സേതുരാമയ്യരെന്നുകേട്ടാൽ മലയാളികളുടെ മനസ്സിലെത്തുക മമ്മൂട്ടിയും സിബിഐ വേഷങ്ങളുമാകും. അത്രയും ആഴത്തിലാണ് ആ കഥാപാത്രത്തെ എസ് എൻ സ്വാമി മലയാള സിനിമയിൽ നട്ടത്. നാല് പതിറ്റാണ്ടിന്റെ സിനിമാജീവിതത്തിൽ ഇരുപതാം നൂറ്റാണ്ട്, നാടുവാഴികൾ, കളിക്കളം, ധ്രുവം, സൈന്യം... അദ്ദേഹം മലയാളത്തിന് സമ്മാനിച്ച സൂപ്പർ ഹിറ്റുകൾ നിരവധിയാണ്. ക്രൈം ത്രില്ലറുകളുടെ ബ്രാൻഡ് അംബാസഡറായ തിരക്കഥാകൃത്ത് എസ് എൻ സ്വാമി എഴുപത്തി രണ്ടാം വയസ്സിൽ സംവിധായകനായി അരങ്ങേറി. വെള്ളിയാഴ്ച തിയറ്ററിലെത്തിയ "സീക്രട്ടി'ലൂടെയായിരുന്നു സ്വാമിയുടെ കരിയർ ട്വിസ്റ്റ്. എസ് എൻ സ്വാമി സംസാരിക്കുന്നു.
സീക്രട്ട്
എന്നും പുതുമയായിരുന്നു ഇഷ്ടം. അതിനായി കാത്തിരിക്കുന്നയാളാണ് ഞാൻ. വിഷയം ഏതാണെങ്കിലും അതെഴുതാൻ ഉള്ളിലൊരു ഉത്സാഹം വേണം. ആ ഉത്സാഹത്തോടെ ചെയ്ത ചിത്രമാണ് "സീക്രട്ട്'. ഒരു മോട്ടിവേഷണൽ ഡ്രാമയാണെന്ന് പറയാം. ഏതെങ്കിലുമൊരു കാര്യത്തെക്കുറിച്ച് നമ്മൾ ചിന്തിച്ചെന്നിരിക്കട്ടെ, പലപ്പോഴും അതുമായി ബന്ധപ്പെട്ട എന്തെങ്കിലും കാണുകയോ കേൾക്കുകയോ അനുഭവിക്കുകയോ ചെയ്യാറുണ്ട്. വെളിപാട്, കിസ്മത്ത് എന്നിങ്ങനെ പലരും ഇതിനെ പല പേരിട്ടു വിളിക്കുന്നു. ഇത്തരം അനുഭവങ്ങൾ ശാസ്ത്രമാണെന്ന് പറയുന്നവരുമുണ്ട്. ഇതെല്ലാം സാധാരണക്കാരന്റെ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനമാണ് "സീക്രട്ട്' പറയുന്നത്.
‘പുതുമുഖം’
സംവിധാനം എന്നെ സംബന്ധിച്ച് ഒരിക്കലും വെല്ലുവിളി അല്ല. എഴുതുന്ന രംഗങ്ങളെല്ലാം ഭാവനയിൽ കണ്ടു പോകുന്നതാണ് ശീലം. രംഗത്തിന്റെ ദൃശ്യം എഴുത്തുകാരന്റെ മനസ്സിൽ ഇല്ലെങ്കിൽ എഴുത്ത് പൂർണമാകില്ല. നല്ല സംവിധായകൻ നല്ല എഴുത്തുകാരനുമാകും. അന്യഭാഷകളിലെല്ലാം മിക്കവാറും തിരക്കഥാകൃത്തും സംവിധായകനും ഒരാളായിരിക്കും. മലയാളത്തിൽ അടുത്ത കാലത്താണ് അത് മാറിവന്നത്. "സീക്രട്ട്', സംവിധായകനാകാൻ എഴുതിയ കഥയല്ല. കഥ പൂർത്തിയായപ്പോൾ മറ്റൊരാളുടെ സംവിധാനത്തിനേക്കാളും ഞാൻതന്നെ ചെയ്യുന്നതാകും നന്നാകുകയെന്ന് തോന്നി. സംവിധായകനാകുകയെന്നത് പ്രയാസമുള്ള കാര്യമല്ലായിരുന്നു. സീക്രട്ടിന് കഥയെഴുതിയപ്പോഴാണ് അത് തോന്നിയതെന്നുമാത്രം.
യുവതാരനിര
യുവാക്കൾക്കുവേണ്ടി എഴുതിയതല്ല. മറിച്ച്, ഈ കഥയ്ക്ക് യുവാക്കളെയായിരുന്നു ആവശ്യം. കഥാപാത്രങ്ങളെ ഓർത്തപ്പോൾത്തന്നെ ധ്യാൻ ശ്രീനിവാസൻ അടക്കമുള്ളവരുടെ മുഖങ്ങളാണ് മനസ്സിലേക്കെത്തിയത്. അപർണ ദാസ്, ജേക്കബ് ഗ്രിഗറി തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിൽ. രഞ്ജിത്ത്, രഞ്ജി പണിക്കർ, സുരേഷ് കുമാർ, ജയകൃഷ്ണൻ തുടങ്ങി ഒട്ടേറെ മുതിർന്ന താരങ്ങളുമുണ്ട്. അസോസിയറ്റ് ഡയറക്ടറായി മകൻ ശിവറാം സദാസമയം കൂടെയുണ്ടായിരുന്നു. പ്രേക്ഷകരെ ആകർഷിക്കുന്ന പുതിയ വിഷയമാണ് ചിത്രത്തിന്റെ പ്രത്യേകത.
ക്രൈം ത്രില്ലർ കിങ്
കുറ്റാന്വേഷണ കഥകൾ മാത്രമല്ല എഴുതിയത്. കൂടുതൽ ശ്രദ്ധ നേടിയത് അവയാണെന്നേയുള്ളൂ. തുടക്കത്തിൽ എഴുതിയതിൽ കൂടുതലും കണ്ണീർ കഥകളായിരുന്നു. എന്റെ കഥയാണെന്ന് അറിഞ്ഞപ്പോൾ എത്ര കുപ്പി ഗ്ലിസറിൻ കരുതേണ്ടി വരുമെന്ന് നടി മേനക ചോദിച്ചതോർക്കുമ്പോൾ ഇന്നും ചിരി വരും. എന്നാൽ, പ്രേക്ഷക മനസ്സിൽ പതിഞ്ഞത് ക്രൈം ത്രില്ലറുകളാണ്. ഒരു ഫോർമുല വിജയിച്ചാൽ അത് ആവർത്തിക്കുകയെന്നതായിരുന്നു അന്നത്തെ പൊതുതാൽപ്പര്യം. അതാണ് തുടർക്കഥകളുണ്ടായത്.
സിബിഐ 6?
സിബിഐ 6 ചെയ്യുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടേയില്ല. ഇതുവരെ അവതരിപ്പിക്കാത്ത ആശയമുണ്ടെങ്കിലേ ആ പരമ്പരയിലൊരു എഴുത്ത് ഇനി ഉണ്ടാകുകയുള്ളൂ. ഏത് വിഷയമായാലും ശ്രദ്ധിച്ചില്ലെങ്കിൽ പാളിപ്പോകും. പ്രേക്ഷകർക്ക് സ്പൂൺ ഫീഡിങ്ങിന്റെ ആവശ്യമില്ല. റീൽസ് കണ്ടുവളരുന്ന കുട്ടികളുടെ കാലമാണിത്. "സിബിഐ 5'ന് സ്വീകാര്യത കുറഞ്ഞതും അവിടെയാണ്. ഒരളവിൽ കൂടുതൽ ഹൈപ്പ് നൽകുന്നതും പലപ്പോഴും സിനിമയുടെ വിജയപരാജയത്തെ ബാധിക്കാറുണ്ട്. എന്നാൽ, മൗത്ത് പബ്ലിസിറ്റി അനിവാര്യ ഘടകമാണുതാനും. അഭിപ്രായം പറയാനും വിമർശിക്കാനും പ്രേക്ഷകർക്ക് അവകാശമുണ്ട്.
മാറിയ പൾസ്
സിനിമാസ്വാദകരുടെ പൾസ് ഏറെ മാറി. വ്യക്തവും വ്യത്യസ്തവുമായ അവതരണമാണ് അവർക്കാവശ്യം. പറഞ്ഞവ ആവർത്തിക്കേണ്ടതില്ല. ലാഗ് തോന്നുന്ന ഒരു ശതമാനംപോലും സിനിമയിലുണ്ടാകരുത്. പ്രേക്ഷകരുടെ ക്രിട്ടിസിസം നിയന്ത്രിക്കാൻ അവകാശമില്ല. പുതുമ കണ്ടെത്താൻ ശ്രമിക്കലാണ് ഇതിനുള്ള പരിഹാരം. ശ്രദ്ധിക്കപ്പെടാതെ പോയ ഒട്ടേറെ കാമ്പുള്ള ചിത്രങ്ങളുമുണ്ട്; ചിലവ ബിഗ് സ്ക്രീനിലേക്കായി ഒരുക്കുന്നതാണ്. അവയ്ക്ക് അതേ സ്വീകാര്യത ഒടിടിയിൽ കിട്ടിയെന്നു വരില്ല. പിന്നെ, സിനിമ ഫിക്‌ഷനാണ്. അതിന് യാഥാർഥ്യവുമായി ബന്ധമുണ്ടാകണമെന്നില്ല. ആശയത്തിലെ ലോജിക് അല്ല, സിനിമാറ്റിക് ലോജിക് ആണ് പുതിയ തലമുറ നിരീക്ഷിക്കുന്നതും വിലയിരുത്തുന്നതും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..