27 January Thursday

അഞ്ചര വർഷം ; രാഷ്ട്രീയ എതിരാളികൾ കൊന്നൊടുക്കിയത്‌ 16 ജീവൻ

വെബ് ഡെസ്‌ക്‌Updated: Saturday Dec 4, 2021

അഞ്ചര വർഷത്തിനിടയിൽ 16 സിപിഐ എം, ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ പ്രവർത്തകരെയാണ്‌ രാഷ്ട്രീയ എതിരാളികൾ കൊന്നൊടുക്കിയത്‌. പിണറായിയിലെ രവീന്ദ്രനിൽ തുടങ്ങി തിരുവല്ലയിൽ പെരിങ്ങൽ ലോക്കൽ സെക്രട്ടറി പി ബി സന്ദീപ്‌ കുമാർവരെ 16 സഖാക്കൾ. 11 കൊലപാതകവും നടത്തിയത് ആർഎസ്‌എസ്‌ ആണ്‌. കോൺഗ്രസുകാർ മൂന്നു പേരെ കൊന്നു. കൊലപാതകികളിൽ മുസ്ലിം ലീഗും  എസ്‌ഡിപിഐയും ഉണ്ട്‌.

പത്താംക്ലാസുകാരനെയും കുത്തിവീഴ്‌ത്തി
ആലപ്പുഴ വള്ളികുന്നത്ത് പത്താം ക്ലാസുകാരനായ എസ്എഫ്‌ഐ പ്രവർത്തകൻ അഭിമന്യുവിനെ കഴിഞ്ഞ ഏപ്രിൽ 14 വിഷുദിനത്തിൽ ആർഎസ്എസുകാർ കുത്തിക്കൊന്നു.  ക്ഷേത്രത്തിലെ ഉത്സവാഘോഷത്തിനിടെ സമീപത്തെ മൈതാനത്താണ് അഭിമന്യുവിനെ കുത്തിവീഴ്‌ത്തിയത്‌.

● സി വി രവീന്ദ്രൻ 
(2016 മെയ്‌ 19, കണ്ണൂർ)
കേരള ജനത എൽഡിഎഫിനെ തെരഞ്ഞെടുത്തതിന്റെ ഫലംവന്ന 2016 മെയ്‌ 19ന്‌ പിണറായിയിൽ വിജയാഹ്ലാദ പ്രകടനത്തിനിടെ സിപിഐ എം പ്രവർത്തകനായ സി വി രവീന്ദ്രനെ സംഘപരിവാറുകാർ ബോംബെറിഞ്ഞ്‌ വീഴ്‌ത്തിയശേഷം ലോറി കയറ്റി കൊന്നു.   

● ശശികുമാർ 
(2016 മെയ് 27, തൃശൂർ)
ഏങ്ങണ്ടിയൂരിലെ സിപിഐ എം പ്രവർത്തകൻ ശശികുമാറിനെ മെയ് ഏഴി-ന് രാത്രി ആർഎസ്എസ് ക്രിമിനൽ സംഘം വെട്ടിവീഴ്‌ത്തി. ചികിത്സയിലിരിക്കെ 27ന്‌ മരിച്ചു.

● സി വി ധനരാജ് 
(2016 ജൂലൈ 11, കണ്ണൂർ )
ഡിവൈഎഫ്ഐ പയ്യന്നൂർ കുന്നരു മേഖലാ മുൻസെക്രട്ടറിയും സിപിഐ എം പ്രവർത്തകനുമായ ധനരാജിനെ ആർഎസ്എസുകാർ വീടിനുസമീപം വെട്ടിക്കൊന്നു.

● സുരേഷ് കുമാർ 
(2016 ആഗസ്‌ത്‌ 13, തിരുവനന്തപുരം)
തമലം ഡിവൈഎഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗമായിരുന്ന സുരേഷ്‌ കുമാറിനെ ആർഎസ്എസുകാർ നെയ്യാറ്റിൻകര വണ്ടന്നൂരിൽ വെട്ടിക്കൊലപ്പെടുത്തി.

● കെ മോഹനൻ 
(2016 ഒക്ടോബർ 10, കണ്ണൂർ )
നവരാത്രിനാൾ രാവിലെ 10.20-ന് പടുവിലായി ലോക്കൽ കമ്മിറ്റി അംഗവും വാളാങ്കിച്ചാൽ ബ്രാഞ്ച് സെക്രട്ടറിയും കള്ളുഷാപ്പ് തൊഴിലാളിയുമായ കെ മോഹനനെ ആർഎസ്എസ് സംഘം ഷാപ്പിൽ കയറി വെട്ടിക്കൊന്നു.

● കണ്ണിപ്പൊയ്യിൽ ബാബു 
(2018 മെയ് 7, കണ്ണൂർ)
പള്ളൂർ ലോക്കൽ കമ്മിറ്റി അംഗവും മാഹി മുൻ നഗരസഭാ കൗൺസിലറുമായ കണ്ണിപ്പൊയിൽ ബാബു എന്ന കെ പി ദിനേശ് ബാബുവിനെ ആർഎസ്എസ് സംഘം കഴുത്തറുത്ത് കൊന്നു.

● എസ്‌ അഭിമന്യു 
(2018 ജൂലൈ 1, എറണാകുളം)
മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ എസ്ഡിപിഐക്കാർ കുത്തിക്കൊന്നു.  

●അബൂബക്കർ സിദ്ദിഖ് 
(2018 ആഗസ്‌ത്‌ 5, കാസർകോട്‌)
ഉപ്പളയിൽ സിപിഐ എം പ്രവർത്തകൻ അബൂബക്കർ സിദ്ദിഖിനെ  ആർഎസ്എസ് സംഘം വെട്ടിക്കൊലപ്പെടുത്തി.

● സിയാദ് 
(2020 ആഗസ്‌ത്‌ 18,ആലപ്പുഴ)
ക്വാറന്റൈൻ കേന്ദ്രത്തിൽ ഭക്ഷണം നൽകി മടങ്ങുമ്പോൾ പെരുവ ലോക്കലിലെ എംഎസ്എം കോളേജ് ബ്രാഞ്ച് അംഗം സിയാദിനെ കോൺഗ്രസ് ഗുണ്ടകൾ വെട്ടിക്കൊന്നു.

● മിഥിലാജ്, ഹഖ്മുഹമ്മദ് 
(2020 ആഗസ്‌ത്‌ 31-, തിരുവനന്തപുരം)
വെഞ്ഞാറമൂട് തേമ്പാമൂട്ടിലെ ഡിവൈഎഫ്ഐ തേവലക്കാട് യൂണിറ്റ് അംഗം മിഥിലാജ്, ഡിവൈഎഫ്ഐ കലുങ്കിൻമുഖം യൂണിറ്റ് പ്രസിഡന്റും പാർടി കലുങ്കിൻമുഖം ബ്രാഞ്ച് അംഗവുമായ ഹഖ്മുഹമ്മദ് എന്നിവരെ കോൺഗ്രസുകാർ തിരുവോണദിവസം പുലർച്ചെ വെട്ടിക്കൊലപ്പെടുത്തി.

● പി യു സനൂപ് 
(2020 ഒക്ടോബർ 4, തൃശൂർ)
കുന്നംകുളം പുതുശേരി ബ്രാഞ്ച് സെക്രട്ടറി സനൂപിനെ ആർഎസ്എസുകാർ- കുത്തിക്കൊന്നു.  

● ആർ മണിലാൽ 
(2020 ഡിസംബർ 6-, കൊല്ലം)
തദ്ദേശ തെരഞ്ഞെടുപ്പിനിടെ മൺറോത്തുരുത്തിൽ രാത്രി സിപിഐ എം പ്രവർത്തകൻ ആർ മണിലാലിനെ ആർഎസ്എസ്‌ കുത്തിക്കൊലപ്പെടുത്തി.

● ഔഫ് അബ്ദുറഹിമാൻ 
(2020 ഡിസംബർ 23, കാസർകോട്‌)
കാഞ്ഞങ്ങാട് പഴയകടപ്പുറത്തെ ഡിവൈഎഫ്ഐ കല്ലൂരാവി യൂണിറ്റ് അംഗം മുത്തോട് ഔഫ് അബ്ദുറഹിമാനെ മുസ്ലിംലീഗുകാർ രാത്രി  കുത്തിക്കൊന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top