25 September Sunday

വിദേശമണ്ണിൽ ത്രിവർണ പതാക 
ഉയർത്തിയ മാഡം കാമ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 2, 2022

സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം ഇന്ത്യക്കകത്തുമാത്രം ഒതുങ്ങുന്നതായിരുന്നില്ല. ലോകമെമ്പാടുമുള്ള ഇന്ത്യൻ പ്രവർത്തകരും വിപ്ലവകാരികളും സമരം ഏറ്റെടുത്തു. യൂറോപ്പിൽ ഇന്ത്യയുടെ സ്വാതന്ത്ര്യ മുദ്രാവാക്യം മുഴക്കിയവരിൽ ഒരാളായിരുന്നു ഭിക്കാജി എന്ന മാഡം കാമ. ഇന്ത്യൻ വിപ്ലവത്തിന്റെ മാതാവ് എന്നറിയപ്പെട്ട മാഡം കാമ സ്ത്രീകളുടെ അവകാശപ്പോരാളിയും സോഷ്യലിസ്റ്റുമായിരുന്നു. തന്റെ പ്രവർത്തനങ്ങളിൽ എതിർപ്പുയർത്തിയ ഭർത്താവ്‌ റുസ്‌തം കാമയെയും കുടുംബത്തെയും ഉപേക്ഷിച്ചാണ്‌ സമരത്തിന്റെ ഭാഗമായത്‌. ‘എന്റെ മുഴുവൻ സമയവും ഊർജവും രാജ്യത്തിന്റെ പോരാട്ടത്തിനായി സമർപ്പിക്കുന്നു’ 1912ൽ മാക്സിം ഗോർക്കിക്ക്‌ എഴുതിയ കത്തിൽ കാമ പറഞ്ഞു.

1861 സെപ്തംബർ 24 ബോംബെയിലെ സമ്പന്ന പാഴ്‌സി കുടുംബത്തിൽ ജനിച്ച ഭിക്കാജി 1885ൽ റുസ്‌തം കാമയെ കല്യാണം കഴിച്ചു. അതിനുശേഷമാണ്‌ മാഡം കാമ എന്ന്‌ അറിയപ്പെട്ടത്‌. ബോംബെയിൽ കടുത്ത ക്ഷാമവും പ്ലേ​ഗ് ബാധയും ഉണ്ടായപ്പോൾ സന്നദ്ധപ്രവർത്തനത്തിന് രംഗത്തിറങ്ങി.
പ്ലേ​ഗ് ബാധിച്ച്‌ ചികിത്സാർഥം ലണ്ടനിൽ കഴിയവെയാണ്‌ ദാദാഭായ് നവറോജിയെ പരിചയപ്പെടുന്നത്‌. നവറോജിയുടെ പ്രൈവറ്റ്‌ സെക്രട്ടറിയായി. ലണ്ടനിൽ നടത്തിയ പ്രവർത്തനങ്ങളെത്തുടർന്ന്‌ അവർ ഇന്ത്യയിൽ പ്രവേശിക്കുന്നത്‌ ബ്രിട്ടീഷ് സർക്കാർ വിലക്കി. അതോടെ പാരീസിലേക്ക് ചേക്കേറിയ മാഡം കാമ ഇന്ത്യൻ സൊസൈറ്റി രൂപീകരിച്ച് പ്രവർത്തിച്ചു. നവറോജി, ശ്യാംജി കൃഷ്ണ വർമ എന്നിവർക്കൊപ്പം 1905ൽ ഇന്ത്യൻ ഹോംറൂൾ പ്രസ്ഥാനത്തിനു തുടക്കമിട്ടു. 1909-ൽ ബന്ദേ മാതരം, തൽവാർ എന്നീ പ്രസിദ്ധീകരണങ്ങൾ പാരീസിൽ തുടങ്ങി.ജർമനിയിലെ സ്റ്റൂറ്റ്ഗാർട്ടിൽ 1907ൽ ചേർന്ന അന്താരാഷ്‌ട്ര സോഷ്യലിസ്റ്റ് സമ്മേളനത്തിൽ ഇന്ത്യൻ ത്രിവർണ പതാക ഉയർത്തി ചരിത്രം സൃഷ്ടിച്ചു. വിദേശമണ്ണിൽ ആദ്യമായി ഉയർന്ന ഇന്ത്യൻ പതാകയായിരുന്നു അത്‌. മാഡം കാമയെ വിചാരണയ്ക്കായി വിട്ടുതരണമെന്ന ബ്രിട്ടന്റെ ആവശ്യം ഫ്രാൻസ് നിരാകരിച്ചു. അതോടെ ബോംബെയിലെ അവരുടെ സ്വത്ത് ബ്രിട്ടീഷ് സർക്കാർ കണ്ടുകെട്ടി. അക്കാലത്ത് സോവിയറ്റ്‌ യൂണിയനിൽ താമസിക്കാൻ മാഡം കാമയെ ലെനിൻ ക്ഷണിച്ചു. ഒന്നാം ലോകയുദ്ധകാലത്ത് ബ്രിട്ടനും ഫ്രാൻസും സഖ്യകക്ഷികളായപ്പോൾ 1914ൽ കാമയെ ഫ്രഞ്ച് സർക്കാർ അറസ്റ്റ് ചെയ്തു നാട് കടത്തി. ഏറെക്കാലം പല രാജ്യങ്ങളിൽ കഴിഞ്ഞ അവർ ഗുരുതര രോഗബാധിതയായശേഷം 1935 നവംബറിൽ ഇന്ത്യയിലേക്ക്‌ മടങ്ങി. 1936 ആഗസ്‌ത്‌ 13ന്‌ അന്തരിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top