26 October Monday

കൊതുകിനെ കൊല്ലാൻ റോബോസ്കിറ്റോ

ജോജി കൂട്ടുമ്മേൽUpdated: Thursday Sep 24, 2020

കൊതുകും മനുഷ്യനും തമ്മിലുള്ള യുദ്ധം തുടങ്ങിയിട്ട് കാലമെത്രയായി? തലമുറകൾ തമ്മിലുള്ള കുടിപ്പകയല്ലേ നമ്മൾ കേട്ടിട്ടുള്ളു? പരിണാമ ചരിത്രത്തിലെ പല ഘട്ടങ്ങളിലൂടെ കടന്നു പോയിട്ടുണ്ടാകും കൊതുകും മനുഷ്യനും തമ്മിലുള്ള ഏറ്റുമുട്ടൽ.ഇതാ  കൊതുകുകളെ നശിപ്പിക്കാൻ  ഒരു ‘വമ്പൻ പദ്ധതി’ അണിയറയിൽ ഒരുങ്ങുന്നു. യുകെ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒക്സിട്ടെക്ക് എന്ന ബയോടെക്‌നോളജി കമ്പനിയാണ് പദ്ധതിയുടെ സാങ്കേതിക രംഗം കൈകാര്യം ചെയ്യുന്നത്


ജനിതകവ്യതിയാനം വരുത്തിയ 750 ദശലക്ഷം കൊതുകുകളെ തുറന്നുവിട്ട് ഫ്ലോറിഡ കീസ്‌ (Florida keys) ദ്വീപുകളിലെ ഈഡീസ് ഈജിപ്റ്റി കൊതുകുകളെ നശിപ്പിക്കാൻ  ഒരു ‘വമ്പൻ പദ്ധതി’ അണിയറയിൽ ഒരുങ്ങുന്നു ! യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒക്സിട്ടെക്ക് എന്ന ബയോടെക്‌നോളജി കമ്പനിയാണ് പദ്ധതിയുടെ സാങ്കേതിക രംഗം കൈകാര്യം ചെയ്യുന്നത്. ഇപ്പോൾ നിലവിലുള്ളതിനേക്കാൾ കൂടുതൽ കരുത്തുള്ള കൊതുകുകളെ സൃഷ്ടിച്ച്‌ തുറന്ന് വിടുക. അവ ഈഡീസ് ഈജിപ്റ്റി പെൺ കൊതുകുകളുമായി ഇണചേർന്ന് കുഞ്ഞുങ്ങളെ ഉൽപ്പാദിപ്പിക്കും. അങ്ങനെയുണ്ടാകുന്ന കുഞ്ഞുങ്ങളിൽ പെൺ കൊതുകുകൾ ലാർവഘട്ടത്തിൽ തന്നെ ചത്തുപോകും. ആൺ കൊതുകുകൾ അവശേഷിക്കും. ആൺ കൊതുകുകൾ മാത്രമായി ജീവിവർഗം നിലനിൽക്കില്ലല്ലോ? അങ്ങനെ ഈ മേഖലയിൽ കൊതുകിന്റെ വംശനാശമുണ്ടാകും. ഇതാണ് പദ്ധതി. തുടക്കത്തിൽ തന്നെ പദ്ധതിക്കെതിരെ എതിർപ്പുകൾ ഏറെയാണ്‌്‌. ജൈവവൈവിധ്യത്തെ ഇത്‌ തകിടം മറിക്കുമെന്ന വാദവുമുണ്ട്‌.

കഴിഞ്ഞ  ഒന്നോരണ്ടോ ദശകമെടുത്താൽ ലോകമെമ്പാടും കൊതുക് ജന്യരോഗങ്ങൾ വലിയ നാശനഷ്ടമുണ്ടാക്കിയിട്ടുണ്ട്. ഒരുപക്ഷേ മലമ്പനിയിൽ തുടങ്ങുന്നതാണ് കൊതുക് ജന്യരോഗങ്ങളുടെ എഴുതപ്പെട്ട ചരിത്രം. മന്ത്, മഞ്ഞപ്പനി, ഡെങ്കി, ചിക്കുൻ ഗുനിയ, സിക, വെസ്റ്റ് നൈൽ പനി എന്നിങ്ങനെ അത് നീളുന്നു. എന്തുകൊണ്ടാണ് കൊതുകുകൾ ഇത്ര വലിയ രോഗവാഹകരായിത്തീരുന്നത്? അതിന് മൂന്ന് കാരണങ്ങളുണ്ട്. ഒന്ന്, കൊതുകുകൾ വളരെ വേഗം മുട്ടയിട്ട് പെരുകും. ഇത് നിയന്ത്രിക്കുക എളുപ്പമല്ല. രണ്ട്, രോഗകാരികളായ ഒട്ടനവധി സൂക്ഷ്മജീവികളുടെ ജീവിതചക്രം കൊതുകുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. മൂന്ന്, പെൺ കൊതുകുകൾ മറ്റ് ജീവികളുടെ രക്തം കുടിക്കും. അതുകൊണ്ട് രോഗാണുക്കളെ വിതരണം ചെയ്യാൻ വളരെ എളുപ്പമാണ്. നമുക്ക് ഈ മൂന്നാമത്തെ കാരണത്തിൽനിന്ന് തുടങ്ങാം.

ചോരക്കൊതി എന്തുകൊണ്ട്?
ആൺ കൊതുകുകൾക്കില്ലാത്ത ഒരു ജൈവധർമം പെൺകൊതുകുകൾക്ക് നിർവഹിക്കാനുണ്ട്. മുട്ടയിടുക എന്നത് തന്നെ. മുട്ട രൂപപ്പെടാൻ ഏറ്റവും അനിവാര്യമായും വേണ്ടത് പ്രോട്ടീനും ഇരുമ്പുമാണ്.നിർഭാഗ്യവശാൽ കൊതുകുകളുടെ ഭക്ഷണം, ആണായാലും പെണ്ണായാലും, സസ്യങ്ങളുടെ നീരും വെള്ളവുമാണ്. അതിൽ പ്രോട്ടീനില്ല. ഇരുമ്പ് ഒരു തരിമ്പുമില്ല. അതുകൊണ്ട് പെൺ കൊതുകുകൾക്ക് ഉദരത്തിൽ മുട്ട രൂപപ്പെടുന്ന സമയത്ത് അൽപ്പം പ്രോട്ടീനും ഇരുമ്പും ആവശ്യമായി വരും.അതിനാണ് പെൺകൊതുകുകൾ രക്തം കുടിക്കുന്നത്‌.

യുഗങ്ങൾ നീണ്ടു നിൽക്കുന്ന ഒരു യുദ്ധം
മുട്ടയിടാനല്ലേ ഇത്തിരി ചോരയെടുത്തോട്ടെ എന്ന് കരുതാനാകില്ല.  വലിയ അളവിൽ രോഗാണുവാഹകരാണവ. അങ്ങനെയാണ് കൊതുക് നിർമാർജനം എല്ലാ സർക്കാരുകളുടെയും മുന്നിൽ ഒരു വെല്ലുവിളിയായി ഉയർന്നത്.    

കൊതുകും മനുഷ്യനും തമ്മിലുള്ള ഈ യുദ്ധം തുടങ്ങിയിട്ട് കാലമെത്രയായി? തലമുറകൾ തമ്മിലുള്ള കുടിപ്പകയല്ലേ നമ്മൾ കേട്ടിട്ടുള്ളു? പരിണാമ ചരിത്രത്തിലെ പല ഘട്ടങ്ങളിലൂടെ കടന്നു പോയിട്ടുണ്ടാകും കൊതുകും മനുഷ്യനും തമ്മിലുള്ള ഏറ്റുമുട്ടൽ. ആധുനിക കൊതുകുകളുമായി സാമ്യമുള്ള ഏറ്റവും പഴയ ഫോസിലിന്റെ പഴക്കം 79 ദശലക്ഷം വർഷമാണ്.

ബർമാക്കുലക്സ്  ആന്റിക്ക്യുസ് എന്ന കുറച്ചുകൂടി പഴയ സ്പീഷീസിന് നൂറ് ദശലക്ഷം വർഷം പഴക്കമുണ്ടെന്ന് കരുതുന്നു. പരിണാമഘട്ടങ്ങളിലെ കൊതുകിന്റെ ആദ്യരൂപത്തിന്  226 ദശലക്ഷം വർഷത്തെ പഴക്കമുണ്ടത്രേ. ആദിമനുഷ്യനോ? ഹോമോസാപ്പിയൻസിന്റെ ആദിരൂപത്തിന് അങ്ങേയറ്റം പോയാൽ രണ്ട് ലക്ഷം വർഷത്തെ പഴക്കം കാണും. മനുഷ്യൻ ഇത്ര പുരോഗതി നേടിയിട്ടും ആ യുദ്ധം തുടരുന്നു, കൊതുക് ഒരടിയും പിന്നോട്ട് പോകാതെ!

ഫ്ലോറിഡ കീസ് ദ്വീപുകളിലെ കൊതുകുകളെ വംശനാശം വരുത്തുകയാണ് ലക്ഷ്യം അങ്ങനെയാണ് ഓക്സിട്ടെക്കിന്റെ പുത്തൻ കൊതുകുകളുടെ  രംഗപ്രവേശം. ഒക്സിട്ടെക്ക് എന്നാൽ ഓക്സ്ഫോർഡ് ഇൻസെക്ട് ടെക്നോളജീസ്. ജനിതകവ്യതിയാനം വരുത്തിയ കീടങ്ങളെ ഉൽപ്പാദിപ്പിക്കുന്ന ബ്രിട്ടീഷ് ബയോടെക്നോളജി കമ്പനിയെന്ന് നേരത്തെ പറഞ്ഞു. ഈ പുതിയ കീടങ്ങളെ ജീവനുള്ള കീടനാശിനികളായാണ് ഒക്സിട്ടെക്ക് അവതരിപ്പിക്കുന്നത്.


 

ജീവനുള്ള കീടനാശിനികൾ, ചെലവ് കുറഞ്ഞതും
അപൂർവമായാകും ഒരു ‍ജീവിവർഗത്തിനെതിരെ ഇങ്ങനെയൊരായുധം ഉപയോഗിക്കുന്നത്.OX 5034 എന്ന് പേരിട്ടിരിക്കുന്ന ജനിതകവ്യതിയാനം വരുത്തിയ കൊതുകുകളെ സൈബർലോകം വിശേഷിപ്പിക്കുന്നത്  റോബോസ്കിറ്റോകൾ എന്നാണ്.
പുതിയ പദ്ധതിക്ക് ചെലവ് കുറയും എന്നാണ് ഇപ്പോൾ കണക്കാക്കുന്നത്. 2009-–-10 കാലത്ത് ഫ്ലോറിഡ കീസ് മേഖലയിൽ പടർന്നു പിടിച്ച ഡെങ്കിപ്പനി വരുത്തിവച്ച ദുരന്തങ്ങളിൽ നിന്നാണ് ഈ ആലോചന തുടങ്ങിയത്. അന്ന് കൊതുകുനാശിനികൾ ആകാശമാർഗവും ട്രക്കുകൾ ഉപയോഗിച്ചും  തളിച്ച് നോക്കിയിട്ടും രക്ഷയുണ്ടായില്ല. ഇതാണ്‌ മറുവഴിക്കായുള്ള ശ്രമത്തിന്‌ പ്രേരിപ്പിച്ചത്‌.

എതിർവാദങ്ങൾ
പദ്ധതിക്കെതിരെ പ്രാദേശിക ജനസമൂഹം എതിരായി രംഗത്തുണ്ട്‌. തങ്ങളെ ഒരു പരീക്ഷണ വസ്തുവാക്കാൻ അനുവദിക്കില്ലെന്ന്‌ അവർ പറയുന്നു.  പദ്ധതി പരാജയപ്പെടുകയും പുതുതായുണ്ടാകുന്ന ഭീമൻ കൊതുകുകളുടെ പെണ്മക്കൾ എങ്ങാനും വളരുകയും ചെയ്താലോ?പുതിയ "കൊതുകൻമാർ" ഫ്ലോറിഡയിലെ വന്യ കൊതുകുകളിൽ ഇണചേർന്ന് ലാർവഘട്ടത്തിൽ ചത്തുപോകാത്ത പെൺകൊതുകുകളെക്കൂടി ഉൽപ്പാദിപ്പിച്ചാലോ?എങ്കിൽ പ്രതിസന്ധി വളരെ വലുതാകും.

പദ്ധതിയെ എതിർത്ത് പരിസ്ഥിതി പ്രവർത്തകരും രംഗത്തുണ്ട്. കൊതുകുകൾ പൂർണമായി ഇല്ലാതാകുന്നത്‌ ജൈവ വൈവിധ്യത്തെ  ബാധിക്കുമെന്ന്‌ ഇവർ ചൂണ്ടിക്കാട്ടുന്നു.പക്ഷികളും ചെറു ഉരഗങ്ങളും മറ്റും ഇവയെ ആഹാരമാക്കുന്നുണ്ട്‌.  പുതിയ ജനിതക കൊതുക്‌   എങ്ങനെയാകും പ്രവർത്തിക്കുക എന്ന പ്രശ്നവും നിലനിൽക്കുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top