25 May Saturday

കൺതുറന്നു നേരിൻ വെളിച്ചത്തിലേക്ക്

കെ പ്രഭാത്‌Updated: Thursday May 17, 2018


തൃശൂർ
സാഹിത്യ‐ സംഗീത‐ ലളിതകല അക്കാദമികളുടെ അകത്തളങ്ങളിൽ ഒതുങ്ങിനിന്നിരുന്ന പ്രവർത്തനം ഗ്രാമീണതലത്തിലെ സാധാരണക്കാരിലേക്കും വ്യാപിപ്പിച്ച് സമൂഹത്തിൽ നന്മയുടെ വെളിച്ചമെത്തിക്കുകയാണ്  സാംസ്കാരിക അക്കാദമികൾ. നാളെയുടെ പ്രതീക്ഷകളായ യുവതീ‐യുവാക്കൾ, തൊഴിലാളികൾ, കർഷകർ, പ്രാന്തവൽക്കരിക്കപ്പെട്ടവർ തുടങ്ങിയവർക്ക് സാഹിത്യസംവാദ വേദികളും സദസ്സുകളും ഒരുക്കുകയാണ് സാഹിത്യ അക്കാദമി. കടലെഴുത്തുകൾ, എഴുത്തുകാരുടെ സംഗമം, ശ്രേഷ്ഠഭാഷാ സെമിനാർ, അംഗപരിമിതരുടെ കൂട്ടായ്മ, വിദ്യാരംഗം സർഗോത്സവം തുടങ്ങിയവ സാഹിത്യ അക്കാദമി ഏറ്റെടുത്ത് നടപ്പാക്കിയതിൽ ചിലതുമാത്രം.

ജാതി‐മത അന്ധവിശ്വാസങ്ങളുടെ തിരിച്ചുവരവിനെതിരെ, അഭിപ്രായ സ്വാതന്തൃത്തിനെതിരെ ഉയരുന്ന പ്രവണതകൾക്കെതിരെ ജാഗ്രത ഉണർത്തിക്കൊണ്ടുവരികയാണ് സാഹിത്യ അക്കാദമിയെന്ന് പ്രസിഡന്റ് വൈശാഖനും സെക്രട്ടറി ഡോ. കെ പി മോഹനും പറഞ്ഞു. അതിന്റെ ഭാഗമായി കേന്ദ്രീകൃത പരിപാടികൾക്കൊപ്പം, തഴെതട്ടിൽ കൂടുതൽ സാംസ്കാരിക വിനിമയം നടത്താനാണ് അക്കാദമി ശ്രദ്ധകേന്ദ്രീകരിക്കുന്നത്.

സംഗീത നാടക അക്കാദമിയുടെ പ്രവർത്തനം അക്കാദമികെട്ടിടത്തിൽനിന്ന് പുറത്തേക്ക് പടർന്നുപന്തലിക്കുന്നു. കാലയവനികയിൽ മറയുന്ന കഥാപ്രസംഗവും പെണ്ണരങ്ങുംപോലുള്ള സംഗീത‐നാടകവിഭവങ്ങളെ പൊതുജനങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കാനുള്ള സജീവപ്രവർത്തനമാണ് ചെയർപേഴ്സൺ കെപിഎസി ലളിതയുടെയും സെക്രട്ടറി എൻ രാധാകൃഷ്ണൻനായരുടെയും  നേതൃത്വത്തിൽ നടക്കുന്നത്.

രാജ്യത്തെ നാടകരംഗത്തിനാകെ മാതൃകയായ അന്താരാഷ്ട്രനാടകോത്സവം മലയാളികളുടെ മനസ്സിൽ ലോകരാജ്യങ്ങളിലെ രാഷ്ട്രീയ ‐സാംസ്കാരിക സ്പന്ദനങ്ങൾ എത്തിക്കുന്നു. ചിത്രരചന ആൺ‐പെൺ കരങ്ങളിലൂടെ എന്നതിനൊപ്പം, ടാൻസ്ജൻഡറുകൾക്കുകൂടി അവസരം ഒരുക്കിയാണ് കേരള ലളിതകലാ അക്കാദമിയുടെ പ്രവർത്തനം. കേവല ചിത്രരചന എന്നതിൽനിന്ന് മാറി, സമൂഹ്യ ഉന്നമനത്തിന് ഉതകുന്ന കാഴ്ചകളെ തൊട്ടുണർത്തുന്നതലത്തിലേക്ക് ചിത്രകലാ പ്രവർത്തനത്തെ എത്തിക്കുകയാണ് ലളിതകലാ അക്കാദമി ചെയർപേഴ്സൺ നേമം പുഷ്പരാജ്, സെക്രട്ടറി പൊന്ന്യം ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതി ചെയ്യുന്നത്.  മഹാഭാരതത്തെ വക്രീകരിച്ചും വർഗീയവൽക്കരിച്ചും വർഗീയവാദികൾ നടത്തുന്ന പ്രചാരണങ്ങളെ തുറന്നുകാട്ടുന്നതായി ലളിതകലാ അക്കാദമിയിൽ സംഘടിപ്പിച്ച 25 മികച്ച ചിത്രകലാ പ്രവർത്തകരുടെ  'മഹാഭാരതം' ചിത്രരചനാ ക്യാമ്പ്. പത്തുദിവസം നീണ്ടുനിന്ന ക്യാമ്പിന് പൊതുജനങ്ങൾക്കിടയിൽ വൻ സ്വീകാര്യതയാണ് ലഭിച്ചത്. ഇന്ത്യൻ നൃത്തകലകളുടെ ഈറ്റില്ലമായ കേരള കലാമണ്ഡലം കൽപ്പിത സർവകലാശാല, രാജ്യത്തിനകത്തെ മാത്രമല്ല, അസംഖ്യം വിദേശീയരുടെയും പഠനഗവേഷണ കേന്ദ്രമെന്നനിലയിൽ സ്‌തുത്യർഹമായ പ്രവർത്തനം കാഴ്ചവയ്ക്കുന്നു. കഥകളി, മോഹിനിയാട്ടം, കൂടിയാട്ടം, തുള്ളൽ, പഞ്ചവാദ്യം, ഭരതനാട്യം തുടങ്ങിയ കലകളിൽ പ്രത്യേകം തയ്യാറാക്കിയ കളരികളിലൂടെ വിദ്യാർഥികൾക്ക് ശിക്ഷണം നൽകുന്നു. അടുത്തിടെ, പുതിയ ഭരണസമിതിയും വൈസ് ചാൻസലറായി ഡോ. ടി കെ നാരായണനും ചുമതലയേറ്റതോടെ, കലാമണ്ഡലത്തിന്റെ പ്രവർത്തനത്തിന് കൂടുതൽ ചിട്ടയും മിഴിവുമേകുന്നു.

സംസ്ഥാനത്തെ വായനശാലകൾ, ക്ലബുകൾ, പള്ളിക്കൂടങ്ങൾ, പൊതുയിടങ്ങളിലേക്കൊക്കെ സാംസ്കാരിക പ്രവർത്തനങ്ങൾ വ്യാപിക്കുകയാണ്.  വർഗ്ഗീയതയുടെയുംമറ്റും പേരിൽ ഇരുളടയുന്ന ജനമനസ്സിൽ നേരിന്റെ വെളിച്ചമേകുകയാണ് അക്ഷരങ്ങളുടെയും കലയുടെയും പിന്തുണയോടെ ഈ സാംസ്കാരികകേന്ദ്രങ്ങൾ.

പ്രധാന വാർത്തകൾ
 Top