20 June Sunday

‘കക്ഷിചേർന്നൊരു നമ്പൂരീ, എസ്‌ പീ നിന്നുടെ കൈവെട്ടും’; എസ്‌ പരമേശ്വരൻ നമ്പൂതിരി സംസാരിക്കുന്നു

സുരേഷ്‌ വെള്ളിമംഗലം vellimangalam@gmail.comUpdated: Sunday Jul 5, 2020

യാത്രികൻ, കവി, ഗ്രന്ഥകാരൻ, കമ്യൂണിസ്റ്റുകാരൻ. എൺപത്തേഴ്‌ വയസ്സുള്ള എസ്‌ പരമേശ്വരൻ നമ്പൂതിരി എന്ന  എസ്‌ പി നമ്പൂതിരിക്ക്‌ വിശേഷണങ്ങൾ ഏറെയുണ്ട്‌. ശബരിമലക്കേസിൽ കക്ഷി ചേർന്ന എസ്‌ പിയുടെ ‘മഹാക്ഷേത്രങ്ങളിലൂടെ’ എന്ന പുസ്‌തകം സ്‌ത്രീപ്രവേശനത്തിന്‌ അനുകൂലമായ വിധിയിൽ നിർണായകമായി 

 
 
എൺപത്തേഴ്‌ വയസ്സുള്ള എസ്‌ പി നമ്പൂതിരി ആൽപ്‌സിന്റെ നെറുകയിൽ നിൽക്കുമ്പോൾ കൊടുമുടിയിലെ മഞ്ഞലകൾക്കും അദ്ദേഹത്തിന്റെ നീളൻ മുടിയിഴകൾക്കും ഒരേ വെൺമ. ജനീവതടാകത്തിൽ മുങ്ങി മുഖം കഴുകി വെള്ളംകുടിച്ചു തളർച്ചമാറ്റി വെണ്ണക്കല്ലുപോലുള്ള പർവതശിഖരത്തിനുമുകളിൽ കയറി ആകാശം നോക്കി കിടക്കുമ്പോൾ ഹിമാലയൻ കുളിര് ആയിരം കൈകൾ നീട്ടി ആശ്ലേഷിച്ചു.  ശതാഭിഷേകം കഴിഞ്ഞ ഈ ജ്ഞാനവൃദ്ധന്റെ അപ്പോഴത്തെ ആത്മവിശ്വാസം നിറയൗവനത്തിൽ എവറസ്റ്റ്‌ കീഴടക്കിയ ടെൻസിങ്ങിനും ഹിലാരിക്കും ഉണ്ടായിരുന്നോ എന്ന്‌ സംശയം.
 

യാത്ര എന്നും ഹരം

 
വിദ്യാർഥിയായിരിക്കെ മധ്യവേനലവധിക്കാലം. അങ്കമാലിക്കടുത്ത് കറുകുറ്റിയിൽ കവി കെ പി ജിയുടെ തറവാട്ടിൽ യോഗക്ഷേമസഭയുടെ സമ്മേളനങ്ങളും കലാപരിപാടികളും നടക്കുന്നു. ഇ എം എസ്, വി ടി, എം ആർ ബി, പ്രേംജി, അക്കിത്തം, ഒളപ്പമണ്ണ, ഐ സി പി നമ്പൂതിരി, പരിയാനംപറ്റ, ആര്യാപള്ളം മുതലായവർ പങ്കെടുക്കുന്ന സമ്മേളനവും അന്തർജനങ്ങൾ അഭിനയിക്കുന്ന നാടകവും. ഇവരെയൊക്കെ നേരിൽ കാണാൻ പുറപ്പെട്ടു. വലിയ ഒരു യാത്രയുടെ തുടക്കമായിരുന്നു അത്‌.  ‘അടുക്കളയിൽനിന്നും അരങ്ങത്തേ‌ക്ക്,‌’ ‘മറക്കുടയ്‌ക്കുള്ളിലെ മഹാനരകം’ എന്നിവ കണ്ടു.  തിരിച്ചെത്തി ദിവസങ്ങൾ പിന്നിട്ടിടും എസ്‌ പിക്ക്‌ ആവേശം കെട്ടടങ്ങുന്നില്ല. നമ്പൂതിരി സമുദായത്തിൽ ആസന്നമായ മാറ്റത്തെപ്പറ്റി ലേഖനമെഴുതി ജയകേരളത്തിന്‌ അയച്ചു.  ആ ലേഖനം‌ പിന്നീടുള്ള രചനകൾക്ക്‌ പ്രേരണയായി.
 

ഉദ്ധരണികളുടെ നിഘണ്ടു

 
യൂറോപ്യൻ പര്യടന വേളയിൽ ഓക്‌സ്‌ഫഡ്‌ സന്ദർശിച്ചു. അവിടെ ഡിക്ഷ്‌ണറി ഓഫ് ക്വട്ടേഷൻസ് എന്ന പുസ്‌തകം കാണാനിടയായി. ഓരോ വിഷയത്തെക്കുറിച്ച്   മഹാന്മാരുടെ നിരീക്ഷണങ്ങളും അഭിപ്രായങ്ങളും ശേഖരിച്ച് അക്ഷരമാല ക്രമത്തിൽ രേഖപ്പെടുത്തിയ റഫറൻസ്‌ ഗ്രന്ഥം.  മലയാളത്തിൽ അങ്ങനെയൊരു പുസ്‌തകമില്ല. അതിനുവേണ്ടിയുള്ള ശ്രമങ്ങളിൽ വ്യാപൃതനാണ്‌. 15,500 ഉദ്ധരണി സമാഹരിച്ചു കഴിഞ്ഞു. ഇരുപതിനായിരമാണ്‌ ലക്ഷ്യം.
 

നവോത്ഥാന മ്യൂസിയം

 
യൂറോപ്യൻ പര്യടനമാണ്‌ നവോത്ഥാന മ്യൂസിയം എന്ന ആശയം മനസ്സിലേറ്റിയത്‌. മറ്റു രാജ്യങ്ങളിലേതുപോലെ നവോത്ഥാന സന്ദേശം തലമുറകൾക്ക്‌ പകരാൻ കേരളത്തിലും നവോത്ഥാന മ്യൂസിയം സ്ഥാപിക്കണമെന്ന ആശയം മുഖ്യമന്ത്രി പിണറായി വിജയനുമുന്നിൽ വച്ചത്‌ എസ്‌ പിയാണ്‌. ശബരിമലയുടെ ബുദ്ധമത പശ്ചാത്തലം തകർക്കാനുള്ള സംഘടിത ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്ന വർത്തമാനകാല സാഹചര്യങ്ങളിൽ ഈ നിർദേശത്തിനു സവിശേഷ പ്രാധാന്യമുണ്ട്. നിർദേശം മുഖ്യമന്ത്രി സ്വാഗതംചെയ്‌തു,  മന്ത്രിസഭായോഗം അംഗീകരിച്ചു. 
 

ജോസഫ്‌ തെള്ളിയും നവലോകവും

 
കമ്യൂണിസ്റ്റ്‌ പാർടിയും ദേശാഭിമാനിയും നിരോധിച്ച കാലത്ത്‌ പകരം പത്രം തുടങ്ങാൻ പാർടി തീരുമാനിച്ചു. 1950–-51 കാലമാണ്‌. പ്രസ്‌ മേടിക്കാൻ പണമില്ല. മീനച്ചിൽ താലൂക്കിൽ പൂഞ്ഞാറിൽ ജോസഫ്‌ തെള്ളി എന്ന പ്ലാന്ററുണ്ട്‌. പാർടി അനുഭാവി‌. അദ്ദേഹത്തെ കണ്ടാൽ കാശ്‌ കിട്ടും എന്നൊരു അറിവുകിട്ടി. എസ്‌ പിയും ചില സുഹൃത്തുക്കളും തെള്ളിയുമായി ബന്ധപ്പെട്ടു. പാലായിൽ തെള്ളി എത്തി. അന്നവിടെ പാർടി ഓഫീസില്ല. മീനച്ചിലാറ്റിൽ ചെത്തിമറ്റം കടവിലെ മണൽത്തിട്ടയിൽ ഇരുന്നാണ്‌ ചർച്ച. ‘ദേശാഭിമാനി നിരോധിച്ചിരിക്കയാണ്‌. പാർടിക്ക്‌ ഇപ്പോൾ പത്രമില്ല. പന്തളം പി ആർ മാധവൻപിള്ള പത്രാധിപരായി പത്രം തുടങ്ങുകയാണ്‌.  15,000 രൂപയുടെ ആവശ്യമുണ്ട്’–- തെള്ളി  സശ്രദ്ധം കേട്ടശേഷം പറഞ്ഞു: ‘‘പണമെത്രവേണേലും തരാം. എന്നാലൊരു നിബന്ധന‌. ഇ എം എസിനെ നേരിൽ കാണാൻ അവസരം ഉണ്ടാക്കിത്തരണം.’’ ഇ എം എസ്‌ കോട്ടയത്ത്‌ വരുമ്പോൾ പൂഞ്ഞാറിൽ എത്തിക്കാമെന്ന്‌ ഉറപ്പുകൊടുത്തു. അതുവേണ്ട, സഖാവ്‌‌ വരുന്നിടത്ത്‌ താൻ എത്തിക്കൊള്ളാമെന്നു തെള്ളി. ആ 15,000 രൂപ കൊണ്ടാണ്‌ ‘നവലോകം’ തുടങ്ങുന്നത്‌.  അധികം വൈകാതെ ഇ എം എസ്‌ കോട്ടയത്തുവന്നപ്പോൾ ജോസഫ്‌ തെള്ളിയെ പൂഞ്ഞാറിലെ വീട്ടിൽപോയി കണ്ടു.  നായനാർക്കും വി എസ്സിനും ഒളിത്താവളം ഒരുക്കിയിട്ടുണ്ട്‌ ജോസഫ്‌ തെള്ളി‌. എറണാകുളത്തുനിന്ന്‌ ആരംഭിച്ച നവലോകത്തിൽ പത്രാധിപസമിതി അംഗമായിരുന്നു എസ്‌ പി. ചെറുകാട്‌, എം ആർ ബി, എം എം ലോറൻസ്, ഡി എം പൊറ്റക്കാട്‌, എൻ വി എസ്‌ വാര്യർ‌ എന്നിവർക്കൊപ്പമായിരുന്നു പ്രവർത്തനം. ശ്രീധരി ആയുർവേദ സ്ഥാപനങ്ങളുടെ ചുമതല ഏൽക്കേണ്ടിവന്നപ്പോൾ മാധ്യമപ്രവർത്തനം അവസാനിപ്പിച്ച്‌ കുറിച്ചിത്താനത്തേക്കു തിരിച്ചുപോന്നു.
 

മംഗളോദയം വീണ്ടും

 
മുണ്ടശ്ശേരി നടത്തിയിരുന്ന മംഗളോദയത്തെ ഇം  എം എസ്‌ വിശേഷിപ്പിച്ചത്‌ മലയാളത്തിന്റെ മംഗളധ്വനി എന്നാണ്‌. നിന്നുപോയ ഈ പ്രസിദ്ധീകരണത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലാണ്‌ എസ്‌ പിയും പാലാ കിടങ്ങൂർ മേനോൻവീട്ടിൽ ജയ്‌സൺ സക്കറിയയും.
 

ഐക്കര ലോഡ്‌ജ്‌

 
എസ്‌ പി തിരുവനന്തപുരം എം ജി കോളേജിൽ പഠിക്കുന്ന കാലത്ത്‌ മലബാറിൽനിന്നുള്ള കുറെ നേതാക്കൾ തിരുവനന്തപുരത്ത്‌ ഒളിവിൽ താമസിച്ചു‌. ചില ദിവസങ്ങളിൽ ഇ എം എസിന്‌‌ താമസസൗകര്യം ഒരുക്കിയത്‌ ഹൗസിങ്‌ ബോഡിനടുത്തുള്ള ഐക്കര ലോഡ്‌ജിലായിരുന്നു. ലളിതാംബിക അന്തർജനത്തിന്റെ സഹോദരനും കോൺഗ്രസ്‌ എംഎൽഎയുമായിരുന്ന ഡി കൃഷ്‌ണൻ പോറ്റി നടത്തുന്ന ലോഡ്‌ജ്‌.  അന്ന്‌ കുടുംബത്തിൽപ്പെട്ടവർ തലസ്ഥാനത്ത്‌ വരുമ്പോഴും കുടുംബത്തിലെ കുട്ടികൾക്ക്‌ തലസ്ഥാനത്ത്‌ താമസിച്ചു പഠിക്കാനും ആരംഭിച്ചതാണ്‌ ഈ ലോഡ്‌ജ്‌. അങ്ങനെയാണ്‌ എസ്‌ പി അവിടെ താമസിക്കാനെത്തിയത്‌. എംഎൽഎയുടെ ലോഡ്‌ജ്‌ ആയിരുന്നതിനാൽ പൊലീസ്‌ ശ്രദ്ധിക്കില്ല‌. നേതാക്കളുടെ സന്ദേശവാഹകനായിരുന്നു എസ്‌ പി.  പവർഹൗസ്‌ റോഡിൽ കുട്ടികളുടെ പാർക്കുണ്ട്‌.  നേതാക്കൾ അവിടെ വരും. ഡി എം പൊറ്റക്കാട്‌ എന്റെ കൈയിൽ ചില കടലാസുകൾ തന്നയക്കും. പാർക്കിലെത്തി അവ‌ കൈമാറും. അവർ തരുന്നത്‌ വാങ്ങി പൊറ്റക്കാടിന്‌ എത്തിക്കും.
 

വിമോചനസമരത്തിനെതിരെ

 
1957ലെ ഇ എം എസ്‌ സർക്കാരിന്റെ  വിദ്യാഭ്യാസബില്ലിൽ പ്രതിഷേധിച്ച് സ്വകാര്യ സ്‌കൂളുകൾ  അടച്ചിടാൻ മാനേജ്‌മെന്റുകൾ തീരുമാനിച്ചു. തിരു–-കൊച്ചി മേഖലയിൽ തുറന്നുപ്രവർത്തിച്ച ഏക സ്വകാര്യ സ്‌കൂളായിരുന്നു കുറിച്ചിത്താനം ഹൈസ്‌കൂൾ. സ്‌കൂൾ നടത്തിപ്പുകാരായ എഡ്യൂക്കേഷൻ സൊസൈറ്റിയുടെ പ്രസിഡന്റ് എസ്‌ പി. സർക്കാരിന്റെ വിദ്യാഭ്യാസനയം വിശദീകരിച്ച്‌ ഹൈസ്‌കൂളിൽ യോഗം ചേർന്നത്‌ പല പ്രമാണിമാർക്കും രസിച്ചില്ല.
 
1959ൽ ഇ എം എസ്‌ സർക്കാരിനെ പിരിച്ചുവിട്ടു.  പള്ളിയിൽ കൂട്ടമണി മുഴങ്ങിയപ്പോൾതന്നെ പന്തികേട് തോന്നി.  മുദ്രാവാക്യത്തിന്റെ ആരവം കേൾക്കാം.  വൈദ്യശാലയ്‌ക്കു മുന്നിൽ അക്രമിസംഘം മുദ്രാവാക്യംവിളിച്ചു. ‘എസ്‌ പി നമ്പൂരീ എമ്പോക്കീ നിന്നെപ്പിന്നെ കണ്ടോളാം.
 
ശബരിമല വിധിവന്നപ്പോഴും  അനുഭവം ആവർത്തിച്ചു.  സംഘപരിവാറുകാർ  പ്രകടനം നടത്തി മുദ്രാവാക്യം വിളിച്ചു,  ‘കക്ഷിചേർന്നൊരു നമ്പൂരീ, എസ്‌ പീ നിന്നുടെ കൈ വെട്ടും’.
 

ശബരിമലക്കേസിലെ  കക്ഷി

 
ശബരിമലയിൽ സ്‌ത്രീപ്രവേശനം ആവശ്യപ്പെട്ട്‌ സുപ്രിംകോടതിയിൽ ഹർജി നൽകിയ യങ്‌ ലോയേഴ്‌സ്‌ അസോസിയേഷന്റെ വക്കീൽ വിൽസ്‌ മാത്യുവിന്‌  ‘മഹാക്ഷേത്രങ്ങളിലൂടെ’ എന്ന പുസ്‌തകം നേരത്തെ കൈമാറിയിരുന്നു. ശബരിമലയുടെ ബുദ്ധമത പശ്ചാത്തലമടക്കം വിവരിച്ച പുസ്‌തകമാണത്‌.  സുപ്രിംകോടതി കേസ്‌ പരിഗണിക്കവെ, പുസ്‌തകത്തിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നോ എന്ന്‌ വിൽസ്‌ വിളിച്ചുചോദിച്ചു. ഉറപ്പായും എന്നു മറുപടി. കേസിൽ വ്യക്തിയെന്ന നിലയിൽ കക്ഷി ചേർന്നത്‌ അങ്ങനെയാണ്‌.
 

കുടുംബം

 
ആയുർവേദ ആചാര്യന്മാരിലൊരാളും കവിയുമായ വൈദ്യമഠം ശ്രീധരൻ നമ്പൂതിരിയാണ്‌ പിതാവ്‌. ‘അംബികാഷ്‌ടപ്രാസം’, ‘ചിന്താലഹരി’ തുടങ്ങിയ  പുസ്‌തകങ്ങളുടെ രചയിതാവാണ്‌. അമ്മ തലയാറ്റുംപള്ളി ഇല്ലത്ത്‌ നങ്ങേലി അന്തർജനം. സ്വാതന്ത്ര്യസമര സേനാനിയും സാമൂഹ്യപരിഷ്‌കർത്താവുമായ മോഴികുന്നത്ത്‌ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിന്റെ മകൾ ശാന്തയാണ് ഭാര്യ. രണ്ടു പെൺമക്കളാണ്‌ എസ്‌ പിക്ക്‌. ഡോ. മഞ്ജരിയും ഡോ. ശൈലിയും. ആയുർവേദ ഡോക്‌ടർമാരാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top