24 March Sunday

ശബരിമല: ലംഘിക്കപ്പെടുന്നത‌് ‌സ‌്ത്രീകളുടെ അവകാശം...കേരളത്തിലെ കാമ്പസുകള്‍ പറയുന്നത്

ദൃശ്യ ദിനമണിUpdated: Friday Oct 12, 2018

തൊരു സാമൂഹികമാറ്റമുണ്ടായാലും അതിനെതിരെ എതിർപ്പുകളുയരും. കാരണം സമൂഹം ബഹുസ്വരതയിലാണ് നിലകൊള്ളുന്നത്. അതുകൊണ്ടുതന്നെ അനായാസമായി ഒരുമാറ്റവും ഇവിടെ സംഭവിക്കുന്നില്ല. ചരിത്ര പരിശോധനയിൽ അതിന‌് ധാരാളം തെളിവുകളും ലഭിക്കും. മാറ്റങ്ങൾക്ക് നേരെ മുഖംതിരിച്ചവർ പോലും കാലക്രമേണ ആ മാറ്റങ്ങളെ ഉൾക്കൊള്ളാൻ തയ്യാറാകുമെന്നാണ് കാലം തെളിയിച്ചിട്ടുള്ളത്.  ആ ഉൾക്കൊള്ളൽ ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിർക്കുന്നവരിലും ഉണ്ടാകും. അതിനായി തുറന്ന സംവാദങ്ങളാണ‌് വേണ്ടത്.

ദേവദാസി സമ്പ്രദായം നിലനിന്നിരുന്ന കാലത്ത് ​ദേവദാസികൾ കലാപ്രകടനങ്ങളും ലൈം​ഗീകവൃത്തിയുൾപ്പെടെ ‘ദേവന് സമർപ്പിക്കപ്പെട്ടവൾ’ എന്ന നിലയിൽ ഭക്തിപൂർവമാണ് ചെയ്തിരുന്നത്. അത്  നിർത്തലാക്കിയപ്പോൾ തങ്ങൾ ഭക്തിപൂർവം വേശ്യാവൃത്തി ചെയ്യുമെന്നും ആർത്തവാനന്തരം തങ്ങളുടെ ശരീരം ദേവന് സമർപ്പിക്കുമെന്നും കാലങ്ങളായി തുടരുന്ന ദേവദാസി സമ്പ്രദായം തുടരുമെന്നും പറഞ്ഞ് കുറേപ്പർ മുറവിളികൂട്ടി. സതി നിർത്തലാക്കിയപ്പോൾ, പതിവ്രതയായ സ്ത്രീയുടെ അവകാശമാണ് ഭർത്താവിന്റെ ചിതയിൽ ചാടി മരിക്കുകയെന്ന് മുദ്രവാക്യമുയർത്തി സ്ത്രീ
കൾ തെരുവിലിറങ്ങിയിരുന്നു. ഇന്നത്തെ ജനസംഖ്യയുടെ പകുതിപോലുമില്ലാതിരുന്ന കാലത്ത് ഇതിലും വലിയ പ്രതിഷേധ ശബ്ദമാണുയർന്നത്. എന്നിട്ടും സതി എന്ന ദുരാചാരം തുടച്ചുനീക്കപ്പെട്ടു. അതിനെ  ദുരാചാരം എന്ന നിലയിലാണ് നാം ഓരോരുത്തരും മനസിലാക്കുന്നത‌്.

സ്വാതന്ത്ര്യത്തിനുമേൽ കാലാകാലങ്ങളായി ഇഴുകിച്ചേർന്ന വിലക്കുകൾ മാറ്റാൻ നിയമം മുൻകൈയെടുക്കുമ്പോൾ ആ നിയമത്തെ കാറ്റിൽ പറത്താനുള്ള ശ്രമം സ്വാഭാവികമാണ്.  1950ന് മുമ്പ് സ്ത്രീകൾ ശബരിമലയിൽ പ്രവേശിച്ചിരുന്നു. അതുകഴിഞ്ഞും പലരുടെയും ഒത്താശയോടെയും അല്ലാതേയും പല സ്ത്രീകളും ശബരിമല ചവിട്ടിയിട്ടുണ്ട്. ശബരിമലയ‌്ക്ക‌് ഒന്നും സംഭവിച്ചില്ല. നിലവിലുള്ള ക്ഷേത്രങ്ങളിൽനിന്നു വ്യത്യസ്തമായി ശബരിമലയെ കൂടുതൽ ആകർഷണീയമാക്കാനുള്ള തന്ത്രമായിരുന്നോ സത്രീപ്രവേശം തടഞ്ഞുള്ള നടപടിയെന്ന‌് ചിന്തിക്കേണ്ടിയിരിക്കുന്നൂ.

ആർത്തവത്തെ അശുദ്ധിയോടെ കാണുന്നവർ മാളികപ്പുറത്തമ്മയുടെ പ്രതിഷ്ഠയിലേക്കും ഉറ്റുനോക്കേണ്ടതില്ല? മാളികപ്പുറത്തമ്മ ഒരു സ്ത്രീയാണെങ്കിൽ അവരുടെ ആർത്തവത്തെയും അം​ഗീകരിച്ചേ പറ്റൂ. അങ്ങനെയെങ്കിൽ മാസത്തിൽ കുറച്ചുദിവസം ശബരിമലയും അശുദ്ധിയാവുന്നുണ്ടെന്ന് വേണം കരുതാൻ. അപ്പോൾ കാത്തിരിക്കാൻ തയ്യാറാണെന്ന് പറഞ്ഞ് രക്തപ്പുഴയൊഴുക്കാൻ തയ്യാറെടുക്കുന്നവരുടെ ലക്ഷ്യമെന്താണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

ഏതൊരു പൊതുസ്ഥലത്ത് പോകാനും ആരാധിക്കാനുമുള്ള മൗലികാവകാശം ഭരണഘടന ഉറപ്പുനൽകുമ്പോൾ അതിൽ മതാചാരം അടിച്ചേൽപ്പിച്ച് വ്യക്തി സ്വാതന്ത്ര്യത്തിന് തടയിടുന്ന പ്രവണത മാറേണ്ടതാണ്. നിശ്ചിത പ്രായത്തിനുള്ളിലുള്ള സ്ത്രീകൾക്ക് മാത്രം പ്രവേശനം നൽകുമ്പോൾ അവിടെ ലംഘിക്കപ്പെടുന്നത് 10 വയസിനും 50 വയസിനുമിടയിലുള്ള സ്ത്രീകളുടെ അവകാശമാണ്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top