18 May Tuesday

ഇവരുടെ പേരും അഭിമന്യു

വെബ് ഡെസ്‌ക്‌Updated: Sunday Apr 18, 2021


ശാഖയിൽ പോയില്ല; അനന്തുവിനെ 
ഇല്ലാതാക്കി‌
ആർഎസ്‌എസ്‌ ശാഖയിൽ പോകുന്നത്‌ നിർത്തിയതിനാലാണ്‌ ചേർത്തല പട്ടണക്കാട്ടെ പ്ലസ്‌ടു വിദ്യാർഥി അനന്തുവിനെ ആർഎസ്‌എസുകാർ  തല്ലിക്കൊന്നത്‌. 2017 ഏപ്രിൽ അഞ്ചിനാണ്‌‌‌ ആർഎസ്എ‌സ്‌ ശാരീരിക്‌ ശിക്ഷക്‌ പ്രമുഖ്‌ ഉൾപ്പെട്ട സംഘം അനന്തുവിനെ കൊന്നത്‌. പട്ടണക്കാട്‌ കളപ്പുരയ്‌ക്കൽ നികർത്തിൽ അശോകൻ–- നിർമല ദമ്പതികളുടെ ഏകമകനും വയലാർ രാമവർമ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിയുമായിരുന്നു. പരീക്ഷാഫലം കാത്തിരിക്കവെയാണ്‌ വയലാർ നീലിമംഗലത്ത്‌ ആർഎസ്‌എസ്‌ താവളത്തിലേക്ക്‌ വിളിച്ചുവരുത്തി അടിച്ചും ചവിട്ടിയും കൊന്നത്‌. 17 പ്രതികൾ ഉൾപ്പെട്ട കേസ്‌ വിചാരണയിലാണ്‌.

ഫഹദ്‌ (8); മൂന്നാം ക്ലാസ്‌
വർഗീയ പ്രഭാഷണങ്ങൾ നിരന്തരം കേട്ട്‌ അന്യമത വിരോധിയായ ആർഎസ്‌എസുകാരൻ വെട്ടിനുറുക്കിയത്‌ കാഞ്ഞങ്ങാട്‌ ഇരിയയിലെ എട്ടു വയസ്സുകാരനെ. അവന്റെ പേര്‌: മുഹമ്മദ്‌ ഫഹദ്‌. കല്യോട്ട്‌ ഗവ. ഹൈസ്‌കൂളിൽ മൂന്നാംക്ലാസ്‌ വിദ്യാർഥി.

2015 ജൂലൈ‌ ഒമ്പതിന്‌ പെരിയക്കടുത്ത ഇരിയ ചാന്തമുള്ളിലാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്‌. ഫഹദിന്റെ ഉപ്പ കണ്ണോത്തെ അബ്ബാസിന്‌ ഇപ്പോഴും അതോർക്കുമ്പോൾ തേങ്ങൽ ഉള്ളിൽനിന്ന് ഉയരും. ചേച്ചി ഷഹ്‌ല്‌ക്കൊപ്പം സ്‌കൂളിലേക്ക്‌ നടന്നുവന്ന ഫഹദിനെ പിന്തുടർന്നെത്തി ചങ്കരിഞ്ഞ്‌ തള്ളിയത്‌ അയൽവാസിയായ ‌ആർഎസ്‌എസുകാരനായ വിജയകുമാർ. കാലിന്‌ സ്വാധീനക്കുറവുള്ള ഫഹദിന്‌ പിന്തിരിഞ്ഞോടാൻ പോലും പറ്റിയില്ല.

ആർഎസ്‌എസ്‌ ക്ലാസുകളിൽ പങ്കെടുത്തിരുന്ന വിജയൻ ഹിന്ദു ഐക്യവേദി നേതാവ്‌ ശശികലയുടെ ആരാധകനായിരുന്നു. അന്ധമായ മുസ്ലിം വിരോധം പ്രകടിപ്പിക്കുന്ന ശശികലയുടെയും മറ്റും പ്രസംഗങ്ങൾ മൊബൈലിൽ കേൾക്കുന്നത്‌ വലിയ ഹരമായിരുന്നു‌ അയാൾക്ക്‌. ജീവപര്യന്തം തടവിന്‌ ശിക്ഷിച്ച വിജയകുമാർ കണ്ണൂർ സെൻട്രൽ ജയിലിലാണ്‌. 

അജയ്‌ (20); 
ബിരുദവിദ്യാർഥി
ചെമ്പഴന്തി എസ്‌എൻ കോളേജിലെ എസ്‌എഫ്‌ഐ നേതാവായിരുന്ന അജയിനെ 1997 സെപ്‌തംബർ മൂന്നിനാണ്‌ ആർഎസ്എസ് ക്രിമിനൽ സംഘം കൊലപ്പെടുത്തിയത്. കോളേജിലേക്കുള്ള യാത്രാമധ്യേ കെഎസ്ആർടിസി ബസ് തടഞ്ഞ് വിദ്യാർഥികൾക്കിടയിൽനിന്ന് പിടിച്ചിറക്കി മഴുകൊണ്ട്‌ കഴുത്ത് വെട്ടിനുറുക്കിയാണ്  അജയിനെ കൊന്നത്. കൊലപ്പെടുത്തുക എന്നതിനപ്പുറം അതുവഴി സമൂഹത്തിൽ ഭീതിയുണ്ടാക്കണമെന്ന ലക്ഷ്യത്തോടെയുള്ള ആക്രമണം.

വേലായുധൻ (15); പത്താം ക്ലാസ്‌‌
ആർഎസ്‌എസ്‌ കൊലക്കത്തിക്കിരയായി തളർന്ന ശരീരവും പതറാത്ത മനസ്സുമായി വേലായുധൻ മരണത്തോട്‌ പൊരുതിയത്‌ 16 മാസം.  കൊടുവായൂർ ഹൈസ്‌കൂളിൽ വേരുറപ്പിക്കാൻ എസ്എഫ്‌ഐ യൂണിറ്റ്‌ സെക്രട്ടറി വേലായുധനെ കുത്തിവീഴ്‌ത്തിയ ആർഎസ്‌എസിന്‌ സ്ഥാനം ഇന്നും ആ സ്‌കൂൾമതിൽക്കെട്ടിനു‌ പുറത്താണ്‌. 

നാലരപ്പതിറ്റാണ്ടുമുമ്പാണ്‌ പാലക്കാട്‌ കൊടുവായൂർ ഹൈസ്‌കൂളിലെ പത്താംക്ലാസ്‌ വിദ്യാർഥിയായിരുന്ന വേലായുധനെ ആർഎസ്‌എസുകാർ കുത്തിക്കൊലപ്പെടുത്തിയത്‌. കൊടുവായൂർ മൂത്താന്തറയിൽനിന്ന്‌ സ്‌കൂൾവിദ്യാർഥികളായ എസ്‌എഫ്‌ഐ പ്രവർത്തകരെ സ്ഥിരമായി ആക്രമിക്കാനെത്തുന്ന ആർഎസ്‌എസുകാർ 1974 മാർച്ച്‌ മൂന്നിനുമെത്തി. എസ്‌എഫ്‌ഐ യൂണിറ്റ്‌ സെക്രട്ടറിയായിരുന്ന വേലായുധനെയും സഹപാഠി അലാവുദ്ദീനെയും അവർ തടഞ്ഞുനിർത്തി കുത്തി.നട്ടെല്ലിന്‌ മുറിവേറ്റ വേലായുധൻ 16 മാസം കിടപ്പിലായി. 1976 ഡിസംബർ 19ന്‌ രക്തസാക്ഷിയായി. 

മറക്കാനാകുമോ; 
ശ്രീകുമാർ, 
അജയപ്രസാദ്‌
എസ്എൻ കോളേജിൽ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ്‌ ശ്രീകുമാറും എസ്‌എഫ്‌ഐ കരുനാഗപ്പള്ളി ഏരിയ ജോയിന്റ്‌ സെക്രട്ടറി അജയപ്രസാദും പിടഞ്ഞുവീണത്‌ ആർഎസ്‌എസ്‌ കൊലക്കത്തിയിൽ. എസ്‌എൻ കോളേജ്‌ ക്യാമ്പസിൽ എബിവിപിക്കാരും പുറത്തുനിന്നെത്തിയ ആർഎസ്‌എസുകാരും ചേർന്നാണ്‌ ശ്രീകുമാറിനെ 1982 ജനുവരി നാലിന് കൊലപ്പെടുത്തിയത്‌‌.

കോളേജിനു പുറത്തുനിന്ന് പൊലീസിന്റെ മുന്നിലൂടെ പ്രകടനമായിവന്ന ആയുധധാരികളായ ആർഎസ്എസുകാരും കോളേജിലെ എബിവിപിക്കാരും ചേർന്ന്‌ നടത്തിയ ആക്രമണത്തിലാണ്‌  ശ്രീകുമാർ കൊല്ലപ്പെട്ടത്‌.   2007 ജൂലൈ 20നാണ്‌ അജയ‌പ്രസാദിനെ അരുംകൊല ചെയ്‌തത്‌. ക്ലാപ്പന സ്കൂളിൽ വിദ്യാർഥികളെ കായികമായി ആക്രമിക്കുന്ന ആർഎസ്എസിനും എബിവിപിക്കുമെതിരെ ശബ്ദിക്കാനും വിദ്യാർഥികളെ സംരക്ഷിക്കാനും അജയ‌പ്രസാദ്‌ മുന്നിൽനിന്നു.
ഇതിന്റെ പേരിലാണ്‌ ആർഎസ്‌എസുകാർ അജയപ്രസാദിനെ അരിഞ്ഞുതള്ളിയത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top