07 August Friday
ശിലാസ്‌ഥാപനം 21 ന്‌ മുഖ്യമന്ത്രി

നവീകരണത്തിന്‌ സർക്കാർ തുടക്കമിട്ടു; ശബരി ആശ്രമത്തിൽ ഇനിയും ഗാന്ധി സ്‌മരണ നിറഞ്ഞുനിൽക്കും : മന്ത്രി എ കെ ബാലൻ- VIDEO

വെബ് ഡെസ്‌ക്‌Updated: Thursday Oct 3, 2019

ശബരി ആശ്രമം

പാലക്കാട്‌> ഗാന്ധിജിയുടെ സ്‌മരണ നിറഞ്ഞുനിൽക്കുന്ന പാലക്കാട്ടെ ശബരി ആശ്രമത്തിന്റെ നവീകരണത്തിന്‌ സാംസ്‌കാരിക വകുപ്പ്‌  തുടക്കംകുറിച്ചതായി മന്ത്രി എ കെ ബാലൻ. ശബരി ആശ്രമത്തില്‍ നിര്‍മ്മിക്കുന്ന ഗാന്ധി സ്മൃതി മന്ദിരത്തിന്  21 ന് രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിടും.അഞ്ച് കോടി രൂപ ചെലവഴിച്ചാണ് സാംസ്കാരിക വകുപ്പ് ആശ്രമം നവീകരിക്കുന്നത്. ആദ്യഘട്ടമായി കഴിഞ്ഞ ബജറ്റില്‍ രണ്ടരക്കോടി രൂപ അനുവദിച്ചിട്ടുണ്ട്‌.

ഗാന്ധിജി  മൂന്ന് തവണ സന്ദര്‍ശിച്ച സ്ഥലം, കസ്തൂര്‍ബ ഗാന്ധിയോടൊപ്പം ഗാന്ധിജി താമസിച്ച  ആശ്രമം, ശ്രീനാരായണ ഗുരുവും സാമൂഹ്യപരിഷ്കര്‍ത്താക്കളും സന്ദര്‍ശിച്ച സ്ഥലം എന്നിങ്ങനെ കേരളത്തിന് വിസ്മരിക്കാനാകാത്ത ഒന്നാണ് പാലക്കാട്ടെ ശബരി ആശ്രമമെന്നും എ കെ ബാലൻ പറഞ്ഞു.

 ഗാന്ധിയന്‍ ആശയങ്ങളിലൂടെ സമൂഹത്തില്‍ എന്ത് മാറ്റം കൊണ്ടുവരാനാണോ ശബരി ആശ്രമം പരിശ്രമിച്ചത്, അതിന്‍റെ പൂര്‍ത്തീകരണമാണ്‌ സർക്കാർ ലക്ഷ്യം.
 
ബ്രാഹ്മണ്യത്തിന്‍റെ ചരടുകള്‍ പൊട്ടിച്ചെറിഞ്ഞ് സാധാരണക്കാര്‍ക്കൊപ്പം നിലകൊണ്ട ടി ആര്‍ കൃഷ്ണസ്വാമി അയ്യരാണ് 1923 ല്‍ ശബരി ആശ്രമം ആരംഭിച്ചത്. സാമൂഹ്യപരിഷ്കരണ പ്രസ്ഥാനത്തോടൊപ്പം പ്രവര്‍ത്തിക്കാനുദ്ദേശിച്ചാണ് ഇത്തരമൊരു സ്ഥാപനം അദ്ദേഹം തുടങ്ങിയത്. പിന്നീട് വിപ്ലവകരമായ ധാരാളം  മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചത് ഈ ആശ്രമത്തില്‍ നിന്നായിരുന്നു. രാജ്യത്ത് ആദ്യമായി മിശ്രഭോജനം നടന്നത് ശബരി ആശ്രമത്തിലാണ്‌. ഗാന്ധിജിയും കസ്തൂര്‍ബ ഗാന്ധിയും താമസിച്ച അപൂര്‍വ്വം സ്ഥലങ്ങളിലൊന്ന് എന്നതുമാത്രമല്ല കസ്തൂര്‍ബ ഗാന്ധിയെയും കൂട്ടി അവര്‍ണര്‍ക്ക് ക്ഷേത്രപ്രവേശനം ലഭിക്കാന്‍ തൊട്ടടുത്ത ക്ഷേത്രത്തില്‍ സമരനായകനായി ചെന്ന ഗാന്ധിജിയെയും ഈ ആശ്രമം കണ്ടിട്ടുണ്ട്.

അസൗകര്യങ്ങളാല്‍ ബുദ്ധിമുട്ടുകയാണ് ഇന്ന് ഇവിടം. ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിന്‍റെ 70 വാര്‍ഷികം ആഘോഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന്‍റെ ഭാഗമായി ശബരി ആശ്രമം സന്ദര്‍ശിച്ചപ്പോഴാണ് ആശ്രമം സംരക്ഷിക്കപ്പെടേണ്ടതിന്‍റെ പ്രാധാന്യം മനസിലാക്കുന്നത്. തുടർന്ന്‌ സാംസ്കാരിക വകുപ്പ് മുന്‍കയ്യെടുത്ത് ആശ്രമം നവീകരിക്കാനുള്ള പദ്ധതി തയ്യാറാക്കുകയായിരുന്നു.

50 വിദ്യാര്‍ത്ഥികള്‍ക്ക് താമസിച്ച് പഠിക്കാനുള്ള സൗകര്യം, കോണ്‍ഫറന്‍സ് ഹാള്‍, ഗാന്ധിയന്‍ ലൈബ്രറി, മ്യൂസിയം എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമായി  ഒരുക്കും. ഗാന്ധിജി താമസിച്ച മണ്‍കുടില്‍ അതിന്‍റെ തനിമ ചോരാതെ തന്നെ നവീകരിക്കും. രാഷ്ട്രപിതാവിനായി കേരളം രാജ്യത്തിന് സമര്‍പ്പിക്കുന്ന സമ്മാനമായിരിക്കും ഇനിമുതല്‍ ശബരി ആശ്രമം. ഗാന്ധിയുടെ പേരില്‍ മുതലെടുപ്പ് നടത്തുവര്‍ക്കുള്ള കേരളത്തിന്‍റെ മറുപടി കൂടിയാണ് 21 ന് തറക്കല്ലിടുന്ന ഈ പദ്ധതി.
 
നെഹ്റുവിനെ ഒന്നിനും കൊള്ളാത്ത ഭരണാധികാരി എന്ന് വരുത്തിതീര്‍ക്കുകയാണ്. ഗാന്ധിജിയെ പാടിപ്പുകഴ്ത്തുകയാണ്. അവര്‍ ഗാന്ധിയിലേക്കും വരും. ഞങ്ങള്‍ക്കും ഗാന്ധിജിയെ ഇഷ്ടമാണെന്ന് പറയും. പിന്നെ, അവരുടെ പല ആളുകളുടെ പേരും ഗാന്ധിയോട് ഉപമിക്കും. മെല്ലെ മെല്ലെ ഗാന്ധിജിയുടെ ചരിത്രം അവരുടേത് കൂടിയാകും.

ഫാസിസം അതിന്‍റെ തന്ത്രങ്ങള്‍ മെനയുമ്പോള്‍ കേരളത്തിന് പ്രതിരോധിക്കാ തിരിക്കാനാവില്ലെന്നും എ കെ ബാലൻ പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top