04 July Saturday

കശ്‌മീരിന്റെ ജീവിത ചിത്രങ്ങൾക്ക്‌ പുലിറ്റ്‌സർ

വെബ് ഡെസ്‌ക്‌Updated: Wednesday May 6, 2020

കശ്മീരി യുവാവ് പൊലീസ്‌ വാഹനത്തിലേക്ക് ചാടി കല്ലെറിയുന്ന ചിത്രം

ന്യൂഡൽഹി
കേന്ദ്രസർക്കാർ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനുശേഷമുള്ള കശ്‌മീരിജനതയുടെ ജീവിതം പകർത്തിയ ചിത്രങ്ങൾക്ക്‌ പുലിറ്റ്‌സർ പുരസ്‌കാരം. ദി അസോസിയറ്റഡ് പ്രസ് ഫോട്ടോഗ്രാഫര്‍മാരായ ദര്‍ യാസിന്‍, മുക്താര്‍ ഖാന്‍, ചന്നി ആനന്ദ്  എന്നിവരാണ്‌ ഫീച്ചർ ഫോട്ടോഗ്രഫി വിഭാഗത്തിൽ നേട്ടം സ്വന്തമാക്കിയത്‌. കശ്‌മീരിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെത്തുടർന്ന്‌‌ ജനജീവിതം നിശ്ചലമായ നാളുകളിലെ ഫോട്ടോകളെ ‘ജീവിതത്തിന്റെ ശ്രദ്ധേയ ചിത്രങ്ങൾ’ എന്നാണ്‌ അവാർഡ്‌ സമിതി വിശേഷിപ്പിച്ചത്‌.


 

കശ്മീരി യുവാവ്  പൊലീസ്‌ വാഹനത്തിലേക്ക് ചാടി കല്ലെറിയുന്ന ചിത്രം, ഇന്ത്യന്‍ പട്ടാളക്കാര്‍ എറിഞ്ഞതെന്നു കരുതപ്പെടുന്ന മാര്‍ബിള്‍ ബോളുകൊണ്ട് വലതുകണ്ണിന് പരിക്കേറ്റ മുനീഫ നാസിര്‍ എന്ന ആറു വയസ്സുകാരി, ഇന്ത്യ–-- പാക്‌‌ അതിര്‍ത്തിയുടെ 35 കിലോമീറ്റര്‍ അകലെ ജാഗ്രതയോടെ നിരീക്ഷിക്കുന്ന ബിഎസ്എഫുകാരൻ, സംഘർഷത്തെതുടർന്ന്‌ കോളേജിനു മുന്നിലെ ഇരുചക്രവാഹനങ്ങൾ അടിച്ചുതകർക്കുന്ന സൈനികർ തുടങ്ങിയ 13 ചിത്രങ്ങളടങ്ങുന്ന പരമ്പരയിലെ ഫോട്ടോകൾക്കാണ്‌ അവാർഡ്‌.

ജമ്മു കശ്മീരില്‍ ഇന്റര്‍നെറ്റ് ബന്ധവും മൊബൈല്‍ ഫോണും ഇല്ലാതിരുന്ന ലോക്ഡൗണ്‍ കാലത്ത്, റോഡുകളിലൂടെ നുഴഞ്ഞുനീങ്ങിയും ക്യാമറ പച്ചക്കറിസഞ്ചിയിൽ ഒളിപ്പിച്ചും വീടുകളിൽ ഒളിച്ചിരുന്നുമാണ്‌‌ ചിത്രങ്ങൾ പകർത്തിയതെന്ന്‌ വിജയികൾ പറഞ്ഞു.  താൻ ക്യാമറയിൽ പകർത്തിയത്‌ ആളുകളുടെ കഥയല്ല, മറിച്ച് തന്റെ കഥയാണെന്ന്‌ യാസിൻ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top