയിരുന്നു. തീരത്തോടുചേര്‍ന്ന പ്രദേശത്തെ ചെമ്മീനിലെ വിവിധ ഇനങ്ങള്‍, നെയ്മീന്‍, വാള എന്നിവയെല്ലാം 'വംശനാശ'ത്തിനടുത്താണ്. ഞണ്ടും കക്കയും കുറഞ്ഞു. മൂന്നുവര്‍ഷമായി കുറവ് അനുഭവപ്പെടുന്നുണ്ടെങ്കിലും രൂക്ഷമായത് ഇക്കൊല്ലമാണ്. ചെറിയ മീന്‍ ഇല്ലാതാകുമ്പോള്‍ ഇവയെ ഭക്ഷിച്ചുകഴിയുന്ന വലിയ മീനുകളെയും ബാധിക്കും. കാലാവസ്ഥാ വ്യതിയാനവും ജലത്തിന്റെ താപവ്യത്യാസവും മത്സ്യസമ്പത്ത് ചോരുന്നതിനു കാരണമാകുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..