29 January Saturday
നാവികസേനാ മേധാവിയായി ആർ ഹരികുമാർ

കടലോളം ആഹ്ലാദം വാനോളം അഭിമാനം

സ്വന്തം ലേഖികUpdated: Thursday Nov 11, 2021


തിരുവനന്തപുരം
‘ പുതിയ പദവി അവന്‌ വലിയ ഉത്തരവാദിത്വമാണ്‌ നൽകുന്നത്‌. കഠിനാധ്വാനമാണ്‌  ഈ പദവിയിലെത്തിച്ചത്‌. ’   ആർ ഹരികുമാർ നാവിക സേനയുടെ മേധാവിയാകുമ്പോൾ അമ്മ വിജയലക്ഷ്‌മിക്ക്‌ കടലോളം ആഹ്ലാദവും വാനോളം അഭിമാനവും.  ‘ 17–-ാം വയസ്സിൽ നാഷണൽ ഡിഫൻസ്‌ അക്കാദമിയിൽ ചേർന്നതാണ്‌ ഹരികുമാർ. ഞാനെന്റെ മകനെ രാജ്യത്തിന്‌ നൽകി. അതിൽ ഇപ്പോൾ കൂടുതൽ അഭിമാനം തോന്നുന്നു.’ –-വിജയലക്ഷ്‌മിയുടെ വാക്കുകൾ.

തിരുവനന്തപുരം നന്തൻകോട്‌ സ്വദേശിയാണ്‌ ഹരികുമാർ.  മ്യൂസിയം ബെയിൻസ്‌ കോമ്പൗണ്ട്‌ മാധവ സദനത്തിൽ പരേതനായ രാധാകൃഷ്‌ണൻ നായരുടെയും വിജയലക്ഷ്‌മിയുടെയും മൂന്ന്‌ ആൺമക്കളിൽ മൂത്തയാൾ. സേനാംഗമാകാൻ കൊതിച്ചയാൾ നാവിക സേനയുടെ മേധാവിയായതിനു പിന്നിൽ കഠിനാധ്വാനവും ആത്മസമർപ്പണവുമാണെന്ന്‌ അമ്മ. ‘ കളിത്തോക്ക്‌ കൈയിലേന്തി യുദ്ധം ചെയ്‌തു കളിക്കുന്നതായിരുന്നു ചെറുപ്പത്തിൽ അവന്റെ ഇഷ്‌ട വിനോദം. മുതിർന്നപ്പോൾ തന്നെ സേനയിൽ ചേരാൻ അവൻ ഉറച്ച തീരുമാനമെടുത്തു. കുടുംബത്തിലെ  സേനാംഗങ്ങൾ പ്രചോദനമായി.  ഐഐടിയിൽ പഠിപ്പിക്കാനായിരുന്നു ഞങ്ങളുടെ ആഗ്രഹം. എന്നാൽ അവന്റെ മനസ്സ്‌ തിരിച്ചറിഞ്ഞതോടെ അതിനൊപ്പം നിന്നു. ലക്ഷ്യം നേടാൻ ഹരികുമാർ കഠിനാധ്വാനം ചെയ്‌തു.

തിരുവനന്തപുരം ആർട്‌സ്‌ കോളേജിൽ   പ്രീഡിഗ്രിക്ക്‌ പഠിക്കുമ്പോൾ യുപിഎസ്‌സി പരീക്ഷ എഴുതി. റാങ്കോടെയാണ്‌ പാസായത്‌. ജോലിയുടെ കാര്യത്തിൽ കണിശക്കാരനാണ്‌ ഹരികുമാറെന്ന്‌ അമ്മ പറയുന്നു. കപ്പൽ മുങ്ങിത്താഴ്‌ന്നാലും ഏറ്റവും അവസാനമേ കപ്പിത്താൻ പുറത്തിറങ്ങാവൂ എന്നതാണ്‌ അവന്റെ പക്ഷം’–- വിജയലക്ഷ്‌മി പറഞ്ഞു നിർത്തി.

ഐഎൻഎസ്‌ വിരാട്‌, ഐഎൻഎസ്‌ നിഷാങ്ക്‌ തുടങ്ങിയ കപ്പലുകളുടെ തലവനായിരുന്ന ഹരികുമാറിനെ വിശിഷ്‌ട സേവാ മെഡൽ, അതി വിശിഷ്‌ട സേവാ മെഡൽ, പരമ വിശിഷ്‌ട സേവാ മെഡൽ തുടങ്ങിയവ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്‌. തഞ്ചാവൂർ സേക്രട്ട്‌ ഹാർട്ട്‌ കോൺവന്റ്‌, വഴുതക്കാട്‌ കാർമൽ സ്‌കൂൾ, മന്നം മെമ്മോറിയൽ സ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം.  ഭാര്യ: കലാ നായർ. മകൾ; അഞ്ജനാ നായർ.  30നാണ്‌ അദ്ദേഹം നാവികസേനാ തലവനായി ചുമതലയേൽക്കുന്നത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top