28 May Sunday

ധാർമികതയുടെ കരുത്തിൽ 
ജനങ്ങൾക്കിടയിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jul 6, 2022


ആലപ്പുഴ
പ്രളയത്തിൽ ചെങ്ങന്നൂർ മുങ്ങിനിൽക്കെ  മുണ്ടും മടക്കിക്കുത്തി നാട്ടുകാർക്കൊപ്പം  രക്ഷാപ്രവർത്തനത്തിനിറങ്ങിയ സജി ചെറിയാന്റെ ചിത്രം കേരളത്തിന്റെ മനസ്സിൽ ഇപ്പോഴുമുണ്ട്‌. നാട്ടുകാർ മരണത്തിനും ജീവിതത്തിനുമിടയ്‌ക്ക്‌ ഭയചകിതരായി കഴിയേണ്ടിവന്ന ഘട്ടത്തിൽ താങ്ങായി ഒപ്പംനിന്ന സജി ചെറിയാനെ അവർക്കറിയാം. എക്കാലവും ജനങ്ങൾക്കുവേണ്ടി നിലകൊണ്ട സജി ചെറിയാൻ ജനാധിപത്യത്തിലെ ഉന്നതമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചാണ്‌  അവരിലേക്കുതന്നെ ഇറങ്ങുന്നത്‌. മന്ത്രിസ്ഥാനത്ത്‌ കടിച്ചുതൂങ്ങാതെ ധാർമികതയുടെ ഉദാത്തമാതൃക കാട്ടിക്കൊടുത്താണ്‌  പടിയിറക്കം. സമരത്തിന്റെ തീച്ചൂളയിൽ സ്‌ഫുടംചെയ്‌ത വ്യക്തിത്വമാണ്‌ സജി ചെറിയാന്റേത്‌. ജനപ്രതിനിധിയെന്ന നിലയിലുള്ള പ്രവർത്തനമികവാണ്‌  അദ്ദേഹത്തെ രണ്ടാംതവണയും നിയമസഭയിൽ എത്തിച്ചതും മന്ത്രിസ്ഥാനത്തേക്ക്‌ വഴിതുറന്നതും.  എട്ടിൽ പഠിക്കുമ്പോൾ എസ്എഫ്ഐ അംഗമായാണ്‌ സംഘടനാപ്രവർത്തനത്തിന്‌ തുടക്കം. വെണ്മണി മാർത്തോമ്മ ഹൈസ്‌കൂൾ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായിരുന്നു. എസ്എഫ്ഐ ആലപ്പുഴ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന കമ്മിറ്റിയംഗം, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്, സിഐടിയു ജില്ലാ പ്രസിഡന്റ്‌ തുടങ്ങിയ ചുമതലകൾ വഹിച്ചു. സിപിഐ എം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി, ജില്ലാ സെക്രട്ടറിയറ്റംഗം, ജില്ലാ സെക്രട്ടറി  പദവികളും വഹിച്ചു.

1995ലെ ആദ്യ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മുളക്കുഴ ജില്ലാപഞ്ചായത്ത് ഡിവിഷനിൽനിന്ന്‌ വിജയിച്ചു.  2000ൽ ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റായി. 2006ൽ നിയമസഭയിലേക്ക്‌ കന്നിയങ്കത്തിൽ പരാജയപ്പെട്ടെങ്കിലും 2018ലെ ഉപതെരഞ്ഞെടുപ്പിൽ 20,956 വോട്ടിന്റെയും 2021ൽ 32,093 വോട്ടിന്റെയും ചരിത്ര ഭൂരിപക്ഷത്തിൽ ചെങ്ങന്നൂരിൽ ജയിച്ചു.  സജി ചെറിയാന്റെ നേതൃത്വത്തിലാണ്‌ കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റി രൂപീകരിച്ചത്‌.

പരമ്പരാഗതമായി കിട്ടിയത് ഉൾപ്പെടെ മുഴുവൻ സ്വത്തും അദ്ദേഹം മരണശേഷം കരുണയ്‌ക്ക്‌ എഴുതി നൽകി. ഡോക്ടർമാരായ മക്കളോട് മാസത്തിൽ 10 ദിവസം പാവപ്പെട്ടവർക്ക് സൗജന്യ ചികിത്സ നടത്തണമെന്നും സജി ചെറിയാൻ മുദ്രപത്രത്തിൽ എഴുതി വാങ്ങിയിട്ടുണ്ട്‌.
ചെങ്ങന്നൂർ കൊഴുവല്ലൂർ തെങ്ങുംതറയിൽ പരേതനായ ടി ടി ചെറിയാന്റെയും ശോശാമ്മയുടെയും മകനാണ്. ഭാര്യ: ക്രിസ്‌റ്റീന. മക്കൾ: ഡോ. നിത്യ, ഡോ. ദൃശ്യ, ശ്രവ്യ (എംബിബിഎസ് വിദ്യാർഥി). മരുമക്കൾ: അലൻ കണ്ണാട്ട്‌ (എൻജിനിയർ), ജസ്‌റ്റിൻ പ്രദീപ്‌ (എൻജിനിയർ).

തീരജനതയുടെ നായകൻ
ചുമതലയേറ്റനിമിഷംമുതൽ തീരജനതയ്‌ക്കായി അക്ഷീണം പ്രയത്‌നിച്ചതിന്റെ അഭിമാനത്തോടെയാണ്‌ സജി ചെറിയാൻ മന്ത്രിപദവി ഒഴിഞ്ഞത്‌. മത്സ്യത്തൊഴിലാളികളുടെ കണ്ണീരൊപ്പാനും അവരുടെ മക്കളുടെ ഭാവിക്കായി കർമപദ്ധതികൾക്കും തുടക്കമിടാൻ അദ്ദേഹത്തിനായി. കഴിഞ്ഞ എൽഡിഎഫ്‌ സർക്കാർ തുടക്കമിട്ട പദ്ധതികളുടെ പൂർത്തീകരണത്തിന്‌ കാട്ടിയ താൽപ്പര്യവും പ്രശംസ പിടിച്ചുപറ്റി.

പല വകുപ്പിലായി കിടന്ന 8500 കോടിയോളം രൂപയുടെ പദ്ധതിപ്രവർത്തനങ്ങളെ ക്രോഡീകരിച്ചു. മുഖ്യമന്ത്രിയുടെയും സഹമന്ത്രിമാരുടെയും സഹായത്തോടെ നടത്തിയ ഇടപെടലുകൾ വലിയ മാറ്റമുണ്ടാക്കി. തീരത്തെ പുനരധിവാസ പദ്ധതി പുനർഗേഹത്തിൽ 1600ൽപ്പരം വീട്‌ നിർമിച്ചു. 3180 കുടുംബത്തിന്‌‌ ഭൂമി ലഭ്യമാക്കി. 129 കുടുംബത്തിന്‌ 12.44 കോടി രൂപ അപകട ഇൻഷുറൻസായി അനുവദിച്ചു. 15 വർഷംവരെയായി കമ്പനികൾ തടഞ്ഞുവച്ച നഷ്ടപരിഹാരമാണ്‌ ഇത്‌. കോവിഡിലും ചുഴലിക്കാറ്റിലും പട്ടിണിയിലായ 1,44,831 മത്സ്യത്തൊഴിലാളി കുടുംബത്തിന്‌ ഭക്ഷ്യക്കിറ്റെത്തിച്ചു. 100 കോടിയോളം രൂപയും വിതരണം ചെയ്‌തു.

നാല്‌ ഫിഷറീസ്‌ സ്‌റ്റേഷൻകൂടി തുറന്നു. 10 തുറമുഖത്തിൽ കടൽസുരക്ഷാ സ്‌ക്വാഡ്‌ തുടങ്ങി. മത്സ്യസാധ്യതാ മേഖല കണ്ടെത്താൻ കോമ്പോ ജിപിഎസ്‌ സംവിധാനവുമൊരുക്കി. ശുചിത്വ സാഗരം, സുന്ദരതീരം പദ്ധതി എല്ലാ ജില്ലയിലേക്കും വ്യാപിപ്പിച്ചു. മീൻവിൽപ്പനക്കാരായ വനിതകൾക്ക്‌ സാഗര സൗജന്യയാത്രാ സൗകര്യമൊരുക്കി. മത്സ്യസംഭരണവും വിപണനവും ഗുണനിലവാരവും പരിപാലന നിയമം പാസാക്കി.  അർബുദം, വൃക്ക മാറ്റിവയ്‌ക്കൽ, ഹൃദയ ശസ്‌ത്രക്രിയ ചികിത്സയ്‌ക്ക്‌ നിരവധിപേരെ സഹായിച്ചു‌. യാനങ്ങളിലെ 14,332 എൻജിന്‌ മണ്ണെണ്ണ പെർമിറ്റ്‌ അനുവദിച്ചു. വകുപ്പിലെ ഇ –-ഓഫീസ് അടക്കം‌ സംവിധാനങ്ങൾ സജ്ജമാക്കി. എവിടെയെല്ലാം ജലാശയം അവിടെല്ലാം മത്സ്യക്കൃഷി ജനകീയ പ്രചാരണപദ്ധതികൾ ഏറ്റെടുത്തു.

സാംസ്‌കാരികരംഗത്തും മികവ്‌
സാംസ്‌കാരിക മേഖലയിൽ പുതിയ പദ്ധതികൾ കൊണ്ടുവരികയും വേഗത്തിൽ നടപ്പാക്കാൻ പ്രയത്‌നിക്കുകയും ചെയ്‌ത മന്ത്രിയായിരുന്നു സജി ചെറിയാൻ. കോവിഡ്‌ കാലത്ത്‌ ‘മഴമിഴി’ വെർച്വൽ പ്ലാറ്റ്‌ഫോമിലൂടെ നിരവധി കലാകാരന്മാർക്ക്‌ സാമ്പത്തികസഹായം നൽകി. കോവിഡിനുശേഷം ഐഎഫ്‌എഫ്‌കെയ്‌ക്ക്‌ ഗംഭീര തിരിച്ചുവരവ്‌ സാധ്യമാക്കി. കേരളത്തിന്‌ സ്വന്തമായി ഒടിടി പ്ലാറ്റ്‌ഫോമായ സി സ്‌പേസ്‌ ഒരുക്കാൻ മുൻകൈ എടുത്തു. നവംബർ ഒന്നിന്‌ ഉദ്‌ഘാടനം ചെയ്യും.
 

പ്രസംഗത്തിന്റെ പേരിലെ രണ്ടാമത്തെ രാജി
കേരള സംസ്ഥാന രൂപീകരണത്തിനുശേഷം ഇതുവരെ 70  മന്ത്രിമാരാണ്‌ വിവിധ കാരണത്താൽ രാജിവച്ചത്‌. പ്രസംഗത്തിന്റെ പേരിൽ  മന്ത്രിസ്ഥാനം നഷ്ടപ്പെടുന്ന കേരളത്തിലെ രണ്ടാമത്തെ മന്ത്രിയാണ്‌ സജി ചെറിയാൻ. ‘പഞ്ചാബ്‌ മോഡൽ’ പ്രസംഗത്തിന്റെ പേരിൽ കെ കരുണാകരൻ മന്ത്രിസഭയിൽനിന്ന്‌ 1985 ജൂണിൽ ആർ ബാലകൃഷ്‌ണ പിള്ളയാണ്‌ ആദ്യം രാജിവച്ചത്‌. 1985 മെയ്‌ 25ന്‌ എറണാകുളം രാജേന്ദ്ര മൈതാനിയിൽ നടന്ന കേരള കോൺഗ്രസ്‌ സമ്മേളനത്തിലാണ്‌ വൈദ്യുതി മന്ത്രിയായിരുന്ന ബാലകൃഷ്‌ണ പിള്ളയുടെ വിവാദപ്രസംഗം.

കേരളത്തിന്‌ അനുവദിച്ച കോച്ച്‌ ഫാക്ടറി പഞ്ചാബിലേക്ക്‌ മാറ്റിയതിനെ റെയിൽവേയുടെ ചുമതല വഹിക്കുന്ന പിള്ള രൂക്ഷമായി വിമർശിച്ചു.  ‘കേരളത്തിന്‌  അർഹമായത്‌ കിട്ടണമെങ്കിൽ പഞ്ചാബിൽ സംഭവിക്കുന്നതെല്ലാം  കേരളത്തിലും നടക്കണം.  അതിന്‌ ചോരയും നീരുമുള്ള യുവാക്കൾ രംഗത്തിറങ്ങണം’ എന്നായിരുന്നു പ്രസംഗം. പഞ്ചാബിലെപ്പോലെ കേരളത്തിലും തീവ്രവാദം ഉയർത്തിക്കൊണ്ടുവരണമെന്ന ആഹ്വാനമാണ്‌ പ്രസംഗമെന്നായിരുന്നു ആരോപണം.  ഇത്‌ വിവാദമായി. ഹൈക്കോടതിയിൽ ഹർജി എത്തിയതോടെ പിള്ള രാജിവച്ചു. കഴിഞ്ഞ ഞായറാഴ്‌ച  പത്തനംതിട്ട ജില്ലയിലെ സിപിഐ എം മല്ലപ്പള്ളി ഏരിയ കമ്മിറ്റിയുടെ പരിപാടിയിലെ സജി ചെറിയാന്റെ പ്രസംഗമാണ്‌ വിവാദമാക്കിയത്‌.  ഭരണഘടനയെ അപമാനിച്ചെന്ന രീതിയിലാണ്‌ മാധ്യമങ്ങൾ ആരോപിച്ചത്‌.  തൊട്ടടുത്ത ദിവസംതന്നെ സജി ചെറിയാൻ രാജിവച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top