23 April Tuesday

നിശബ്ദ അടിയന്തരാവസ്ഥ

സാജൻ എവുജിൻUpdated: Wednesday Sep 5, 2018


ന്യൂഡൽഹി
മനുഷ്യപക്ഷത്ത‌് നിൽക്കുന്നവർക്ക് കൈവിലങ്ങ്, വിദ്വേഷത്തിന്റെയും പകയുടെയും പ്രചാരകർക്ക് സർവസ്വാതന്ത്ര്യംഇതാണിപ്പോൾ രാജ്യത്തെ സ്ഥിതി. പുരോഗമനചിന്തകർക്കും എഴുത്തുകാർക്കും മനുഷ്യാവകാശപ്രവർത്തകർക്കും ഇടതുപക്ഷത്തിനുമെതിരെ, ഹിന്ദുത്വതീവ്രവാദികൾ നടത്തിവന്ന ആക്രമണം ഭരണസംവിധാനംതന്നെ ഏറ്റെടുത്തിരിക്കുന്നു.

ഹിന്ദുരാഷ്ട്രം സ്ഥാപിക്കുന്നതിന‌് തടസ്സം നിൽക്കുന്നവരെ ഇല്ലായ്മ ചെയ്യുന്നത് 'അതിക്രമം' അല്ലെന്ന് പ്രഖ്യാപിച്ചിട്ടുള്ള സംഘടനയാണ് സനാതൻ സൻസ്‌ത. 'പൊലീസിനെയും സൈന്യത്തെയും' തകർക്കാതെ ഹിന്ദുരാഷ്ട്രം സ്ഥാപിക്കാൻ കഴിയില്ലെന്ന് സംഘടനയുടെ പ്രസിദ്ധീകരണമായ 'സനാതൻ പ്രഭാതി'ലെ ലേഖനത്തിൽ പറഞ്ഞിട്ടും ഇതിന്റെ പ്രവർത്തനം നിരോധിക്കണമെന്ന് സർക്കാരിന‌് തോന്നിയിട്ടില്ല.

അതേസമയം, ജനാധിപത്യസ്വാതന്ത്ര്യത്തിനും തൊഴിലാളികളുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും അവകാശങ്ങൾക്കുംവേണ്ടി വാദിക്കുന്നവരെ 'ദേശദ്രോഹികളാ’യി മുദ്രയടിക്കുന്നു. രാജ്യത്തെ ഏറ്റവും ഉന്നതമായ അക്കാദമിക് സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവരെ അടക്കം  തീവ്രവാദികളായി ചിത്രീകരിക്കുന്നു. പ്രൊഫ. സുധ ഭരദ്വാജ്, ഗൗതം നവ്ലഖ, ഡോ. ആനന്ദ് തെൽതുംബ്ഡെ, പ്രൊഫ. സത്യനാരായണ, സ്റ്റാൻ സ്വാമി, വരവര റാവു എന്നിവരുടെ താമസസ്ഥലങ്ങളിൽ ഈയിടെ നടന്ന റെയ്ഡും അറസ്റ്റും സർക്കാരിന്റെ നീക്കം എത്രത്തോളം അമിതാധികാരപരമാണെന്ന് വ്യക്തമാക്കുന്നു. 

ഹിന്ദുത്വതീവ്രവാദികൾ ഉന്നയിക്കുന്ന ചോദ്യങ്ങളാണ് പൊലീസ് ഡോ. സത്യനാരായണയുടെ ഭാര്യ പവനയോട് ആവർത്തിച്ചത്. "നിങ്ങളുടെ ഭർത്താവ് ദളിതനായതിനാൽ അദ്ദേഹം പരമ്പരാഗതമായ ഒന്നും പിന്തുടരുന്നില്ല. പക്ഷേ, നിങ്ങൾ ബ്രാഹ്മണസ്ത്രീയാണ്. പരമ്പരാഗത ഭാര്യയുടെ വേഷം നിങ്ങൾ ധരിക്കാത്തതെന്ത്? സിന്ദൂരം തൊടാത്തത് എന്തുകൊണ്ടാണ്?''

അധികാരികൾ നോട്ടമിട്ട ദളിത് ചിന്തകൻകൂടിയായ ഡോ. ആനന്ദ് തെൽതുംഡെ നിലവിൽ ഗോവ ഇൻസ്റ്റിറ്റ്യൂട്ട‌് ഓഫ് മാനേജ്മെന്റിൽ സീനിയർ പ്രൊഫസറാണ്. നേരത്തെ ഖരഗ്പുർ ഐഐടിയിൽ പ്രൊഫസറായിരുന്നു.  ഒട്ടേറെ പുസ്തകങ്ങളുടെ രചയിതാവായ അദ്ദേഹം പ്രമുഖ പ്രസിദ്ധീകരണങ്ങളിൽ പതിവായി സാമൂഹികവിഷയങ്ങൾ എഴുതുന്നു. ഇതാകാം അധികാരികളെ പ്രകോപിപ്പിച്ചത്.

ഗോവ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ പൊലീസ് സംഘം റെയ്ഡിനായി എത്തുമ്പോൾ ഡോ. ആനന്ദും ഭാര്യയും മുംബൈയിലായിരുന്നു. സുരക്ഷാജീവനക്കാരെ ഭീഷണിപ്പെടുത്തി താക്കോൽ വാങ്ങിയാണ് പൊലീസുകാർ ഡോ. ആനന്ദിന്റെ ക്വാർട്ടേഴ്സിന്റെ വാതിൽ തുറന്നത്.
ആദിവാസികളുടെയും ദളിതരുടെയും അവകാശങ്ങൾ സംരക്ഷിക്കാൻ നിരന്തരം ശബ്ദമുയർത്തുന്നതാണ് പ്രൊഫ. സുധ ഭരദ്വാജിനെ വേട്ടയാടാൻ കാരണം. പുരോഗമനചിന്തയ്ക്കെതിരെ ഇത്തരത്തിൽ  അടിച്ചമർത്തൽ നടപടികൾ ഭരണാധികാരികൾ തുടരുമ്പോൾത്തന്നെയാണ് ഗൗരി ലങ്കേഷ്, നരേന്ദ്ര ധാബോൽക്കർ, എം എം  കലബുർഗി, ഗോവിന്ദ് പൻസാരെ എന്നിവരുടെ കൊലയാളികൾ സ്വൈരവിഹാരം നടത്തുന്നത‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top