ചെറുവത്തൂർ (കാസർകോട്)
ബാനറും പോസ്റ്ററും ചുമരെഴുത്തുമെല്ലാം തയ്യാറാക്കുന്ന തിരക്കിലാണ് പ്രവർത്തകരെല്ലാം. എന്നാൽ, ചീമേനി കിഴക്കേക്കരയിലെ ടി പി സജേഷ് ഈ തെരഞ്ഞെടുപ്പു കാലത്ത് മുഴുവൻ പ്ലാവിൻ ചോട്ടിലാണ്. മുഴുത്തൊരു പ്ലാവില കിട്ടിയാൽ സജേഷിന്റെ ആർട് മാജിക്കിൽ കിടിലൻ പോസ്റ്റർ റെഡി!
പ്ലാവിലയിൽ സ്ഥാനാർഥികളുടെ ചിത്രം ഒരുക്കിയാണ് സജേഷിന്റെ വേറിട്ട തെരഞ്ഞെടുപ്പ് പ്രചാരണം. കോവിഡ് കാലത്ത് അദ്ദേഹത്തിന്റെ പ്ലാവില ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിലും സൂപ്പർ ഹിറ്റ്.
വീടിന് മുന്നിൽ തലയെടുപ്പോടെ നിൽക്കുന്ന പ്ലാവിലും അതിന്റെ ഇലയിലുമാണ് സജേഷിന്റെ സർഗസഞ്ചാരം. വളരെ ശ്രദ്ധയും സൂക്ഷ്മതയും ആവശ്യമാണ് ഈ കരവിരുതിന്. ബ്ലേഡും പേനയുമാണ് പണിയായുധം. സിനിമ നടൻമാരുൾപ്പെടെ നിരവധി പ്രശസ്തരുടെ ചിത്രങ്ങളും സജേഷ് ഇലയിൽ കൊത്തിയെടുത്തിട്ടുണ്ട്. ഇപ്പോൾ എൽഡിഎഫ് സ്ഥാനാർഥികളുടെ മുഖങ്ങൾ തെളിഞ്ഞതോടെയാണ് ഇലവിസ്മയം കൂടുതൽ ശ്രദ്ധേയമായത്.
എൽഡിഎഫ് സ്ഥാനാർഥികളുടെ ചിത്രങ്ങൾ ഇലയിൽ കൊത്തിയെടുത്ത് ഓരോ വീട്ടിലും നൽകാൻ കഴിയുമോ എന്നാണ് സജേഷ് ഇപ്പോൾ ആലോചിക്കുന്നത്. ചീമേനി കിഴക്കേക്കര ഡിവൈഎഫ്ഐ യൂണിറ്റ് അംഗമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..