03 December Friday

പുന്നപ്രയും - വയലാറും; അത്യപൂർവം ഈ സമരേതിഹാസം

ഡോ. ശ്രീദേവിUpdated: Sunday Oct 24, 2021

പുന്നപ്ര‐വയലാർ പോരാട്ടത്തെ അടിസ്ഥാനമാക്കി ബാര ഭാസ്‌കരൻ വരച്ച പെയിന്റിങ്‌ *

പുന്നപ്രയും - വയലാറും ആലപ്പുഴയിലെ ചൊരിമണൽ ഗ്രാമങ്ങൾ മാത്രമായിരുന്നു 1946 ഒക്‌ടോബർ വരെ. അതിനുശേഷം ഇന്ത്യയിലെ തൊഴിലാളിവർഗ സമരങ്ങളുടെ ചരിത്രപുസ്‌തകത്തിൽ ആ ഗ്രാമങ്ങൾക്ക്‌ പുതിയ പേരുവന്നു; രക്തസാക്ഷി ഗ്രാമങ്ങൾ. ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിനും ദിവാൻ ഭരണത്തിനും എതിരെയുള്ള ചോരചിന്തിയ ആ തൊഴിലാളി  മുന്നേറ്റത്തിന്‌ 75 വയസ്സ്‌ തികയുന്നു

മുട്ടിലിഴഞ്ഞു ജീവിക്കുന്നതിനേക്കാൾ ഞാൻ ഇഷ്ടപ്പെടുന്നത്‌ നേരെ നിവർന്നുനിന്ന്‌ മരിക്കാനാണ്‌-------‐ ചെ ഗുവേര

ചെ യുടെ കാലാതീതമായ ഈ വാക്കുകൾ വിപ്ലവകാരികളുടെ മനസ്സിലും ചിന്തയിലും കൂടുകൂട്ടിയിട്ടുള്ളതാണ്‌. പുന്നപ്ര-വയലാർ രക്തസാക്ഷികളുടെ ഓർമകൾക്കും ഇതേ ജീവനും താളവുമാണ്‌. ഏഴരപ്പതിറ്റാണ്ടിന്റെ ഓർമകളിലേക്ക്‌ കൺതുറക്കുമ്പോഴും കേരളം കാണുന്നത്‌ ഇതുതന്നെയാണ്‌.

ചരിത്രഗണനയുടെ കലണ്ടറിൽ സമരേതിഹാസത്തിന്‌ വയസ്സ്‌ 75. പക്ഷേ, ആ ഓർമകൾക്ക്‌ ഇന്നും നിത്യഭാസുരമായ ഉന്മേഷം. പഴയ തിരുവിതാംകൂറിലെ രണ്ട്‌ ചൊരിമണൽ ഗ്രാമങ്ങൾ മാത്രമായിരുന്നു പുന്നപ്രയും വയലാറും 1946 വരെ. എന്നാൽ, 1946 ഒക്‌ടോബറിനുശേഷം ആ ഗ്രാമങ്ങൾക്ക്‌ ചരിത്രപുസ്‌തകത്തിൽ ഒരു പേരുവന്നു; രക്തസാക്ഷി ഗ്രാമങ്ങൾ. അത്‌ പിന്നീട്‌ പാട്ടിനും കഥയ്‌ക്കും നാടകത്തിനും സിനിമയ്‌ക്കുമൊക്കെ ഭൂമികയൊരുക്കി. പിന്നീട്‌, എവിടെയുമുള്ള വിപ്ലവപ്പോരാളികളുടെ മനസ്സിലെ സിന്ദൂരപ്പൊട്ടായി മാറി.

പുന്നപ്രയിലെയും വയലാറിലെയും സമരചരിത്രങ്ങൾക്ക്‌ അസാധാരണമായ ഏകതാനതയുണ്ട്‌. അതുകൊണ്ടുതന്നെ പുന്നപ്ര–-വയലാർ എന്നത്‌ ഒറ്റ സ്ഥലരാശിയാണെന്നുപോലും ചിന്തിക്കുന്നവരുണ്ട്‌, ഇന്നും. യഥാർഥത്തിൽ പുന്നപ്ര അമ്പലപ്പുഴ താലൂക്കിലെയും വയലാർ ചേർത്തല താലൂക്കിലെയും വ്യത്യസ്‌ത ഭൂപ്രദേശങ്ങളാണ്‌. രണ്ടു ഗ്രാമവും തമ്മിൽ 30 കിലോമീറ്ററോളം ദൂരമുണ്ട്‌. എന്നാൽ, പുന്നപ്ര–-വയലാറിനെ ഒരു പ്രദേശമായി ആളുകൾ മനസ്സിലേറ്റുന്നത്‌, ആ ഗ്രാമങ്ങളുടെ വിപ്ലവബോധം സൃഷ്ടിച്ച ചരിത്രത്തിന്റെ സാദൃശ്യംകൊണ്ടാണ്‌. ഈ ചരിത്രസമാനത മാരാരിക്കുളം, മേനാശേരി, ഒളതല എന്നീ പ്രദേശങ്ങൾക്കുമുണ്ട്‌. പുന്നപ്രയിലെയും വയലാറിലെയുംപോലുള്ള വിപ്ലവമുന്നേറ്റങ്ങളും ദിവാന്റെ പൊലീസിനോടും പട്ടാളത്തോടുമുള്ള നേർക്കുനേർ പോരാട്ടങ്ങളും രക്തസാക്ഷിത്വങ്ങളുമൊക്കെ ഇവിടങ്ങളിലും സംഭവിച്ചു. സമരമുന്നേറ്റങ്ങളുടെ സൂക്ഷ്‌മാംശങ്ങളിലും രക്തസാക്ഷിത്വങ്ങളുടെ എണ്ണത്തിലും വ്യത്യാസമുണ്ട്‌ എന്നുമാത്രം.  പുന്നപ്ര–-വയലാർ  എന്ന ആ സമരേതിഹാസത്തെ ഓർക്കുമ്പോൾ, അതിൽ മാരാരിക്കുളത്തും മേനാശേരിയിലും ഒളതലയിലും പോരാടി ജീവൻ ഹോമിച്ചവരുടെ ഓർമകളും ഉൾച്ചേർന്നിട്ടുണ്ട്‌.  മാരാരിക്കുളം ചേർത്തലയുടെയും ആലപ്പുഴയുടെയും ഏകദേശം മധ്യത്തിലുള്ള പ്രദേശമാണെങ്കിൽ, മേനാശേരി ചേർത്തലയിൽനിന്ന്‌ നാലഞ്ച്‌ കിലോമീറ്റർ വടക്ക്‌ പട്ടണക്കാട്‌ പഞ്ചായത്തിലും ഒളതല വയലാർ പഞ്ചായത്തിലും ഉൾപ്പെട്ട സ്ഥലങ്ങളാണ്‌.

സ്വാതന്ത്ര്യസമരത്തിലേക്ക്‌ വളർന്ന പോരാട്ടം

അമ്പലപ്പുഴ–-ചേർത്തല താലൂക്കുകളിലെ കയർ ഫാക്ടറിത്തൊഴിലാളികൾ തങ്ങളുടെ കൂലി–-വേല വ്യവസ്ഥകളിൽ കൃത്യതയും വ്യക്തതയും വരുത്തണമെന്നാവശ്യപ്പെട്ട്‌ തുടങ്ങിയ സമരം ഒരു നാടിന്റെയും ജനതയുടെയും സ്വാതന്ത്ര്യസമരത്തിന്റെ ഗരിമയിലേക്ക്‌ വളർന്നുപന്തലിച്ചതാണ്‌ പുന്നപ്ര–-വയലാർ സമരചരിത്രം. പാവപ്പെട്ടവരും ജീവിത ദുരിതങ്ങളുടെ എല്ലാ പങ്കപ്പാടുകളിലും ഉഴലുന്നവരുമായ മനുഷ്യർ ആരംഭിച്ച സമരത്തിന്‌ സ്വാതന്ത്ര്യം, ജനാധിപത്യം, നീതി തുടങ്ങിയ സാർവജനീനമായ മൂല്യബോധങ്ങളുടെ ഇഴയടുപ്പംകൂടി ഉണ്ടായിരുന്നു.   

കയർ ഫാക്ടറിത്തൊഴിലാളികൾ ആരംഭിച്ച സമരത്തിന്‌ ആധാരമായി ഇരുപത്തേഴിന ആവശ്യം ഉന്നയിച്ചിരുന്നു. ഈ മുദ്രാവാക്യങ്ങളുടെ കൂട്ടത്തിൽ പ്രായപൂർത്തി വോട്ടവകാശം അനുവദിക്കുക, ദിവാൻ ഭരണം അവസാനിപ്പിക്കുക, അമേരിക്കൻ മോഡൽ അറബിക്കടലിൽ എന്നീ മൂന്ന്‌ സുപ്രധാന രാഷ്‌ട്രീയ മുദ്രാവാക്യവും ഉൾപ്പെട്ടിരുന്നു. കേവലം കൂലി–-വേല വ്യവസ്ഥകളിൽ സംഭവിച്ചേക്കാവുന്ന മാറ്റങ്ങൾകൊണ്ട്‌ അടിസ്ഥാനപരമായ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുകയില്ലെന്ന തിരിച്ചറിവ്‌ തൊഴിലാളിവർഗത്തിനുണ്ടായിരുന്നു.  കൂലിയുടെയും വേലയുടെയും അനിശ്ചിതത്വങ്ങൾക്കും ആപൽസന്ധികൾക്കും ആധാരം ദിവാൻ ഭരണത്തിന്റെയും അസ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യവിരുദ്ധതയുടെയും കുടില നീതികളാണെന്ന്‌ അവർക്ക്‌ അറിയാമായിരുന്നു. ഇവയുടെ രാവണൻകോട്ട തകർത്തുകൊണ്ടു മാത്രമേ യഥാർഥ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടൂ എന്നും അവർ മനസ്സിലാക്കി.  പുതിയ  ആകാശവും പുതിയ ഭൂമിയും സൃഷ്ടിച്ചുകൊണ്ടു മാത്രമേ  സമാധാനമായിരിക്കാൻ കഴിയൂ എന്നവർ ചിന്തിച്ചു. 

പണിയെടുക്കുന്നവരുടെ ഐക്യം

കയർ ഫാക്ടറിത്തൊഴിലാളികൾക്കൊപ്പം മത്സ്യത്തൊഴിലാളികളും കർഷകത്തൊഴിലാളികളും ചെത്തുതൊഴിലാളികളുമൊക്കെ സമാനമായ ദുരിതാനുഭവങ്ങളിൽനിന്ന്‌ ഇത്തരമൊരു ചിന്തയിലേക്ക്‌ എത്തിപ്പെട്ടിരുന്നു. ജന്മിമാർക്കും മുതലാളിമാർക്കുംവേണ്ടി എല്ലുമുറിയെ പണിയെടുക്കാൻ വിധിക്കപ്പെട്ടവർ എന്നതായിരുന്നു വിവിധ മേഖലയിലെ തൊഴിലാളികളുടെ അവസ്ഥ. ജന്മിമാർക്കും അവരുടെ കങ്കാണിമാർക്കും ഇഷ്ടപ്പെട്ടതു മാത്രമായിരുന്നു കൂലി. ന്യായമായ കൂലി ചോദിച്ചാലോ? ഭീകരമായ മർദനം. മത്സ്യത്തൊഴിലാളികൾക്ക്‌ സ്വന്തമായി വള്ളമോ വലയോ ഇല്ല.  രാത്രി മുഴുവൻ കടലിനോട്‌ മല്ലടിച്ച്‌ പിടിച്ചുകൊണ്ടുവരുന്ന മീനിന്റെ സിംഹഭാഗവും വലപ്പങ്ക്‌, വള്ളപ്പങ്ക്‌ തുടങ്ങിയ പേരുകളിൽ വള്ളം ഉടമകൾ കൈവശപ്പെടുത്തും.  ആരെങ്കിലും ശബ്‌ദമുയർത്തിയാൽ അവരെ കൈകാര്യം ചെയ്യാൻ പൊലീസിന്റെയും അധികാരികളുടെയും സഹായം ആവോളം. കുട്ടനാട്ടിലെ കർഷകത്തൊഴിലാളികളും സമാനമായ ചൂഷണത്തിന്‌ അടിപ്പെട്ടവരായിരുന്നു. നെല്ലളക്കുന്നതും അതിന്‌ കൂലി നൽകുന്നതും കാർഷിക മുതലാളിമാരുടെ ഇഷ്ടാനിഷ്ടങ്ങൾക്ക്‌ അനുസരിച്ചായിരുന്നു. പതമായി നൽകുന്നതിൽ ഏറെയും മങ്കും പതിരും മാത്രവും.

ഈ കൊടിയ ചൂഷണവും അടിച്ചമർത്തലും തൊഴിലാളികളുടെ വീടുകളെക്കൂടി ഉന്നംവച്ച്‌ തുടങ്ങിയപ്പോൾ, അഭിമാനബോധമുള്ള തൊഴിലാളികൾക്ക്‌ പോരാടാതെ നിവൃത്തിയില്ലെന്നായി.  ആലപ്പുഴയിൽ എത്തിയ പി കൃഷ്‌ണപിള്ളയുടെ സാന്നിധ്യവും സംഘടിത തൊഴിലാളി പ്രസ്ഥാനത്തിന്റെ രൂപീകരണവും മാർക്‌സിയൻ ആശയത്തിന്റെ വേരോട്ടവും തൊഴിലാളിവർഗത്തിന്റെ മുന്നേറ്റത്തിന്‌ ഊർജവും ഇന്ധനവും പകർന്നു. ഈ ചരിത്രപശ്ചാത്തലത്തിലാണ്‌ കയർ ഫാക്ടറിത്തൊഴിലാളികളുടെ സമരത്തിന്‌ ആധാരമായി മുന്നോട്ടുവച്ച മുദ്രാവാക്യങ്ങളിൽ രാജവാഴ്‌ചയും ദിവാൻഭരണവും അവസാനിപ്പിക്കുക, പ്രായപൂർത്തി വോട്ടവകാശം നൽകുക, അമേരിക്കൻ മോഡൽ ഭരണം അറബിക്കടലിൽ എന്നിവയും ഇടംപിടിച്ചത്‌.

പോരാട്ടമല്ലാതെ പോംവഴിയില്ല

യന്ത്രത്തോക്കും സമാനമായ ആയുധ സന്നാഹങ്ങളുമുള്ള ദിവാന്റെ പട്ടാളത്തോടും പൊലീസിനോടും കേവലം വാരിക്കുന്തവുമായി ഏറ്റുമുട്ടാൻ ഇറങ്ങിത്തിരിച്ച തൊഴിലാളികളുടെ ‘ബുദ്ധിശൂന്യത’യെപ്പറ്റി മാധ്യമ പണ്ഡിതരും വലതുപക്ഷ ചരിത്രകാരന്മാരും പലപ്പോഴും പരിഹസിക്കാറുണ്ട്‌. പക്ഷേ, അനീതികളുടെയും അടിച്ചമർത്തലുകളുടെയും ആടിത്തിമിർക്കലുകൾക്ക്‌ നടുവിൽ മുട്ടിലിഴയാൻ തയ്യാറായിരുന്നില്ല തൊഴിലാളിവർഗം. പൊരുതുകയല്ലാതെ മറ്റ്‌ വഴികൾ അവർക്കില്ലായിരുന്നു. തോക്ക്‌ അന്വേഷിച്ചു കണ്ടുപിടിച്ച്‌ പൊലീസിനെ നേരിടാൻ ശ്രമിക്കുകയല്ല അവർ ചെയ്‌തത്‌. സ്വന്തം തൊഴിലും ജീവിതവുമായി ബന്ധമുള്ള അലക്‌ (അടയ്‌ക്കാമരം മുറിച്ചെടുത്ത്‌ ഉണ്ടാക്കുന്ന നീളമുള്ള വടി അഥവാ വാരി) ആയുധമാക്കി. അങ്ങനെ അലകായുധവുമായി അവർ പൊലീസിനോടും പട്ടാളത്തോടും മുഖാമുഖം ഏറ്റുമുട്ടി. പട്ടാളം വെടിവയ്‌ക്കാൻ ശ്രമിച്ചാൽ വാരിക്കുന്തവുമായി ഇഴഞ്ഞുനീങ്ങുക,  അടുത്ത കാഞ്ചി വലിക്കുന്നതിനുമുമ്പ്‌ ചാടിയെണീറ്റ്‌ വാരിക്കുന്തംകൊണ്ട്‌ പട്ടാളക്കാരെ കുത്തിമലർത്തുക ഇതായിരുന്നു പോരാട്ടരീതി. 1946 ഒക്‌ടോബർ 23നു പുന്നപ്രയിലും 26നു മാരാരിക്കുളത്തും 27നു മേനാശേരിയിലും ഒളതലയിലും ഒടുവിൽ വയലാറിലും പൊലീസിനോടും പട്ടാളത്തോടും ഏറ്റുമുട്ടി. എല്ലായിടത്തുമായി നൂറുകണക്കിന്‌ രക്തസാക്ഷികൾ. മർദനത്തിന്റെയും വെടിയുണ്ടകളുടെയും വടുക്കളുമായി ജീവിച്ചിരിക്കുന്ന രക്തസാക്ഷികളായി നിരവധിപേർ. ഇന്നിപ്പോൾ 75 ആണ്ട്‌ പിന്നിടുമ്പോൾ സമരസേനാനികളിൽ അവശേഷിക്കുന്നവർ വിരലിലെണ്ണാവുന്നവർ മാത്രം.

വയലാറിലാണ്‌ നൂറിലേറെപ്പേർ രക്തസാക്ഷികളായത്‌. അവിടെ സമരഭൂമിയിൽ വലിയ കുളം ഉണ്ടായിരുന്നതായി പഴമക്കാരുടെ നരവീണ ഓർമകൾ. രക്തസാക്ഷികളുടെ മൃതദേഹങ്ങൾ പൊലീസും പട്ടാളവും കുളത്തിൽ കൂട്ടിയിട്ട്‌ കത്തിക്കുകയായിരുന്നു. ആ കുളം കുന്നുപോലെയായി മാറി.  വയലാറിലെ പഴമക്കാരുടെ ഓർമകളിൽ സമരഭൂമി ഇന്നും ‘വെടിക്കുന്നാ’ണ്‌.

സമരം പരാജയമായിരുന്നെന്നും തൊഴിലാളികളെ ദിവാന്റെ പട്ടാളത്തിന്‌ മുന്നിലേക്ക്‌ എറിഞ്ഞുകൊടുക്കുകയാണ്‌ ചെയ്‌തതെന്നും ആക്ഷേപ വാക്കുകൾ ചൊരിയുന്ന ബൂർഷ്വാ ചരിത്രകാരന്മാരും പണ്ഡിതമന്ന്യന്മാരും അവിടെയുമിവിടെയും ഇപ്പോഴും തലപൊക്കാറുണ്ട്‌. ‘പുന്നപ്ര–-വയലാർ’ ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ ജ്വലിക്കുന്ന അധ്യായങ്ങളിൽ ഒന്നാണെന്ന്‌ കേന്ദ്ര സർക്കാർ തന്നെ അംഗീകരിച്ചതിനുശേഷവും ഈ ആരോപണം ഉന്നയിക്കുന്നവരുണ്ട്‌.

സമരം സൃഷ്‌ടിച്ച ദിശാബോധം

എന്നാൽ, പുന്നപ്ര–-വയലാറിനുശേഷമുള്ള ഒരു പതിറ്റാണ്ട്‌ കേരളത്തിന്റെ രാഷ്‌ട്രീയ–-സാമൂഹ്യഘടനയെ അത്ഭുതകരമായി മാറ്റിത്തീർക്കുന്നതാണ്‌ നാം കണ്ടത്‌. സമരത്തിനുശേഷം ഒരു വർഷം കഴിയുന്നതിനുമുമ്പുതന്നെ ദിവാൻ രാമസ്വാമി അയ്യർക്ക്‌ നാടുവിടേണ്ടിവന്നു. തിരുവിതാംകൂർ ഇന്ത്യൻ യൂണിയന്റെ ഭാഗമായി. 1956 നവംബർ ഒന്നിന്‌ ഐക്യകേരളവും രൂപംകൊണ്ടു. തൊട്ടുപിറ്റേ വർഷം ഏപ്രിൽ അഞ്ചിന്‌ തെരഞ്ഞെടുപ്പിൽ വിജയിച്ച്‌ ഇ എം എസിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ്‌ സർക്കാർ  അധികാരത്തിലെത്തി. വിദ്യാഭ്യാസനിയമവും ഭൂപരിഷ്‌കരണനിയമവുമടക്കം നടപ്പാക്കിക്കൊണ്ട്‌ ആ സർക്കാർ കേരളത്തിന്റെ സാമൂഹ്യജീവിതത്തിന്‌ പുതിയ ദിശാബോധം നൽകി. പാവപ്പെട്ട മനുഷ്യർക്ക്‌ സ്വന്തമായി കിടപ്പാടം ലഭിച്ചു. അവരുടെ മക്കൾക്ക്‌ വിദ്യാഭ്യാസത്തിന്റെ പുതിയ വെളിച്ചം സമ്മാനിച്ചു. കാലങ്ങളായി സാമൂഹ്യജീവിതത്തിന്റെ അരികുകളിലേക്ക്‌ തള്ളിക്കയറ്റപ്പെട്ടിരുന്ന മനുഷ്യർക്ക്‌ അഭിമാനപൂർവം തലയുയർത്തി ജീവിക്കാവുന്ന സ്ഥിതി സംജാതമായി. ഇടഞ്ഞും മുറിഞ്ഞുമാണെങ്കിലും കേരളത്തിന്റെ സാമൂഹ്യജീവിതം പിന്നീട്‌ പുതിയ പടവുകളിലേക്ക്‌ സഞ്ചരിക്കുന്ന സ്ഥിതിയുണ്ടായി.

 പുന്നപ്ര–-വയലാർ സമരം പ്ലാറ്റിനം ജൂബിലിയിൽ എത്തിനിൽക്കുമ്പോൾ കേരളം വീണ്ടും മറ്റൊരു ചരിത്രമുന്നേറ്റത്തിന്റെ പാതയിലാണ്‌. 1957ലെ ആദ്യ കമ്യൂണിസ്റ്റ്‌ സർക്കാരിന്റെ പാത പിന്തുടർന്നു മുന്നേറിയ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ്‌ സർക്കാർ പുതുചരിതമെഴുതി തുടർഭരണത്തിൽ എത്തിയിരിക്കുന്നു. വലതുപക്ഷ രാഷ്‌ട്രീയത്തിന്റെയും അതിന്‌ വെള്ളവും വളവും നൽകാൻ ബദ്ധശ്രദ്ധരായി കണ്ണുംകാതും തുറന്നിരിക്കുന്ന ഒരുകൂട്ടം മാധ്യമങ്ങളുടെയും അവരുടെ പ്രചാരവേലകളുടെയും കുത്സിത കൂട്ടുകെട്ടിനെ തകർത്താണ്‌ പിണറായി സർക്കാർ ചരിത്രം രചിച്ചത്‌. ദുരാരോപണങ്ങളും കള്ളക്കഥകളും മെനഞ്ഞവരെയൊക്കെ നേരിട്ടാണ്‌ എൽഡിഎഫ്‌ വീണ്ടും അധികാരത്തിലെത്തിയത്‌.  ജനങ്ങൾക്കൊപ്പമാണ്‌ കമ്യൂണിസ്റ്റ്‌ പാർടിയും എൽഡിഎഫ്‌ ഭരണവുമെന്ന്‌ ഭരണനടപടികളിലെ പ്രതിജ്ഞാബദ്ധതകൊണ്ട്‌ ജനങ്ങൾ തിരിച്ചറിഞ്ഞു. ഇത്‌ കൂടുതൽ ശക്തിപ്പെടുത്തി മുന്നേറാൻ കരുത്തുപകരുന്നതാണ്‌ ഏഴരപ്പതിറ്റാണ്ട്‌ പിന്നിടുന്ന പുന്നപ്ര–-വയലാർ സമരേതിഹാസത്തിന്റെ ഓർമകൾ.

ജനങ്ങളുടെ സ്വാതന്ത്ര്യത്തിന്റെയും ഐക്യത്തിന്റെയും മതനിരപേക്ഷ ബോധ്യങ്ങളുടെയും മഹാചരിത്രംകൂടിയാണ്‌ ‘പുന്നപ്ര–-വയലാർ’  ഓർമപ്പെടുത്തുന്നത്‌. ഈ മൂല്യങ്ങളെയെല്ലാം തകർത്ത രാജാധികാരത്തിനും ദിവാൻ ഭരണത്തിനും ബ്രിട്ടീഷ്‌ മേൽക്കോയ്‌മയ്‌ക്കും എതിരെയായിരുന്നു പുന്നപ്ര–-വയലാർ സമരഭടന്മാർ പോരാടിയത്‌. ഈ മൂല്യങ്ങൾക്കെല്ലാം പുല്ലുവില കൽപ്പിക്കുന്ന ഫാസിസ്റ്റ്‌ രാഷ്‌ട്രീയത്തിന്റെ വക്താക്കളാണ്‌  രാജ്യം ഭരിക്കുന്നത്‌. നാം പൊരുതി നേടിയ സ്വാതന്ത്ര്യവും അതുവഴി യാഥാർഥ്യമാക്കിയ ജനാധിപത്യമൂല്യങ്ങളും ഇല്ലായ്‌മ ചെയ്യുകയെന്നത്‌ നയവും പരിപാടിയുമായി അംഗീകരിച്ചു മുന്നോട്ടുപോകുന്ന ആർഎസ്‌എസ്‌–-ബിജെപി നേതൃത്വമാണ്‌ രാജ്യത്തെ വീണ്ടും ഭിന്നിപ്പിക്കുംവിധം ഭരണം നടത്തുന്നത്‌. ഇത്തരമൊരു സന്നിഗ്ധഘട്ടത്തിൽ പുന്നപ്ര–-വയലാർ സമരത്തിനും അതിലെ രക്തസാക്ഷി സ്‌മരണകൾക്കും സവിശേഷമായ പ്രാധാന്യം കൈവരികയാണ്‌.

ബാര ഭാസ്‌കരൻ

ബാര ഭാസ്‌കരൻ

* പ്രശസ്‌ത ചിത്രകാരൻ ബാര ഭാസ്‌കരൻ രചിച്ച പുന്നപ്ര‐വയലാർ റിവോൾട്ട്‌ 1946 സീരീസിലുള്ളവയാണ്‌ ഈ ചിത്രങ്ങൾ. ആലപ്പുഴ പട്ടണത്തിൽ ഏഴു വേദിയിലായി നടക്കുന്ന ‘ലോകമേ തറവാട്‌’  പ്രദർശനത്തിലാണ്‌  കാസർകോട്‌ സ്വദേശിയായ ബാര ഭാസ്‌കരന്റെ ചിത്രങ്ങളുള്ളത്‌. സംസ്ഥാന സർക്കാരിന്റെ പിന്തുണയോടെ കൊച്ചിൻ ബിനാലെ ഫൗണ്ടേഷൻ നടത്തുന്ന പ്രദർശനം   നവംബർ 30 വരെ തുടരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top